മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ മെഗാ ഹിറ്റ് ചിത്രമായ ഗ്യാംഗ് ലീഡറിന് 30 വർഷം. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഗ്യാംഗ് ലീഡർ. ശ്യാം പ്രസാദ് ആർട്സിന്റെ ബാനറിൽ മാഗന്തി രവീന്ദ്രനാഥ ചൗധരി നിർമ്മിച്ച ചിത്രം വിജയ ബാപ്പിനേഡുവായിരുന്നു സംവിധാനം ചെയ്തത്. ചിരഞ്ജീവിയുടെ സ്വന്തം ബാനറായി കണക്കാക്കുന്ന ഗീത ആർട്സാണ് 1991 മെയ് 9 – ന് ഗ്യാംഗ് ലീഡർ പ്രദർശനത്തിനെത്തിച്ചത്.

70 – കളുടെ അവസാനത്തോടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ചിരഞ്ജീവി ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ട് പതിയെ ഉപനായക – നായക വേഷങ്ങളിലേക്ക് ഉയരുകയായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ Unconventional Heroes – ൽ പ്രമുഖനാണ് ചിരഞ്ജീവി . തെലുങ്ക് സിനിമയിലെ അത് വരെയുള്ള വാർപ്പ് മാതൃകകളെ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു ചിരഞ്ജീവിയുടെ താരപദവിയിലേക്കുളള അശ്വമേധം.

1982 – ൽ തെലുങ്ക് സിനിമയുടെ താര ദൈവം എൻ.ടി.രാമറാവുവിന്റെ രാഷ്ട്രീയ പ്രവേശനത്തെത്തുടർന്ന് കൃഷ്ണയും ശോഭൻ ബാബുവും കൃഷ്ണം രാജുവുമായിരുന്നു താര രാജാക്കൻമാർ. അക്കിനേനി നാഗേശ്വര റാവുവാകട്ടെ കാരക്ടർ റോളുകളിലേക്ക് ചുവട് മാറി. ഈ കാലഘട്ടത്തിലാണ് കൈതിയിലൂടെ ചിരഞ്ജീവിയുടെ താരോദയം. തന്റെ സമകാലികരുടെ നിറമോ ഉയരമോ ഇല്ലാതിരുന്നിട്ടും വ്യത്യസ്തമായ അഭിനയ ശൈലിയുടേയും യുവാക്കളെ ഹരം കൊള്ളിക്കുന്ന ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെയും ചിരഞ്ജീവി തുടർ വിജയങ്ങൾ കരസ്ഥമാക്കി.

ഏതാണ്ടിതേ കാലഘട്ടത്തിൽ തന്നെ തുടർ വിജയങ്ങളിലൂടെ ബാലകൃഷ്ണയും താരപദവി കൈവരിച്ചു. 1988 – 89 ആയപ്പോഴേക്കും സീനിയർ താരങ്ങൾ നിറം മങ്ങുകയും ഭാനു ചന്ദർ, സുമൻ എന്നിവരേക്കാൾ തുടർ വിജയങ്ങൾ ഉണ്ടാകുക വഴി ചിരഞ്ജീവി – ബാലകൃഷ്ണ ദ്വയങ്ങളിലേക്ക് താരപദവിക്കുള്ള മത്സരം ചുരുങ്ങുകയും ചെയ്തു. നമ്പർ 1 സ്ഥാനത്തേക്കുള്ള പ്രയാണത്തിൽ ചിരഞ്ജീവിക്ക് അടിത്തറയായത് 3 ചിത്രങ്ങളുടെ പടുകൂറ്റൻ വിജയങ്ങളാണ്. അവ മൂന്നും 1990 , 1991, 1992 വർഷങ്ങളിലെ ഇയർ ടോപ്പറുകളും ഒപ്പം ഇൻഡസ്ട്രി ഹിറ്റുകളുമായിരുന്നു.1990 – ൽ റിലീസായ ജഗദക്ക് വീരഡു അതി ലോക സുന്ദരി ,1991 – ൽ പ്രദർശനത്തിനെത്തിയ ഗ്യാംഗ് ലീഡർ , 1992 – ൽ ഇറങ്ങിയ ഖരാനാ മൊഗഡു എന്നിവയാണവ. ഈ മൂന്ന് ചിത്രങ്ങളുമായി ചിരഞ്ജീവി ; എൻ ടി ആറിനു ശേഷം തെലുങ്ക് സിനിമയിലെ മുടി ചൂടാ മന്നനായി.

താരപദവിയിലേക്കുള്ള ചിരഞ്ജീവിയുടെ പ്രയാണത്തിലെ സുപ്രധാന വിജയങ്ങളിലൊന്നായിരുന്നു ഗ്യാംഗ് ലീഡർ. രഘുപതി, രാഘവ, രാജാറാം എന്നീ മൂന്ന് സഹോദരങ്ങളുടെ കഥ പറയുന്ന ഗ്യാംഗ് ലീഡറിൽ ഏറ്റവും ഇളയവനും തൊഴിൽ രഹിതനും സർവ്വോപരി താന്തോന്നിയുമായ രാജാറാമിനെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. രഘുപതിയുടേയും രാഘവയുടേയും വേഷങ്ങൾ യഥാക്രമം ചന്ദ്രമോഹനും ശരത് കുമാറുമാണ് കൈകാര്യം ചെയ്യുന്നത്. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയശാന്തിയാണ്. പ്രതിനായക വേഷങ്ങളിൽ റാവു ഗോപാൽ റാവുവും ആനന്ദ് രാജുമാണ്.

50 – ലേറെ റിലീസ് കേന്ദ്രങ്ങളിൽ നൂറ് ദിവസത്തിലേറെ ഓടിയ ഗ്യാംഗ് ലീഡർ ചിരഞ്ജീവിയുടെ താരസിംഹാസനത്തെ അരക്കിട്ടുറപ്പിക്കുന്ന വിജയമാണ് കൈവരിച്ചത്. തമിഴ് പതിപ്പും കന്നഡ പതിപ്പും പ്രസ്തുത വിജയം ആവർത്തിച്ചപ്പോൾ രജനീകാന്തിനും കമലാഹാസനുമൊപ്പം പാൻ സൗത്ത് ഇന്ത്യൻ സ്റ്റാർ പദവിയും ചിരഞ്ജീവിയെ തേടിയെത്തി.ബപ്പി ലഹരിയുടെ മാസ്മരിക സംഗീതത്തിന് ചുവടുകൾ ഒരുക്കിയത് പ്രഭുദേവയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു.” വാനാ വാനാ വില്ലുവായേ ” എന്ന ഗാനം ഇന്നും പ്രേക്ഷക ലക്ഷങ്ങളെ ആകർഷിക്കുന്ന ഒന്നാണ്. നൃത്ത രംഗങ്ങളെല്ലാം തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയും യുവാക്കൾ ഏറ്റെടുക്കുയും ചെയ്തവയാണ്.

ഗ്യാംഗ് ലീഡറുടെ വൻ വിജയത്തെത്തുടർന്ന് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയുണ്ടായി. ” ആജ് കാ ഗുണ്ടാരാജ് ” എന്ന പേരിൽ ആണ് ഹിന്ദി പതിപ്പ് പുറത്തിറങ്ങിയത്. മീനാക്ഷി ശേഷാദ്രിയായിരുന്നു നായിക , സംവിധായകൻ രവിരാജ പിനി സെട്ടിയും. ചിത്രം ഭേദപ്പെട്ട വിജയം നേടുകയുണ്ടായി. 90 – കളുടെ തുടക്കത്തിൽ ഇന്ത്യയിലെ Highly paid actor എന്ന ടാഗിലേക്കുള്ള ചിരഞ്ജീവിയുടെ പ്രയാണത്തിലെ ഒരു സുപ്രധാന ഏടാണ് ഗ്യാംഗ് ലീഡർ.

Leave a Reply
You May Also Like

ദളപതി വിജയ് ചിത്രം ‘ലിയോ’ 6 ദിവസം കൊണ്ട് 500 കോടി കളക്ഷൻ 

ദളപതി വിജയ് ചിത്രം ‘ലിയോ’ 6 ദിവസം കൊണ്ട് 500 കോടി കളക്ഷൻ  ലോകേഷ് കനകരാജ്…

തായ്‌ലാൻഡിലെ ഫീഫി ദ്വീപിൽ ബീച്ച് വെയർ ലുക്കിൽ ഇഷാനി കൃഷ്ണ !

നടന്‍ കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്ര നടിയുമാണ് ഇഷാനി കൃഷ്ണ.മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റെ…

ഈ വക ഐറ്റം ഒകെ തീയേറ്ററിൽ തന്നെ കണ്ടു എക്സ്പീരിയൻസ് ചെയ്യേണ്ട കൂട്ടത്തിൽ ഉള്ളതാണ്

ArJun AcHu ഫൈറ്റർ സിനിമ അന്നൗൻസ് ചെയ്തപ്പോ മുതൽ, എന്തിനു ഫസ്റ്റ് ടീസർ വന്നപ്പോ അതിലെ…

റോക്കി ഇന്ത്യയ്ക്കു മാത്രമല്ല, അമേരിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ശത്രുവായിരുന്നു

സിനിമ കാണാത്തവർ വായിക്കണമെന്നില്ല. എഴുതിയത് : Niyas N Haridas · രണ്ടാം ഭാഗത്തിൽ ക്ലൈമാകസിൽ…