കൊറോണയെപ്പോലെ ഒന്നും പഠിയ്ക്കാതെ പൊളിറ്റീഷ്യൻസ് ആയവരാണ് നമുക്ക് ചുറ്റും കാണുന്ന മിക്കവരും

45

Ganga S

കൊറോണയ്ക്ക് സ്വന്തം ആയി പാർട്ടിയില്ല, മറ്റൊരു പാർട്ടിയിലും അംഗത്വം ഇല്ല, രാഷ്ട്രീയമില്ല എങ്കിലും മൂപ്പര് അത്യുത്സാഹത്തോടെ യാതൊരു മുൻപരിചയം ഇല്ലാതെ, ആഭ്യന്തരവും രാജ്യാന്തരവുമായ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നിരന്തരം ഇടപെടുന്നുണ്ട്. വെറും മൂന്നാല് മാസം പ്രായം ആയ ഇത്തിരിക്കുഞ്ഞൻ വൈറസ് ആണ് രാഷ്ട്രീയം ഒന്നും പഠിയ്ക്കാതെ, ലോക പ്രശസ്ത രാഷ്ട്രീയ മീമാംസകൾ ( മീൻ കക്ഷിയ്ക്ക് പഥ്യം അല്ല പക്ഷേ മാംസത്തിൽ നിന്ന് ആണല്ലോ ഉദയം. എന്നാണ് വയ്പ്പ്). പുസ്തകങ്ങൾ, കനപ്പെട്ട ലേഖനങ്ങൾ ഒന്നും വായിയ്ക്കാതെ, ലോക നേതാക്കളെ ഒന്നും ട്വിറ്ററിൽ ഫോളോ ചെയ്യാതെ, നിരന്തരം ഇരുന്നൂറോളും രാജ്യങ്ങളുടെ രാഷ്ട്രീയത്തിൽഇടപെട്ടുകൊണ്ടിരിയ്ക്കുന്നത്. ചില്ലറ കാര്യം വല്ലതും ആണോ.
എന്നാലും, തീർത്തും ജനാധിപത്യ മര്യാദ ഇല്ലാത്ത പ്രവൃത്തി ആയിപ്പോയി കോറോണേ. സ്വന്തം രാഷ്ട്രീയ നിലപാടുകൾ നിലനിൽപ്പിനു വേണ്ടി സദാ മാറ്റിക്കൊണ്ടിരിയ്ക്കുന്ന മനുഷ്യരെ കണ്ട് പഠിയ്ക്കല്ലേ.

ഡെമോക്രസി, ഫെഡറൽ, ലിബറൽ, വലത് പക്ഷം തിരിഞ്ഞു ഇടത്‌ പക്ഷം ചാടി രാഷ്ട്രീയ കളരിയിൽ തറ്റുടുത്തു, താറുടുത്തു ഓതിരം മറിഞ്ഞു പതാക,ത്രിപതാക (ത്രിവർണ്ണ) അർദ്ധ പതാക (പകുതി താഴ്ത്തിക്കെട്ടി ) , കടകം, കർത്തരീമുഖം ശുഖതുണ്ടം തുടങ്ങി മുദ്രാ (വാക്യങ്ങ )ൾ , കൈക്രിയ കാട്ടി പൂഴിക്കടകൻ വരെ എടുത്ത് വീശിയിട്ടും പഴയ കുശിനിയിൽ തൂക്കിയിട്ട ഉറുമി പോലെ തവിട് പൊടിയായിട്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല കൊറോണആശാൻ. അതോ ആശാട്ടി ആണോ? അങ്ങനെ പ്രത്യേകിച്ച് ഒരു ജൻഡർ ഇല്ലാത്ത ആളാണ് കക്ഷി. അല്ലെങ്കിലും ജെൻഡറിൽ എന്തിരിക്കുന്നു കാര്യം. കാര്യനിർവഹണ ശേഷിയിൽ അല്ലേ ഇരിപ്പ് വശം. ഇതൊരു പുതിയ ഐറ്റം വൈറസ് ആണെന്ന് ആരോഗ്യ വകുപ്പ് ആണയിട്ടിട്ടും ദാ കിട്ടിപ്പോയി ന്നും പറഞ്ഞു അതിന്റെ പിന്നാലെ ഉള്ള എണ്ണയെല്ലാം ഒഴുക്കിക്കളഞ്ഞു കൂടിയിരിയ്ക്കുക ആണ് ലോകത്തെ മാന്യ തിലകന്മാർ.

വില ഇടിഞ്ഞത് എണ്ണ ആയാലും ബിയർ ആയാലും അന്തസത്ത ആയാലും ഒഴുക്കി ക്കളയാതെ പിന്നെ എന്ത് ചെയ്യും. പൊളിറ്റിക്സ് ഒരു ബിരുദ വിഷയം മാത്രം അല്ല ചിലർക്ക് ഗവേഷണ വിഷയം ആണ്. പക്ഷേ എത്ര ഗവേഷിച്ചിട്ടും സാമ്പത്തിക അസമത്വം എന്ന കെണ്ടി മറികടക്കാൻ ഉള്ള സൂത്ര വാക്യം ഒന്നും ലോകത്ത് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഇനി ഒരു കാലത്തും കണ്ടു പിടിക്കരുത് എന്നാണ് ആഗോള ഭീമ കൊച്ചാട്ടന്മാർ ഇണ്ടാസ് ഇറക്കിയിട്ടുള്ളത്. പട്ടിണിയും ദാരിദ്ര്യവും അതിന്റെ വകയായ അസുഖങ്ങളും ഉണ്ടായാൽ അല്ലേ മരുന്നുകൾ ചിലവാകൂ. തെരുവ് നായകൾ ഇല്ലാതെ എന്ത് arv കച്ചവടം. സോഷ്യലിസം ഏട്ടിലെ പശു ആണ്. പുല്ല് തിന്നില്ല.പക്ഷേ സിദ്ധാന്തങ്ങളിൽ പുലി ആണ്, അത് കൊണ്ട് ഗതി കേട്ടാൽ പുല്ല് തിന്നും. അത്രേ ഉള്ളു ശൂരത്വം. എന്നാൽ പിന്നെ ഫാസിസം ആവാം ന്ന് ചില അഭ്യുദയ കാംക്ഷികൾ. അതാവുമ്പോൾ മേമ്പൊടിയ്ക്ക് ഗർജിയ്ക്കുകയും അത്യാവശ്യത്തിന് ഹിംസിയ്ക്കുകയും ചെയ്യും.

പറഞ്ഞു വന്നത്, കൊറോണയെപ്പോലെ ഒന്നും പഠിയ്ക്കാതെ പൊളിറ്റീഷ്യൻസ് ആയവർ ആണ് നമുക്ക് ചുറ്റും കാണുന്ന മിക്കവരും എന്ന് പറഞ്ഞാൽ വാളില്ലാതെ വാക്കാൽ തല കൊയ്യുമോ. . വാളെടുക്കാത്തവരും കൂടി വെളിച്ചപ്പാടുകൾ ആകുന്ന കാലം ആണ്. രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെടുന്നില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളിൽ ഇടപെടും എന്ന ആപ്ത വാക്യം കണ്ടു പേടിച്ചു എന്നെപ്പോലെ പലരും ഇപ്പോൾ ഇടപെടുന്നുണ്ട്. പേടി വരുമ്പോൾ ആണ് ശത്രുവിനെ അങ്ങോട്ട് കേറി അക്രമിയ്ക്കുന്നത് എന്ന ലളിതമായ ജന്തു ശാസ്ത്രം ആണ് ആ മനഃശാസ്ത്രത്തിനു പിന്നിൽ.

. ഇക്കാലത്തു രാഷ്ട്രീയം പഠിയ്ക്കാനും അറിയാനും ഒന്നും കഷ്ടപ്പെടണ്ട, , വെറുതെ നിന്ന് കൊടുത്താൽ മതി, രാഷ്ട്രീയത്തിന്റെ ചരിത്രവും പൗരധർമ്മവും സൗജന്യമായി റേഷൻ ആയി കിട്ടും.പകരം ഫീസ് വേണ്ട, ഗുരുദക്ഷിണ ആയി വിരലും ചെവിയും മൂക്കും ഒന്നും വേണ്ട. തലച്ചോർ ഉപ്പിലിടാത്തത് അങ്ങോട്ട് കൊടുത്താൽ മതി. അപ്പോൾ നമ്മുടെ അത്യാവശ്യ കാര്യങ്ങൾക്ക് എന്ത് ചെയ്യും? അങ്ങനെ ഒന്നും മേലിൽ ഉണ്ടാവില്ല എന്ന് മുദ്രപ്പത്രത്തിൽ എഴുതി സീൽ വച്ചു ഉറപ്പ് തന്നിട്ടല്ലേ ന്ന് മേല്പടി സാധനം മേടിയ്ക്കുന്നത്.വലത്തോട്ട് അല്ലെങ്കിൽ ഇടത്തോട്ട് ചാഞ്ഞു മിണ്ടിയാലും മിണ്ടിയില്ലെങ്കിലും എതിർക്കപ്പെടും. എന്നാൽ പിന്നെ മിണ്ടാതിരുന്നുകൂടെ.
പറഞ്ഞു വന്നത്,കൊറോണയുടെ രാഷ്ട്രീയം. മൂപ്പര് അങ്ങോട്ട് പോയി ഇടപെടാത്തത് കൊണ്ട് ആണ് രാഷ്ട്രീയം ഇങ്ങോട്ട് വന്നു അതിന്റെ മേൽ ഇടപെട്ടത് എന്ന് തോന്നിപ്പോകുന്നതിൽ കുറ്റം പറയാമോ? . അമേരിക്കയുടെയും ചൈനയുടെയും നടുവിൽ വന്മതിൽ ആയിട്ടല്ലേ കൊറോണ നിൽക്കുന്നത്.

കാലങ്ങളായി യശസ്സിന്റെ ഗ്രാഫിൽ ആൽപ്സ് പർവ്വതത്തിനു മുകളിൽ ഇരുന്ന രാജ്യങ്ങളെ താഴെ വീഴ്ത്തിയതും താഴെ കിടക്കുന്ന ചില യശസ്സുകൾ നുള്ളിപ്പെറുക്കി തൽക്കാലത്തേക്ക് എങ്കിലും എവറസ്റ്റിനു മുകളിൽ ആക്കിയതും നീയേ കൊറോണ.ഭൂമിയിലുള്ള കോടാനുകോടി കാശെല്ലാം എടുത്തു അണ്വായുധങ്ങൾ ഉൾപ്പെടെ ഉണ്ടാക്കി വച്ചു അല്പായുസ്സായ മനുഷ്യൻ, മറ്റൊരു മനുഷ്യനോട് ഗോത്ര സമൂഹത്തിൽ എന്ന പോലെ പോരാടാൻ ഇരിയ്ക്കുമ്പോൾ ആണ് കണ്ണിനും കണ്ണാടിയ്ക്കും സാദാ മൈക്രോസ്കോപ്പിനും കാണാൻ കഴിയാത്ത ഒന്നിന്റെ ആക്രമണം. മനുഷ്യന്റെ മട്ടും ഭാവവും കണ്ടാൽ ബാക്കി എല്ലാ രോഗങ്ങളും കൈപ്പിടിയിൽ ഒതുങ്ങി ഇനി കൊറോണ കൂടിയേ ബാക്കി ഉള്ളൂ എന്നാണ്.

( റാബീസ് (പ്രതിരോധ വാക്സിനെ ഉള്ളു രോഗം വന്നാൽ ചികിത്സ ഇല്ല ), അഡ്വാൻസ്ഡ് സ്റ്റേജ് ഉൾപ്പെടെ ചില കാൻസറുകൾ, പല തരം ജനിതക രോഗങ്ങൾ, hemophilia , ഞരമ്പ് സംബന്ധം ആയ ചില അസുഖങ്ങൾ, (motor neuron diseases ) myositis ossificans, myopathies, തുടങ്ങി അനേകം രോഗങ്ങൾക്ക് ഫലപ്രദം ആയ മരുന്നുകൾ ഇനിയും കണ്ടു പിടിച്ചിട്ടില്ല )
രാഷ്ട്രീയ എതിരാളിയായി കണ്ട് പല നേതാക്കന്മാരും കൊറോണയോട് യുദ്ധം പ്രഖ്യാപിച്ചത് മൂപ്പര് ഇതുവരെ അറിഞ്ഞ മട്ടില്ല. ആര് യുദ്ധത്തിന് വന്നാലും തനിയ്ക്ക് ഒന്നുമില്ല, ഒരു കൈ നോക്കാം എന്നാണ്.ഞാൻ എന്റെ വഴിയ്ക്ക് പോകും. അടിച്ച വഴിയേ പോകുന്നില്ലെങ്കിൽ പോകുന്ന വഴിയെല്ലാം അടിച്ചു തകർക്കും മാളോർ. എന്നിട്ടും കുലുക്കമില്ല മൂപ്പർക്ക്.

ആയുധം ഇല്ല ആയുധ മുറ ഇല്ല. ആകെ അറിയുന്നത് രക്ത ബീജനെപ്പോലെ ലക്ഷങ്ങൾ കോടികൾ ആയിപെരുകാനും, തൊട്ടാലൊട്ടിയായി കൂടെപ്പോകാനും. കരയിലും വെള്ളത്തിലും ആകാശത്തു കൂടിയും ( വിമാനത്തിൽ കയറി ) മനുഷ്യന്റെ കൂടെയോ മൃഗത്തിന്റെ കൂടെയോ പോകും. പടരും. ഇത്രയും ലളിതമായ രാഷ്ട്രീയ പ്രവർത്തനമേ കൊറോണയ്ക്ക് ഉള്ളൂ. ലോകത്തെ സിംഹങ്ങൾ എല്ലാം പേടിയ്ക്കുന്ന കടന്നൽ ആയ ഉത്തര കൊറിയയുടെ കിമ്മിനെപ്പോലും രണ്ടാഴ്ച്ച അടച്ചിട്ടത് കൊറോണ ആണെന്ന് ഒരു ശ്രുതി ഉണ്ട്. പക്ഷേ ഉ കൊ സമ്മതിയ്ക്കില്ല. കാരണം മാനക്കേടല്ലേ. എന്തായാലും ഒന്ന് രണ്ട് വർഷം ഇവിടെ ഒക്കെ തന്നെ കക്ഷി കറങ്ങി തിരിയും അത്രേ. അല്ലെങ്കിൽ മാവേലിയെപ്പോലെ ആണ്ടിലൊരിക്കൽ വന്നു പ്രജകളെ ഒന്ന് തലയ്ക്കു പിടിച്ചു ആശീർവദിച്ചിട്ട് പോകാം എന്നാണ് കൊറോണയുടെ ഉള്ളിലിരുപ്പ് എന്ന് വരെ കണ്ടുപിടിച്ചു ചിലർ.

ആഭ്യന്തര ജിഡിപി തലയും കുത്തി വീണത് ആരുടെ പിടലിയ്ക്ക് വയ്ക്കണം എന്നാലോചിച്ചിരിയ്ക്കുമ്പോൾ ആണ് കൊറോണ ഇടത്‌ കാലും വച്ചു വന്നു കേറിയത്. എന്നാൽ തല തന്നെ ഇല്ലാത്ത കൊറോണയുടെ സ്യൂഡോ തലയിൽ പ്രതീകാത്മ പ്രതിഷ്ഠ കർമ്മം നടത്തി കൈ മൂന്നു വട്ടം കഴുകി പീലാത്തോസിന്റെ വകയിൽ അനന്തരവൻ ആയി ഇരിയ്ക്കുന്നവരുടെ ഭാഗ്യം നോക്കണേ. ഭാഗ്യവും കൊണ്ട് ആണ് കൊറോണ ചിലരുടെ പള്ളിയറകളിൽ ചെന്ന് കയറിയത്. അവിടെ കണ്ടു ഇവിടെ കണ്ടു എന്നെല്ലാം എത്ര കഥകൾ ആണ് കൊറോണയെ കുറിച്ചുള്ള കെട്ടുകഥകൾ. പ്ലാസ്റ്റിക്കിൽ, കാർഡ്ബോർഡിൽ, മാസ്കിൽ എന്തിന് വെള്ളത്തിൽ വരെ കൊറോണ ധ്യാനിയ്ക്കും ( ധ്യാനത്തിന്റ മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും കളം വിട്ടു ) എന്നാണ് അറിവ്.

തൂണിലും തുരുമ്പിലും ഇരിയ്ക്കുന്ന മൂപ്പര് ആരാണ് അപ്പോൾ. ഈനാം പേച്ചിയ്ക്ക് മരപ്പട്ടിയിലോ വവ്വാലിലോ ഉണ്ടായത് എന്ന സംശയം വുഹാനിലെ വറചട്ടിയിൽ പൊരിയുന്നത്, കൊറോണ മൂപ്പർക്ക് ക്ഷ പിടിച്ചു. ഒന്നും നിഷേധിയ്ക്കാൻ പോയില്ല.അല്ലെങ്കിലും തന്തയോ തള്ളയോ ആരായാലെന്ത്. ആര് ആയില്ലെങ്കിലെന്ത്. കുടുംബ സ്വഭാവം കാണിച്ചാൽ പോരേ. എല്ലാം വെറും രാഷ്ട്രീയ താല്പര്യങ്ങളോ , സാമ്പത്തിക പ്രതിസന്ധിയോ മാത്രം അല്ല, എന്നാൽ ആണ് താനും. ആരാണോ ഫലപ്രദമായ വാക്‌സിൻ ആദ്യം നിർമ്മിയ്ക്കുന്നത് അവർക്ക് സാമ്പത്തിക നേട്ടം കനത്തത് ആയിരിയ്ക്കും. കൊറോണയുടെ ഇല്ലാത്ത തലയ്ക്കു കോടികൾ ആണ് വില പറഞ്ഞിരിയ്ക്കുന്നത്. (എനിയ്ക്ക് മത്തങ്ങാ പോലൊരു തല ഉണ്ടായിട്ട് എന്ത് കാര്യം. ആർക്കും വേണ്ട.)

800 കോടിയ്ക്കടുത്ത ജനസംഖ്യ, അതിൽ ഓരോ ഡോസ് വാക്സിൻ ആയാലും രൂപ എത്രയാണ്. ഇനി രണ്ട് ഡോസ് ആണെങ്കിലോ ഏകദേശം 1500 കോടിയ്ക്ക് മേൽ ഡോസ് വേണ്ടി വരും . വേറെ ഒരു വാക്സിനും ഇത്രയും ഭീമമായ അളവിൽ ഒരുമിച്ചു വേണ്ടി വന്നിട്ടില്ല. അത് തന്നെ വര്ഷാ വർഷം വേണ്ടതാണോ എന്നൊന്നും ഇപ്പോൾ പ്രവചിയ്ക്കാൻ വയ്യ.ഒരു ഡോസിന് വെറും നൂറു രൂപ വച്ചു കൂട്ടിയാൽ കൂടി ഒന്നര ലക്ഷം കോടി രൂപ. എത്ര രൂപ ആയാലും മിക്കവാറും എല്ലാ രാജ്യങ്ങളും മേടിയ്ക്കും. ഒന്ന് പുറത്ത് ഇറങ്ങി ശ്വാസം വിടണമെങ്കിൽ കൊറോണയെ ഒതുക്കി മൂലയ്ക്ക് ഇടണമല്ലോ. വാക്സിൻ കണ്ട് പിടിയ്ക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക നിലവാരം തന്നെ മാറിപ്പോകാൻ ഇട ഉണ്ട്. വാക്സിൻ നിർമ്മിയ്ക്കുമ്പോൾ, വിതരണം ചെയ്യുമ്പോൾ സ്വാധീനിയ്ക്കപ്പെടാൻ സാധ്യത ഉള്ള നിരവധി അന്താരാഷ്ട്ര ഘടകങ്ങൾ കൂടി അതിൽ അടങ്ങിയിട്ടുണ്ട്.വെറുതെ ആണോ കൊറോണയെ പറഞ്ഞു വിട്ടത് തന്നെ പിന്നാലെ വാക്സിൻ സൃഷ്ടിക്കാൻ ആണെന്ന് ദോഷൈകദൃക്കുകൾ പ്രചരിപ്പിയ്ക്കുന്നത്.

ഇനി ആ വാക്സിന് വേണ്ടിയുള്ള യുദ്ധം വേറെ ഉണ്ടോ ആവോ. കൊറോണ തകർത്തു എറിഞ്ഞ സാമ്പത്തിക ഭദ്രത വാക്സിൻ കൊണ്ട് വേണം തിരികെ പിടിയ്ക്കാൻ. വമ്പന്മാർ അത്ആദ്യമേ കൈക്കലാക്കും. ചേരുവ ഒന്ന് കിട്ടിയാൽ മതി.ഇതെല്ലാം കണ്ടു കൊണ്ട് ചെറുകിട രാജ്യങ്ങൾ വമ്പന്മാരെ പ്രതീക്ഷയോടെ നോക്കി കൊണ്ടിരിയ്ക്കുകയാണ്. കൊറോണയോട് യുദ്ധം ചെയ്യാൻ ഉള്ള ആയുധം ആണല്ലോ വാക്സിൻ. പൊന്ന് വിലയുള്ള സാധനം. പക്ഷേ, ഒരു വാക്സിനുമായി ചെല്ലുമ്പോൾ മൂപ്പര് ഉടനെ മ്യൂട്ടേഷൻ വരുത്തുമോ അതോ പത്തു രൂപങ്ങളിൽ പലയിടത്തും പ്രത്യക്ഷപ്പെടുമോ എന്നൊന്നും അറിയാൻ വയ്യ . ഇപ്പോൾ തന്നെ എ, ബി, സി, എൽ, എസ് വരെ അവതാരങ്ങൾ ഉണ്ടെന്ന് കേട്ടു.

കൊറോണക്കുഞ്ഞുങ്ങൾക്ക് പേരിട്ടു കുഴഞ്ഞാലും ആളെ വരുതിയിൽ കിട്ടുന്നില്ല. പേരിടലും നൂല് കെട്ടും തകൃതിയായി നടക്കുമ്പോൾ മൂപ്പര് ആണവ മിസൈൽ ഉള്ള കപ്പലിൽ ചെന്ന് നാവികർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. കൊറോണ രാഷ്ട്രീയത്തെ, മതത്തെ, സാമ്പത്തികത്തെ, വികസിത, വർഗ, ലിംഗ പ്രിവിലേജുകളെ എല്ലാം പരിഹസിച്ചു കൊണ്ട് നമുക്കിടയിൽ കറങ്ങുന്നു. എല്ലാത്തിനും അതീതം.വെറും ഒരു കുഞ്ഞു ആർ എൻ എ ആണ് 46 ഡി എൻ എ കളോട് യുദ്ധം പ്രഖ്യാപിച്ചത്. അല്ലെങ്കിലും ഡി എൻ എ യ്ക്ക് പണ്ടേ ആർ എൻ എ യോട് പുച്ഛം ഉണ്ട്. നേരാവണ്ണം ജനിയ്ക്കാത്തത്. ഇത് വരെ കണ്ടു പിടിച്ച എല്ലാ മരുന്നുകളോടും കൊറോണയ്ക്കും പുച്ഛം. ശ്വാസകോശങ്ങൾ മാത്രം അല്ല വൃക്ക, രക്ത കുഴലുകൾ, ഹൃദയം, തലച്ചോർഎന്നി സിസ്റ്റങ്ങളെയും വൈറസ് അക്രമിയ്ക്കുമെന്ന് ആണ് പുതിയ നിരീക്ഷണം.

കൊറോണ പല രോഗാണുക്കളുടെ മിശ്രിതം അഥവാ ബിരിയാണി ആണോ എന്നും ചില ശാസ്ത്രജ്ഞർക്ക് സംശയം. അവിടുന്നും ഇവിടുന്നും ഓരോ ജീൻ എടുത്തു ചേർത്ത് ഒരു കൊളാഷ്. എന്തായാലും മൂപ്പര് കൊളം കുഴിച്ചിട്ടേ പോകൂ എന്നാണ്. എയ്ഡ്‌സ്, മലേറിയ, sle, ra തുടങ്ങി ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് , അസിഡിറ്റി എന്നിവയുടെ എല്ലാം മരുന്നുകൾ കൊറോണയ്ക്കും ഫലപ്രദം എന്ന് ചില കണ്ടെത്തലുകൾ അതിനെ സാധൂകരിയ്ക്കുന്നത് ആണോ. വാക്സിൻ ഉണ്ടാക്കിയാലും അവിടം കൊണ്ട് തീരുന്നില്ല കൊറോണ തൊടുത്തു വിട്ട അമ്പുകൾ. മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്ക് എത്തിച്ചില്ലെങ്കിൽ കൂടി സാമ്പത്തികമായും നിലനിൽപ്പ് പരമായും രാഷ്ട്രീയപരമായും ചില പുതു സമവാക്യങ്ങൾ ഉണ്ടാകാം.ലോകത്തിലെ മിക്കവാറും ഇടങ്ങളിൽ ചില മുൻഗണനകൾ തന്നെ മാറിപ്പോയേക്കാം. മാറുന്ന സമവാക്യങ്ങൾ നമ്മളെ എങ്ങനെ ബാധിയ്ക്കും? അതിന്റെ വിത്തുകൾ ചിലയിടത്തൊക്കെ വീണിട്ടുണ്ട്.

ഒരു പരിവർത്തനം ആരാണ് ആഗ്രഹിയ്ക്കാത്തത്. വംശ നാശ ഭീഷണിയിലോ പരിണാമ ദശയിലോ അല്ല തല്ക്കാലം മനുഷ്യരാശി എന്നാലും. അത്യന്തം അപകടകരമായ ഒരു കാലഘട്ടത്തിൽ ആണ് മനുഷ്യന്റെ നിൽപ്പ്. ലോകം ഒരു അണ്വായുധ യുദ്ധത്തിന്റെ വക്കിൽ ആണോഎന്ന് സംശയിച്ച നാളുകൾ കുറെ മുൻപ് ഉണ്ടായിരുന്നു. . അതിനെ മറി കടന്ന് ആണ് കൊറോണയുടെ രംഗ പ്രവേശനം. ഒരു യുദ്ധം ഉണ്ടാക്കാനോ ഒഴിവാക്കാനോ മാറ്റിവയ്ക്കാനോ ശക്തിമാൻ ആയ കൊറോണയ്ക്ക് കഴിയും എന്നതാണ്. കൊറോണാനന്തര ലോകം, കൊറോണാനന്തര സാമ്പത്തിക നീക്കിയിരുപ്പ്, കൊറോണാനന്തര രാഷ്ട്രീയ പുതു സമവാക്യങ്ങൾ, എന്തിന് കൊറോണാനന്തര പൊറോട്ടയും നൂൽപ്പുട്ടും വരെ നമ്മളെ കാത്തിരിയ്ക്കുന്നു.