Muhammed Sageer Pandarathil
1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല ക്ലാരിറ്റിയുള്ള പ്രിന്റ് നെറ്റ് ഫ്ലിക്സിൽ കണ്ടപ്പോൾ ഒന്നും കൂടി കണ്ടു.ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചർഡ് ആറ്റൻബറോയുടെ 1982 ൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമായ ഗാന്ധിയുടെ തിരക്കഥ എഴുതിയത് ജോൺ ബ്രെയ്ലി ആയിരുന്നു.
ഇതിൽ മഹാത്മാഗാന്ധിയുടെ വേഷം ചെയ്തത് പ്രശസ്ത ബ്രിട്ടീഷ് നാടകനടനായ ബെൻ കിംഗ്സ്ലിയായിരുന്നു. കസ്തൂർബ ഗാന്ധിയായി രോഹിണി ഹാത്തങ്ങാടിയും, ജവഹർലാൽ നെഹ്റുവായി റോഷൻ സേത്തും, സർദാർ പട്ടേലായി സയ്യദ് ജാഫ്രിയും, മൗലാനാ ആസാദായി വീരേന്ദ്ര റസ്ദാനും ജിന്നയായി അലിക്ക് പദംസിയുമാണ് അഭിനയിച്ചത്.View Post
പതിനൊന്ന് ഓസ്‌കാർ അവാർഡുകൾക്ക് ശുപാർശ ചെയ്യപ്പെട്ട ഈ ചിത്രം മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കി. റിച്ചാർഡ് ആറ്റൻബറോ മികച്ച സംവിധായകനും ബെൻ കിംഗ്സ്‌ലി മികച്ച നടനുമുള്ള ഓസ്‌കാർ അവാർഡുകൾ ഈ സിനിമയിലൂടെ കരസ്ഥമാക്കിയപ്പോൾ വസ്ത്രാലങ്കാരം നിർവഹിച്ച ഭാനു അത്തയ്യ ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.ഇന്ത്യയിലേയും ബ്രിട്ടനിലേയും കമ്പനികൾ സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിൽ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ആറുകോടിയോളം രൂപ മുതൽ മുടക്കി. മൊത്തം 18 കോടി രൂപയിലേറെ വന്ന ഈ ചിത്രം കൊളംബിയ പിക്ചേർസ് ആയിരുന്നു വിതരണം നടത്തിയത്.
1948 ജനുവരി 30 ആം തിയതി ബിർളാ മന്ദിരത്തിൽ നടന്ന പ്രാർഥനായോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ഗാന്ധിജിയുടെ നേർക്ക് ഗോഡ്സേ വെടിവയ്ക്കുന്നതും ചുണ്ടിൽ രാമമന്ത്രവുമായി അദ്ദേഹം നിലംപതിക്കുന്നത്തിലൂടെ തുടങ്ങുന്ന ചിത്രം തുടർന്ന് ഫ്ളാഷ് ബാക്കിലൂടെ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ്.1893 ലെ രണ്ടാം ദക്ഷിണാഫ്രിക്കൻ ജീവിതത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വ്യാപാരി സേട്ട് അബ്ദുള്ളയുടെ ദാദാ അബ്ദുള്ള & കോ എന്ന ദക്ഷീണാഫ്രിക്കൻ കമ്പനിയുടെ വക്കീലാണ് ഗാന്ധിജി.
വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. അങ്ങിനെ ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ് ബർഗിൽ ഇറക്കി വിടുകയും ചെയ്തു.ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. തുടർന്ന് പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാൻ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇതേതുടർന്ന് അദ്ദേഹത്തിന് പോലീസ് മർദ്ദനം ഏൽക്കുകയുണ്ടായി.
എന്നാൽ തുടർന്നും തന്റെ പോരാട്ടം തുടർന്ന ഗാന്ധി ഇടക്കിടക്ക് ഇന്ത്യയിൽ വന്നുപോയി കൊണ്ടിരുന്നു. അങ്ങിനെ അദ്ദേഹം 1915 വരെ അവിടെ തുടരുകയുണ്ടായി. ശേഷം ഇന്ത്യയിലെത്തിയ അദ്ദേഹം തന്റെ സംഭവബഹുലമായ സ്വതന്ത്ര സമരപോരാട്ടം തുടങ്ങുയായിരുന്നു.ലോകത്തിനൊരു പാഠപുസ്തകമാണ് ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. അതിനാൽ തന്നെ എല്ലാ ഇന്ത്യകാരനും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഗാന്ധി. പണ്ഡിറ്റ് രവി ശങ്കറും ജോർജ്ജ് ഫെണ്ടനും സംഗീതം നിർവഹിച്ചപ്പോൾ ബില്ലി വില്ല്യംസും റോണി ടെയ്ലറും ഛായാഗ്രഹണവും ജോൺ ബ്ലൂം ചിത്രസംയോജനവും നിർവഹിച്ചു.