Fury Charlie
LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ ആയി ആസ്വദിച്ചിട്ടുള്ളത്കൊണ്ടും മമ്മൂട്ടി കമ്പനിയുടെ പിശുക്കിനെ പറ്റി അറിയാവുന്നത് കൊണ്ടും സിനിമയെപ്പറ്റി കൃത്യമായ ധാരണയോടെയാണ് കയറിയത്. ഒട്ടും തെറ്റിയില്ല. ഏറ്റവും കുറഞ്ഞ പണം മുടക്കിൽ ഏറ്റവും ചെറിയ ഒരു കഥ സിനിമയാക്കിയിരിക്കുന്നു. എന്നാൽ അത് ഏറ്റവും മികച്ചതായോ എന്നത് നാളെ ടിക്കറ്റ് എണ്ണുന്ന തീയേറ്ററുകൾ പറയട്ടെ.ഒറ്റ വേഷം മാത്രം ധരിക്കുന്ന അഭിനേതാക്കൾ, തള്ളാനുള്ള ട്രോളി ഒഴിവാക്കി ഒരിടത്ത് തന്നെ ഉറപ്പിച്ചിരിക്കുന്ന ക്യാമറ, ( സിനിമയെ തള്ളാൻ ഫ്രീ ആയിട്ട് ഫാൻസ് ഉണ്ടല്ലോ 😄), BGM നു പകരം കോപ്പി റൈറ്റ് കാലാവധിയായ 60 വർഷം കഴിഞ്ഞ തമിഴ് പാട്ടുകളും സിനിമ ഡയലോഗുകളും. ഇങ്ങനെ ആകെ മൊത്തം ഒരു ദാരിദ്ര്യം ഉണ്ടെങ്കിലും സിനിമ ചെറിയൊരു ഉച്ചമയക്കം പോലെ തന്നെ ആസ്വദിച്ചു എന്നത് മറച്ചു വെക്കുന്നതുമില്ല.
എന്നാൽ സിനിമയുടെ പേര് എഴുതി കാട്ടുന്നതിന്റെ കൂടെ സബ് ടൈറ്റിലിലും “ലിജോ ജോസ് പെല്ലിശേരിയുടെ നന്പകൽ” എന്ന് ബോധപൂർവം എഴുതി കാട്ടിയത് അൽപ്പം പൊങ്ങത്തരമായി തോന്നി. കാരണം ബ്രാൻഡ് ആകാനുള്ള വലുപ്പമൊന്നും LJP ക്ക് ഇപ്പോഴും ആയിട്ടുണ്ട് എന്ന് കരുതുന്നില്ല എന്നത് തന്നെ. ആമേനും, ഈമായൗവും മിടുക്കൻമാരുടെ രണ്ട് വൃത്തിയുള്ള സ്ക്രീപ്റ്റുകൾ ആയിരുന്നത് കൊണ്ടു അത് ഭംഗിയായി തന്നെ ചെയ്തു എന്നതൊഴിച്ചാൽ LJP അയാളുടെ ഫാൻസ് പുകഴ്ത്തൽ കൊണ്ട് മാത്രം മേഘങ്ങളിൽ നിൽക്കുന്ന ആളായിട്ടാണ് തോന്നിയിട്ടുള്ളത്. ദേശാടനം പോലുള്ള നല്ല സ്ക്രീപ്റ്റുകൾ കിട്ടിയാൽ അത് ഗംഭീരമായി ചെയ്യുന്ന ജയരാജിന്റെ പുതിയ വേർഷൻ എന്നൊക്കെ മാക്സിമം വിളിക്കാം.
അതവിടെ നിൽക്കട്ടെ. തമിഴ് നാട്ടിലൂടെ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഒരു സംഘം മലയാളികളിൽ ഒരാൾ വഴിയിൽ ഇറങ്ങിപ്പോയി ഒരു തമിഴ് ഗ്രാമത്തിൽ ചെന്ന് ചിരപരിചിതനെ പോലെ അവിടുന്ന് കൃത്യം രണ്ട് വർഷം മുൻപ് കാണാതായ ഒരാളുടെ ഭാവത്തിൽ പെരുമാറുന്നതാണ് കഥ. അയാൾക്ക് തമിഴ് അറിയില്ലെന്ന് കാട്ടാൻ അസ്വാഭാവികമായ സീനുകൾ കൂട്ടി ചേർത്തിരിക്കുന്നത് അൽപ്പം കല്ല് കടി ഉണ്ടാക്കും.ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല. മാത്രമല്ല വികസിപ്പിച്ചപ്പോൾ ഒത്തിരി സ്ഥലങ്ങളിൽ ചോദ്യങ്ങളുടെ പഴുതുകൾ അവശേഷിപ്പിക്കുകയും ചെയ്തു. ചുരുളിയിൽ കണ്ട ചില ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്ന സീനുകൾ ക്ലൈമാക്സിൽ ഉണ്ടെന്നതല്ലാതെ ലിജോയുടേതായ ഒരു സിഗ്നേച്ചറും അവഷേഷിപ്പിക്കാതെ തന്നെ സിനിമ തീരുന്നു.
സിദ്ദിഖ് ലാൽ മുതൽ റാഫി ഷാഫി വരെയുള്ള വിജയം കണ്ട അനേകം കോമഡി എഴുത്തുകാരുടെ ആരുടെയെങ്കിലും കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഹരിശ്രീ അശോകനെ വെച്ചു പോലും ചിരിച്ചു വയറിളക്കാൻ പാകത്തിനുള്ള സിനിമ ഒരുക്കാമായിരുന്ന രസകരമായ സബ്ജക്ട് LJP തലകുത്തി നിന്നിട്ടും ആകെ ചിരി കേട്ടത് “തൂറുക ” എന്ന വാക്ക് കേട്ടപ്പോൾ ആണ്. അതും പുറകിലെ VIP സീറ്റുകളിൽ നിന്ന്. അത്രമാത്രം കോമഡി ദാരിദ്ര്യമാണ് സിനിമയിൽ അനുഭവപ്പെട്ടത്.അടൂരും ഹരിഹരനുമൊക്ക നൂല് കെട്ടി ബാലൻസ് ചെയ്ത് അഭിനയിപ്പിച്ചിട്ടുള്ള മമ്മൂട്ടിയെ കൈകാര്യം ചെയ്യാനുള്ള വലുപ്പം LJP ക്ക് ആയിട്ടില്ല എന്നതിന്റെ നല്ല ഉദാഹരണമാണ് നായകന്റെ ഇൻട്രോക്ക് മുൻപുള്ള ബിൽഡ് അപ്പും , ദേഷ്യക്കാരനും പിശുക്കനുമായ നന്മ നിറഞ്ഞ നാട്ടിൻപുറത്തുകാരനായുള്ള അദേഹത്തിന്റെ ക്യാരക്ടറൈസേഷനുമൊക്കെ . ബസ് യാത്രയ്ക്കിടെ മമ്മൂക്കയുടെ പഴയ സിനിമ കാണുന്ന ആളുകൾക്കിടയിലിരുന്നു അദ്ദേഹം തന്നെ കൈയ്യടിച്ചു രസിക്കുന്ന സീനൊക്കെ എഴുതി അദ്ദേഹത്തെ സുഖിപ്പിക്കാൻ നോക്കുന്ന ഒരാളായല്ല ആരാധകർക്കിടയിലെങ്കിലും LJP യുടെ ഇമേജ് എന്ന് ലിജോ ഓർത്താൽ നന്ന്.
ഒരു സൂപ്പർ താരത്തെ ആദ്യമായി ഡയറക്ട് ചെയ്യുന്നതിന്റെ അമ്പരപ്പിൽ ആകണം, മമ്മൂട്ടി എന്ന 50 വർഷം പഴക്കമുള്ള സത്വത്തിൽ നിന്നും കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ ഇറക്കി കൊണ്ടുവരാൻ LJP ക്ക് കഴിഞ്ഞിട്ടില്ല . ഇത് ഉറപ്പിച്ചു പറയാൻ കാരണം, മിടുക്കുള്ള ഡയറക്ട്ടേഴ്സിന്റെ കയ്യിൽ ആ മനുഷ്യൻ ഒരു വജ്രക്കല്ല് പോലെ തിളങ്ങുന്നത് പലവട്ടം കണ്ടിട്ടുള്ളത് കൊണ്ടാണ്. നിങ്ങളിൽ പലരെയും പോലെ മുത്തശ്ശി പറഞ്ഞു കേട്ട കഥയിൽ നിന്നല്ല, FDFS ൽ നേരിട്ട് തന്നെ കണ്ട് കോരിത്തരിച്ചിട്ടുള്ള അനുഭവത്തിൽ നിന്ന്. വിധേയനിലും, പൊന്തൻ മാടയിലും, മതിലുകളിലുമൊന്നും കാണാൻ കഴിയാത്ത മമ്മൂട്ടി എന്ന കിരീടവും ചൂടിതന്നെയാണ് ഇതിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. അത് അഴിച്ചു വെപ്പിക്കാൻ തണ്ടല്ലിന് ഉറപ്പുള്ള ഒരു സംവിധായകനും ഇപ്പോൾ ഇല്ല എന്നത് തന്നെയാണ് സത്യം.
മമ്മൂക്കയുടെ ഭൂതകണ്ണാടിയിലെ അഭിനയത്തെ പുകഴ്ത്തി ഇത് അതിനുള്ള ട്രിബൂട്ട് ആണെന്ന് വീമ്പ് പറഞ്ഞ LJP ക്ക് അതിലെ ഒരു സീനിന്റെ അത്ര പോലും മമ്മൂക്കയെ ഇതിൽ വഴക്കിയെടുക്കാനായിട്ടില്ല.ക്ളാസിക്ക് സിനിമകളിൽ ഒന്നോ രണ്ടോ ഷോട്ടുകളിൽ കാണാറുള്ള പ്രതിഭാസമാണ് ഉറപ്പിച്ച ക്യാമറയുടെ ഒരു വശത്ത് നിന്നും മറുവശത്തേക്ക് എന്തെങ്കിലും വസ്തുവോ കഥാപാത്രമോ പോകുന്ന തരം സീൻ. അത് ഈ സിനിമയിൽ വാരി വിതറി വെറുപ്പിച്ചിട്ടുണ്ട്. ഇടത് നിന്ന് വലത്തോട്ട് മമ്മൂട്ടി മോപ്പടിൽ പോകുന്നു, വലത് നിന്നും ഇടത്തോട്ട് ബന്ധുക്കൾ അദ്ദേഹത്തെ തപ്പി പോകുന്നു, പിന്നേ ഒരു പട്ടി പോകുന്നു, പിന്നെ മമ്മൂട്ടി തിരിച്ചു പോകുന്നു, പിന്നെ ബസ് അവിടെ നിറുത്തി ഇട്ടിരിക്കുന്നത് കാട്ടുന്നു, ഇത് തന്നെ തിരിച്ചും മറിച്ചും ബോധപൂർവം കാട്ടിയിരിക്കുന്നത് അസ്വഭാവികമായി തോന്നി. എന്നാൽ കൃത്യമായി കാട്ടേണ്ട മമ്മൂക്കയുടെ ബാർബർഷോപ്പിലെ കണ്ണാടി നോക്കുമ്പോൾ ഉള്ള ആ ഞെട്ടൽ ആകട്ടെ പണ്ടത്തെ ജയൻ നസീർ സ്റ്റണ്ട് സീൻ പോലെ വെട്ടിച്ചു വെട്ടിച്ചു കുളമാക്കുകയും ചെയ്തു.
ക്ലാഷ് ആകുന്ന കഥാപാത്രങ്ങളുടെ ഡയലോഗ് എഴുതാനുള്ള ബുദ്ധിമുട്ട് പഴയ സിനിമകളിൽ എഴുത്ത് അറിയാവുന്ന ആണുങ്ങൾ തയ്യാറാക്കിയ ഡയലോഗ്കൾ ബാക്ക് ഗ്രൗണ്ടിൽ കേൾപ്പിച്ചു അഡ്ജസ്റ് ചെയ്തിട്ടുണ്ട്.ഇങ്ങിനെയൊക്കെയാണെങ്കിലും ഒരു കാര്യം സമ്മതിച്ചു കൊടുക്കണം. തമിഴ് നാട്ടിൽ ഗ്രാമപ്രദേശങ്ങളിൽ അൽപ്പകാലം താമസിച്ചിട്ടുള്ള ആർക്കും ക്ളെവർ ആയി ചെയ്തിരിക്കുന്ന BGM ലൂടെ സിനിമയുമായി കലർന്ന് കിടക്കുന്ന ആ നാടിന്റെ ഓർമ്മകൾ ഒന്ന് കൂടി ഓർമ്മയിൽ വരും. അത് പോലെതന്നെ സിനിമയിൽ ഉടനീളമുള്ള തമിഴ് ഈണങ്ങളിൽ ഒന്നെങ്കിലും നിങ്ങളുടെ നാവിൽ മൂളിപ്പാട്ടായി കയറി കൂടുകയും ചെയ്യും. എന്റെ നാവിൽ നിന്നും ഇപ്പോഴും ഇറങ്ങാത്ത പാട്ടാണ് രണ്ട് ഭാര്യമാരുടെ ഇടയിൽ മമ്മൂക്ക പെടുമ്പോൾ ഉള്ള ” പാർത്ത ഞാപകം ഇല്ലയോ” എന്ന പാട്ടും അതിന്റെ ബാക്ക് ഗ്രൗണ്ടിലെ മ്യൂസിക്കും. അതിന് പക്ഷേ LJP ക്ക് ക്രെഡിറ്റ് കൊടുക്കാനാകുമോ? പതതറുപതു വർഷം മുൻപ് അതൊക്കെ എഴുതി ഈണം കൊടുത്തു പാടി പതിപ്പിച്ച റിയൽ ലജണ്ടുകളല്ലേ അതിനവകാശികൾ?
One Response
enthoru negative manushyanadedo ithu review cheythirikunnath ?? kashtam