Amal Nella
സിറ്റ് കോം എന്ന് കേൾക്കുന്നതേ അല്ലെർജി ആയിരുന്ന കോളേജ് കാലത്ത് “ഫ്രണ്ട്‌സ്” റിപ്പീറ്റ് അടിച്ചു കണ്ടിരുന്ന റൂം മേറ്റിനെ ഒരുപാടൊരുപാട് കളിയാക്കിയിട്ടുണ്ട്.കോളേജ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇന്ന് ഫ്രണ്ട്സിന്റെ അവസാന എപ്പിസോടും കണ്ട് തീർത്ത അതേ നിറഞ്ഞ കണ്ണുകളോടെ ആദ്യം ചെയ്തത് ഇപ്പോൾ ഫ്രാൻസിൽ ഉള്ള ആ പഴയ റൂം മേറ്റിന് മെസ്സേജ് അയക്കുക എന്നതായിരുന്നു.
ഒരു നായിക ഒരു നായകൻ എന്ന കോൺസെപ്റ്റിൽ നിന്നും മാറി 6 സുഹൃത്തുക്കളുടെ കഥ എല്ലാവർക്കും ഒരേപോലെ പ്രാധാന്യം നൽകി ഒരുക്കിയ ഫ്രണ്ട്സിന്റെ ഏറ്റവും വലിയ വിജയം എന്ന് എനിക്ക് തോന്നിയത് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ടർസ് തമ്മിലുള്ള അപാര കെമിസ്ട്രി തന്നെയാണ്.
10 സീസൺ ബിൻജ് ചെയ്തു എന്നതിനപ്പുറം 90 ബെഡ്ഫോഡ് സ്ട്രീറ്റിലെ ആ 20ആം നമ്പർ അപ്പാർട്മെന്റിൽ 10 വർഷം അവർക്കൊപ്പം ജീവിച്ചു തീർത്ത ഒരു അനുഭൂതി.
അവരുടെ ഫ്രണ്ട്ഷിപ്പിലും സന്തോഷങ്ങളിലും റിലേഷൻഷിപ്പിലും ബ്രേക്ക് അപ്പിലും സങ്കടത്തിലും സ്ട്രഗിളിലും എല്ലാം അവർ അനുഭവിക്കുന്ന അതേ വികാരം രസം ഒട്ടും ചോരാതെ അവരോടൊപ്പം നമ്മളും പങ്കിട്ട് ഒരുമിച്ചുള്ള ഒരു ജീവിത യാത്ര അവസാന എപ്പിസോഡുകളിലൂടെ അവസാനത്തിലേക്ക് അടുക്കുമ്പോൾ തീർന്നു പോകല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയ, തീരുന്നതോർത്തു സങ്കടം തോന്നിയ മറ്റൊരു സീരീസ് ഉണ്ടായിട്ടില്ല.
ജോയിയോളം ഇന്നസെന്റായ, ചാൻഡ്ലറിനോളം സർകാസ്റ്റിക് ആയ, റോസിനോളം കേയറിങ് ആയ, റെചെലിനോളം എംപവെർഡ് ആയ, ഫീബിയോളം ലൈഫ് എൻജോയ് ചെയ്യുന്ന, എല്ലാത്തിലും ഉപരി എല്ലാവരും ഒരേപോലെ മനസ്സിൽ കയറിപ്പറ്റിയ ഒരു സീരീസ് കണ്ട് തീർക്കുമ്പോൾ ഇത്രയും കാലം ഇത് കാണാതെ മാറ്റി വെച്ചതിലുള്ള കുറ്റബോധം മാത്രം ഒരു നെഗറ്റീവ് ആയി തുടരുന്നു. പ്രധാന 6 കഥാപാത്രങ്ങൾ ഉൾപ്പെടെ സീരിസിൽ ഉടനീളം വന്ന് പോകുന്ന എല്ലാവരും നമ്മുടെ മനസ്സിൽ എവിടെയെങ്കിലും ചെറിയൊരു ഓർമയുടെ കണിക എങ്കിലും അവശേഷിപ്പിക്കാതെ കടന്നുപോകില്ല എന്ന് ഉറപ്പ്.
മുൻപെങ്ങും മറ്റൊരു സീരിസും തന്നിട്ടില്ലാത്ത ഒരു പോസിറ്റിവിറ്റി, ഏതു സമയത്തും ഏത് മൂഡിലും നമ്മളെ ജോയിയുടേയും ചാൻഡ്ലറിന്റെയും മോണിക്കയുടെയും റോസിന്റെയും റെചലിന്റെയും ഫീബിയുടെയും ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന ഒരു മാജിക് അത് അനുഭവിച്ച് തന്നെ അറിയണം.
ഇനിയും ഇത് കാണാത്തവർ വളരെ വിരളം ആയിരിക്കും എന്ന് അറിയാം എങ്കിലും പറയുന്നു ഇനിയും കാണാൻ മടിച്ചു നിൽക്കുന്നവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ട് നോക്കുക. കുറച്ചു ഫ്രണ്ട്ഷിപ്പും തമാശയും എന്നതിനപ്പുറം വിശാലവും സ്വതന്ത്രവുമായ ഈ ലോകത്ത് നമ്മുടെ സമൂഹം എത്ര യാഥാസ്ഥിതികവും അപരിഷ്കൃതവും ആണെന്ന് ഇത് നിങ്ങൾക്ക് കാണിച്ചുതരും.
NB : അവസാന എപ്പിസോടും കണ്ട് കഴിഞ്ഞ് ഇനി എന്ത് എന്ന് ആലോചിച്ചപ്പോഴാണ് ഫ്രണ്ട്‌സ് റിയൂണിയൻ ഇറങ്ങിയത് ഓർത്തത്. അപ്പോൾ തന്നെ ഇരുന്ന് അതും കണ്ട് തീർത്തു.ലാസ്റ്റ് എപ്പിസോഡ് ഹാങ്ങോവർ മാറുന്നതിനു മുൻപ് ആയത്കൊണ്ടാണോ എന്നറിയില്ല തുടക്കം മുതൽ കണ്ണ് നിറഞ്ഞു തന്നെ നിന്നു.
10 വർഷം വൈകാരികമായ റിലേഷൻഷിപ്പുകളിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ 17 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി അവരുടെ റീൽ ആൻഡ് റിയൽ ലൈഫ് ഓർക്കുന്നു. ഇപ്പോൾ ഇതെഴുതുമ്പോളും കണ്ണ് നിറഞ്ഞു തന്നെ നിൽക്കുന്നു.