മതത്തിൽ കാലക്രമേണ നിറവും മായവും കലർത്തി, നൂതന സ്വാർത്ഥ മതം സൃഷ്ടിച്ചു

0
367

Ganga S എഴുതുന്നു 

മതം

മതത്തെ സംബന്ധിച്ച് എഴുതേണ്ട എന്ന് ക രുതിയത് ആണ്. മതം മനുഷ്യരെ മൂന്നാക്കി പലതാക്കി എന്നൊക്കെ കേൾക്കുന്നു. കാണുന്നു.

മതത്തെക്കുറിച്ച് എഴുതുക ആണെങ്കിൽ വളരെ വിശാലവും വിശദവും ആയി വേണ്ടി വരും.

മതങ്ങളെ വ്യാഖ്യാനിയ്ക്കാനോ പരിചയ പ്പെടുത്താനോ ഇവിടെ ഉദ്ദേശിയ്ക്കുന്നില്ല.

കുറേ ആയി കേട്ടുകൊണ്ടേ ഇരിയ്ക്കുന്നതെല്ലാം , വായിച്ചു കൊണ്ടേ ഇരിയ്ക്കുന്നതെല്ലാം ചൂണ്ടുന്നത് മതം ആണ് വർത്തമാനകാലത്തെ എല്ലാ അശാന്തിയ്ക്കും അസ്വസ്ഥതകൾക്കും പിന്നിൽ എന്ന്.

വാസ്തവത്തിൽ മതഗ്രന്ഥങ്ങളിൽ ഇത്രത്തോളം തിന്മകൾ എഴുതി വച്ചിട്ടുണ്ടോ?

ഹിന്ദുമതവും ക്രിസ്തുമതവും ബുദ്ധമതവും (ഇസ്ലാം മതം അത്രയ്ക്ക് വായിച്ചിട്ടില്ല.അത് ഇവിടെ പരാമര്ശിയ്ക്കുന്നില്ല ) സംബന്ധിച്ച് വായിച്ചുള്ള അറിവുകൾ വച്ചു നോക്കുമ്പോൾ മതം ആണോ മനുഷ്യർ ആണോ കുഴപ്പം പിടിച്ചത്?

യഥാർത്ഥ മത വിശ്വാസികൾ ആണോ വിശ്വാസത്തിനു വേണ്ടി മുറവിളി കൂട്ടുന്ന വർ എല്ലാം?

‘അന്ധ ‘വിശ്വാസികൾ അല്ലേ ഭൂരിഭാഗവും?

സ്നേഹം, സത്യം, നീതി, ന്യായം, ധർമ്മം,( മോക്ഷം പരിഗണിയ്ക്കുന്നില്ല )എന്നിവയിൽ ഊന്നി അല്ലേ യഥാർത്ഥ മതങ്ങളുടെ നിലനിൽപ്?

മത ഗ്രന്ഥങ്ങളിൽ പറയും പോലെ അക്ഷരം പ്രതി അല്ലാതെ, സാമാന്യ മായിപ്പോലും ജീവിയ്ക്കാൻ ഒട്ടും എളുപ്പം അല്ലാതിരിയ്ക്കേ, ഇത്രയും വിശ്വാസികൾ എങ്ങനെ ഉണ്ടായി ?

കാമക്രോധലോഭ മോഹങ്ങളെ ഇല്ലാതാ ക്കുന്നവൻ ആണ് യഥാർത്ഥ വിശ്വാസി എന്ന് ഹിന്ദു മതവും, എന്നിൽ വിശ്വസിയ്ക്കുന്നവൻ ഞാൻ ചെയ്തതിനേക്കാൾ കൂടുതൽ ചെയ്യും എന്ന് ക്രിസ്തുവും, ആഗ്രഹങ്ങൾ ആണ് സകല ദുഃഖങ്ങൾക്കും കാരണം എന്നും അത് കൊണ്ട് മോഹങ്ങളെ ഇല്ലാതാക്കുക എന്ന് ബുദ്ധനും അനുശാസിയ്ക്കുന്നു.

അപ്പോൾ ന്യായമായും വരുന്ന സംശയം, ഈ നിരവധി മാഫിയകൾ (മണ്ണ്, പെണ്ണ്, ക്വാറി, പ്ലാസ്റ്റിക്, ചിക്കൻ, റിയൽ എസ്റ്റേറ്റ്, ആയുധ വ്യാപാരം, മരുന്ന്, മയക്കു മരുന്ന്, തുടങ്ങി ) ഏത് മതവിഭാഗത്തിൽ വരും?

ഏത് മതഗ്രന്ഥത്തിൽ ആണ് ഇതെല്ലാം അനുവദനീയം ആക്കിയിട്ടുള്ളത്?

ബലാത്സംഗം, പിടിച്ചുപറി, ആൾക്കൂട്ട, ദുരഭിമാന, രാഷ്ട്രീയക്കൊലകൾ , ദളിത്‌ പീഡനം, അഴിമതി, കൊള്ളലാഭം, മായം ചേർക്കൽ, മനുഷ്യ ക്കടത്തു, കൈക്കൂലി, കോർപ്പറേറ്റ്കൾക്ക് നികുതി ഇളവ്, ദരിദ്രർക്ക് നികുതി കൂട്ടൽ, യുദ്ധം, അണ്വായുധ ഭീഷണി, സ്ത്രീ പീഡനം, ഇതെല്ലാം പ്രോത്സാഹിപ്പിയ്ക്കുന്ന തെന്തെങ്കിലും മതത്തിൽ ഉണ്ടോ?

മതവിശ്വാസികൾ അല്ല എങ്കിൽ യുക്തിവാദികൾ ആണോ ഇതിനെല്ലാം പിന്നിൽ? അപ്പോൾ ഭൂരിപക്ഷം ആരാണ്?

മത ഗ്രന്ഥങ്ങളിൽ , സൂക്ഷ്മദർശിനി അതോ കാലിഡോസ്കോപ്പോ , വച്ചു നോക്കി സ്ത്രീയെ അടിമയാക്കി വയ്ക്കാം എന്ന് കണ്ടു പിടിച്ചു.

മതഗ്രന്ഥങ്ങൾ ഉണ്ടായത് ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് ആണ്.

അന്നത്തെ സമൂഹത്തിൽ സ്ത്രീ യുടെ സ്ഥാനം, കർമ്മം, ജീവിതം എല്ലാം ഇന്നത്തേതിൽ നിന്ന് തീർത്തും വിഭിന്നം ആയിരിയ്ക്കേ, അതിൽ നിന്ന് സ്ത്രീയെ തളയ്ക്കാൻ ഉള്ള ഭാഗങ്ങൾ മാത്രം അടർത്തി എടുത്തു കൊണ്ടുവന്നതിൽ സദുദ്ദേശം ഇല്ല.

അപ്പോൾ മതത്തെ മാത്രം കുറ്റം പറയുന്നത് എന്തിന്?

സ്വന്തം ദൗർബല്യങ്ങളും തെറ്റ്‌ കുറ്റങ്ങളും ന്യായീകരിയ്ക്കാൻ മാത്രം മതത്തെ കൂട്ടു പിടിയ്ക്കുകയും ബാക്കി അതിലുള്ള തെല്ലാം നിരാകരിയ്ക്കുകയും ചെയ്യുമ്പോൾ എത്ര വേഗം ആണ് മനുഷ്യാ നിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നത് !

.മതത്തെ പിന്തുടരുന്നവർ അല്ലെങ്കിൽ ഈശ്വര വിശ്വാസികൾ യഥാർത്ഥത്തിൽ പരമഭക്തരും ശാന്തരും നിസ്സംഗരും നിർവികാരരും ഇന്ദ്രിയ നിഗ്രഹം ചെയ്തവരും ആണ്. അവർ, വഞ്ചനയും ദുഷ്ടതയും അത്യാഗ്രഹവും നിറഞ്ഞ ഈ ലോകത്തു ജീവിയ്ക്കാൻ പ്രയാസപ്പെടുന്നവർ ആണ്..

അങ്ങനെ ഉള്ളവർ എത്ര പേർ ഉണ്ട്? അവർ ശതമാനത്തിൽ വളരെ, വളരെ കുറവ് ആണ് എന്നതാണ് സത്യം. ഒറ്റപ്പെട്ടവർ ആണ്.

അപ്പോൾ മതവിശ്വാസികൾ എന്ന് അവകാശം പറയുന്നവർ എല്ലാം അന്ധ വിശ്വാസികളോ അവിശ്വാസികളോ pseudo വിശ്വാസികളോ ആണ്.

ദുരാഗ്രഹം മൂത്ത മനുഷ്യന് അധികാരം കിട്ടാൻ സമൂഹത്തിന്റെ അംഗീകാരം, ബഹുമാനം വേണം. അതിനുള്ള കുറുക്കു വഴി ആണ് മതം.

മതം എന്ന് സാധാരണ ആൾക്കാർ മനസിലാക്കുന്നത് സമാന ആചാരങ്ങൾ അനുഷ്ഠിയ്ക്കുന്നവർ എന്നാണ്.

യേശു അവസാനം പ്രാർഥിച്ചത് ഗദ്സമന യിൽ ആണ്. അത് പള്ളിയല്ല. രാമനും കൃഷ്ണനും അമ്പലത്തിൽ പോയി പ്രാര്ഥിച്ചില്ല. അവർ ഇരിയ്ക്കുന്നിടത്തു ഇരുന്ന് പ്രാർത്ഥിച്ചു. . .ബുദ്ധൻ ആലിന്റെ ചുവട്ടിൽ ഇരുന്നു ധ്യാനം ചെയ്തു.

(അവരെല്ലാം എന്ത് ചെയ്തു എന്നത് ഇക്കാലത്തു പ്രസക്തം അല്ല.അവരുടെ കാലത്തെ ലോകം അല്ല ഇപ്പോൾ. )

അവർ ആരും മതം സ്ഥാപിച്ചിട്ടും ഇല്ല. ശിഷ്യർ ഉണ്ടായിരുന്നിരിയ്ക്കാം.

യേശുവിനും രാമനും ബുദ്ധനും അയ്യപ്പനും അധികാര മോഹങ്ങൾ ഇല്ലായിരുന്നു എന്ന് ചരിത്രം. അവരെ ആരാധിയ്ക്കുന്നവർ അധികാര മോഹികൾ ആയി ത്തീരുന്നവർ എങ്ങനെ?

മതത്തിൽ കാലക്രമേണ നിറവും മായവും കലർത്തി .നൂതന സ്വാർത്ഥ മതം സൃഷ്ടിച്ചു.

യഥാർത്ഥ മതം . അപ്പോഴും ഇതിൽ നിന്ന് എല്ലാം മാറി നിൽക്കുന്നു.

മതഗ്രന്ഥങ്ങളിൽ പലതും പലപ്പോഴായി കൂട്ടിച്ചേർത്തും എഡിറ്റ്‌ ചെയ്തും പുതുക്കിയിട്ടുണ്ട്.

അധർമ്മം അന്യായം അനീതി മുഴുവൻ ചെയ്തിട്ട് അതിന്റെ ഉത്തരവാദിത്തം മതത്തിന്റെ മേൽ കെട്ടി വയ്ക്കുക.എന്നിട്ട് എല്ലാം ചെയ്യിയ്ക്കുന്നത് മതം ആണെന്ന് വരുത്തിത്തീർക്കുക. . അതല്ലേ യഥാർത്ഥത്തിൽ നടക്കുന്നത്?

Ganga. S.