നുണകളുടെയും ഭയങ്ങളുടേയും കാലത്തു കേള്‍ക്കേണ്ട ഒരു കഥ

721

വിവര്‍ത്തനം: എം ജി തോമസ്
പോസ്റ്റ് കടപ്പാട് : ജ്യോതിക സമസ്യ (Jyothika Samassya)

=====

നുണകളുടെയും ഭയങ്ങളുടേയും കാലത്തു കേള്‍ക്കേണ്ട ഒരു കഥ

എത്ര ശ്രമിച്ചിട്ടും തനിയ്ക്ക് എഴുതാന്‍ കഴിയാതെപോയ ഒരു ചെറുകഥയെക്കുറിച്ച് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ഒരു സാഹിത്യസമ്മേളനത്തില്‍ സംസാരിച്ചിട്ടുണ്ട്. മനസില്‍ പലവട്ടം എഴുതിയിട്ടും കടലാസിലേക്ക് പകര്‍ത്താന്‍ കഴിയാതെപോയ ഒരു കുഞ്ഞുകഥ.
ആ കഥ അദ്ദേഹം ഇങ്ങനെ വിവരിച്ചു:

ഭയാനകമായതെന്തോ..!

രാവിലെ, കൊച്ചുമക്കള്‍ക്ക് ആഹാരം വിളമ്പുമ്പോള്‍ വൃദ്ധയുടെ മുഖത്ത് എന്തോ സങ്കടമുണ്ടായിരുന്നു. എന്താണ് മുത്തശ്ശിക്കൊരു സങ്കടമെന്നു കൊച്ചുമകന്‍ ചോദിയ്ക്കുകയും ചെയ്തു.

“അറിയില്ല. ഇവിടെ പേടിപ്പിക്കുന്ന എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലുമായാണ് ഇന്ന് ഞാന്‍ ഉണര്‍ന്നതുതന്നെ,” വൃദ്ധ പറഞ്ഞു.

അതു കേട്ടപ്പോള്‍, “ഈ മുത്തശ്ശിക്കു വട്ടാണെന്ന്” കൊച്ചുമക്കള്‍ കളിയാക്കി. “ഇതൊക്കെ വയസ്സാകുമ്പോള്‍ ഉണ്ടാവുന്ന ഓരോ തോന്നലുകളാണ്…” എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് കൊച്ചുമകന്‍ കൂട്ടുകാര്‍ക്കൊപ്പം കളിയ്ക്കാന്‍ പോയി.

അന്നത്തെ കളി മൂത്തപ്പോള്‍, ആ പയ്യനോട് അവന്റെ ചങ്ങാതി വാതുവെച്ചു, “ഈ അവസാന കരു ഒറ്റയടിക്ക്‌ വീഴ്ത്തിയാല്‍ നിനക്ക് ഞാന്‍ ഒരു നാണയം തരാം. ഇല്ലെങ്കിൽ നീയെനിക്കു തരണം.”

വീഴ്ത്താന്‍ എളുപ്പമുള്ള കരുവായിരുന്നു അത്. പയ്യന്‍ കളിയില്‍ മിടുക്കനുമായിരുന്നു. പക്ഷെ എന്തുകൊണ്ടോ അന്ന് അവനു ഉന്നം പിഴച്ചു. നിസ്സാരമായൊരു കരുവില്‍ തോറ്റ അവനെ കൂട്ടുകാര്‍ കളിയാക്കി, “ഹോ, നാണംകെട്ടു. നിനക്ക് ഇന്ന് ഇതെന്തു പറ്റി?”

“ഈ നാട്ടില്‍ എന്തോ മോശം കാര്യം സംഭവിയ്ക്കാന്‍ പോകുന്നുവെന്ന് മുത്തശ്ശി രാവിലെതന്നെ എന്നോട് പറഞ്ഞിരുന്നു,” പയ്യന്‍ പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു.

കളി ജയിച്ച കുട്ടി വലിയ സന്തോഷത്തോടെയാണ് അന്ന് വീട്ടിലേയ്ക്ക് കയറി ചെന്നത്. എന്താ ഇത്ര വലിയ തുള്ളിച്ചാട്ടമെന്ന് അമ്മയും ചേച്ചിയും അവനോടു ചോദിയ്ക്കുകയും ചെയ്തു.

“ഈ നാണയം എനിയ്ക്ക് കിട്ടിയത് ഒരു നിസ്സാര പന്തയത്തിലാണ്. ആ മണ്ടന് നിസ്സാരമായ ആ അവസാന കരു വീഴ്ത്താന്‍ ആയില്ല,” കുട്ടി പറഞ്ഞു.

“അതെന്താ, ഇന്ന് നിന്റെ കൂട്ടുകാരന്‍ കളിയില്‍ ഇത്ര മോശമാകാന്‍ ?”, പെങ്ങള്‍ ചോദിച്ചു.

“അതല്ലേ തമാശ! ഈ നാട്ടില്‍ എന്തോ ഭീകരമായ കാര്യം സംഭവിക്കാന്‍ പോകുന്നുവെന്ന് അവന്റെ മുത്തശ്ശി പറഞ്ഞത്രേ,” കുട്ടി നിസ്സാരമായി പറഞ്ഞു.

“നീ വെല്ലാതങ്ങു കളിയാക്കണ്ട. പ്രായമായവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടാകും..” ഇങ്ങനെ പറഞ്ഞുകൊണ്ട് ആ കുട്ടിയുടെ അമ്മ പതിവുപോലെ സഞ്ചിയുമായി പലചരക്കുകടയിലേക്ക് പോയി.

എന്നത്തെയുംപോലെ, ഒരു കിലോ അരിയ്ക്ക് കടക്കാരനോട് പറഞ്ഞശേഷം അവര്‍ ഒരു നിമിഷം എന്തോ ആലോചിച്ചു. പിന്നെ പറഞ്ഞു, “ഒന്നല്ല, രണ്ടു കിലോ എടുത്തോളൂ.”

“ഇന്നെന്താ വിശേഷം?” കടക്കാരന് ആകാംക്ഷയായി.

“അല്ല, മോശമായത് എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് എന്റെ മകന്റെ ചങ്ങാതിയുടെ അമ്മൂമ്മ പറഞ്ഞുവത്രേ. നാളെ കട തുറന്നില്ലെങ്കില്‍ അരിയെങ്കിലും കരുതി വെയ്ക്കാമല്ലോ.” അവര്‍ പറഞ്ഞു.

“എങ്കില്‍ എനിയ്ക്കും എല്ലാ സാധനങ്ങളും ഇരട്ടി എടുത്തോളൂ, എന്റെ വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതാണ്… ” എല്ലാം കേട്ടുനില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീ കടക്കാരനോട് പറഞ്ഞു.

പിന്നീട് എത്തിയവരോടെല്ലാം കടക്കാരന്‍തന്നെ പറഞ്ഞു, “നാട്ടില്‍ എന്തോ വലിയ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന് ആളുകള്‍ പറയുന്നു. സാധനങ്ങള്‍ അല്പം അധികം വാങ്ങി കരുതിക്കോളൂ.”

ഉച്ചയായപ്പോഴെയ്ക്കും ആ ചെറിയ കടയിലെ സാധനങ്ങള്‍ ഏതാണ്ട് തീര്‍ന്നു. കട അടച്ചു. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരാനായി കടക്കാരന്‍ നഗരത്തിലെ വലിയ കടയിലേക്ക് പോയി.

എല്ലാവരും അധികം മാംസം വാങ്ങിയതിനാൽ അറവുകാരൻ രണ്ടാമതൊരു കാളയെക്കൂടി കശാപ്പു ചെയ്തു. അതും വേഗം വിറ്റു തീർന്നു.

ഉച്ചയായപ്പോഴേക്കും വാര്‍ത്ത‍ എല്ലായിടത്തും എത്തി. ആ ചെറു പട്ടണത്തിലെ കടകളും വീടുകളും എല്ലാം അടഞ്ഞു. ഭീകരമായ നിശബ്ദത പരന്നു. ഭയാനകമായ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആധിയോടെ ജനങ്ങള്‍ പട്ടണമധ്യത്തില്‍ കൂടിനിന്നു. പരിധിക്ക്‌ അപ്പുറം ആരുടേയും ശബ്ദം ഉയര്‍ന്നില്ല.

“ഇന്ന് എന്താ ഇത്ര ശക്തമായ ചൂട്?” ഒരാള്‍ സംശയിച്ചു.

“എന്നും ഈ ചൂട് ഉള്ളതല്ലേ?” ആരോ പറഞ്ഞു.

“ഹേയ്, ഇത്ര കത്തുന്ന വെയില്‍ ഇത് ഇവിടെ ആദ്യമാ…” മറ്റൊരാള്‍ പറഞ്ഞു.

പെട്ടെന്ന് , ആളുന്ന വെയിലിലൂടെ ഒരു കുരുവി പറന്നുവന്നു പട്ടണമധ്യത്തിലെ സ്തൂപത്തിനു മുകളില്‍ ഇരുന്നു വാലാട്ടി. എല്ലാവരും ഭീതിയോടെ അതിന്‍റെ ചിലയ്ക്കുന്ന കൊക്കിലേക്കു നോക്കി.

“ഇതെന്താ ഈ സമയത്ത് ഒറ്റയ്ക്കൊരു കുരുവി…?” ആരോ ചോദിച്ചു.

“ഇവിടെ കുരുവികള്‍ പതിവായി വരാറുള്ളതല്ലേ?” മറ്റാരോ മറുപടി പറയാന്‍ ശ്രമിച്ചു.

“ഹേയ്, എന്താണീ പറയുന്നത്? ഈ സമയത്ത് കിളികള്‍ വരാറേയില്ല. ഇത് ഭയാനകമായ എന്തിന്റെയോ സൂചനയാണ്.” ഒരാള്‍ തീര്‍ത്തു പറഞ്ഞു.

എല്ലാവരും പൊടുന്നനെ കൂടുതല്‍ നിശബ്ദരായി. അവിടെ കനത്ത ഭീതിയുടെ മൂകത നിറഞ്ഞു. ഭയാനകമായ എന്തോ സംഭവിക്കാന്‍ പോകുന്ന ആ നാടുവിട്ടു എത്രയും വേഗം രക്ഷപ്പെടണമെന്നു ഓരോരുത്തരും ആഗ്രഹിച്ചു. എന്നാല്‍ ആരുടേയും കാലുകള്‍ ചലിച്ചില്ല.

ഒടുവില്‍ ഒരാള്‍ വിറയലോടെ പറഞ്ഞൊപ്പിച്ചു, “ഞാന്‍..ഞാന്‍ എന്തായാലും ഇവിടം വിടുകയാണ്. ഇത്രയും സൂചനകള്‍ കിട്ടിയിട്ടും അപകടത്തിനായി കാത്തിരിയ്ക്കാന്‍ ഞാനില്ല.”

അയാള്‍ വേഗം തന്റെ കാളവണ്ടിയിലേക്ക് വീട്ടുസാധനങ്ങള്‍ കയറ്റാന്‍ തുടങ്ങി. പത്രങ്ങളും വളര്‍ത്തുപക്ഷികളും വണ്ടിയില്‍ നിറഞ്ഞു. നഗരം മുഴുവന്‍ നിശബ്ദമായി നോക്കിനില്‍ക്കെ അയാള്‍ വേഗത്തില്‍ കാളവണ്ടിയോടിച്ചു പട്ടണകവാടം കടന്നുപോയി.

ആ കാളവണ്ടി കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ ആരൊക്കെയോ പിറുപിറുത്തു, “അവന്‍ പോയി, ഇനിയും ഇവിടെ നില്‍ക്കുന്ന നമ്മളാണ് അപകടത്തില്‍പ്പെടാന്‍ പോകുന്നത്…”

പിന്നെ വൈകിയില്ല, ഓരോരുത്തരും കയ്യില്‍ കിട്ടിയതെല്ലാം വണ്ടികളില്‍ കയറ്റി. ഓരോരോ കാളവണ്ടികളായി പട്ടണകവാടം കടന്നു പോയിക്കൊണ്ടിരുന്നു. വളര്‍ത്തുമൃഗങ്ങളും മനുഷ്യരും എല്ലാം ഒഴിഞ്ഞു പട്ടണം ശൂന്യമായി.

അവസാനത്തെ താമസക്കാരന്‍ നാടു വിടും മുന്‍പ് ശൂന്യമായ തന്റെ വീടിനെ നോക്കി പിറുപിറുത്തു. “നാശം, ഇനി എന്തിനാണ് ഇത് മാത്രം ഇവിടെ?..”

അയാള്‍ തന്റെ വീടിനു വേദനയോടെ തീകൊളുത്തി. തീ വീടുകളില്‍നിന്നു വീടുകളിലേക്ക് പടര്‍ന്നു. വീടുകളും തൊഴുത്തുകളും ഒടുവില്‍ ആ ചെറുപട്ടണം തന്നെയും എരിഞ്ഞാളി.

പട്ടണകവാടത്തിനു പുറത്ത്, യുദ്ധഭൂമിയിലെപ്പോലെ പരിഭ്രാന്തി നിറഞ്ഞ ചെമ്മണ്‍പാതയില്‍ ആളുകള്‍ തിരക്ക് കൂട്ടി ഒഴുകിക്കൊണ്ടിരുന്നു.
പ്രാണഭയത്തോടെ നാടുവിട്ടോടുന്നവരുടെ ആ വലിയ തിരക്കിനു നടുവില്‍ പിന്തിരിഞ്ഞുനിന്ന്, എരിഞ്ഞടങ്ങുന്ന പട്ടണത്തെ നോക്കി ആ വൃദ്ധ നെഞ്ചത്തടിച്ചു കരഞ്ഞു, “ഹയ്യോ, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ, ഭയാനകമായത് എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന്. അപ്പോള്‍ എനിയ്ക്ക് ഭ്രാന്താണെന്നല്ലേ നിങ്ങള്‍ പറഞ്ഞത്?”

====================