യുവതി ജോലിചെയ്ത ആശുപത്രി അഥവാ പപ്പട നിർമ്മാണക്കമ്പനി

929

യുവതി ജോലിചെയ്ത ആശുപത്രി അഥവാ പപ്പട നിർമ്മാണക്കമ്പനി
Ganga S 

1991 കാലം.

ഒരു ചെറിയ കൊട്ടാരത്തിൽ (ആശുപത്രി) ഞാൻ ജോലി ചെയ്തിരുന്നു. അത്യാവശ്യം പ്രജകൾ സങ്കടം ഉണർത്തിയ്ക്കാൻ രാവിലെ മുതൽ എത്താറുണ്ട്. ഓ പി മാത്രം അല്ല പള്ളിയറയിൽ കിടത്തി ചികിത്സയും (ഐ പി ) ഉണ്ട്.

ടൗണിന്റെ ഉപഗ്രഹ ഏരിയ ആയിരുന്നതിനാൽ കൊട്ടാരത്തിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു.

ധാരാളം കശുവണ്ടി കമ്പനികളും തൊഴിലാളികളും ഉള്ള തായിരുന്നു ഭരണ പ്രദേശം.

സമീപപ്രദേശത്തു വേറെ ‘സാമന്ത രാജ്യ ങ്ങൾ (ആശുപത്രി കൾ )വലുതും ചെറുതും വേറെ ഉണ്ട്.

ഒരു ദിവസം തിരക്ക് നേരത്തെ കഴിഞ്ഞു. 5 മണിക്ക് ഡ്യൂട്ടി തീരും. ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങാം അല്ലോന്ന് പൊടി സന്തോഷം മനസ്സിലിട്ട് കുലുക്കി.

“ആരവിടെ “. നേഴ്സ് തല കാണിച്ചു.
നേഴ്സ് : റാൻ
ഞാൻ :: അപ്പോൾ ഇന്നത്തെ കച്ചോടം തീർന്നു. ലാഭം ആണോ നഷ്ടം ആണോ?

നേഴ്‌സ് :ചോയിക്കാൻ ഉണ്ടോ?

ഞാൻ :എന്നാ ഇവിടുന്ന് വിട കൊള്ളട്ടെ

നേഴ്‌സ് : വരട്ടെ.

എന്ത് വരട്ട് വാദം ആവും സിസ്റ്റർ ഉന്നയിയ്ക്കാൻ പോകുന്നത്??

നേഴ്‌സ് : ഒരു പ്രജ സങ്കടം ഉണർത്തിയ്ക്കാൻ വന്നിട്ടുണ്ട്.

ആരാ.
തുണി ഉടുപ്പിയ്ക്കേണ്ട(ഡ്രസ്സിങ് ) കേസ് ആണ്..

കുറച്ചു മുൻപ് ഒരു ചെറുപ്പക്കാരൻ ഒരാളുടെ തോളിൽ പിടിച്ചു മുറ്റം കടന്ന് സ്ലോ മോഷനിൽ വരുന്നത് കണ്ടിരുന്നു.
കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. (ആക്‌സിഡന്റ് ആവും.മുൻ‌കൂർ വിധി നമ്മുടെ രക്തത്തിൽ അലിഞ്ഞത് ഇതുവരെ കട്ടി ആയിട്ടില്ല )

പ്രജ മുഖം കാണിച്ചു. ആളത് തന്നെ.
തിരുവനന്തപുരം കൊട്ടാരത്തിലെ (മെഡിക്കൽ കോളേജ് ) ശുപാർശ കത്തും ഉണ്ട്.

എന്താവും വലിയ കൊട്ടാരത്തിൽ നിന്നുള്ള അരുളിപ്പാട്?

അത് നമ്മുടെ മാതൃ കൊട്ടാരം ആണ്. അവിടുന്ന് ആണ് അടവും അങ്കവും (മെഡിസിൻ ) പഠിച്ചിറങ്ങിയത്.

വിടുതൽ തീട്ടൂരം വിശദമായി തൃക്കൺപാർത്തു. (discharge card വായിച്ചു. ത്രേ സംഭവിച്ചു ള്ളൂ ).

Assault( അടിപിടി), mlc (medico legal case), ആരോഗ്യ നിയമ പരിപാലന വകുപ്പ് ജോയിന്റ് ആയിട്ട് ആണ്.

സർജൻ, മയക്കു ഭിഷഗ്വരൻ, വെട്ടി ഒട്ടിപ്പ് അപ്പോത്തിക്കിരി ഗിരി (പ്ലാസ്റ്റിക് സർജൻ ) തുടങ്ങിയവർ ആഞ്ഞു പണിതിട്ടുണ്ട്.

ന്നിട്ട്, അവസാനം ഒരു ഉപദേശം.

c&d from local hospital. ന്ന് വച്ചാൽ? അടുത്തുള്ള ഏതെങ്കിലും ലോക്കൽ പയലുകള് ബാക്കി കൈകാര്യം ചെയ്യാൻ.

പോരേ പൂരം.

ഇന്നത്തെ നേരത്തെ വീട്ടിൽ പോക്ക്? സ്വാഹാ ! ന്ന് വച്ചാൽ?

വക കണ്ടത് വടി മേലായി. ഈവിനിംഗ് ഷോപ്പിംഗ് (വൈകുന്നേരം ചന്ത നിരക്കം )എന്ന മോഹം വടി കുത്തിപ്പിരിഞ്ഞു.

“വടി പിടിയ്ക്കാൻ പറഞ്ഞതാ മെഡിക്കലിൽ നിന്ന്.” നാണക്കേടിന്റെ വിടരാത്ത ചിരി.

. ആ വടി അല്ല ഈ വടി, ന്ന് പറഞ്ഞു കൊടുക്കാൻ ആരുമില്ലേ അവിടെ.

റാൻ. ഇവിടെ ആണ്. അന്തപുരത്തിൽ നാളത്തെ പുഴുക്ക്(ഓട്ടോ ക്ലേവ് ) തയ്യാർ ആക്കുന്നു.

ആട്ടോക്ലേവ് യന്തിരൻ ഓഫ്‌ ആക്കി നേഴ്‌സ് മന്ത്രി എത്തി.

പ്രജ ഡ്രസ്സിങ് ടേബിളിൽ (കിടത്തി ഒരുക്കു മേശ ) കിടന്നു.

എവിടെയാ വച്ചു കെട്ടേണ്ടത്?
(പ്ലാസ്റ്റർ ഇട്ട തിനിടയിൽ ഒരു ജനാല കാണുന്നുണ്ട്. അതാവും. എന്ന എന്റെ ആദ്യ നിഗമനം എടുത്തു ചവറ്റു കുട്ടയിൽ ഇട്ടു ).
എവിടെയാ വച്ചു കെട്ടേണ്ടാത്തത്?

പ്രജയുടെ ദേഹം ഒരിഞ്ചു ഭൂമി പോലും ഇല്ലാതെ മൊത്തം കുരുക്ഷത്രം ആക്കിയിരിയ്ക്കുന്നു. ഒരു കലാപരിപാടി പ്രദേശം ആണ് മുന്നിൽ !

നേഴ്‌സ് പുഴുക്ക് (ഡ്രസ്സിങ്ങിനുള്ള സ്ഥാവര ജംഗമ സാധനങ്ങൾ ) ഒരു ലോഡ് ഇറക്കി. .

പഞ്ഞി കിഞ്ഞി, തുണി കിണി , കത്തി, സർജിക്കൽ ബ്ലേഡ് , കത്രിക, കൊടിൽ (artery) ബീറ്റാഡിൻ കീറ്റാഡിൻ, പ്ലാസ്റ്റർ (പ്രജ വേദന കൊണ്ട് കരയുമ്പോൾ വായിൽ ഒട്ടിയ്ക്കാൻ അല്ല എന്ന് സമാധനിപ്പിച്ചു. )

പ്രജ : (ആത്മ ഗതം ) വേദന? ഇത്‌ എന്ത്?

എത്ര വേദനയുടെ കണ്ടങ്ങൾ വഴി ഓടിയിട്ട് എത്ര പൊട്ടക്കിണറുകളിൽ വീണിട്ട് ആണ് ഇവിടെ എത്തിയിരിയ്ക്കുന്നത്. വേഗം സ്പിരിറ്റിൽ പഞ്ഞി മുക്കി( മുറി )വായിൽ വച്ച് അനുഗ്രഹിച്ചാലും.

കൊതിയ്ക്കണ്ട.
ഇത് methylated (സർജിക്കൽ )സ്പിരിറ്റ്‌ ആണ് ethylated (മിണുങ്ങുന്ന )അല്ല.

ഇത്‌ എന്തരപ്പീ !

ആക്‌സിഡന്റ് ആവും എന്ന നിഗമനം അടി പടലെ തെറ്റ്. എവിടെ ആണ് പണി തുടങ്ങേണ്ടത് എന്ന ചോദ്യം ഞാൻ മിണുങ്ങി.

സിസ്റ്ററെ.മന്ത്രി യ്ക്കു വിളി പോയി.
റാൻ.മറു വിളി വന്നു

ലോഡ് തികയൂല്ല. ഇവിടെ ഒരാഴ്ചത്തേക്ക് തയ്യാർ ആക്കിയ പുഴുക്ക് (ഓട്ടോക്ലേവ് ചെയ്തതും ചെയ്യാത്തതും ആയ സകല മാന സാമഗ്രികളും )എല്ലാം ആയി അടുത്ത ലോഡുകൾ എപ്പിസോഡുകൾ ആയി വരട്ടെ.

ഇപ്പോൾ വരട്ട് വാദം എനിയ്ക്കു ആയി.

പ്രജീഷ് (യഥാർത്ഥ പേര് അല്ല )എന്ന ചെറുപ്പക്കാരൻ പ്രജ അല്ല മേശമേൽ കിടക്കുന്നത്.

ഒരു മുഴുവൻ മീൻ വരഞ്ഞു വച്ചിരിയ്ക്കുന്നു വറുക്കാൻ വേണ്ടി!!
തല മുതൽ പാദം വരെ. മൂർച്ച ഉള്ള കത്തി കൊണ്ടു ആഴത്തിൽ വരഞ്ഞതാണ് .

ഉണങ്ങി യതും വാടിയതും പഴുത്തതും ഉണങ്ങിത്തുടങ്ങിയതും ആയ മുറിവുകൾ. കാലിൽ എല്ലുകൾ ഒടിഞ്ഞിട്ടുണ്ടായിരുന്നു.

ഞാൻ : ഇതെന്താ സംഭവം.(പണി തുടങ്ങി. ആയുധങ്ങൾ എടുത്തു. )

പ്രജ :കൊട്ടേഷൻ ആണ് ഡോക്ടർ.

ആരുടെ? എന്തിനു?

ഡ്രസ്സിങ്ങിനിടയിൽ പ്രജീഷ് സംഭവം വിവരിച്ചു. പോലിസ് ഭാഷ്യം ഇങ്ങനെ.
എങ്ങനെ?

കശുവണ്ടി കമ്പനിപ്പടിയ്ക്കൽ വച്ചു ചിലർ ഒരു പെൺകുട്ടിയെ ‘കമന്റ് അടിച്ചത്’, പ്രജീഷ് മൃദുവായി ആണോ തീവ്രം ആയിട്ട് ആണോ എന്തോ ‘ചോദ്യം ‘ചെയ്തു!!

അന്ന് അർധരാത്രി ആയപ്പോൾ വീട്ടുപടിയ്ക്കൽ ഒരു വാഹനം വന്നു നിൽക്കുന്ന ഒച്ച. ചൂട് കാരണം നിലത്ത് കിടക്കുകയായിരുന്നു പ്രജീഷ്.

‘പോയി ചോദിച്ചിട്ടു വരിനെടാ പുള്ളാരെ ‘ന്ന് നാടകം (കൊട്ടേഷൻ) മുതലാളി യുടെ അടക്കം പറച്ചിൽ അടുത്ത വീട്ടിൽ കേട്ടു.

ലൈറ്റ് ഓഫ്‌ ആയി. (ഫ്യൂസ് ഊരി.).
നാടകം തുടങ്ങാൻ പോകുന്നു .
രംഗപടം (കതക് )ഉയർന്നു ( ചവിട്ടി ഇടിച്ചു എടുത്ത് മാറ്റി വച്ചു). . പിന്നെ തെല്ല് നിശബ്ദത.

അടുത്ത ബെല്ലോട് കൂടി ചവിട്ടു നാടകം ആരംഭിയ്ക്കുകയാണ് !

അകത്തു വന്ന പയലുകൾ പ്രജീഷിനെ അറഞ്ചാ പൊറഞ്ചാ ന്ന് വെട്ടി. വെട്ടിക്കൂട്ടി. എണ്ണാനൊന്നും പറ്റിയില്ല.

കൈ കൊണ്ട്ആണോ കാലുകൊണ്ടാണോ തല കൊണ്ടാണോ അയാൾ തടുത്തത് എന്നറിഞ്ഞു കൂട. .

ഇരുട്ട് ആയിരുന്നത് കൊണ്ടും, നിലത്ത് കിടക്കുകയായിരുന്നു എന്നത് കൊണ്ടും കഴുത്ത്, കരൾ, ഹൃദയം, കുടൽ, കിഡ്നി മുതലായ പ്രധാനപ്പെട്ട പ്രശ്‌നബാധിത പ്രദേശങ്ങൾ ആക്രമിയ്ക്കപ്പെട്ടില്ല.

കേന്ദ്ര ഭരണ സിരാ മണ്ഡലങ്ങളിലും(തലച്ചോർ, സുഷുമ്‌ന നാടി ഇത്യാദി ) സാരമായ വെട്ട് കൊണ്ടിട്ടില്ല..

ജീവനും ബോധവും ഒഴികെ ബാക്കി മുഴുവൻ .കട്ട് പീസ് ആക്കി. ശുഭ സമാപ്തി പ്രതീക്ഷ യോടെ ‘പോയി ചോദിച്ചിട്ട് വരിനെടാ പുള്ളാരെ ‘ എന്ന നാടകവണ്ടി വന്ന വഴിയേ തിരിച്ചു പോയി…

അത്,

‘വള്ളം സരോജിനി അക്ക ‘ (യഥാർത്ഥ പേരല്ല )യുടെ കൊട്ടേഷൻ ആയിരുന്നു. അക്കച്ചിയ്ക്ക് വേണ്ടപ്പെട്ടവരോ ബന്ധുക്കളോ ആയിരുന്നു പ്രജീഷ് ഉടക്കിയ ഡീസന്റ് പാർട്ടികൾ.

അക്കച്ചി വണ്ടിയുടെ കോക്ക് പിറ്റിൽ ഇരുന്ന് ആണ് പുള്ളാരെ അനുഗ്രഹിച്ചു വിട്ടത്.

കൊട്ടേഷൻ മുതലാളിച്ചി !

‘അക്കച്ചിയുടെ കുഞ്ഞു വാവകൾ’ കൊട്ടേഷൻ അത്ര പ്രശസ്തം ആണോ.

ചോയിക്കാനുണ്ടോ. ഓളുടെ പുള്ളാര് ആറ്റിന്റെ തീരത്തെ സ്ഥിരകമ്പനികൾ ആണ്.

വച്ചുകെട്ടു ഒരു മണിക്കൂർ നീണ്ടു.
……
ഞാൻ ആദ്യമായിട്ടാണ് ഒരു കൊട്ടേഷൻ കൊലപാതക കേസ് എന്ന നാടകത്തിന്റെ പശ്ചാത്തല രംഗപടവും പരിണാമഗുസ്തി (ഗുപ്തി )യും നേരിട്ട് കാണുന്നത്.

അതും പെൺ ഗുണ്ട ( ഗുണ്ടി ) വക.
പെണ്ണിന്റെ കൊട്ടേഷൻ ആയത് കൊണ്ടാണോ, തീവ്രത കുറഞ്ഞത്? പ്രജീഷ് രക്ഷപ്പെട്ടത്?
…..

അതിന് മുൻപ് ഞങ്ങളുടെ നാട്ടിൽ അതിതീവ്ര സ്വഭാവം ഉള്ള ഒരു പ്രാദേശിക സംഘടനയുടെ ആൾക്കാർ കൈ വെട്ടി വീടിന്റെ തിണ്ണയിൽ വച്ചതും,

ഓടി മതിൽ കയറിയ ഒരാളുടെ കാലുകൾ വെട്ടി മാറ്റിയതും,

40 ഓളം ആൾക്കാർ ഓടിച്ചിട്ട് ഒരാളെ (കുറേ വീടുകളിൽ ഓടിച്ചെന്നു കയറിയിട്ട് ഇര യ്ക്കു ആരും അഭയം കൊടുത്തില്ല ) വെട്ടികൊന്നതും, ആയ
ചില സസ്പെൻസ് വയലൻസ് ത്രില്ലർ കഥകൾ നാട്ടിൻപുറം പൂച്ചം പൂച്ചം അടക്കി പറയുന്നത് കേട്ടിരുന്നു…

1920-40 കളിൽ, അച്ചാച്ചന്റെ (അമ്മയുടെ അച്ഛൻ )പഴയ വീടിന്റെ തട്ടിൻ പുറത്ത് വടിവാൾ, കണ്ഠകോടാലി തുടങ്ങിയ ചെറുകിട ആയുധ ശേഖരം ഉണ്ടായിരുന്നതായി മറ്റേമ്മ വക വാമൊഴി കഥകൾ ഉണ്ടായിരുന്നു.

അച്ചാച്ചന്റെ മരിച്ചു പോയ അനുജൻ വക ആയിരുന്നു പൊടിയും മാറാലയും പിടിച്ചു കിടന്ന മേപ്പടി ആയുധങ്ങൾ !

വടിവാൾ തിരിച്ചും മറിച്ചും പിടിയ്ക്കുമ്പോൾ കിലുങ്ങും ത്രേ!

കഴുത്ത് മുറിയ്ക്കുന്ന കോടാലിയുടെ കൈപിടിയ്ക്കു നീളം കുറവ് ആണ്. ഇരുമ്പ് ഭാഗത്തിനു സാധാരണ കോടാലിയെക്കാൾ നല്ല നീളം ഉണ്ട്. കൃത്യമായി കഴുത്ത് ഒറ്റ വെട്ടിനു രണ്ടാക്കും ത്രേ. !
….
അതൊക്കെ രാത്രി കാലങ്ങളിൽ ഭാവനയുടെ കരിഞ്ചായം പുരട്ടി വന്നു ഉറക്കത്തെ പേടിപ്പിച്ചിരുന്നു.
……
കുറച്ചു ദിവസങ്ങൾ, തിരക്ക് ഒഴിഞ്ഞ ഉച്ചകളിൽ പ്രജീഷ് ഡ്രസ്സിങ്ങിനു വന്നിരുന്നു.

പ്ലാസ്റ്റർ വെട്ടിക്കഴിഞ്ഞു. മുറിവുകൾ അപ്പോഴേയ്ക്കും ഉണങ്ങി കഴിഞ്ഞിരുന്നു.
വടുക്കൾ നിറഞ്ഞ രൂപം.

കൊട്ടാരത്തിനു (ആശുപത്രി) പ്രജ ഒരു മുതൽക്കൂട്ട് ആയിരുന്നു എന്ന് നന്ദിയോടെ ഞാനും മന്ത്രി (നേഴ്‌സ് )യും പിൽക്കാല ദർബാർ മീറ്റിംഗുകളിൽ നന്ദിയോടെ സ്മരിച്ചിരുന്നു.


92 ഡിസംബർ വരെ കുറഞ്ഞ കാലം മാത്രമേ ഞാൻ ആ കൊട്ടാരം ഭരിച്ചിരുന്നുള്ളു (ആശുപത്രിയിൽ ജോലി ചെയ്തിരുന്നുള്ളു).
………

2002 ൽ പത്തു വർഷങ്ങൾ ക്ക് ശേഷം ഞാൻ ആ ‘കൊട്ടാര’ത്തിന് യുടെ മുന്നിൽ കൂടി യാത്ര ചെയ്യാനിട വന്നു….

കൊട്ടാരം അതേ പോലുണ്ട്.

പക്ഷെ ‘പപ്പട നിർമ്മാണ കമ്പനി ‘എന്ന് പുതിയ ബോർഡ് അതിന്റെ മട്ടുപ്പാവിൽ തൂക്കിയിരുന്നു.

പടയാളികൾ ദർബാർ ഹാളിൽ (പഴയ ഓ പി കം ഡ്രസ്സിങ് റൂം ) നിന്ന് പപ്പടക്കെട്ട് പരിചകളുമായി ഇറങ്ങി വരുന്നുണ്ടായിരുന്നു…

Ganga s

Previous articleഹിറ്റ്ലറെ കുറിച്ച് എന്തൊക്കെയറിയാം ?
Next articleപുകവലിയുടെ രസതന്ത്രം 
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.