കരുനാഗപ്പള്ളിയിൽ തുഷാര എന്ന യുവതിയെ ഭർത്താവും ദുർമന്ത്രവാദിനിയായ അമ്മായി അമ്മയും ചേർന്ന് പട്ടിണിക്കിട്ടു കൊന്ന വാർത്ത സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ക്രൂരമായ ഈ കൊലപാതകം. മരണസമയത്ത് തുഷാരയ്ക്കു ഇരുപതുകിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ചസാരവെള്ളവും കുതിർത്ത അരിയുമായിരുന്നു ആഹാരമായി നൽകിയിരുന്നത്. സ്ത്രീധനപീഡനത്തിനെതിരെയും മറ്റുമുള്ള ചർച്ചകളെ സജീവമാക്കിയ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗാഥാ മാധവ് എന്ന യുവതി തന്റെ ജീവിതത്തിലെ സമാനമായ തിക്താനുഭവങ്ങൾ തുറന്നെഴുതുന്നു.

====

പട്ടിണി കിടന്നു മരിച്ച ആ പെൺകുട്ടി എന്നെ ഞെട്ടിക്കുന്നില്ല. (Gaadha Madhav)

വളരെ മോശപ്പെട്ട ഒരു വൈവാഹിക ജീവിതത്തിലൂടെയും വിവാഹമോചനത്തിലൂടെയും കടന്നു പോയതിന്റെ വെളിച്ചത്തിൽ കൂടി ആണ് ഇതെഴുതുന്നത്.
രണ്ടു കൊല്ലം മുമ്പ് അയാളെന്നെ വീട്ടിൽ കൊണ്ടാക്കുമ്പോൾ ഞങ്ങൾ പിരിയുകയാണെന്നു ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. അതിനു എനിക്ക് കഴിയുമായിരുന്നില്ല. അയാളെ പിരിഞ്ഞൊരു ജീവിതം അസാധ്യമാണ് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എനിക്കയാളോടുള്ള വികാരം സ്നേഹമല്ലെന്നും അടിമക്ക് ഉടമയോടു തോന്നുന്ന വിധേയത്വം ആണെന്നും വീട്ടിൽ പോയി സ്റ്റോൾക്ഹോം സിൻഡ്രോം നെ കുറിച്ച് നന്നായി വായിക്കണമെന്നും, എല്ലാ ഡിബേറ്റിലും ഒന്നാം സ്ഥാനം വാങ്ങിയിരുന്ന എന്നെ തർക്കിച്ചു തോൽപ്പിച്ചു പറഞ്ഞു തന്നത് ഒരു സുഹൃത്താണ്.

പറഞ്ഞു വന്നത്, “ഇവളെ പോലെ ഒരു ഭാര്യയെ എനിക്ക് വേണ്ടാ” എന്നയാൾ മേശപ്പുറത്തടിച്ചു

കരുനാഗപ്പള്ളിയിൽ പട്ടിണിക്കിട്ടുകൊന്ന തുഷാര

ആക്രോശിക്കുമ്പോഴും എന്റെ അച്ഛനും അമ്മയ്ക്കും എന്താണ് പ്രശ്നം എന്ന് പോലും അറിയില്ലായിരുന്നു. തിരിച്ചു പോകും വഴി “ഇനിയെങ്കിലും നീ പറയണം” എന്ന് കെഞ്ചിയ അവരോടു, മൂന്നാം ദിവസം വിവാഹമോചനം ആവശ്യപ്പെട്ട കഥയുൾപ്പെടെ പറഞ്ഞു കഴിഞ്ഞിട്ടും “ഒക്കെ ശെരിയാകും എനിക്ക് തിരിച്ചു പോകണം” എന്നാണു ഞാൻ പറഞ്ഞത്. അന്ന് എന്റെ അച്ഛനും അമ്മയും എടുത്ത നിലപാടാണ് ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നതിന് കാരണം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു. എന്റെ മുൻ ഭർത്താവും വീട്ടുകാരും വ്യത്യസ്തരായിരുന്നില്ല. തൻ കാലിൽ നിൽക്കാൻ പ്രാപ്തയായ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളായി തന്നെയാണ് എന്റെ അച്ഛനമ്മമാർ എന്നെ വളർത്തിയത്. എന്നിട്ടും 25 കാരിയായ എനിക്ക് ചിന്തിക്കാനും അടിമച്ചങ്ങല പൊട്ടിക്കാനും കഴിഞ്ഞില്ലെങ്കിൽ 22 വയസ്സുള്ള ആ പെൺകുട്ടിക്കു സംഭവിച്ചതിൽ ഞാൻ എങ്ങനെ അത്ഭുതം കൂറും?

നമ്മുടെ പെൺകുട്ടികളോട് അവരുടെ ജീവിത സാക്ഷാത്ക്കാരം വിവാഹവും അമ്മയാകലും ആണെന്നും വിവാഹമോചനം എന്നത് ഏഴാം നരകത്തിലും കീഴെയാണെന്നും ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഭർത്താവും അച്ഛനും ചേട്ടനും അനിയനും സുഹൃത്തും ഒന്നും അവരുടെ ഉടമകൾ അല്ലെന്നു പറയണം. നന്നായി പഠിക്കാനും വായിക്കാനും പറയണം. അവരുറക്കെ ചിരിച്ചാൽ, ചൂളമടിച്ചാൽ ഭൂലോകം കീഴ്മേൽ മറിയില്ലെന്നു പറയണം. നന്നായി പാടാനും നൃത്തം ചെയ്യാനും യാത്ര ചെയ്യാനും പ്രണയിക്കാനും പറയണം. സ്വന്തത്ര്യം ആണ് അഖിലസാരമൂഴിയിൽ എന്ന് പേർത്തും പേർത്തും പറഞ്ഞു തലയിൽ കയറ്റണം. അവരെ മനുഷ്യരെല്ലാം സമന്മാരാണെന്നും പഠിപ്പിക്കണം.
വിവാഹമോചനത്തിലൂടെ കടന്നു പോകുമ്പോൾ എഴുതിയ ഒരു പോസ്റ്റിന്റെ ഭാഗങ്ങൾ കൂടിയുണ്ട് ചുവടെ ; അന്ന് “എന്നെ കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ” എന്ന് ചോദിച്ചു വന്ന ഒരു ടീമിനെ കാരണം പോസ്റ്റ് പിൻവലിക്കേണ്ടി വന്നു.

. . . “എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഞാൻ അനുഭവിച്ച പീഡനം മുഴുവൻ അറിയാമായിരുന്നു. ഒരു ദിവസം അവർക്കൊന്നു വന്നു കൂട്ടാമായിരുന്നു എന്നെ വീട്ടിലേക്ക്” ഒരു ചേച്ചി തന്റെ 20 വര്ഷം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ചേച്ചിക്ക് വേണ്ടി, ചേച്ചിയെ പോലെ അനുഭവ കഥകളായിപ്പോയ ഒരുപാട് പേർക്ക് വേണ്ടി, ഇനിയും കഥകളാകാൻ വിധിക്കപ്പെട്ടവർക്കു വേണ്ടി, അങ്ങനെയാകില്ല എന്ന് വാശിയുള്ള മിടുക്കികൾക്ക് വേണ്ടി, കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

അച്ഛനമ്മമാരോട്, മക്കളുടെ ഏറ്റവും വലിയ ആശ്രയവും ധൈര്യവും നിങ്ങളാണ്. സമൂഹത്തിന്റെ നാവിനെ പേടിച്ചു അവരെ ഗ്യാസ് സ്റ്റോവിന്റെ തീയിനും പ്രഷർ കുക്കറിന്റെ പൊട്ടിത്തെറികൾക്കും വിട്ടു കൊടുക്കാതിരിക്കുക.

കല്യാണം കഴിഞ്ഞതിൽ പിന്നെ അവനു അമ്മയെ വേണ്ടെന്നു പറയുന്ന, അവനു മൂന്നരക്കോടി വരെ സ്ത്രീധനം തരാമെന്നു പലരും പറഞ്ഞതാണ് എന്ന് പറയുന്ന അമ്മായിയമ്മമാരോട്, മൂന്നു നേരം അവനാഹാരം ഉണ്ടാക്കി കൊടുക്കാനാണ് അവനെ കൊണ്ടൊരു കല്യാണം കഴിപ്പിച്ചതെന്നും, ഭർത്താവിനെ “ചേട്ടാ” എന്നല്ലാതെ വിളിച്ചാൽ നാവു ചവിട്ടിപിഴുതു കളയും എന്നും പറയുന്ന അമ്മായിയപ്പന്മാരോട്, ഫെമിനിസം ഒക്കെ പടിക്കു പുറത്തു വച്ച് അവന്റെ മുന്നിൽ പട്ടിയെ പോലെ നിൽക്കണം എന്ന് പറയുന്ന നാത്തൂന്മാരോട്, അവനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാൽ കുനിച്ചു നിർത്തി ഇടിക്കും എന്ന് അഭിമാനത്തോടെ വിളംബരം ചെയ്യുന്ന ബന്ധു മിത്രാദികളോട്… ഓ… നിങ്ങളോടൊക്കെ എന്ത് പറയാനാണ്.. എന്ത് പറഞ്ഞിട്ടെന്താണ്… (എത്രപേർ ഇങ്ങനെ പറയുന്നുണ്ട് എന്നറിയില്ല. എന്നോട് പറഞ്ഞിട്ടുണ്ട്.)

അവരോടൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും തോന്ന്യാസം മാത്രം കൈമുതലായ കണവനോട് എന്തെങ്കിലും ചോദിച്ചു പോയാൽ, “ഞാനെനിക്ക് തോന്നിയ പോലെ ജീവിക്കും. അതൊക്കെ ചോദ്യം ചെയ്‌താൽ മോള് മോളുടെ വീട്ടിലിരിക്കും. എടുക്കെടി പട്ടി നിന്റെ പെട്ടി” എന്ന് പറഞ്ഞാൽ ” ചേട്ടനല്ലാതെ എനിക്കാരും ഇല്ലായെ” എന്ന് പറഞ്ഞു അവന്മാരുടെ കാലിൽ വീണു കേഴാതിരിക്കാനുള്ള മിനിമം ധൈര്യം എങ്കിലും നമ്മൾ പെണ്ണുങ്ങൾക്കുണ്ടാകണം. ഇല്ലെങ്കിൽ സ്വന്തം അസ്തിത്വം പണയം വച്ച്, ആത്മാഭിഭാനത്തെ പൊന്തകക്കാട്ടിലെറിഞ്ഞു ചിരി മറന്നു ജീവിക്കാം. ആദ്യം വേണ്ടത് നല്ല വിദ്യാഭാസം ആണ്. പിന്നെ തൊഴിലും. നന്നായി പഠിക്കുക. സ്വയം പര്യാപ്തരാകുക. സഹനവും ക്ഷമയും സ്നേഹവും ഒക്കെ വേണം. അർഹിക്കുന്നവരോട്.

ഇനി ഇന്നല്ലെങ്കിൽ നാളെ ഭർത്താക്കന്മാർ ആകാൻ പോകുന്ന എല്ലാ പൂംക്രിതികാമന്മാരോടും.. നരസിംഹത്തിൽ മോഹൻലാൽ പറയുന്ന പോലെ വെള്ളമടിച്ചു വന്നു തൊഴിക്കാനും കർക്കിടക മഴയിൽ കെട്ടിപ്പിടിച്ചു കിടക്കാനും നിന്നെയൊക്കെ കുഴിയിലോട്ടെടുക്കുകമ്പോ കരയാനും ഉള്ളതല്ല പെണ്ണ്. അവൾക്കു നിങ്ങളുടെ ഭാര്യ എന്നതിലുപരി ഒരസ്തിത്വമുണ്ട്. വ്യക്തിത്വമുണ്ട്. സർവ്വോപരി സ്വപ്നങ്ങളുണ്ട്. അത്‌ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പങ്കുവയ്ക്കാനും കഴിയില്ലെങ്കിൽ ഈ പണിക്കു ഇറങ്ങരുത്. പെൺകുട്ടികളെ അവരുടെ പാട്ടിനു വിട്ടേക്കുക.
സമൂഹത്തോട്, നിങ്ങൾ അഹങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും പോക്കുകേസെന്നും ഒക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന പെണ്ണുങ്ങളില്ലേ, നിങ്ങളുടെയൊക്കെ പിഴച്ച നാക്കിനു മുന്നിൽ തോൽക്കാതെ തലയുയർത്തിപ്പിടിച്ചു ജീവിക്കുന്ന തന്റേടികൾ. .. ഒരു ദിവസമെങ്കിലും അവരുടെ ജീവിതം ഒന്ന് ജീവിച്ചു നോക്കണം, അപ്പോഴറിയാം വെയിലൊന്നേറ്റാൽ വാടുന്ന നിങ്ങളുടെ മുന്നിലൂടെ അവൾ ആടിത്തീർത്ത അഗ്നിക്കാവടികളുടെ പൊള്ളലുകൾ.
എന്ന്,
ആണും പെണ്ണും തുല്യരാവുന്ന സമത്വ സുന്ദര ലോകം സ്വപ്നം കാണുന്ന ഒരു ഫെമിനിച്ചി .

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.