Share The Article

Dr. Ganga S എഴുതുന്നു 

ഓണം ആയിട്ട് അർബുദത്തെ കുറിച്ചുള്ള പോസ്റ്റോ എന്ന് ചിന്തിയ്ക്കുന്നുണ്ടാകാം. പക്ഷെ ഓണത്തിനോ മറ്റ് ആഘോഷങ്ങൾക്കോ, രോഗികൾക്ക്, അർബുദം ഇളവ് ഒന്നും കൊടുത്തിട്ടില്ല, കൊടുക്കില്ല.

ഓണാവധി കഴിഞ്ഞ് കീമോയ്ക്ക് റേഡിയേഷന്, സർജറിയ്ക്ക് , ചെക്കപ്പിന് പോകാൻ ഉത്കണ്ഠയോടെ, വിഷാദത്തോടെ,ആശങ്കയോടെ, ശുഭാപ്തി വിശ്വാസത്തോടെ, കാത്തിരിയ്ക്കുന്നവർ.

ആദ്യാനുഭവക്കാർക്ക് പേടിയും ഉള്ളിൽ ഉണ്ടാവാം.

അവരിൽ പേരിനെങ്കിലും ഓണം ഉണ്ണാൻ സാധിച്ചവർ ഉണ്ടാവും.

മുന്നിൽ വിളമ്പിയത് നിറകണ്ണുകളോടെ കാണാൻ മാത്രം, ഒന്ന് തൊട്ട് നാവിൽ വയ്ക്കാൻ മാത്രം, ഭാഗ്യം ഉള്ളവരും ഉണ്ടാവും.,.. അത് പോലും പറ്റാത്തവർ ഉണ്ട്.

ബന്ധുക്കൾക്ക്, ആണ് ഏറെ ധർമ്മ സങ്കടം. ഓണം ആഘോഷിയ്ക്കാനും വയ്യ ആഘോഷിയ്ക്കാതിരിയ്ക്കാനും വയ്യ, പ്രത്യകിച്ചു കുട്ടികൾ രോഗികൾ ആവുമ്പോൾ !

ഗുരുതരം ആയി കാൻസർ ബാധിച്ച രോഗികളുടെ വീടുകളിലെ ഓണത്തെ ക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അവരുടെ കണ്ണീർ വീണ ഓണ സദ്യയ്ക്കു ഉപ്പ് കൂടുതൽ ആണ്…

ഇത് ചിലപ്പോൾ തങ്ങളുടെ അവസാന ഓണം ആവാം എന്ന് ഉറച്ചു വിശ്വസിയ്ക്കുന്നവർ ഉണ്ട്.

അവരിൽ ചിലരുടെ എങ്കിലും നെഞ്ചകങ്ങൾ ഓണ അടുപ്പകൾ പോലെ നിരന്തരം എരിഞ്ഞു കൊണ്ടിരിയ്ക്കുന്നുണ്ടാവാം. നമ്മളിൽ ചിലരുടെ എങ്കിലും ആശ്വാസ വാക്കുകൾ ചാറ്റൽ മഴത്തുള്ളികൾ ആയി തീ തൽക്കാലത്തേക്ക് എങ്കിലും കെടുത്തുന്നുണ്ടാവാം.

മൂന്നാലു വർഷങ്ങൾ മുൻപ്,ഒരു ഓണക്കാലം !

70ന് മേൽ പ്രായം ആയ ഒരു അമ്മയ്ക്ക് ശ്വാസ കോശാർബുദം (metastasis) secondary അഥവാ ശ്വാസ കോശത്തിലേയ്ക്ക് വ്യാപിച്ചത് ആയിരുന്നു. മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ.

അവർ primary ( രോഗത്തിന്റെ തുടക്കം) എവിടെ എന്ന് കണ്ട് പിടിയ്ക്കാൻ കുറേ ടെസ്റ്റുകൾ നടത്തി. പക്ഷെ പിടി കിട്ടിയില്ല. എന്തായാലും ചികിത്സ തുടങ്ങി.

ഓണസദ്യ ഉണ്ണണമെന്നു അമ്മയ്ക്ക് അതിയായ ആഗ്രഹം.ഇത് വരെ ഒരോണസദ്യയും മുടക്കിയിട്ടില്ല, ഇത് അവസാനത്തെ ആണെങ്കിൽ ആവട്ടെ.

സദ്യ ഉണ്ട് കഴിഞ്ഞപ്പോൾ വയറുവേദന അകമ്പടി ആയി വന്നു.
വേദനയ്ക്ക് വേദനസംഹാരി nsaid, ( non steroid anti inflammatory drugs ) ഇനത്തിൽ പെട്ട diclofenac കൊടുത്തു .

അവർക്കു പെട്ടെന്ന് വയറിൽ അസ്വസ്ഥത ഉണ്ടായി മെഡിക്കൽ കോളേജിൽ കൊണ്ട് പോയി.

laparotomy (ഓപ്പറേഷൻ ) ചെയ്തപ്പോൾ ആണ് അറിയുന്നത് ആമാശയത്തിന്റെ തൊട്ട് താഴെയുള്ള duodenum എന്ന ഭാഗത്തോട്‌ ചേർന്ന് ആണ് അർബുദം.

വേദനസംഹാരി ചെന്നപ്പോൾ ulcer (വ്രണം ) ൽ perforation ( ഓട്ട, hole ) ഉണ്ടായി. അതിന്റെ ബുദ്ധിമുട്ട് ആയിരുന്നു ആ അമ്മയ്ക്ക്.

(വയറിൽ gastritis ഉം ulcer ( പുണ്ണ്) ഉള്ളവരും nsaid വിഭാഗത്തിൽ പെട്ട വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിയ്ക്കാവൂ. )

. നന്നായി പാടുമായിരുന്നു ആ അമ്മ. ‘ഐഷു കദീസു പാത്തിമ്മ കദീസുമ്മ’ ഈണത്തിൽ പാടി കേൾപ്പിയ്ക്കും,

. ആവശ്യപ്പെട്ടാൽ , കീമോ കഴിഞ്ഞ് വന്നാലും, അവശത മറന്ന് ഉടനെ പാടും.

അധികം വൈകാതെ അവർ മരണപ്പെട്ടു.

ആ പാട്ട് പിന്നീട് കേൾക്കുമ്പോൾ ഒക്കെ ആ അമ്മയെ ഓർക്കും.

മുന്നോട്ട് അല്പം കുനിഞ്ഞു, രണ്ട് കൈ കൊണ്ടും താളത്തിൽ കൊട്ടി പാടുന്ന മുടി കൊഴിഞ്ഞ മെലിഞ്ഞ രൂപം… എങ്കിലും പാട്ടിന്റെ ഊർജ്ജം അവരിൽ നിന്നിറങ്ങി പ്പോയിരുന്നില്ല…
….

നമ്മുടെ നാട്ടിൽ ഉള്ള കാൻസർ രോഗികളെ, അവരുടെ ചികിത്സ – സാമൂഹിക- സാമ്പത്തിക നില വച്ചു പൊതുവെ പന്ത്രണ്ട് തരക്കാർ ആയി തിരിയ്ക്കാം.

ക്യാൻസറിനെക്കുറിച്ചുള്ള അവബോധവം ഉള്ളവരും ഇല്ലാത്തവരും ഇതിൽ പെടും.

1.രോഗം ഉള്ളതായി സംശയിയ്ക്കുന്നവർ.

പക്ഷേ പരിശോധന, ചികിത്സ എന്നിവയെ പേടിച്ചിട്ടു, അല്ലെങ്കിൽ ജോലിക്കൂടുതലോ ജോലിയിൽ നിന്ന് വിട്ട് നിൽക്കാൻ പറ്റായ്കയോ,ഒഴിവാക്കാൻ വയ്യാത്ത വീട്ടുചുമതലകൾ, സാമ്പത്തിക ബുദ്ധിമുട്ട് മുതലായ കാരണം, ആരോടും സംശയത്തെക്കുറിച്ച് പറയാത്തവർ.

ആശുപത്രിയിൽ പോകാത്തവർ.

രോഗം മൂർച്ഛിയ്ക്കുമ്പോൾ മാത്രം ആണ് മറ്റുള്ളവർ അറിയുക. അപ്പോഴേയ്ക്കും ഡോക്ടർമാരും നിസ്സഹായാവസ്ഥയിൽ ആവും.

രോഗശാന്തിയോ ശമനമോ സാധ്യമാവാ ത്ത ഈ അവസ്ഥയിൽ, പാലിയേറ്റീവ് ക്ലിനിക് അല്ലെങ്കിൽ പ്രവർത്തകർ സമീപത്തു ഉണ്ടെങ്കിൽ, അവസാന സ്‌റ്റേജിൽ ശാരീരിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ സാധിച്ചേക്കും.

കാൻസർ ആണെന്ന് സ്വയം സംശയിച്ചു, ആരോടും പറയാതെ ആത്മഹത്യ ചെയ്തവരും ഉണ്ട് അപൂർവം ആയി.

2.രോഗം നിർണ്ണയിയ്ക്കുന്നതിന് വേണ്ടുന്ന പരിശോധനകൾ പല കാരണങ്ങളാലും പൂർത്തിയാക്കാത്തവർ.

പേടിയും സാമ്പത്തികവും ആണ് പ്രധാന കാരണങ്ങൾ.

വിവിധ തരം സ്കോപ്പികൾ ചില തരം അർബുദങ്ങൾ കണ്ട്പിടിയ്ക്കാൻ വേണ്ടി വരും.

സ്കോപ്പി ഫോബിയ ആണ് പ്രധാന കാരണം.

പിന്നെയുള്ളത് mri സ്കാൻ. അതിനെ പേടിയുള്ളവരും ഉണ്ട്.

Bone marrow biopsy (മജ്ജ കുത്തിയെടുത്തു പരിശോധിയ്ക്കുന്നത് ).

lumbar puncture (നട്ടെലിൽ നിന്ന് കുത്തിയെടുക്കുന്നത് ) നെ പേടിയ്ക്കുന്നവരും ഉണ്ട്.

3. കൃത്യമായി രോഗം നിർണ്ണയിയ്ക്കപ്പെ ട്ടവർ, എന്നാലും ചികിത്സയ്ക്ക് വിസമ്മതിയ്ക്കുന്നവർ.

അവിടെയും പരിശോധനകൾ എന്ന കടമ്പ ഒരുവിധം കടന്ന് കിട്ടിയിട്ടുണ്ട്.

വീണ്ടും പേടിയും സാമ്പത്തികവും ആണ് പ്രശ്നങ്ങൾ.
കാൻസർ ചികിത്സ വേദനാജനകം ആണെന്ന് ഒരു ധാരണ ആൾക്കാർ ക്കുണ്ട്.

കീമോയുടെയും radiation ന്റെയും കുപ്രസിദ്ധിയുള്ള side effects ആയ മുടിപൊഴിച്ചിൽ, ഛർദ്ദി തുടങ്ങിയവയോടുള്ള ഭയം.

അപ്പോഴാണ് മറ്റ്‌ ഒറ്റ മൂലികളുടെ പിന്നാലെ പോകുന്നത്.
………
കുറച്ചു മുൻപ് ഉണ്ടായ സംഭവം.

21 വയസ്സ് മാത്രം ഉള്ള പെൺകുട്ടി. എല്ലിനെ ബാധിയ്ക്കുന്ന കാൻസർ ആയിരുന്നു . വിവാഹം കഴിഞ്ഞിട്ട് 6 മാസം ആയിട്ടേ ഉള്ളൂ.

കീമോ ചെയ്താൽ മുടി കൊഴിച്ചിൽ ഉണ്ടാകുമ്പോൾ , അമ്മായിഅമ്മ അറിയും. പ്രശ്നം ഉണ്ടാവും എന്ന് വച്ചിട്ട് ഭർത്താവ് നാട്ടുമരുന്നുകൾ കൊടുത്തു.

ഒട്ടകത്തിന്റെ പല്ല് അരച്ച് എന്തോ നാട്ടു മരുന്ന് ഉണ്ടാക്കി കൊടുത്തു.

രോഗം കൂടിയപ്പോൾ മറ്റുള്ളവരുടെ നിർബന്ധം മൂലം rcc യിൽ പോയി.

അപ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ശ്വാസകോശം ഉൾപ്പെടെ മറ്റു ഭാഗങ്ങളിൽ രോഗം അതിന്റെ പിടി മുറുക്കിയിരുന്നു.

അധികം വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി.

4. രോഗം സ്ഥിരീകരിച്ചു ചികിത്സ തുടങ്ങിയവർ എന്നാൽ വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാത്തവർ.

അവിടെയും സാമ്പത്തികം, അജ്ഞത,പേടി എന്നിവ ആണ് തടസ്സം.

വിവിധ ഘട്ടങ്ങളിൽ ആയിട്ടാണ് കീമോ യും radiationനും സർജറിയും ചെയ്യുന്നത്.

ചിലപ്പോൾ ഏതെങ്കിലും ഒന്ന് കഴിയുമ്പോൾ തന്നെ രോഗലക്ഷണങ്ങൾ മാറിയിട്ടുണ്ടാകും അല്ലെങ്കിൽ കുറഞ്ഞിട്ടുണ്ടാവും.

ഉദാ :മുഴ സർജറി കൊണ്ട് മാറിയാൽ പിന്നേ തുടർ ചികിത്സ ആയ കീമോയോ radiation നോ വേണ്ട എന്ന് രോഗിയോ ബന്ധുക്കളോ സ്വയം തീരുമാനിയ്ക്കും.

വെറുതെ എന്തിന് കൂടുതൽ മരുന്നുകൾ ചെയ്ത് കിഡ്‌നി കേടാക്കുന്നു എന്നാവും ചിലരുടെ എങ്കിലും ചിന്ത.

(ഈ കിഡ്നിയെക്കുറിച്ചുള്ള ആധി ഉത്ഖണ്ഠകൾ വേണ്ടിടത്തു അല്ല വേണ്ടാത്ത ഇടത്താണ് ആൾക്കാർ കൂടുതലും പ്രയോഗിയ്ക്കുക. )

5. ചികിത്സയും തുടർ ചെക്കപ്പുകളും വിജയകരമായി പൂർത്തിയാക്കിയവർ.

അവർ പിന്നീട് അസുഖം രണ്ടാമത് വരാത്തവർ ആവും. .പഴയ പോലെ സാധാരണ ജീവിതം നയിയ്ക്കുന്നവർ.

(അവർ രോഗമുക്തരായി എന്നുറപ്പിയ്ക്കാം )

6. ചികിത്സ പൂർത്തിയായിട്ടു തുടർ ചെക്ക് അപ്പുകൾ ഒന്നും നടത്താത്തവർ.

അവർ രണ്ടാമതും രോഗം വരുമ്പോൾ ആശുപത്രിയിൽ എത്താൻ വൈകും.

ഇക്കൂട്ടർ ചികിത്സ എല്ലാം കൃത്യമായി ചെയ്യും. അത് കഴിഞ്ഞു തുടർ ചെക്കപ്പിന് പോകില്ല.ഇപ്പോൾ കുഴപ്പമില്ലല്ലോ. പിന്നെന്താന്ന് ആവും മനോഭാവം.

സാമ്പത്തികം, ആശുപത്രി അലച്ചിൽ, രോഗലക്ഷണങ്ങൾ ഇല്ലായ്മ എന്നിവ ആണ് മിക്കവാറും കാരണങ്ങൾ.

ആദ്യത്തെ അഞ്ചു വർഷം രണ്ടാമതും അസുഖം വരാൻ സാധ്യത ഉള്ളത് കൊണ്ട്. ശ്രദ്ധിച്ചു ചെക്കപ്പുകൾ നടത്തണം.

അടുത്ത അഞ്ചു വർഷം കൂടി ആയാൽ പത്തു വർഷം, രണ്ടാമത്തെ അഞ്ചു വർഷം രണ്ടാമത് രോഗം വരാനുള്ള സാധ്യത കുറവ് ആണെങ്കിലും നില നിൽക്കുന്നുണ്ട് ചിലരിൽ ചില തരം കാൻസറുകളിൽ.

7.. ചികിത്സ ചെയ്തിട്ട് തുടർ ചെക്ക് അപ്പുകൾ പൂർത്തീകരിയ്ക്കാത്തവർ.

അവർക്കും രണ്ടാമത് അസുഖം ഉണ്ടായാൽ ചികിത്സ വൈകും.

കുറച്ചു നാൾ ചെക്കപ്പുകൾ കൃത്യമായി ചെയ്യും. അത് കഴിയുമ്പോൾ മടിയ്ക്കും. കുഴപ്പമില്ലല്ലോന്ന് തോന്നും.

വീണ്ടും രോഗം വരുകയാണെങ്കിൽ ആദ്യം മുതൽ വീണ്ടും ചികിത്സ തുടങ്ങണം. ചിലപ്പോൾ ഇത്തവണ ആദ്യത്തെ പോലെ ചികിത്സ ഫലിച്ചില്ല എന്നും വരാം.

8. ഒരു അവയവത്തിൽ ബാധിച്ച അർബുദം ചികിത്സ കൊണ്ട് സുഖപ്പെട്ടിട്ട്, വർഷങ്ങൾ കഴിഞ്ഞ് മറ്റൊരു അവയവത്തിൽ വീണ്ടും വരിക.

ചിലപ്പോൾ 10-20 വർഷങ്ങൾ കഴിഞ്ഞിട്ട് ആയിരിയ്ക്കും രണ്ടാമന്റെ വരവ്.

ഇതിന് സ്‌ക്രീനിങ് ടെസ്റ്റുകൾ ഉണ്ട്.

സാധ്യമാവുമ്പോൾ, ഇതിന് ഇടയ്ക്കെങ്കിലും വിധേയർ ആവുക ആണ് മാർഗം.
….

എനിയ്ക്ക് അറിയാവുന്ന ഒരു രോഗിയ്ക്ക് തൈറോയ്ഡിൽ കാൻസർ വന്നു പൂർണ്ണമായും ഭേദം ആയ ശേഷം ആമാശയത്തിൽ ആണ് രണ്ടാമത് പിടിപെട്ടത്. രണ്ടും തമ്മിൽ 18വർഷത്തെ ഇടവേള ഉണ്ടായിരുന്നു.

9. ചിലപ്പോൾ ഒരു തരം അർബുദം വരുന്നവർക്ക് മറ്റൊന്ന് വരാൻ സാധ്യത കൂടുതൽ ആണ്.

ഉദ : സ്തനാർബുദം വരുന്നവർക്ക് അണ്ഡാശയത്തിലോ ഗര്ഭപാത്രത്തിലോ കൂടി വരാനുള്ള സാധ്യത ഉണ്ട്. സാധ്യത മാത്രം.. estrogen ഹോർമോണിന്റെ സ്വാധീനം ഉള്ളതാവാം കാരണം.

തുടർ ചെക്കപ്പുകളിൽ ആവശ്യമെങ്കിൽ വയറിന്റെ സ്കാനിംഗ് ഉൾപ്പെടുത്തും.

അത് കൊണ്ട് കൂടിയാണ് തുടർ ചെക്കപ്പുകൾ ഒഴിവാക്കാൻ പാടില്ല എന്ന് പറയുന്നത്.

10. അസുഖം അതിന്റെ പാരതമ്യത്തിലെത്തി, ( wide metastasis, advanced stage,) അതായത് ഒരു മടങ്ങിപ്പോക്കിന് യാതൊരു സാധ്യത യുമില്ലാത്ത ശാരീരികമായി അവശതയിൽ ആയ രോഗി കീമോ റേഡിയേഷൻ, സർജറി ഏതെങ്കിലും അല്ലെങ്കിൽ എല്ലാത്തിനും തുടർന്നും വിധേയമായിക്കൊണ്ടിരിയ്ക്കുന്നത്.

അതിന് പിന്നിൽ രോഗിയുടെ ജീവിതത്തോടുള്ള ആർത്തി ആവാം,

ബന്ധുക്കളുടെ, രോഗിയോടുള്ള അദമ്യമായ സ്നേഹമോ കടപ്പാടോ കുറ്റബോധമോ ആവാം.

സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ള ഡോക്ടർ ആവാം.

എന്ത് നന്മ ഉദ്ദേശിച്ചു ചെയ്യുന്നതായാലും ശരിക്കും രോഗിയോട് ചെയ്യുന്ന ക്രൂരത ആണ്.

70 ന് മേൽ പ്രായം ഉള്ള ഒരു അമ്മയാണ് രോഗി. വായിൽ ആയിരുന്നു കാൻസർ.

അവസാന സ്റ്റേജിൽ മൂക്കിലെ nsg (naso gastric tube ) ട്യൂബിലൂടെ കൊടുക്കുന്ന ഭക്ഷണത്തിന്റെ ബലത്തിൽ മാത്രം ജീവൻ കിടക്കുന്ന ശയ്യാവലംബി.

ആരു പറഞ്ഞിട്ടും കേൾക്കാതെ അവരെ പാലക്കാടുള്ള ഒരു പച്ചമരുന്ന് ചികിത്സ കന്റെ അടുത്തേയ്ക്ക് ഭർത്താവ് ഇടയ്ക്കിടെ കൊണ്ട് പൊയ്ക്കൊണ്ടിരുന്നു.

പാലിയേറ്റീവ് മരുന്നുകൾ, വേദനസംഹാരികൾ ഉൾപ്പെടെ എല്ലാ മരുന്നും നിർത്തിയിരുന്നു. പച്ചമരുന്ന് ഫലിയ്ക്കണമെങ്കിൽ ഇംഗ്ലീഷ് മരുന്ന് കൊടുക്കാൻ പാടില്ല എന്ന് വൈദ്യൻ പറഞ്ഞിട്ടുണ്ടത്രെ !

എല്ലു നുറുങ്ങുന്ന വേദനയുള്ള അവരെ ഓട്ടോയിൽ ആണ് 65-70 കി മി അകലെ യുള്ള വൈദ്യന്റെ അടുത്തേയ്ക്ക് കൊണ്ട് പോയിരുന്നത്.

അധികം താമസിയാതെ രോഗവും യാത്രയും കൊണ്ട് തീർത്തും അവശയായി മരിച്ചു പോകുകയും ചെയ്തു.

സ്നേഹം കൊണ്ടല്ലായിരുന്നു അയാൾ അത് ചെയ്തത്. വള്ളത്തിൽ പോയി മീൻ പിടിയ്ക്കുന്ന ആളാണ് കക്ഷി.

വീണ്ടും അയാൾക്ക് ജോലിയ്ക്ക് പോകണമെങ്കിൽ ഭാര്യ സുഖപ്പെട്ടു എഴുന്നേറ്റു വന്നു വീട്ടുപണികൾ ഏറ്റെടുക്കണം.

നിർഭാഗ്യവശാൽ ആർക്കും അയാളെ തിരുത്താൻ സാധിച്ചില്ല…

11. അവസാന സ്റ്റേജിൽ, പാലിയേറ്റീവ് കെയർ മാത്രം ചെയ്തു ശാരീരിക ബുദ്ധിമുട്ടുകൾ കുറച്ച്, രോഗിയുടെ അവകാശം ആയ, അന്തസായ മരണത്തിന് കീഴടങ്ങുന്നവർ.

12. പരിശോധനകളും ചികിത്സയും പാലിയേറ്റീവ് കെയറും ഒന്നും കിട്ടാത്ത നിർഭാഗ്യവാന്മാർ/വതികൾ .

രോഗിയുടെയോ ബന്ധുക്കളുടെയോ അജ്ഞത അല്ലെങ്കിൽ ആരും അറിയാതെ വീടകങ്ങളിൽ ഒറ്റപ്പെട്ട ജീവിതം നയിയ്ക്കുന്നവർ.

ഒറ്റപ്പെടുന്നതിന് കാരണങ്ങൾ പലതും ഉണ്ടാവും.

ദാരിദ്ര്യത്തിന് പുറമെ ആൾബലവും ഇല്ലാത്തവർ.

രോഗിയോ വീട്ടിലുള്ളവരോ ആരെങ്കിലും ഒക്കെ മാനസിക ദൗർബല്യം ഉള്ളവരോ മനോരോഗികളോ ആവാം..

സമൂഹത്തിൽ നിന്നും അയല്പക്കത്തു നിന്നും അകന്ന് കഴിയുന്നവർ ആകും.
……….
ഓർക്കേണ്ടത്.

അർബുദം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചികിത്സ ചെയ്യണം. അത് പൂർത്തിയായാൽ തുടർ ചെക്ക് അപ്പുകൾ മുടങ്ങാതെ ചെയ്യണം.

എങ്കിലേ ചികിത്സ കൊണ്ട് പൂർണ്ണമായും പ്രയോജനം ഉള്ളൂ. അല്ലെങ്കിൽ, ചിലപ്പോൾ എങ്കിലും, അത് വരെ ചെയ്ത ചികിത്സയും സമയവും പണച്ചിലവും ജലരേഖ പോലായിപ്പോകും.

അർബുദത്തിന് ചികിത്സ ആദ്യ ഘട്ടം മുതൽക്കേ onchology വിഭാഗം ഉള്ള ആശുപത്രിയിൽ തന്നെ ചെയ്യണം.

അത് Onchologist ന്റെ മേൽനോട്ടത്തിൽ ചെയ്യണം.

Ganga. S

 

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.