Featured
ഇത് അച്ചാറ് ആണേ.. എന്റെ പോന്നു സാറേ..
“ഇതു അച്ചാറ് ആണ് സാറേ, പിക്കിള്‍ പിക്കിള്‍. സാര്‍ ടച്ചിങ്ങ്സ് എന്നൊന്നും കേട്ടിട്ടില്ലേ……?”
166 total views

“ഇതു അച്ചാറ് ആണ് സാറേ, പിക്കിള്‍ പിക്കിള്‍. സാര്‍ ടച്ചിങ്ങ്സ് എന്നൊന്നും കേട്ടിട്ടില്ലേ……?”
ജഗതി കിലുക്കത്തില്‍ “ദൈവമേ ഈ കാലന്മാരേ എങ്ങനെയാ ഒന്ന് പറഞ്ഞു മനസ്സിലാക്കുക ……..” എന്ന് പറഞ്ഞു കരയുന്നത് എന്റെ മനസ്സിലേക്ക് ഒരു ഫ്ലാഷ് ബാക്ക് ആയി കയറി വരുന്നു.
ഞാന്‍ നില്‍ക്കുന്നത് പെര്‍ത്ത് എയര്‍പോര്‍ട്ടിലെ ഇന്റര്‍നാഷണല്‍ അറൈവല്‍ ലോന്ജിലെ ഏതോ ഒരു മുറിയിലാണ്. ആസ്ട്രേലിയക്കാരൊക്കെ വളരെ ഡീസന്റ് ആണ്, കള്ളം ഒന്നും അവരോടു പറയല്ലേ എന്ന് വരുന്നതിന് മുന്‍പേ എന്നോട് പറഞ്ഞ ജോളിച്ചായനെ ഞാന്‍ മനസ്സില്‍ പ്രാകി.
ഫ്ലൈറ്റില്‍ നിന്നും ഇറങ്ങിയ ഉടനെ ഒരുത്തന് ഒരു പേപ്പര്‍ തന്നിട്ട് കയ്യില്‍ എന്തൊക്കെ ഉണ്ടെന്നു എഴുതി കൊടുക്കാന്‍ പറഞ്ഞു. അളിയന്റെ വാക്ക് കേട്ട ഞാന്‍ പൊട്ടന്.. എന്തൊക്കെ ഉണ്ടെന്നു മണി മണി ആയിട്ടു എഴിതി കൊടുത്തു. മൊത്തം വായിച്ചാ സായിപ്പു എന്നെ കയ്യോടെ പൊക്കി ഈ മുറിയില്‍ കൊണ്ട് വന്നിരിക്കുകയാണ് . ഇവിടെ ഫുഡ് ഐറ്റംസ് , മരുന്നുകള്‍ , മയക്കുമരുന്ന് ഒക്കെ പിടിക്കാന്‍ ഇരിക്കുന്ന പോലീസുകാരാണ് ഇവര്‍
“ബൊവ്വബൊവ്വ ……” പുറകില്‍ നിന്നും ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു തരാം മുരള്‍ച്ച കേട്ട്തിരിഞ്ഞു നോക്കി. എന്റെ സെല്‍വം ഗുരുക്കളേ ……… രണ്ടാള് ഉയരമുള്ള നാല് പട്ടികള്‍, പട്ടിയെക്കാള്‍ ഭീകരനായ ഒരു പോലീസുകാരന്…. ആരാണ് കൂടുതല്‍ കേമന്‍ എന്ന് പറയാന്‍ പറ്റില്ല… രാത്രിയില്‍ ഉറക്കമിളച്ചു ഉണ്ടാക്കിയ മീന്‍ അച്ചാര്‍ ഇപ്പോള്‍ സ്വാഹ… ഞാന്‍ മനസ്സില്‍ കരുതി.
പക്ഷെ ആസ്ട്രേലിയന്‍ പട്ടി ഡീസന്റ് ആയിരുന്നു
ലെവന് മയക്കുമരുന്ന് മാത്രം മതിയാരുന്നു.
എന്റെ കയ്യില്‍ നിന്നും സ്വാബ് എടുത്തു അവര്‍ അനാലിസിസ് ഓണ്‍ സ്പോട്ട് ചെയ്തു. (ഇനി ആരെങ്കിലും മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ടീല് കയ്യ് കൊണ്ട് പിടിക്കരുത്.. ഗ്ലോവുസു ഇട്ടേ പിടിക്കാവൂ, നോട്ട് ദ പോയന്റു.)
എന്റെ തെച്ചിക്കോട്ടുകാവ് രാമചന്ദ്ര……., പാമ്പാടി രാജാ …….. എന്നെ രക്ഷിക്കണേ … ഞാന്‍ മനസ്സില്‍ പറഞ്ഞു. (പട്ടിക്കു ആനയെ പേടിയാണല്ലോ, അതാ ഞാന്‍ ആനയെ സ്മരിച്ചത്… ഞാനാരാ മോന്….)
പോലീസ് പിന്നെയും അച്ചാറില്‍ നോക്കി. ഞാന്‍ പതിവ് ഡയലോഗ് തുടങ്ങി.. പിക്കിള്‍ …. പിക്കിള്‍…… സായ്പ്പ് പിന്നെ എന്റെ ബാഗ് തുറന്നു മുഴുവന്‍ കുടഞ്ഞിട്ടു. ദേണ്ടെ കിടക്കുന്നു മുളമൂട്ടില്‍ മാര്‍ക്കെറ്റിലെ സമാനം മുഴുവന്‍. ഇനി ഈ വര്‍ഷം പുതുപ്പള്ളിയില്‍ ആര്‍ക്കും ഒന്നും കിട്ടത്തില്ല അതുപോലെ അനില വാങ്ങിച്ചിട്ടുണ്ട്.
സായിപ്പു രണ്ടു പേരെക്കൂടി വാക്കി ടോക്കിയില്‍ വിളിച്ചു, എല്ലാവരും കൂടി എല്ലാ ലേബലും വായിക്കാന്‍ തുടങ്ങി. കുടംപുളി ഇന്നേവരെ കണ്ടിട്ടില്ല എന്നു തോന്നുന്നു, ഡി. ഡി. ടി പോലെയാണ് കൈകാര്യം ചെയ്തത്. അങ്ങനെ അവര്‍ അടുത്ത ബാഗ് തുറന്നു, ഉണക്ക ചെമ്മീനിന്റെയും കായതിന്റെയും സ്മെല്ല് സെന്‍ട്രല്‍ എ. സി. ക്ക് ഒരു ഭീഷണി ആയി അന്തരീക്ഷത്തില്‍ ഉയരുന്നു. സായിപ്പു ഒരു “സ്കൂപ്പ് കിട്ടിയ പത്രക്കരനെപ്പോലെ” എന്നെ നോക്കി. ഗുരു കാരണവന്മാരെ……. കളരി പരമ്പര ദൈവങ്ങളെ……..
കേരളത്തിലയിരുന്നെങ്കില് ഞാന്‍ സ്ഥിരം നമ്പര്‍ ഇറക്കിയേനെ…. .. (അതെന്താണെന്ന് ഓര്‍ത്തു സമയം കളയേണ്ട….. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വിളിക്കുമെന്ന് പറഞ്ഞു നമ്പരിടും) ഇവിടെ ഉമ്മന്‍ ചാണ്ടിയെന്നു പറഞ്ഞാല്‍ സായിപ്പു വിക്കീടെ കടയില്‍ (വികിപീടിയ) പോയാല്‍ പോലും ഞെട്ടാന്‍ സാധ്യത കുറവാണെന്ന് എന്റെ ആറാം ഇന്ദ്രിയം വിളിച്ചു പറഞു.
അങ്ങനെ സംഭവങ്ങള്‍ പുരോഗമിക്കുംബോഴാണ് എന്നെ ഞെട്ടിച്ച ആ സംഭവം നടക്കുന്നത്. ആ ബാഗില്‍ നിന്നും സായിപ്പു ഒരു വെളുത്ത പാക്കറ്റ് പോക്കിയെടുക്കുന്നു. ദൈവമേ ചതിച്ചോ? ഇതാരാ ഈ മയക്കുമരുന്ന് ഇതില്‍ കൊണ്ട് വച്ചത്? എന്നെ ചതിക്കാന്‍ സാധ്യത ഉള്ളവരുടെ എല്ലാവരുടെയും എന്റെ മനസ്സില്‍ക്കൂടി കടന്നുപോയി. തിരിച്ചു വരട്ടെ…. ശരിയാക്കിത്തരാം….ഞാന്‍ മനസ്സിലോര്‍ത്തു. ഇനി ഇവന്മാരെ ഇടിച്ചു ഇട്ടിട്ടു ഓടിയാലോ? ഒരായിരം പ്ലാനുകള്‍ മനസ്സില്‍ ഓടി നടക്കുന്നു… പട്ടികളും അവരുടെ യജമാനനായ പോലീസുകാരനും എന്നെ നോക്കുന്നു. നാല് പട്ടിക്കും കൂടി ഒന്ന് ഉപ്പു നോക്കന്പോലും ഈ ശരീരം തികയില്ല. വേണ്ട…. ഇടി വേണ്ട…. നമ്മള് ഗാന്ധിജിയുടെ നാട്ടുകാരല്ലേ… ഈ സായിപ്പന്മാരുടെ ഇടി ഞാന്‍ കൊണ്ടാല്‍ ഇന്ത്യക്കും ഗാന്ധിജിക്കുമല്ലേ നാണക്കേട്? സോണിയ ഗാന്ധിയും കെവിന് രട്ടുമായി ഇനി ഇതിനു വേണ്ടി വഴക്ക് ഉണ്ടാക്കേണ്ട എന്ന് കരുതി മാത്രം ഞാന്‍ ക്ഷമിച്ചു. അല്ലായിരുന്നെങ്കില്‍ കാണിച്ചു കൊടുത്തേനെ.
സത്യത്തില്‍ അപ്പോഴാണ് എന്റെ വിശാഖം നാളിന്റെ ഗുണം മനസ്സിലായത്. “മയക്കുമരുന്ന്” ഉയര്‍ത്തിപ്പിടിച്ച പോലീസുകാരന് അത് ബാഗിലേക്കു എറിഞ്ഞിട്ടു വാഷ് ബേസിന്അടുത്തേക്ക് ഓടുന്നു. കൂടെയുള്ള രണ്ടു പോലീസുകാരും അതെടുത്തു മണക്കുന്നു….. പിന്നെ ടോയിലെടിലേക്ക് ഓടുന്നു. പുതുപ്പള്ളി പുണ്യാളന് കാത്തു. കായം ഇന്നേവരെ കണ്ടിട്ടില്ലാത്ത ആസ്ത്രേലിയക്കാരന്‍ ഒന്നര മീറ്റര്‍ നീളത്തില്‍ വോമിറ്റ് ചെയ്യുന്നു.
അനിലയ്ക്ക് നന്ദി ………. അതെടുത്തു ബാഗില്‍ വെക്കാന്‍ തോന്നിയതിനു……, പിന്നെ ആ സായിപ്പിന് രണ്ടു നന്ദി…….. അതെടുത്തു മണക്കാന്‍ തോന്നിയതിനു…….
167 total views, 1 views today