മുടിയിൽ എന്തിരിയ്ക്കുന്നു എന്ന് ചോദിയ്ക്കേണ്ട

615

ഗംഗ.എസ് (Ganga S)എഴുതുന്ന കേശപുരാണം

മുടി

ഒരു മുടിയിൽ എന്തിരിയ്ക്കുന്നു എന്ന് ചോദിയ്ക്കേണ്ട.
മുടിയിൽ വാഹനം കെട്ടി വലിച്ചു കൊണ്ട് പോയി ഗിന്നസ് റെക്കോർഡ് നേടിയവരുണ്ട്.

സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകം ആകയാൽ, പ്രത്യകിച്ചു സ്ത്രീയ്ക്കു, മുടി വൈകാരിക തലം കൂടി പ്രതിനിധാനം ചെയ്യുന്നു.
കേശഭാരത്തിന് ഒരു യുദ്ധത്തിന്റെ വിത്ത് പാകാനൊ മുളപ്പിയ്ക്കാനോ അതല്ല ഒരു സമ്പൂർണ പോര് തന്നെ നിർമ്മിയ്ക്കാനോ ഉള്ള കഴിവ് ഉണ്ട് എന്നതിന് തെളിവ് ആണല്ലോ കുരുക്ഷേത്ര യുദ്ധം !

ചൈനയിലെ സീ ക്വിപിംഗ് ന്റെ മുടി നീളം 5.627 മീറ്റർ അഥവാ 18 അടി 5.54 ഇഞ്ച് ആണത്രേ. ഒരു മൂത്ത രാജവെമ്പാല യുടെ നീളം. അത്ര നീളമുള്ള മുടി ദ്രുപദ രാജന്റെ മകൾ ദ്രൗപദി എന്ന പാഞ്ചാലിയ്ക്ക് ഉണ്ടായിരുന്നോ എന്നറിഞ്ഞു കൂട. പക്ഷെ വെമ്പാലയുടെ വിഷം അതിന് ഉണ്ടായിരുന്നു.

പാണ്ഡവരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം കൗരവരുമായി സന്ധി സംഭാഷണത്തിന് പോകാനായി കൃഷ്ണൻ പുറത്തിറങ്ങുമ്പോൾ വാതിലിന് പുറത്ത് ദ്രൗപദി പക മുറിപ്പെടുത്തിയ മനസോടെ നില്പുണ്ടായിരുന്നു.

പാഞ്ചാല സഹോദരി പാഞ്ചാലി കൃഷ്ണനെ ഓർമ്മിപ്പിച്ചു.

“ഇതാ എന്റെ അഴിഞ്ഞു കിടക്കാൻ വിധിയ്ക്കപ്പെട്ട മുടി. കൃഷ്ണാ . ദൂതിന് ഹസ്തിനപുരിയിൽ പോകുമ്പോൾ ഇതും കൂടി ഓർമ്മയിൽ ഉണ്ടായിരിയ്ക്കണം.”

ദുര്യോധനാദികളുടെ അടുത്ത് എത്തുമ്പോൾ സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കരുതെന്ന്. മറക്കേണ്ടത് ഓർമ്മിയ്ക്കാതിരിയ്ക്കാനും ഓർക്കേണ്ടത് മറക്കാതിരിയ്ക്കാനും കൃഷ്ണനെ ആരും ഉപദേശിയ്‌ക്കേണ്ടതില്ല. ഓർത്തു. ദൂത് വായുവിനെക്കാൾ വേഗത്തിൽ അമ്പേ പൊട്ടി. യുദ്ധം പുറപ്പെട്ടു.

ദുശ്ശാസനന്റെ നെഞ്ചിൽ ഓപ്പൺ ഹാർട്ട്‌ സർജറി നടത്തി ഭീമൻ രക്തം കൊണ്ട് പാഞ്ചാലിയുടെ മുടി കെട്ടി. ഭാഗ്യം. അന്ന് hiv, hepatitis b, c, ഒന്നും ഇല്ലാതിരുന്നത്.
….
എന്റെ വിദൂര ബന്ധത്തിലുള്ള ഒരു സ്ത്രീയെ കുറെ വർഷങ്ങൾക്ക് മുൻപ് കാണുക ഉണ്ടായി. പാഞ്ചാലിയുടെ അത്ര പോയിട്ട് നാലിലൊന്ന് പോലും ഇല്ലെങ്കിലും വർഷങ്ങളായി മുടി അവർ അഴിച്ചിട്ടിരിയ്ക്കുന്നു.

അത് കെട്ടിവയ്ക്കണമെങ്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട ഭർത്താവിന്റെ കേസ് ശരിയായി അന്വേഷിച്ചു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണം.

നിരവധി നിവേദനങ്ങളും പരാതികളും കൊടുത്തിട്ട്, പതിവുപോലെ, അന്വേഷണം എങ്ങുമെത്താതെ അന്തരീക്ഷത്തിൽ കർപ്പൂരം പോലെ ലയിച്ചു പോയി എങ്കിലും, അവരുടെ മുടി അവരുടെ മാത്രം കരിങ്കല്ല് പോലെ കഠിന ശപഥത്തെ ഓർമ്മിപ്പിച്ചു അഴിഞ്ഞു കിടന്നു.

പിന്നീട് എന്തായി എന്നറിയില്ല..

മുടി ആയുധം ആക്കിയവർ മുൻപും ഉണ്ടായിരുന്നു.

ഇംഗ്ലീഷ് സിവിൽ വാറിൽ ഒലിവർ ക്രോംവെല്ലിന്റെ അനുയായികൾ മുടി ക്രോപ് ചെയ്തു പ്രതിഷേധിച്ചു, രാജാവിന്റെ പക്ഷക്കാരുടെ ചുരുണ്ടു നീണ്ട മുടിയ്ക്ക് എതിരായി.

മുടിയ്ക്കു എതിരെ മുടി കൊണ്ട് പ്രതിഷേധിയ്ക്കുക.
….
കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഇര യെ തല മൊട്ടയടിയ്ക്കുക പ്രത്യേകിച്ച് സ്ത്രീകളെ, പതിവായിരുന്നു. അങ്ങനെ ഇരയെ മാനസികമായി തകർക്കുക.

ചുരുക്കത്തിൽ ഒരാളുടെ അഭിമാനം, സൗന്ദര്യം, വ്യക്തിത്വം,ആത്മവിശ്വാസം, രാഷ്ട്രീയം, മതം, വർഗം, എല്ലാം മുടിയിലുണ്ട്. മുടി അതിനെയെല്ലാം പ്രതിനിധീകരിയ്ക്കുന്നു.

കാൻസർ രോഗികളായ സ്ത്രീകളിൽ ചിലരെങ്കിലും കീമോ ചെയ്താൽ മുടി പൊഴിയും എന്ന ആശങ്കയാൽ ചികിത്സ യ്ക്ക് പോകാൻ മടിയ്ക്കുന്നുണ്ട്.

മരണത്തേക്കാൾ മുടിയെ സ്നേഹിയ്ക്കുന്നത് അത് വൈകാരിക തലങ്ങളെ സ്പർശിയ്ക്കുന്നത് കൊണ്ട് കൂടിയാണ്.

സൗന്ദര്യം എന്ന വൈകാരിക ലോല പ്രദേശത്തെ തകർത്തു കൊണ്ട് കടന്ന് പോവുന്ന ഒന്നിനെ സ്ത്രീ ഭയപ്പെടുന്നു, വെറുക്കുന്നു.

മുടിയില്ലായ്‌മ വൈരൂപ്യം ആണെന്ന് സ്ത്രീ കളിൽ ഭൂരിപക്ഷവും വിശ്വസിയ്ക്കുന്നു. പുരുഷൻമാരും.
….
അങ്ങനെ ഒരു പശ്ചാത്തലത്തിൽ ആണ്, ശാന്തി വനത്തിൽ kseb കയറി മരങ്ങൾ വെട്ടാൻ തുടങ്ങിയപ്പോൾ, അതിന്റെ സംരക്ഷക മറ്റ് മാർഗ്ഗങ്ങൾ അടഞ്ഞപ്പോൾ സ്വന്തം മുടി മുറിച്ചു പ്രതിഷേധിച്ചത്.

മാത്രം അല്ല വേണ്ടപ്പെട്ടവർക്ക് അയച്ചു കൊടുക്കാനും തീരുമാനിച്ചിരിയ്ക്കുന്നു.

വൃക്ഷങ്ങൾ അവർക്ക് മക്കളെ പ്പോലെ ആണ്. ശിഖരങ്ങൾ വൃക്ഷ മുടികൾ ആണ്‌. അതാണ് നിഷ്കരുണം മുറിച്ചു മാറ്റപ്പെട്ടത്.

അവർ ദുർബല ആവാം. പക്ഷെ അവരുടെ അറുത്തു മാറ്റപ്പെട്ട നിർജീവമായ മുടി ജീവനിട്ട് ചിരഞ്ജീവി ആയി മാറിയേക്കാം.

നിരുപദ്രവികൾ ആയ മുടിയിഴകൾ സർപ്പ കുഞ്ഞുങ്ങൾ ആയി ചിലരെ തിരിഞ്ഞു കൊത്തിയേക്കാം.

ജനങ്ങളെ ചില സന്ദർഭങ്ങളിൽ വേദനിപ്പിയ്ക്കുന്ന, മറക്കാനാവാത്ത ചില കാഴ്ചകൾ, സ്വാഭാവികമായി സ്വാധീനിച്ചേക്കാം.

മുടിയിഴ നൂൽപ്പാലം നരകത്തിൽ മാത്രം അല്ല ഈ ഭൂമിയിലും ഉണ്ട്. ചില നേരങ്ങളിൽ അത് പൊട്ടിപ്പോകാതെ വൈരാഗ്യത്തിന്റെ, അപമാനത്തിന്റെ, ആൾ ഭാരം താങ്ങും.

മുടി വെറും ജഡവസ്തു അല്ല, കെരാറ്റിൻ എന്ന പ്രോട്ടീൻ മാത്രം അല്ല, രോമകൂപങ്ങളിൽ മാത്രം ജീവനുള്ള വെറും . 017-.18mm ഘനം ഉള്ള നാരിഴ മാത്രം അല്ല, അത് ഒരു വിഷം പുരണ്ട ആയുധം കൂടിയാണ്, ചിലർക്കെങ്കിലും, ചിലപ്പോഴെങ്കിലും.

സ്വന്തം ശരീരം ആയുധം ആക്കുന്നവർ അതിതീവ്ര വേദന അനുഭവിച്ചിട്ടാണ്. നിസ്സഹായർ ആണ്. മറ്റു മാർഗങ്ങൾ അടയുമ്പോൾ ആണ്‌. അവരെ ഒപ്പം നിർത്തേണ്ടതുണ്ട്.