അടിച്ചമർത്തപ്പെട്ടതും നിസ്സഹായരായതുമായ മനുഷ്യരുടെ സ്വാതന്ത്ര്യസമരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
50 SHARES
597 VIEWS

Freedom Fight Review – Sanuj Suseelan
( Caution : Spoilers ahead )

Sanuj Suseelan
Sanuj Suseelan

ജിയോ ബേബി, കുഞ്ഞിലാ മാസിലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവർ സംവിധാനം ചെയ്ത അഞ്ചു ചിത്രങ്ങളുടെ ഒരു ആന്തോളജിയാണ് “Freedom Fight “. അടിച്ചമർത്തപ്പെട്ടതും നിസ്സഹായരായതുമായ മനുഷ്യരുടെ സ്വാതന്ത്ര്യ സമരമാണ് ഇതിലെ ചിത്രങ്ങൾ പറയാൻ ശ്രമിക്കുന്നത്. സാങ്കേതികമായി ഈ തീമുമായി ഒത്തു പോകുന്നതാണ് ഈ അഞ്ചു ചെറു സിനിമകളെങ്കിലും ഓരോ ചിത്രവും ഓരോ രീതിയിലാണ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. നല്ലൊരു ഉദ്യമമാണെങ്കിലും ആരും പ്രതീക്ഷിക്കാത്ത ഷോട്ടുകൾ മനഃപൂർവം കുത്തിക്കയറ്റി ഡ്രാമ ഉണ്ടാക്കാനും അതുവഴി ഒരു കൾച്ചറൽ ഷോക്ക് കൊടുത്ത് പ്രേക്ഷകനെ അമ്പരപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇടയ്ക്കൊക്കെ കല്ലുകടിയാവുന്നുണ്ട് . ഇതൊന്നുമില്ലാതെ തന്നെ ഇത്തരം സബ്ജക്ടുകൾ അവതരിപ്പിക്കാൻ പറ്റുമെന്നതിന് ഉദാഹരണമാണ് വസന്ത് സംവിധാനം ചെയ്ത തമിഴ് സിനിമയായ “ശിവരഞ്ജിനിയും ഇന്നും സില പെൺഗളും” പോലുള്ള ചിത്രങ്ങൾ. എന്തായാലും മലയാളത്തിൽ ഇതുപോലൊരു വിഷയത്തെ അടിസ്ഥാനമാക്കി ഒരു ആന്തോളജി ആദ്യത്തെ സംരംഭമാണ്. അണിയറക്കാർക്ക് അഭിനന്ദനങ്ങൾ. നമുക്ക് സിനിമകളിലേക്ക് വരാം

 

 

*** ഗീതു – അൺ ചെയിൻഡ്

രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗീതു – അൺ ചെയിൻഡ് ആണ് ഇതിലെ ആദ്യ ചിത്രം. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെയുള്ള ഒരു വർക്കിംഗ് വുമൺ ആണ് ഗീതു. വിവാഹത്തോളമെത്തിയ ആദ്യ പ്രണയം പൊടുന്നനെ അവസാനിച്ച അനുഭവത്തിൽ നിന്നുണ്ടായ ഭീതി പുതിയൊരു ബന്ധത്തിലേക്ക് കടക്കുന്നതിൽ നിന്നവളെ പിന്നോട്ട് വലിക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് ഒപ്പം ജോലി ചെയുന്ന ഒരു പയ്യൻ അവളോട് പ്രണയാഭ്യർത്ഥന നടത്തുന്നത്. ചൂടുവെള്ളത്തിൽ വീണ അനുഭവം കാരണം ഒരു തീരുമാനമെടുക്കാൻ അവളൊന്നു ശങ്കിക്കുന്നുണ്ടെങ്കിലും അവന്റെ തുടർച്ചയായ അപേക്ഷകൾക്കൊടുവിൽ അവൾക്കും അവനോട് ഇഷ്ടം തോന്നുന്നു. എന്നാൽ അവനോട് അവൾ സമ്മതമറിയിക്കുന്നത് ഓഫീസിൽ, മറ്റു സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോളാണ്. വിക്കലും വിറയലുമുള്ള ഇംഗ്ലീഷിൽ കാര്യം അവതരിപ്പിച്ച അവളോട് അവന്റെ പ്രതികരണം അത്ര സുഖകരമായിരുന്നില്ല. എല്ലാവരും നോക്കി നിൽക്കുമ്പോൾ ഇങ്ങനെ ഒരു “ഷോ” നടത്തിയതിന് അവളുടെ നേരെ അയാൾ പൊട്ടിത്തെറിക്കുന്നു. കുറച്ചു നേരം അത് കേട്ടുകൊണ്ട് നിന്നതിനു ശേഷം അവളും സ്വരം മാറ്റുന്നു. അവന്റെ മുഖത്ത് നോക്കി ഒരു തെറിയും വിളിച്ചവൾ തിരിഞ്ഞു നടക്കുന്നു. അവരുടെ വാഗ്വാദം മൊബൈലിലോ മറ്റോ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ക്യാമറയും തട്ടിത്തെറിപ്പിച്ചാണ് അവളുടെ ആ പോക്ക്. ആദാമിന്റെ വാരിയെല്ലിലെ ക്ലൈമാക്സിലെ ഫോർത്ത് വോൾ ബ്രേക്കിംഗ് പോലെ.

സാധാരണ മലയാള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒരു യുവ നായിക നായകനെ നോക്കി തെറി വിളിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി പറഞ്ഞു കേട്ടത്. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതൊരു പുതുമ തന്നെയായിരിക്കും. പരസ്യമായി ആക്ഷേപിക്കാൻ വന്നാൽ പരസ്യമായി അവന്റെ പല്ലടിച്ചു കൊഴിക്കാൻ ധൈര്യമുള്ള ഹരിയാൻവി, പഞ്ചാബി പെൺകുട്ടികളെപ്പോലെയൊന്നുമല്ല പൊതുവെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികൾ. എന്നാൽ ഒരു ഗിമ്മിക്ക് എന്നതിലുപരി ഈ തെറിവിളിയിൽ അവൾ അതുവരെ ഭയന്നിരുന്നതായി കാണിക്കുന്ന ആശങ്കകളൊക്കെ ഇല്ലാതാവുമോ ? ആ തെറിയും വിളിച്ചു തിരിഞ്ഞു നടക്കുന്നിടത്ത് അവൾ അതുവരെ അഭിമുഖീകരിച്ചിരുന്ന പാട്രിയാർക്കൽ ആയ വിലക്കുകളെല്ലാം അവസാനിക്കുമോ ? അത്തരം എത്ര സിറ്റുവേഷനുകളിൽ നിങ്ങൾക്ക് തെറി വിളിച്ചു രക്ഷപ്പെടാനാവും ? ഇന്ത്യൻ കുടുംബാന്തരീക്ഷത്തിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് വിവാഹാനന്തര ജീവിതം. വെറും ഭാഗ്യമാണ് അവരുടെ പിന്നീടുള്ള ജീവിതത്തെ തീരുമാനിക്കുന്നത്. ഏതു മതമായാലും പ്രദേശമായാലും ഭാരതത്തിലെമ്പാടും ഇത് ഏകദേശം ഒരുപോലെ തന്നെയാണ്. സ്വന്തം സ്വാതന്ത്ര്യം അടിയറവു വച്ച് അയാളെ സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുന്ന ഗീതു തീർച്ചയായും ഉഗ്രനൊരു നായികയാണ്. എന്നാൽ ഇപ്പോൾ ചെയ്തുവച്ചിരിക്കുന്ന എളുപ്പപ്പണിയെക്കാൾ കുറച്ചുകൂടി ആഴത്തിൽ ആലോചിക്കേണ്ട ഒന്നായിരുന്നു ഇതിലെ ക്ലൈമാക്സ് എന്നാണ് എന്റെ അഭിപ്രായം. എന്തായാലും നല്ല കളർഫുൾ ആയിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രജിഷയും രഞ്ജിത്ത് ശേഖറും നന്നായി അഭിനയിച്ചിട്ടുണ്ട്. സ്മിനു സിജോയും നന്നായിട്ടുണ്ട്.

*** അസംഘടിതർ

കോഴിക്കോട് മിഠായി തെരുവിലെ വ്യാപാരസ്ഥാപങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സമയം അനുവദിച്ചു കിട്ടാൻ നടത്തിയ സമരമാണ് “അസംഘടിതർ” എന്ന ചിത്രത്തിന്റെ പ്രമേയം. ഒരു പക്ഷെ ഈ ആന്തോളജിയിലെ ഏറ്റവും raw and റിയലിസ്റ്റിക് ആയ മേക്കിങ്, മികച്ച കാസ്റ്റിംഗ്, അഭിനയം, ഛായാഗ്രഹണം എല്ലാം ഈ സിനിമയുടേതാവും എന്നാണ് തോന്നുന്നത്. ഡോക്യൂഫിക്ഷൻ ഫോർമാറ്റിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ടോയിലറ്റിൽ പോകാൻ കഴിയാതെ മൂത്രം പിടിച്ചു വയ്ക്കുമ്പോളുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ, തിരക്ക് പിടിച്ച ഒരു സ്ട്രീറ്റിൽ മൂത്രപ്പുര

കിട്ടാതെ അലയേണ്ടി വരുന്ന അവസ്ഥ, അതിന്റെ മേലുള്ള കച്ചവടക്കാരുടെ അശ്ലീലം കലർന്ന തമാശകളും കുറ്റപ്പെടുത്തലുകളും തുടങ്ങി അവർ അനുഭവിക്കുന്ന ദുരിതങ്ങൾ മറയില്ലാതെ കാണിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ഗതികേട് കാരണം മറ്റു വഴികൾ തേടേണ്ടി വരുന്ന അവരുടെ കഷ്ടപ്പാടും വിശദമായി കാണിക്കുന്നുണ്ട്. പബ്ലിക് ടോയിലറ്റുകൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ റോഡുകളിലൂടെ ദീർഘയാത്രകൾ ചെയ്തിട്ടുള്ള സ്ത്രീകളോട് ചോദിച്ചാലറിയാം അത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാട്ടിൽ പുരുഷന്മാർക്ക് പോലും വഴിയരികിൽ മൂത്രമൊഴിക്കാൻ ഒഴിഞ്ഞ സ്ഥലം കിട്ടാത്ത അവസ്ഥയുണ്ട്. എന്തായാലും ഇതുമായി ബന്ധപ്പെട്ട ഒരു യഥാർത്ഥ സംഭവത്തെ ഏറ്റവും സത്യസന്ധമായി പറയാൻ ശ്രമിച്ചു എന്ന മെറിറ്റ് ഒരു വശത്തുള്ളപ്പോൾ തന്നെ ക്രിയേറ്റീവ് ആയി ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ഒരു ശ്രമം സിനിമയിലില്ല എന്നതൊരു കുറവ് തന്നെയായിട്ടാണ് എനിക്ക് തോന്നിയത്.

തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ ഒരാവശ്യവുമില്ലാത്ത ചില സീനുകൾ ഈ സിനിമയിലുണ്ട്. പല രീതിയിൽ മൂത്രശങ്കയ്ക്ക് ആശ്വാസം കണ്ടെത്താനുള്ള അവരുടെ കഷ്ടപ്പാടുകൾ പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കാൻ വേണ്ടി ചേർത്തിട്ടുള്ള സീനുകളുടെ പ്രസക്തി നമുക്ക് മനസിലാക്കാം. എന്നാൽ സമരം വിജയിച്ചതിനു ശേഷം അവർക്കു ലഭിക്കുന്ന പുതിയ ടോയ്‌ലറ്റിൽ ഒരു സ്ത്രീ അതുപയോഗിക്കാൻ കയറുമ്പോൾ വിശദമായി തന്നെ അതിന്റെ ഒരു ഇൻഡോർ സീൻ ചേർക്കേണ്ട ആവശ്യമെന്തായിരുന്നു ? ഈ സ്ത്രീകളെല്ലാം കൂടി ബീച്ചിലിരുന്നു അടുത്ത സമരത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പാറപ്പുറത്ത് കുട ചൂടിയിരിക്കുന്നവരുടെ മേലേയ്ക്ക് അശ്വതി തമാശയായി ഒരു കല്ലെടുത്തെറിയുന്നുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി കുട താഴ്ത്തി തിരിഞ്ഞു നോക്കുന്നത് രണ്ടു പുരുഷന്മാരാണ്. അത് പോട്ടെ. ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം വച്ചുനോക്കുമ്പോൾ ഇതൊന്നും ഒരു വലിയ കുറവായി എടുത്തു പറയാനില്ല. അഭിനേതാക്കളിലേക്കു വരുമ്പോൾ ശ്രിന്ദ അവതരിപ്പിച്ച അശ്വതിയും പൂജ മോഹൻരാജ് അവതരിപ്പിച്ച സജ്നയും ആണ് ഏറ്റവും നന്നായത് എന്ന് തോന്നുന്നു. യഥാർത്ഥ ജീവിതത്തിലെ പോരാളികളായ അജിതയും വിജി പെൺകൂട്ടും സ്വന്തം പേരിലുള്ള വേഷങ്ങൾ തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞില മാസിലാമണി പ്രതിഭയുള്ള സംവിധായികയാണ്. പ്രൊപ്പഗാണ്ട ചിത്രങ്ങൾ ( ഇതിനെ അങ്ങനെ വിളിക്കാമോ എന്നുറപ്പില്ല ) അല്ലാതുള്ള ഒരു സിനിമ കുഞ്ഞിലയിൽ നിന്ന് പ്രതീക്ഷിക്കുന്നു.

*** റേഷൻ

ഒരു മതിലിനപ്പുറവും ഇപ്പുറവും വിരുദ്ധ ധ്രുവങ്ങളിലുള്ള ജീവിത നിലവാരത്തിൽ ജീവിക്കുന്ന രണ്ടു കുടുംബങ്ങൾ. ഒരു ദിവസം അവിചാരിതമായി പിണയുന്ന ഒരക്കിടി കാരണം നെട്ടോട്ടമോടുന്ന ഒരു വീട്ടമ്മയും അവളുടെ ഭർത്താവുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ആ കുടുംബങ്ങൾ തമ്മിൽ വളരെ നല്ല അടുപ്പമുള്ളതായി കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഇങ്ങനെ വെപ്രാളപ്പെടുന്നതിനു പകരം എന്തുകൊണ്ട് ആ സ്ത്രീയ്ക്കതു തുറന്നു പറഞ്ഞുകൂടാ എന്നുള്ള സംശയം സ്വാഭാവികമായും പ്രേക്ഷകർക്ക് ഉണ്ടാവാം. പക്ഷെ അങ്ങനെയുള്ള സ്ത്രീകളും നാട്ടിലുണ്ട് എന്നതാണ് യാഥാർഥ്യം. താൻ കാരണം മറ്റുള്ളവർക്ക് ഒരു പ്രശ്നമുണ്ടാവരുത് എന്നുള്ള ആഗ്രഹവും വാശിയും കൊണ്ടാണ് അവരത് മറച്ചു വയ്ക്കുന്നത്. എത്ര കഷ്ടപ്പാടിലും ഒരുതരം ദുരഭിമാനം പോലെ അവരതു പരിപാലിക്കും. അതുകൊണ്ടു തന്നെ സുമിയുടെ ആ മരണപ്പാച്ചിലിൽ അസ്വാഭാവികമായൊന്നും തോന്നിയില്ല. എന്നാൽ എന്തിനായിരുന്നു ഈ കഷ്ടപ്പാടെന്നു ശരിക്കും ചോദിയ്ക്കാൻ തോന്നിയത് ഇതിന്റെ ക്ലൈമാക്സ് കണ്ടപ്പോളാണ്. പണ്ടത്തെ ഗുണപാഠ കഥകളിലേത് പോലെ ഒരു ക്ലിഷേ എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാൻ കഴിയില്ല. നോക്കൂ, ഒരു ദിവസത്തെ ഓട്ടത്തിനും അലച്ചിലിനും ഒടുവിൽ നഷ്ടം സംഭവിക്കുന്നത് സുമിക്ക് മാത്രമാണല്ലോ. എന്താണോ മറച്ചു പിടിക്കാൻ ശ്രമിച്ചത്, അതൊടുവിൽ കറങ്ങിത്തിരിഞ്ഞ് അവളുടെ അടുക്കളയിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ സമ്പന്നരായ ഒരു കുടുംബത്തിന്റെ ധൂർത്തിൽ അന്ന് നഷ്ടമാകുന്നതോ ആ പാവത്തിന്റെ മോതിരവും. അതായത്, ഈ സംഭവത്തിൽ നഷ്ടം സംഭവിക്കുന്ന ഒരേയൊരാൾ സുമിയാണ്. കുപ്പയിൽ കളയുന്നതിനു പകരം ആ സ്ത്രീ ആ മീൻ കറി നിങ്ങൾ കഴിച്ചോ എന്ന് പറഞ്ഞു അവളെ തന്നെ ഏൽപ്പിക്കുന്നതായിരുന്നു ക്ലൈമാക്സ് എന്ന് വയ്ക്കുക. സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തികമായ അസമത്വം വലവീശുമ്പോൾ അതിൽ കുടുങ്ങി കൂടുതൽ ദരിദ്രരായി മാറുന്നതും ഈ പാവങ്ങൾ തന്നെയാണ് എന്ന് സ്ഥാപിക്കാൻ കഴിയുമായിരുന്നു. അത്തരം സാദ്ധ്യതകൾ പാടെ ഉപേക്ഷിച്ചു ഒരു മോറൽ സ്റ്റോറി പോലെ സിനിമ അവസാനിപ്പിച്ചു കളഞ്ഞു. കുറ്റം മാത്രം പറയരുതല്ലോ. ഇതിൽ ആ ഭർത്താവും ഭാര്യയും തമ്മിലുള്ള കെമിസ്ട്രി വളരെ ഇഷ്ടമായി. അയാളുടെ നിസ്സഹായാവസ്ഥയിലും അവൾ ചെന്ന് പെട്ടിരിക്കുന്ന കുടുക്കിൽ നിന്നവളെ രക്ഷപ്പെടുത്താൻ അയാൾ ആഗ്രഹിക്കുന്നുണ്ട്. ജിയോ ബേബി അതിമനോഹരമായി ആ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പലചരക്കുകടയിൽ സാധനങ്ങൾ എടുത്തുകൊടുക്കുന്ന ജോലി ചെയ്യുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധിയും അദ്ദേഹത്തിന്റെ ശരീര ഭാഷയിലും ഭാവങ്ങളിലും സംഭാഷണത്തിലും ഉണ്ടായിരുന്നു. മറ്റഭിനേതാക്കളും, പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും നന്നായിട്ടുണ്ട്.

*** ഓൾഡ് ഏജ് ഹോം

കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൂറ്റൻ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന അച്ഛനമ്മമാർ. അതുപോലുള്ള ഒരു കുടുംബമാണ് ബേബിയുടേത്. ബേബിയും അയാളുടെ ഭാര്യ ലാലിയും അവർക്കു സഹായത്തിനായി ഒപ്പം താമസിക്കുന്ന ധനലക്ഷ്മിയും മാത്രമാണ് ആ വലിയ വീട്ടിലെ താമസക്കാർ. ബേബിയുടെയും ലാളിയുടെയും മക്കളെല്ലാം നല്ല നിലയിൽ വിദേശത്തും. വീടിനോടു ചേർന്ന് തന്നെ ഒരു പലഹാരം നിർമാണ യൂണിറ്റുമായി തിരക്കിലാണ് ലാലി. ഇതിനിടയിൽ ബേബിയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ പോലുമാകാത്ത തിരക്കാണവർക്ക് എന്നൊരു പരിഭവം ബേബിക്കുണ്ട്. ബേബിക്ക് മാത്രമല്ല ധനലക്ഷ്മിക്കും അതേ അഭിപ്രായമാണ്. ഓർമ്മക്കുറവും അനാരോഗ്യവും കാരണം അവശതയിലായ അയാളുടെ ആഗ്രഹങ്ങൾ ലാലി അറിയുന്നില്ല. എന്നാൽ ധനലക്ഷ്മി അതൊക്കെ ശ്രദ്ധിക്കുന്നു എന്ന് മാത്രമല്ല അത് സാധിച്ചു കൊടുക്കാൻ അവൾ ശ്രമിക്കുകയും ചെയ്യുന്നു. അവിചാരിതമായ സംഭവങ്ങളുടെ അവസാനം ലാലിയ്ക്ക് സ്വന്തം ബിസിനസ്സ് അവസാനിപ്പിക്കേണ്ടി വരുന്നു. ധനലക്ഷ്മിക്കു വീട് വിട്ടു പോകേണ്ടിയും വരുന്നു.

വാർദ്ധക്യത്തിൽ മനുഷ്യർ അനുഭവിക്കുന്ന ഒറ്റപ്പെടലാണോ ഈ ചിത്രം പറയാൻ ശ്രമിക്കുന്നതെന്ന് ആദ്യം തോന്നിയിരുന്നു. പക്ഷെ ക്ലൈമാക്സിൽ എല്ലാം വച്ചൊഴിയുന്ന ലാലിയെയും വീട് വിടേണ്ടി വരുന്ന ധനലക്ഷ്മിയെയും കണ്ടപ്പോൾ മനസ്സിലേയ്ക്ക് വന്നത് കാലാതീതമായ സ്ത്രീകളുടെ ദുരന്തമാണ്. ബേബിയുടെ അവസ്ഥ ബലിയാടാക്കുന്നത് രണ്ടു സ്ത്രീകളെയാണ്. ജീവിത സായാഹ്നം വരെ കുടുംബത്തിനും മക്കൾക്കും വേണ്ടി ആരോഗ്യവും സമയവും ചെലവഴിച്ച ലാലിക്ക് സ്വതന്ത്രമായി എന്തെങ്കിലും ചെയ്യാനുള്ള അവസരം കിട്ടുന്നത് അവരുടെ ഈ പ്രായത്തിലായിരുന്നു. അത്രയും കാലം അവർ അടക്കി വച്ചിരുന്ന അവരുടെ ആഗ്രഹമാണ് ആ പലഹാര നിർമാണ യൂണിറ്റിന്റെ രൂപത്തിൽ അവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ ബേബിക്ക് വേണ്ടി അതും അവർക്കുപേക്ഷിക്കേണ്ടി വരുന്നു എന്ന് മാത്രമല്ല ആ നഷ്ടത്തെ സ്വന്തം മക്കൾ പോലും വലിയൊരു കാര്യമായി കാണുന്നുമില്ല. ബേബിക്ക് ഡിമെൻഷ്യയൊന്നും കൊടുക്കാതെ ഒരു നോർമൽ മനുഷ്യനായി തന്നെ കാണിച്ചിരുന്നെങ്കിൽ ഈ ഒരു ആംഗിളിനു കുറച്ചൂടെ മൂർച്ച കിട്ടിയേനെ. അയാൾ രോഗിയായ സ്ഥിതിക്ക് പരസഹായം വേണമെന്നുള്ളതുകൊണ്ട് സ്വാഭാവികമായും ലാലി തന്നെ കോംപ്രമൈസ് ചെയ്യേണ്ടി വരുമെന്ന തൊടുന്യായം ഇപ്പോളത്തെ കഥയിലുണ്ട്. അതിനു പകരം ബേബി ഒരു ഉഴപ്പനും ഉത്തരവാദിത്വമില്ലാത്തയാളും ആണെന്ന് വയ്ക്കുക. അങ്ങനെ അവർ ഒരു പ്രതിസന്ധിയിൽ എത്തിപ്പെടുമ്പോൾ ലാലിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നിരുന്നെങ്കിൽ ആ ദുരന്തം കുറച്ചുകൂടി ആഴത്തിൽ പ്രേക്ഷകനിലേക്കെത്തുമായിരുന്നു എന്ന് തോന്നുന്നു. ഉത്തരവാദിത്വങ്ങൾ പങ്കു വയ്ക്കാത്ത ബേബിയോട് ചെറിയൊരു ഈർഷ്യയും അപ്പോൾ നമുക്ക് തോന്നിയേനെ. സിനിമ എന്താണ് ലക്‌ഷ്യം വയ്ക്കുന്നതെന്ന ആശയക്കുഴപ്പം കണ്ടവരിൽ മിക്കവർക്കും ഉണ്ടായിക്കാണും എന്നാണ് സുഹൃത്തുക്കളോട് ചോദിച്ചപ്പോളും ചിലരെഴുതിയ റിവ്യൂസ് കണ്ടപ്പോളും തോന്നിയത്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേയുള്ളൂ ഈ ചിത്രത്തിൽ. ജോജുവിന്റെ ഒന്നാംതരം അഭിനയത്തിനൊപ്പം തന്നെ നിൽക്കുന്നുണ്ട് രോഹിണിയുടെയും ലാലിയുടെയും പ്രകടനങ്ങളും. പക്ഷെ സജീവമായ ഒരു ഹോം ചലനങ്ങളെല്ലാം അവസാനിച്ച് വിരസമായ ഓൾഡ് ഏജ് ഹോമായി മാറുന്ന കഥ കുറച്ചു കൂടി മികച്ച പരിചരണം ആവശ്യപ്പെടുന്നുണ്ട് എന്നാണ് വ്യക്തിപരമായ അഭിപ്രായം.

*** പ്ര. തൂ, മു.

“പ്രജാപതിക്ക് തൂറാൻ മുട്ടി” – അതുല്യ സാഹിത്യകാരനും ഒരു യഥാർത്ഥ ബുദ്ധിജീവിയുമായിരുന്ന ശ്രീ. ഓ വി വിജയൻ രചിച്ച ധർമപുരാണം എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ തുടങ്ങുന്നത് ഈ വാചകത്തിൽനിന്നാണ്. സ്‌കൂളിൽ പഠിക്കുമ്പോളാണ് ആ പുസ്തകം ആദ്യമായി വായിക്കുന്നത്. അതിലെ ആദ്യ അദ്ധ്യായം മുഴുവൻ പ്രജാപതിയുടെ വിസർജ്ജനത്തിന്റെ വിശദമായ വർണനയാണ്. അതൊക്കെ വായിക്കുമ്പോൾ അറപ്പു തോന്നിയിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ പ്രത്യക്ഷത്തിൽ കാണുന്നതല്ല ആ വാചകങ്ങളുടെ അർത്ഥമെന്നും ഭരണാധികാരികളുടെ വാചാടോപങ്ങൾ തൊള്ള തൊടാതെ വിഴുങ്ങുകയും അത് അതേപടി പ്രജകളുടെ മേൽ തള്ളുകയും ചെയ്യുന്ന മാദ്ധ്യമങ്ങളെയും ഉപജാപകരെയും ഒക്കെയാണ് കടുത്ത ഭാഷയിൽ അദ്ദേഹം ലക്‌ഷ്യം വച്ചിരിക്കുന്നതെന്നുമൊക്കെ മനസ്സിലാവാൻ വർഷങ്ങൾക്കു ശേഷം ഒരു രണ്ടാം വായന വേണ്ടി വന്നു. വരുന്ന പല നൂറ്റാണ്ടുകളിലേക്കു ഒരു ടൈം ട്രാവൽ നടത്തിയാണ് വിജയൻ അതെഴുതിയതെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാലത്തെ അതിജീവിക്കുന്ന രചനയായി ധർമപുരാണം മാറിയതിന് വേറെന്തു കാരണമാണുള്ളത്?. എന്തായാലും നോവലുമായുള്ള സിനിമയുടെ ബന്ധം ഈ പേരിലൊതുങ്ങുന്നു. ഇതിലെ വിഷയം വേറെയാണ്. മന്ത്രി തോമസ്സിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തുന്ന തമിഴന്മാരുടെ സംഘത്തിലെ ഒരാൾക്ക് അവിചാരിതമായി മന്ത്രിയുമായി ഇടയേണ്ടി വരുന്നതും കണ്ണിൽ ചോരയില്ലാത്ത രീതിയിൽ മന്ത്രി അവരോടു പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറ്റവും മോശപ്പെട്ട പണികളുടെ ലിസ്റ്റിൽ ഒന്നാമതായി നമ്മുടെ സമൂഹം കാണുന്ന തോട്ടിപ്പണി ചെയ്യുന്ന പാവങ്ങൾ ദന്തഗോപുരങ്ങളിൽ ശുഭ്രവസ്ത്രം ധരിച്ചു വിരാജിക്കുന്ന കോമരങ്ങളെക്കാൾ എത്രയോ വലിയവരാണെന്നു പറയാതെ പറയുന്നു ഈ സിനിമ. അനാവശ്യമായ ചില സീനുകൾ ഒഴിച്ച് നിർത്തിയാൽ ഈ ആന്തോളജിയുടെ പ്രഖ്യാപിത നയത്തോടു നീതി പുലർത്തുന്നുമുണ്ട് ഈ ചിത്രം. ഇതിലെ ഏറ്റവും നല്ല പ്രകടനം ലക്ഷ്മണനെ അവതരിപ്പിച്ച ഉണ്ണി ലാലുവിന്റെതാണെന്നു നിസ്സംശയം പറയാം. തീ കത്തുന്ന കണ്ണുകൾ, രക്തം തെറിക്കുന്ന ശരീര ഭാഷ എന്നിവയൊക്കെ അയാളിലുണ്ട്. ഉണ്ണി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമായത് തീർച്ചയായും സിദ്ധാർഥ് ശിവ അവതരിപ്പിച്ച തോമസിനെയാണ്. അസ്സലൊരു കുറുക്കനായ വഷളൻ മന്ത്രി. ക്ലൈമാക്സ് മാറ്റി നിർത്തിയാൽ ഒന്നാംതരം ഒരു തുടക്കവും വളർച്ചയും ഈ കഥയ്ക്കുണ്ട്. മറ്റുള്ളവരും അവരവരുടെ വേഷം വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിൽ കാണിക്കുന്നതൊക്കെ ഒരുപൊടിക്ക് കൂടുതലാണോ എന്ന് സംശയമുള്ളവർ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലും കർണ്ണാടകയിലുമൊക്കെയുള്ള കുഗ്രാമങ്ങളിൽ പാവങ്ങളായ കൂലിവേലക്കാരെ എങ്ങനെയാണു പ്രബലർ കൈകാര്യം ചെയ്യുന്നതെന്ന് അന്വേഷിച്ചു നോക്കിയാൽ അറിയാം. അതിന്റെ പത്തിലൊന്നു മാത്രമേ ഈ ചിത്രത്തിലുള്ളൂ. അത്രയും ദയനീയമാണ് അവരുടെ ജീവിത സമരങ്ങൾ.

******************

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ