ദർഭംഗയിലെ 15 കാരി ജ്യോതി കുമാരിയുടെ കഥ നമുക്ക് സങ്കല്പിയ്ക്കാനേ പറ്റില്ല

51

ദർഭംഗയിലെ 15 കാരി ജ്യോതി കുമാരിയുടെ കഥ നമുക്ക് സങ്കല്പിയ്ക്കാനേ പറ്റില്ല. അപകടത്തിൽ പരുക്കേറ്റ അച്ഛനെയും പിന്നിലിരുത്തി ആ കുട്ടി സൈക്കിളിൽ സഞ്ചരിച്ചത് 1200 കി മി. സ്വന്തം ആയി സൈക്കിൾ ഇല്ല, സെക്കൻഡ് ഹാൻഡ് ഒരെണ്ണം മേടിച്ചത് കൂട്ടീ വച്ച കാശ് എടുത്തു ആണ്. അങ്ങനെ സ്വന്തം ആയി സൈക്കിൾ മേടിയ്ക്കാൻ പറ്റാത്തവർ പലരും പലയിടത്തും നിന്നും ഗതികെട്ട് സൈക്കിളുകൾ മോഷ്ടിച്ചു. എല്ലാം തന്നെ പലായനത്തിന് വേണ്ടി മാത്രം.

തങ്ങൾ നിൽക്കുന്നിടത്തു നിന്ന് പുറത്താക്കപ്പെട്ടാൽ തൊഴിൽ, കൂലിയും ഇല്ലാതെ എങ്ങനെ വാടക കൊടുക്കും? ഭക്ഷണം മേടിയ്ക്കും? അർദ്ധ പട്ടിണിയിലും, തളർച്ചയിലും രോഗം, ഗർഭം മുതലായ അവശതകളിലും അവർക്ക് ശരണം ആയി ഒന്നും തന്നെ ഇല്ല. ആയിരക്കണക്കിന് കി മി അവർ ജന്മ നാട് ഉപേക്ഷിച്ചു നഗരങ്ങളിൽ, വ്യവസായ കേന്ദ്രങ്ങളിൽ ചെന്ന് ചേക്കേറിയത് തന്നെ ഏക്കർ കണക്കിന് സ്ഥലം, ഫ്ലാറ്റ്, ബംഗ്ലാവ്, കിലോക്കണക്കിന് സ്വർണ്ണം, കോടികണക്കിന് ബാങ്ക് ബാലൻസ് മോഹം കൊണ്ട് അല്ല. സ്വന്തം നാട്ടിൽ കിടന്നു പട്ടിണി കൊണ്ട് മരിച്ചു പോകാതിരിക്കാൻ അവർ നാടും വീടും വിട്ടു പോന്നു. പുതിയ മരുപ്പച്ച തേടി. മടക്ക യാത്രയിൽ അവരിൽ ചിലർ ചാക്കുകൾ കൊണ്ട് തൊട്ടിൽ ഉണ്ടാക്കി, കമ്പും മരക്കഷണങ്ങളും കൊണ്ട് വണ്ടികൾ ഉണ്ടാക്കി. ഭാവനാ ശേഷി ഉണർത്താനല്ല, . തങ്ങളുടെ ഭിന്ന ശേഷിക്കാരായ മക്കളെ, ഗർഭിണികളെ, കുട്ടികളെ ചുമന്നും വലിച്ചും ആയിരക്കണക്കിന് കി മി ദൂരം യാത്ര ചെയ്യാൻ.

15 Year Old Jyoti Kumari Who Cycled 1200 Km Amid Lockdown Invited ...നഗരങ്ങൾ കെട്ടിപ്പൊക്കാൻ പണിയെടുത്ത, ഇന്ത്യയുടെ ആത്മാക്കൾ, ഇന്ത്യയുടെ മണ്ണിലൂടെ തലങ്ങും വിലങ്ങും കാൽനടയായി സഞ്ചരിച്ചു. അതൊരു സഹന സമരം അല്ല. സഹന യാത്ര ആയിരുന്നു.നടപ്പിന് രാഷ്ട്രീയം ഉണ്ടെന്ന് അവർ കാണിച്ചു തന്നു.
അവരുടെ കാലടികളിൽ ഇന്ത്യയ്ക്ക് പൊള്ളി. ചെരുപ്പുകളെ നിഷ്പ്രഭമാക്കുന്ന ചൂടിൽ മുകളിൽ പോലും തണൽ ഇല്ലാതെ, താഴെ മണ്ണില്ലാതെ ഉരുകിയ ടാറിലൂടെ അവരുടെ കൊടിയ ദുരിതങ്ങൾ പേറി നടന്നു. അവരുടെ രക്തവും വിയർപ്പും വീണു ഇന്ത്യയുടെ മണ്ണ് കുതിർന്നു.വീണു പോയവർ, മരിച്ചവർ, അപകടത്തിൽ പെട്ടവർ,

അവർ ആയിരക്കണക്കിന് പേർ. തമ്മിൽ തമ്മിൽ കാശോ വാഹനമോ കൊടുത്ത് സഹായിക്കാൻ കഴിവില്ലാത്ത സമാന അവസ്ഥയിലുള്ളവർ. അത്ഭുതം എന്താണെന്ന് വച്ചാൽ അവർക്ക് നേതാക്കൾ ഇല്ല. കൊടിയ ദാരിദ്ര്യം, തൊഴിൽ രംഗത്തുൾപ്പെടെ നിരവധി ചൂഷണങ്ങൾ, കൂലിക്കുറവ്, ഏറ്റവും ദരിദ്ര്യ ചുറ്റുപാടുകൾ, കൂടിയ വാടക, എന്നിട്ടും അവർക്കിടയിൽ നേതാക്കൾ ഇല്ല. അതെന്തു കൊണ്ട്? അവരുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നിൽ നിൽക്കാൻ ആരുമില്ലേ? തൊഴിലാളി സംഘടനകൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വെവ്വേറെ ഉണ്ടല്ലോ. പിന്നെന്ത് കൊണ്ട് അവർക്ക് ഇല്ലാതായി? അങ്ങനെ ഒരാൾ അല്ലെങ്കിൽ ഒരു സംഘടന ഉണ്ടാവാൻ മേലാളർ സമ്മതിയ്ക്കില്ല. മുളയിലേ നുള്ളും. മുതലാളിമാർക്ക് ആണ് അങ്ങനെ ഒരാളും ഉയർന്നു വരരുത് എന്ന ആവശ്യം ഉള്ളത്. അവർക്ക് വേണ്ടി നില കൊള്ളുന്ന സർക്കാരുകളും അക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുന്നു.

അവർ സംഘടിക്കരുത്. സർവ്വ രാജ്യ തൊഴിലാളി കൾ പോട്ടേ, നഗര തൊഴിലാളി കൾ എന്നും അടിമകൾ ആയി ജോലി മെച്ചം, കൂലി തുച്ഛം എന്ന മുതലാളിമാരുടെ മുദ്രാവാക്യത്തിന് കീഴിൽ പണിയെടുക്കണം. ഏതെങ്കിലും ഒരാൾ നാവ് ഉയർത്തിയാൽ അത് അടിച്ചമർത്തണം. എന്നിട്ടും താഴ്ത്തിയില്ലെങ്കിൽ ചവിട്ടി അരയ്ക്കണം. അതിന്, അവർക്ക് വിദ്യാഭ്യാസം ഉണ്ടാവരുത്. പഠിയ്ക്കാൻ അവസരം ഉണ്ടാവാതിരിക്കാൻ അച്ഛനമ്മമാർക്ക് കുറഞ്ഞ കൂലി . അപ്പോൾ മക്കൾ ചെറുപ്പത്തിൽ പഠനം നിർത്തി ജോലി ചെയ്തോളും. , ജനസംഖ്യ നിയന്ത്രണം ഉണ്ടാവരുത്. ചോദ്യങ്ങൾ ചോദിയ്ക്കുന്നവർ ഉണ്ടാവാനേ പാടില്ല. അങ്ങനെ കോടിക്കണക്കിനു ആൾക്കാർ വേണം വ്യവസായ മുതലാളിമാർക്ക്, സമ്പന്നരുടെ വിടുവേല ചെയ്യാൻ അവരെ ആവശ്യം ഉണ്ട്. ഇനി ലോക്ക് ഡൗണിൽ അവർ കോടിക്കണക്കിനു ദരിദ്രർ, മരിച്ചാലും, വീണ്ടും കോടിക്കണക്കിനു അടിമകളെ കിട്ടും ദിവസക്കൂലിയ്ക്കു.
അവരുടെ ജീവിത നിലവാരം ഒരിക്കലും ഉയർന്നു പോകരുത്. നിർമ്മാണ പ്രവർത്തനങ്ങൾ അവരെ ആശ്രയിച്ചു ആണ് നടക്കുന്നത്.
ഇത്രയും കാലം എല്ലു മുറിയെ ജോലി ചെയ്തിട്ടും, അവർക്ക് ഇൻഷുറൻസ്, ഈ എസ് ഐ, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ തുടങ്ങി ജീവിതം സുരക്ഷിതമാക്കാൻ വേണ്ടതെന്തെങ്കിലും ഉണ്ടോ? അവർക്ക് വോട്ട് ഉണ്ടോ? അവർ ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിയ്ക്കാൻ അവകാശം ഉണ്ടോ? ഇന്ത്യയുടെ സന്തോഷം ആരുടെ കൈയിൽ ആണ് ഇരിയ്ക്കുന്നത്? ഇന്ത്യയുടെ സന്തോഷ സൂചിക 144 ൽ നിന്ന് ഉയരാൻ ആർക്കു താല്പര്യം?
ഗംഗ എസ്