വെള്ളാശേരി ജോസഫ് എഴുതുന്നു 

ഒക്ടോബർ 2 – നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധി ജനിച്ച ദിവസം. ഈ ദിവസത്തിൽ ഗാന്ധിയെ സ്മരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ എതിർത്തിരുന്ന ഒരാളുമായൊന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. രണ്ടു പേരേയും അവർ അർഹിക്കുന്ന ബഹുമാനത്തോടെ തന്നെയാണ് താരതമ്യം ചെയ്യാൻ ഇവിടെ മുതിരുന്നത്.

Image result for gandhiആദ്യമായി ആരായിരുന്നു ഇൻഡ്യാക്കാർക്ക് ഗാന്ധിജി? ഗാന്ധിയെ ഓർമിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് ഇന്ത്യയിലെ എല്ലാവരേയും ഒന്നിപ്പിക്കുവാൻ അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു ഗാന്ധി എന്നതാണ്. ജാതി-മത വിത്യാസമില്ലായിരുന്ന ആ ഒന്നിപ്പിക്കൽ പ്രക്രിയ ഗാന്ധിയെ വിമർശിക്കുന്ന പലരും കാണുന്നില്ല. സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് ‘കോച്റബ്’ ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ ‘കോച്റബ്’ ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് “കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നത് കൊണ്ട് വയറു പുലർത്തും എന്നാണ്.” ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്. ഡോക്റ്റർ അംബേദ്കറുടെ മഹത്ത്വം പ്രചരിപ്പിക്കുവാൻ കണ്ടമാനം കള്ള കഥകൾ ചില ഗാന്ധി വിരോധികൾ മെനയുന്നുണ്ട്. ഗാന്ധിയെ എങ്ങനെയെങ്കിലും ഒരു ദളിത് വിരോധിയാക്കി മാറ്റുകയാണ് ഈ കള്ളകഥകളുടെ ഒക്കെ ലക്ഷ്യം. ബ്രട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നീച ലക്ഷ്യം പിന്തുടരുന്നവരാണ് ഈ കള്ളക്കഥകൾ മെനയുന്നത്. വളരെ നിന്ദ്യവും ഹീനവുമായ കള്ള പ്രചാരണമാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കെതിരെ ഇക്കൂട്ടർ നടത്തുന്നത്. പശ്ചിമ ബംഗാളിലെ നൗഹാളിയിൽ 1947-ലെ വിഭജനത്തിൻറ്റെ സമയത്ത് മഹാത്മാ ഗാന്ധി ഹിന്ദു-മുസ്ലിം സാമുദായിക സൗഹാർദം ഉണ്ടാക്കാനായി ചെന്നപ്പോൾ ഗാന്ധിയെ എതിർത്ത വർഗീയ വാദികൾ ഗാന്ധി നടക്കുന്ന വഴിയിൽ മനുഷ്യ മലം വരെ വിതറി. അതൊക്കെ വൃത്തിയാക്കിയാണ് ഗാന്ധി മുന്നോട്ടു പോയത്. 1947-ൽ ഒരു യാഥാസ്ഥിതിക ഹിന്ദു മറ്റുള്ളവരുടെ മലം കോരുക എന്നതൊക്കെ ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. പക്ഷെ ഗാന്ധി സാമുദായിക സൗഹാർദം ഉണ്ടാക്കാനായി അതും ചെയ്തു. മറ്റുള്ളവരുടെ മലം വരെ കോരിയ ഗാന്ധിയെ ആണിപ്പോൾ അയിത്തത്തിൻറ്റെയും, തൊട്ടു കൂടായ്മയുടെയും പേരിൽ ചിലർ വിമർശിക്കുന്നത്!!! ഡൽഹിയിൽ വരുമ്പോൾ ഗാന്ധി ബിർളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയിൽ (ഭാൻഗ്ഗി കോളനി) ആണ് താമസിച്ചിരുന്നത്. ആഢ്യ ഗണത്തിൽ പെട്ട കോൺഗ്രെസുകാരെയും, ബ്രട്ടീഷ് ഓഫീസർമാരെയും ചേരികളിൽ വരുത്തുക ഗാന്ധിയുടെ വിനോദമായിരുന്നു. തൻറ്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാർത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓർമിപ്പിക്കുകയായിരുന്നു ഗാന്ധി. ജാതിവാദം, വർണാശ്രമ ധർമം – എന്നതൊക്കെ ഗാന്ധിയിൽ ആരോപിക്കുമ്പോൾ ചിലരെങ്കിലും ഇതൊക്കെ ദയവായി ഓർക്കുക.

ജാതി നിർമ്മാർജ്ജനവും, ദാരിദ്ര്യ നിർമ്മാർജ്ജനവും ഗാന്ധിജിയുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങൾ ആയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഖാദി, ഗ്രാമോദ്യോഗ്, ഗ്രാമ സ്വരാജ്, കൈത്തറി, നൂൽ നൂയ്പ്പ് – ഇത്തരം പദ്ധതികൾ ഗാന്ധി ആരംഭിച്ചതും ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടിയായിരുന്നു. മൂന്നാം ക്ലാസ് ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പോരാടി. മൂന്നാം ക്ലാസിൽ സഞ്ചരിച്ചുകൊണ്ടും ചേരികളിലും ഗ്രാമങ്ങളിലും താമസിച്ചു കൊണ്ടും ആയിരുന്നു ഗാന്ധി ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി യത്നിച്ചത്. ‘ദരിദ്ര നാരായണൻമാർ, എന്ന സംബോധന പോലും അന്നത്തെ ഇന്ത്യയിൽ ദരിദ്രർക്ക് മാന്യത കിട്ടാൻ വേണ്ടിയായിരുന്നു. “As far as poverty elimination was concerned, Gandhi was the most sincere Man” – എന്ന് ദളിത് ചിന്തകനും, 2006 – 2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഇതെഴുതുന്നയാൾ നേരിട്ട് കേട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. അന്നത്തെ കാലത്ത് ബ്രാഹ്മണനായ വിനോബാ ഭാവേ ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കുക എന്നൊക്കെ പറഞ്ഞാൽ യാഥാസ്ഥിതിക ബ്രാഹ്മണർക്കു സങ്കല്പിക്കുവാൻ പോലും പറ്റാത്ത ഒന്നായിരുന്നു. എന്നിട്ടും ഗാന്ധിയുടെ വാക്കുകൾ ഉൾക്കൊണ്ടാണ് വിനോബാ ഭാവേ ഇത് ചെയ്തത്. ജോലിയുടെ മഹത്വം (dignity of labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്. ദളിതരെ ഗാന്ധി ‘ഹരിജനങ്ങൾ’ എന്ന് വിളിച്ചതും അന്നത്തെ അവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. ഇതൊന്നും മനസിലാക്കാത്തവർ ആണ് ഗാന്ധിയെ വിമർശിക്കുന്നത്. ‘ദളിത്’ എന്നത് മറാഠി വാക്കാണ്. മഹാരാഷ്ട്രക്കാരനായ അംബേദ്കർ അങ്ങനെ ദളിതരെ വിളിച്ചു. അതിലെന്താണ് ഇത്ര മഹത്ത്വം? ഭാഷാ പ്രേമമുള്ള തമിഴനോ, മലയാളിയോ അത് പിന്തുടരണമോ? ദളിതരെ ഗാന്ധി ‘ഹരിജനങ്ങൾ’ എന്ന് വിളിച്ചത് അന്നത്തെ മോശം സാമൂഹ്യാവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. ‘പുലക്കള്ളി’, ‘പറക്കള്ളി’ – പോലുള്ള മോശം പ്രയോഗങ്ങളിൽ നിന്ന് പൊതുജനം മാറി ചിന്തിക്കാനാണ് ദളിതർ ഹരി അല്ലെങ്കിൽ ഈശ്വരൻറ്റെ മക്കളാണ്; അതുകൊണ്ട് അവരെ ഹരിജനങ്ങൾ എന്ന് വിളിക്കണമെന്ന് ഗാന്ധി നിഷ്കർഷിച്ചത്. അന്ന് നില നിന്ന സാമൂഹ്യാവസ്ഥ മനസിലാക്കാത്തവർ ആണ് ഗാന്ധിയെ വിമർശിക്കുന്നത്. പിന്നെ പൂനാ പാക്റ്റിൻറ്റെ കാര്യം: രാജ്യം ഒരു പൊതു ശത്രുവായ ബ്രട്ടീഷുകാർക്കെതിരെ സമരം ചെയ്യുമ്പോൾ ജാതീയമായി ഭിന്നിച്ചു പോകാതിരിക്കുവാനാണ് ഗാന്ധി ജാതിയിൽ അധിഷ്ഠിതമായ വീതം വെയ്പിനെ എതിർത്തത്. ബ്രട്ടീഷുകാർക്കു ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ലക്ഷ്യം മാത്രമേ ഇത്തരം ജാതീയമായ വേർതിരിവിലൂടെ ഉണ്ടായിരുന്നുള്ളൂ. ‘പുനാ പാക്റ്റ്’ -ലൂടെ ഗാന്ധി ശ്രമിച്ചത് ഒരു വിദേശ ശക്തിക്കെതിരെ പോരാടുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ജാതിയുടെ പേരിൽ വിഘടിക്കാതിരിക്കുവാനാണ്. ‘പുനാ പാക്റ്റ്’ -ൻറ്റെ പേരിൽ ഗാന്ധിയും, ഡോക്റ്റർ അംബേദ്കറും വിഭിന്ന ധ്രുവങ്ങളിലായിരുന്നു എന്നൊക്കെ വാദിക്കുന്നവർ കാര്യങ്ങൾ മനസിലാക്കാത്തവരാണ്.

Image result for Gandhi - Ambedkar a comparisonഡോക്ടർ ബി. ആർ. അംബേദ്കർ ലെഫ്റ്റ്-ലിബറൽ മലയാളികളും, ഇൻഡ്യയിലെ മധുര മനോജ്ഞ സാമൂഹ്യ വിപ്ലവത്തിന് അടിമപ്പെട്ട ദളിതരും വികസിപ്പിച്ചെടുത്ത അങ്ങേയറ്റം ഊതി വീർപ്പിച്ച ഒരു ‘ബലൂൺ’ ആണ്. ഗാന്ധിയുമായി ഒരു താരതമ്യം പോലും സാധ്യമല്ലാത്ത ഒരാളാണ് ഡോക്ടർ ബി. ആർ. അംബേദ്കർ. അതേ സമയം ദളിതരെ സംബന്ധിടത്തോളം അവർക്ക് ഡോക്ടർ ബി. ആർ. അംബേദ്കറിൽ വളരെ അനുകരണീയമായ ‘റോൾ മോഡൽ’ ഉണ്ടെന്നുള്ളതും ഇതെഴുതുന്നയാൾ നിഷേധിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടുകയും, അവരുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയിൽ ഡോക്ടർ ബി. ആർ. അംബേദ്കർ ആരാധ്യനായ ‘റോൾ മോഡൽ’ ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടർ ബി. ആർ. അംബേദ്കറിൻറ്റെ പ്രതിമ ഉയർന്നു നിൽക്കുമ്പോൾ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്. പക്ഷെ മതത്തെ കുറിച്ചും, ആത്മീയതയെ കുറിച്ചുമുള്ള ഡോക്ടർ അംബേദ്കറുടെ പല വിശകലനങ്ങളും വെറും യാന്ത്രിക ഭൗതികവാദം മാത്രമാണ്. ഡോക്ടർ അംബേദ്കർ നല്ലൊരു ഭരണ ഘടനാ വിദഗ്ധനും, സാമൂഹ്യ ബോധമുള്ള പണ്ഡിതനും ആയിരുന്നു. പക്ഷെ അക്കാഡമിക് പണ്ഡിതർക്ക് ആത്മബോധമോ ആത്മജ്ഞാനമോ സിദ്ധിക്കാറില്ല. ആത്മീയമായ രഹസ്യങ്ങൾ മനസ്സിലാകണമെങ്കിൽ ഇന്ത്യയിലെ എഴുത്തുകാരെ അല്ലെങ്കിൽ അംബേദ്കറിസ്റ്റുകളുടെ ഭാഷയിൽ പറയുകയാണെങ്കിൽ സവർണ ഹിന്ദുക്കളെ ആശ്രയിക്കേണ്ട ഒരു കാര്യവുമില്ല. അമേരിക്കയിൽ നിന്നും, യൂറോപ്പിൽ നിന്നും ഇന്ത്യയിലേയും, ടിബറ്റിലെയും യോഗാശ്രമങ്ങളിലും, ബുദ്ധിസ്റ്റ് സന്യാസാശ്രമങ്ങളിലും അനേകം വർഷങ്ങളോളം താമസിച്ചു കാര്യങ്ങൾ പഠിച്ചവരുടെ ഇഷ്ടം പോലുള്ള പുസ്തകങ്ങളുണ്ട്. അതൊക്കെ വായിച്ചാൽ യാന്ത്രിക ഭൗതികവാദത്തിൻറ്റെ പരിമിതികൾ മനസ്സിലാക്കാം. ഡോക്ടർ അംബേദ്കർ തൻറ്റേതായ രീതിയിൽ ഒരു സാമൂഹ്യ വിപ്ലവകാരിയായ ബുദ്ധനെ തൊട്ടു കൂടായ്മയ്ക്കും, ജാതി ചിന്തയ്ക്കും എതിരേ പ്രതിരോധിക്കുവാൻ വേണ്ടി സൃഷ്ടിക്കുകയായിരുന്നു. ഡോക്ടർ അംബേദ്കറുടെ ഈ ബുദ്ധ സങ്കൽപത്തിൽ ആധ്യാത്മികതയ്ക്കു പ്രാധാന്യം ഇല്ലായിരുന്നു. ഭൗതികവാദത്തിൻറ്റെ അടിസ്ഥാനത്തിൽ ഒരിക്കലും ബുദ്ധനെ കണ്ടെത്താൻ ആവില്ല. കാരണം ബുദ്ധൻ അടിസ്ഥാനപരമായി അത്യന്തം തീഷ്ണമായ ധ്യാനത്തിലൂടെ ഉന്നതമായ ആത്മ സാക്ഷാത്കാരം നേടിയ വ്യക്തിയായിരുന്നു എന്നത് തന്നെ. സിദ്ധ യോഗികളെ കുറിച്ച് അനേകം പുസ്തകങ്ങൾ എഴുതിയ അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദനും, ബ്രിട്ടനിൽ ജനിച്ചു വളർന്ന ബുദ്ധ ഭിക്ഷുണിയായ ടെൻസിൻ പാൽമോയും യാന്ത്രിക ഭൗതികവാദത്തിൻറ്റെ പരിമിതികൾ ഏതു സാധാരണക്കാരനും വ്യക്തമാക്കി തരുന്നുണ്ട്. മുമ്പ് ഡയാൻ പെറി ആയിരുന്ന ടെൻസിൻ പാൽമോ 13 വർഷമാണ് ഹിമാചൽ പ്രാദേശിലുള്ള ലഹോളിയിലെ ഒരു ഗുഹയിൽ ഏകാന്ത ധ്യാനം അനുഷ്ഠിച്ചത്. ‘കേവ് ഇൻ ദ സ്നോ’ എന്ന പുസ്തകത്തിൽ ടെൻസിൻ പാൽമോയുടെ ഏകാന്ത ധ്യാനത്തെ കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. മാർഷൽ ഗോവിന്ദൻ മുപ്പതു വർഷത്തോളം കഠിനമായ ആധ്യാത്മിക സാധന നടത്തി. ഡോക്ടർ അംബേദ്കറിൽ നിന്ന് ഇവർക്കൊക്കെയുള്ള വിത്യാസം ഇവരൊക്കെ ആത്മബോധം അല്ലെങ്കിൽ ആത്മജ്ഞാനം സിദ്ധിച്ചവർ ആണെന്നുള്ളതാണ്. പണ്ട് മാർക്സിനെ മാർക്സിസ്റ്റുകൾ ദൈവമാക്കി. ഇപ്പോൾ ഡോക്ടർ അംബേദ്കറിനെ അംബേദ്കറിസ്റ്റുകൾ ദൈവമാകുന്നു. മനുഷ്യനാണെങ്കിൽ വിമർശിക്കാം. കാരണം മനുഷ്യന് തെറ്റു പറ്റുക സ്വോഭാവികം മാത്രമാണല്ലോ. പക്ഷെ ദൈവത്തെ വിമർശിക്കാൻ പാടില്ലല്ലോ. കാരണം ദൈവത്തിന് തെറ്റു പറ്റില്ലല്ലോ. മാർക്സ് ദൈവമല്ലായിരുന്നു; ഡോക്ടർ അംബേദ്കറും ദൈവമല്ലായിരുന്നു. പക്ഷെ ഇത്തരം ദൈവങ്ങളെ ആരാധിക്കുന്നവരോട് ഇതൊക്കെ പറഞ്ഞാൽ അവർക്ക് അതിഷ്ടപ്പെടുകയില്ല. ദൈവങ്ങളുടെ ഭക്തരുടെ തെറിയുടെ പൂരമായിരിക്കും പിന്നെ.

Advertisements
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.