മദ്യവും ലോട്ടറിയും ആണ് ഒരു സർക്കാരിന്റെ ലാഭം കിട്ടുന്ന രണ്ട് മാർഗങ്ങൾ എന്ന് വരിക എത്ര ശോചനീയം ആണ്

120

Ganga S

പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത് 102.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ 31 വരെ വിറ്റത് 522.93 കോടിയുടെ മദ്യം. തിരുവനന്തപുരം പവർ ഹൌസ് റോഡിലെ വിൽപ്പന കേന്ദ്രമാണ് ഒന്നാം സ്ഥാനത്തു എത്തിയത് 88 ലക്ഷം രൂപയുടെ മദ്യം.രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുത്തില്ല, പാലാരിവട്ടം 71 ലക്ഷം (പാലം മാത്രം അല്ല പ്രശസ്തി കൊണ്ടുവന്നത് ). രണ്ടിലും ഉള്ള സാമ്യം രണ്ട് സ്ഥലത്തിന്റെയും തുടക്കം ‘ പ ‘ യിൽ ആണ്. അതായത് കഴിച്ചു കഴിഞ്ഞാൽ പാ വിരിച്ചു കിടക്കാം എന്നായിരിയ്ക്കും .വിറ്റ മദ്യത്തിന്റെ കണക്ക് ആണ് മുകളിൽ. അതുകൊണ്ട് അത്രയും മേടിച്ച അന്ന് തന്നെ കുടിച്ചു തീർത്തു എന്ന് അർത്ഥം ഇല്ല. പക്ഷെ തീർത്തു കാണും എന്ന് തീർച്ചപ്പെടുത്താം. കാരണം ഉപഭോക്താവ് അങ്ങനെ കുപ്പിയും തലയ്ക്കു അടിയിൽ വച്ചു ഉറങ്ങില്ല. എങ്ങനെ ഉറങ്ങും?

എണ്ണയോ ചേനയോ മാങ്ങയോ അല്ലല്ലോ വീട്ടിൽ കൊണ്ട് സൂക്ഷിച്ചു വയ്ക്കാൻ.ചില വീടുകളിൽ മേല്പടി സാധനവും കൊണ്ട് വലതു കാൽ വച്ചു കേറാൻ പറ്റില്ല. ഇടത് കാലായിരിയ്ക്കും തല്ലി ഒടിയ്ക്കുക.
അത്കൊണ്ട് മുഴുവനും അന്ന് അപ്പോൾ തീർത്തിട്ടേ സമാധാനം ഉള്ളൂ.ബെവ്കോയിലൂടെയും കൺസ്യൂമേർ ഫെഡ് വിൽപ്പന കേന്ദ്രങ്ങളിലൂടെയും ആണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ വരുമാനത്തിൽ 16% വർധന ഉണ്ട്. ഇവിടെ സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് ആരാ പറഞ്ഞത്?
സർക്കാരിനും റൊമ്പ സന്തോഷം .ജനങ്ങളെ കുടിപ്പിച്ചു ഊറ്റിയെടുത്ത കാശിനു കണ്ണീരിന്റെ മണവും ശാപത്തിന്റെ രുചിയും ഉണ്ട് എന്ന് മറക്കണ്ട.

മദ്യവും ലോട്ടറിയും ആണ് ഒരു സർക്കാരിന്റെ ലാഭം കിട്ടുന്ന രണ്ട് മാർഗങ്ങൾ എന്ന് വരിക എത്ര ശോചനീയം ആണ്. മലയാളിയുടെ ഏറെക്കുറെ എല്ലാ ആഘോഷങ്ങളുടെയും നിയന്ത്രണം മദ്യം ഏറ്റെടുത്തിട്ട് കാലം കുറെ ആയി.എന്തിന് മരണം ആഘോഷിയ്ക്കാൻ (ആദരാജ്ഞലികൾ രേഖപ്പെടുത്താൻ ) വരെ മദ്യ സൽക്കാരം കൂടിയേ തീരൂ എന്നായി. മദ്യം മേടിയ്ക്കാനുള്ള കാശിനു വേണ്ടി തൊട്ട്, മദ്യപാനം കഴിഞ്ഞു വീടുകളിൽ ഉണ്ടാവുന്ന, ഉണ്ടാക്കുന്ന കലഹങ്ങളും ചവിട്ട് കുത്ത് നാടകങ്ങളും കൊലപാതകം വരെ, എത്ര യോ കുടുംബങ്ങളിൽ നിത്യേന എന്നോണം നടക്കുന്നുണ്ട്.

എത്രയോ കുടുംബ ബന്ധങ്ങൾ തകർന്നു പോയിട്ടുണ്ട്. മദ്യത്തിന് വേണ്ടി ചിലവാക്കുന്ന കാശ് ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ സാമ്പത്തിക താളം തെറ്റിയ്ക്കുന്നു. മദ്യപിച്ചു വരുന്ന ഭർത്താവിനെ അല്ലെങ്കിൽ അച്ഛനെ പേടിച്ചു എത്രയോ സ്ത്രീകളും കുട്ടികളും കഴിയുന്നുണ്ട് എന്ന വിവരം സർക്കാരിന് അറിയണ്ടേ ? സ്ത്രീകൾ ജനത്തിൽ ഉൾപ്പെടുന്നില്ലേ.കുട്ടികൾക്ക് പിന്നെ വോട്ടവകാശം ഇല്ലല്ലോ.
അമിത മദ്യപാനം മൂലം നിലവിൽ ഉള്ള അസുഖങ്ങൾ ( കരൾ രോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ,) എല്ലാം അധികരിയ്ക്കുകയോ നിയന്ത്രണാതീതം ആകുകയോ ചെയ്യാൻ സാധ്യത ഉണ്ട്.
നിരന്തരം ഉള്ള മദ്യപാനം, അമിത മദ്യപാനം മൂലം കരളിനെ സിറോസിസ് എന്ന രോഗം ബാധിയ്ക്കുകയും കാലക്രമേണ മരണത്തിൽ എത്തുകയും ചെയ്യുന്നു.അതിൽ കുറച്ചു പേർ കരളിലെ അർബുദം hepato cellular carcinoma ബാധിച്ചു മരിയ്ക്കുന്നു. മദ്യത്തിന് അടിമ ആയ ധാരാളം പേർ മധ്യ വയസ്സിൽ തന്നെ രോഗിയായും അല്ലാതെയും മരിയ്ക്കുന്നത് അസാധാരണമല്ല.

അമിതമായി മദ്യപിച്ചു ശരീരത്തിൽ സോഡിയം (metabolic encephalopathy ), ജലാംശം (dehydration ) കുറഞ്ഞു മണിക്കൂറുകളോളം ആരുമറിയാതെ കിടന്ന്, ബോധം നശിച്ചു ഒടുവിൽ മരണപ്പെടുന്നതും കണ്ടിട്ടുണ്ട്. മിതമായി നിയന്ത്രിത അളവിൽ കഴിയ്ക്കുന്നവർ ഉണ്ടല്ലോ. അവർ മദ്യപാനത്തെ ന്യായീകരിച്ചേക്കും. എന്തൊക്കെ പറഞ്ഞാലും, മദ്യപാനവും പുകവലിയും ലഹരി മരുന്നുക ളുടെ ഉപയോഗവും ആരോഗ്യത്തിന് ഹാനികരം തന്നെ ആണ്.