പണ്ടൊക്കെ എത്ര മഴ പെയ്താലും വീട്ടിൽ വെള്ളം കയറില്ലായിരുന്നു

328

Ganga S

1924 ലെ വെള്ളപ്പൊക്കം എന്റെ അച്ഛനമ്മ മാർ പോലും കണ്ടിട്ടില്ല.

ഞാൻ മുൻപ് കണ്ട ഏറ്റവും വലിയ രണ്ട് പെരുമഴകൾ 74 ലോ മറ്റോ ഒന്നും 92 ൽ മറ്റൊന്നും ആണ്. 74 ലിൽ സ്കൂളിൽ പഠിയ്ക്കുമ്പോൾ ആണ്.
……
താമസിയ്ക്കാൻ വീട് അന്വേഷിയ്ക്കുമ്പോൾ ഒരിയ്ക്കലും വെള്ളം കയറാത്തത് ആവണം, എന്നും വെള്ളം കിട്ടുന്നതും ആവണം എന്നും അമ്മ പറയും, എപ്പോഴും. (. പല കാരണങ്ങളാൽ ഞങ്ങൾ സ്വന്തം നാട്ടിൽ വാടക വീടുകളിൽ താമസിച്ചിട്ടുണ്ട്.)

വീട് നോക്കുമ്പോൾ ആദ്യത്തെ ഡിമാൻഡ് ആണ് വെള്ളം. അത് കൊണ്ട് തന്നെ താമസിച്ചിരുന്ന വീടുകളിൽ വെള്ളം കയറിയിട്ടില്ല. വെള്ളം കിണറ്റിൽ വറ്റിയിട്ടും ഇല്ല. .

ആകെ മുകളിൽ പറഞ്ഞ രണ്ട് തവണ ആണ് വെള്ളം പുരയിടത്തിൽ കെട്ടി നിന്നത്. അതും പാദത്തിന് മുകളിൽ മാത്രം. ഉയർന്ന സ്ഥലം ആയിരുന്നിട്ട് കൂടി.

.
എല്ലാ തുലാവർഷത്തിലും ഇടവ പ്പാതിയിലും വീട്ടിൽ നിന്നും താഴ്ന്നു കിടക്കുന്ന ഇടവഴികളും നാട്ടിലെങ്ങും ഉള്ള വയലുകളും തോടുകളും കുളങ്ങളും നിറയും. നിറഞ്ഞു തുളുമ്പി ഇരമ്പി ഒഴുകും.

സ്‌കൂളിലേക്ക് പോകുന്ന ഇടവഴികൾ കുണ്ടും കുഴിയും നിറഞ്ഞു പല തട്ടുകൾ ആയത് കൊണ്ട് കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഉണ്ടാവും.

സ്കൂളിൽ പോകാൻ പല വഴികൾ ഉണ്ട്. എല്ലാ വഴികളും വെള്ളം നിറഞ്ഞത് ആണ്. വഴികൾ മാത്രം അല്ല മദ്ധ്യേ ഒരിടത്തു ഒരു കുളവും മറ്റൊരിടത്തു ഒരു വയലും ഉണ്ട്.

പടിഞ്ഞാറോട്ട് പോയാൽ വയലിന് നടുവിൽ കൂടി കൈതകൾ കാക്കുന്ന കൊച്ചു തോട് !

അതിലൂടെ ആണ്, 6-7കി മി അകലെ, വടക്ക് കിഴക്കും കിഴക്കും ഉള്ള വയലുകളിൽ നിന്നും വരുന്ന പല തോടുകളും ഒന്ന് ചേർന്ന് കായലിലേക്ക് പെരുവെള്ളം ഒഴുക്കിയിരുന്നത്. നാട് പ്രളയ ത്തിൽ മുങ്ങാതിരിയ്ക്കാനുള്ള സേഫ്റ്റി വാൽവ്.

തെങ്ങിൻ തടിപ്പാലം കയറി ഇറങ്ങിയാൽ വയലിൽ അരയോളം വെള്ളം നിറഞ്ഞിട്ടുണ്ടാവും…

(ഇരുപതു വർഷം മുൻപ് വീണ്ടും അതിലെ പോയപ്പോൾ ആ പാലം ഉണ്ട് , വീടുകൾക്ക് നടുവിൽ ആണെന്ന് മാത്രം. തെങ്ങ് മാറി കോൺക്രീറ്റ് പാലം ആയിട്ട് കുറെയായി. വയൽ അപ്രത്യക്ഷമായി. )
…….
തെക്കോട്ടുള്ള വഴിയിൽ കൂടി വന്നാൽ അവിടെയൊരു കുളം നിറഞ്ഞു സർക്കാർ സ്കൂളിന്റെ ഗ്രൗണ്ടിൽ കയറി കിടക്കുന്നുണ്ടാവും. അതിലൂടെ അരയോളം വെള്ളത്തിൽ നടന്നു നനഞ്ഞു ഞങ്ങളുടെ സ്കൂളിൽ പോകാനായിരുന്നു ഇഷ്ടം. അതുമല്ലാതെ വഴിയുണ്ടെങ്കിലും….

സർക്കാർ സ്കൂളിന്റെ തെക്ക് ഭാഗത്തു ഉറക്കം തൂങ്ങി മരത്തിന്റെ ഇലകൾ വീണു അഴുകിയ കറുത്ത വെള്ളം മാത്രം ഒഴിവാക്കും.

. ഞങ്ങളുടെ സ്കൂളിൽ അങ്ങനെ വെള്ളം കെട്ടി നിൽക്കില്ല.

എന്നാലും എലി, ഡെങ്കി , തക്കാളി, പന്നി, H 1N 1തുടങ്ങിയ പനികൾ അക്കാലത്തു ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് നാടൻ ഫ്ലൂ എന്നറിയപ്പെടുന്ന വൈറൽ പനിയും, ടൈഫോയ്ഡ് എന്ന പനികളുടെ രാജാവും.

92 ലെ വമ്പൻ മഴയിൽ കിണറിലെ വെള്ളത്തിന്റെ അളവ് തറനിരപ്പിൽ നിന്ന് അര അടിയോളം ഉയർന്നു. ആദ്യമായിട്ടാണ്.

വീടിന്റെ തെക്ക് വശത്തിരുന്ന, പപ്പയുടെ മീൻ ടാങ്കുകളിൽ നിന്ന് തടവ് ചാടിയ ചുവപ്പ് ഗപ്പികൾ വടക്ക് മുറ്റത്തു കിടന്ന് മാരത്തൺ ഓട്ടം ഓടുന്നത് കണ്ടു. പരോളിൽ ഇറങ്ങിയ ബ്ലാക്ക് മോളികളെയും വൈറ്റ് മോളിയേയും ഗൗരാമിയെയും കിട്ടിയില്ല. അവർ വെള്ളം ഇറങ്ങിയപ്പോൾ ചത്തു പോയിട്ടുണ്ടാവും..

. എന്നിട്ടും വീടിന്റെ പടികൾക്ക് താഴെ ഓച്ഛാനിച്ചു നിന്നുള്ളൂ വെള്ളം…..അകത്തു കയറാൻ ധൈര്യപ്പെട്ടില്ല. മഴ തീർന്നപ്പോൾ തെങ്ങിൻ തടങ്ങളിൽ കെട്ടി നിന്ന വെള്ളം താഴ്ന്നു.

കല്ലട പദ്ധതിയുടെ കനാൽ തെക്ക് വശത്തു കൂടി നിറഞ്ഞു ഒഴുകി.

അഹങ്കാരത്തോടെ വീട്ടിലേയ്ക്ക് അനുമതി ഇല്ലാതെ ഇടിച്ചു മഴ വെള്ളത്തിനു തള്ളി ക്കയറി വരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തത് നമ്മൾ തന്നെ ആണ്.
…….

പപ്പയുടെ വീട് ദൂരെ കിഴക്ക് വയൽ നികത്തിയ ഇടത്താണ്. അവിടെ എല്ലാ ചെറുതും വലുതുമായ മഴക്കാലങ്ങളിലും വെള്ളം കെട്ടും. ഒന്ന് ആഞ്ഞു മഴ പെയ്താൽ വെള്ളം വാതിലിന് താഴെ വരെ വരും. കിണർ നിറഞ്ഞു പാത്രം കൊണ്ട് കോരിയെടുക്കാം.

കക്കൂസ് പുരയിടത്തിന്റെ ഒരറ്റത്തു ആയിരുന്നതിനാൽ വെള്ളത്തിലൂടെ നടന്നു പോകണം. ആ ബുദ്ധിമുട്ട് കാരണം പപ്പ യുടെ അമ്മ (വയലിലമ്മ ) യെ എല്ലാ ചെറുതും വലുതുമായ മഴക്കാലത്തും, വെള്ളം ഇറങ്ങും വരെ, വലിയച്ഛൻ കൊണ്ട് പോകും.

അക്കാലത്തും താഴ്ന്ന പ്രദേശങ്ങളിൽ, എന്ന് വച്ചാൽ കായലോരത്തു കടലോരത്തു, തോട്ടിനും വയലിനും കരയിൽ കല്ലുവെട്ട് കുഴികളിൽ ഒക്കെ പെരുമഴയിൽ, നന്നായി വെള്ളം കെട്ടുമായിരുന്നു. കൂടുതലും അങ്ങനെ ഉള്ള സ്ഥലങ്ങളിൽ പാവപ്പെട്ടവർ ആണ് താമസിച്ചിരുന്നത്.

അത് പാർശ്വവൽക്കരിയ്ക്കപ്പെട്ടവരുടെ ദേശങ്ങൾ ആയിരുന്നു.

കോളനികൾ. അവരാകട്ടെ എണ്ണത്തിൽ അത്ര കുറവും അല്ല..അവർ കൂട്ടത്തോടെ വെള്ളപ്പൊക്കത്തെയും പട്ടിണികളെയും നിശബ്ദമായി നേരിട്ടു.

പുറം ലോകത്തിലെ ആൾക്കാർ അത് അത്ര ശ്രദ്ധിച്ചില്ല. അതങ്ങനെ ആണല്ലോ..

ദരിദ്രരും ദളിതരും കൂലി പണിക്കാരും വിദ്യാഭ്യാസം കുറഞ്ഞവരും ആയിരുന്ന അവരോടു പൊതുവെ എല്ലാർക്കും പുച്ഛം ആയിരുന്നു.അവർ ജീവിച്ചതും ദരിദ്ര പ്പെട്ടതും മരിച്ചതും ആരെയും അലോസര പ്പെടുത്തിയില്ല.

വേണ്ടവണ്ണം ചികിത്സ കിട്ടാതെ, ആഹാരം കിട്ടാതെ തണുത്തു മരിച്ചവർ ഉണ്ടായിരുന്നു അവർക്കിടയിൽ. ശാപം, കർമ്മം, വിധി എന്നി ആശ്വാസ വാക്കുകളിൽ തൂങ്ങി അവർ മുന്നോട്ട് പോയി.

കായലിനാലും കടലിനാലും വയലുകളാലും തോടുകളാലും ചുറ്റപ്പെട്ട തായിരുന്നു ഞങ്ങളുടെ ഗ്രാമം.

മഴക്കാലം ദുരിത കാലം തന്നെ ആയിരുന്നു പൊതുവെ. പാവങ്ങൾ ആ കാലങ്ങൾ എങ്ങനെ താണ്ടി എന്ന് അറിയാൻ ആരെങ്കിലും ശ്രമിച്ചിരുന്നോ?

കടലേറ്റവും കായലേറ്റവും കൊണ്ട് മാത്രം അല്ല ഓല വീടുകൾ ചോർന്നൊലിച്ചും ജോലിയും കാശും ഇല്ലാതെയും വറുതിയുടെ ദിനങ്ങൾ അവർ തള്ളിക്കഴിച്ചു. പട്ടിണിയും ശീലം ആക്കിയവർ..

മഴ കുറച്ചു തോരുമ്പോൾ, അവർ പരിചയം ഉള്ള വീടുകളിൽ വന്നു ദുരിതാനുഭവങ്ങൾ വിവരിയ്ക്കും. മനസ്സലിവുള്ളവർ സഹായിയ്ക്കും.

മീൻ വിൽക്കുന്ന പെണ്ണുങ്ങൾ പഞ്ഞ നാളുകളിലേക്ക് കരുതി വച്ച ഉണക്ക മീനുമായി വരും. ആണുങ്ങൾ വയലിലോ തോട്ടിലോ കായലിലോ ചൂണ്ടയോ വലയോ ഇടും. കിട്ടുന്ന മീനുകൾ, കൈതക്കോരയോ തേഡോ വിറ്റ് കാശ് ചാരായ ഷാപ്പിൽ അടയ്ക്കും. (അന്ന് ചാരായം നിരോധിച്ചിട്ടില്ലായിരുന്നു.)

. ആരെങ്കിലും ഇല്ലായ്മ പറഞ്ഞു വന്നാൽ തേങ്ങ, ചക്ക, മാങ്ങ, അരി, പൊത്താൻ (വിറക് ), മണ്ണെണ്ണ, കാശ് (ചെറിയ തുക ) ഒക്കെ മറ്റേമ്മ കൊടുക്കും. പകരം പപ്പടമോ, ഉണക്കലോ മറ്റോ കിട്ടും ചിലപ്പോൾ.

പഴയ തുണികൾ അക്കാലത്തു കുറവ് ആണ്. ആണ്ടിൽ രണ്ട് തവണയേ ഞങ്ങൾക്ക് ഡ്രസ്സ്‌ തയ്പ്പിയ്ക്കാറുള്ളു. ഓണത്തിനും സ്കൂൾ തുറക്കുമ്പോഴും. അതും അന്ന് ഒക്കെ കോട്ടൺ ആണ്. അല്ലെങ്കിൽ പോളിസ്റ്റർ.

ആന്ധ്രയിലെ വെള്ളപ്പൊക്കകാർ വരും. കുരങ്ങ് കളിപ്പിയ്ക്കലുകാരും, കാക്കാലത്തികളും ഭിക്ഷക്കാരും മയിലെണ്ണ, പന്നിനെയ്യ്, കരടിനെയ്യ്,നിൽക്കുന്ന മലവേടർ, പുന്നയ്ക്ക എണ്ണ വിൽക്കുന്ന അണ്ണാച്ചി, അവല് വിൽപ്പനക്കാരികളായ തമിഴത്തികൾ , എന്നിവരും കർക്കിടക പഞ്ഞം കഴിഞ്ഞു വരും.

അവരവരുടെ കൈയിലുള്ള ഉത്പന്നങ്ങൾ വിറ്റ് കാശാക്കും. കാശ് അന്ന് സാധാരണ ക്കാർക്ക് പോലും അത്ര സുലഭം അല്ല.

ദുരിതം അനുഭവിയ്ക്കുന്നവർ തന്നെ ആണ് ദുരിതാശ്വാസ ക്യാമ്പാകുന്നത്. വോളന്റീയർ .ആകുന്നത്. ചിലർ ബന്ധു വീടുകളിൽ പോകും. മഴവെള്ളം ഇറങ്ങുമ്പോൾ മടങ്ങും.

. പഞ്ചായത്തും വില്ലേജും ഒന്നും ഇന്നത്തെ പോലെ അത്ര ജനസമ്പർക്കം പുലർത്തിയിരുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായിരുന്നില്ല ആദ്യമൊന്നും. കുറെ കഴിഞ്ഞ് ആണ് ചില സ്കൂളുകൾ ക്യാമ്പ്കൾ ആക്കിയത്. ചിലയിടത്തു ചില കെട്ടിടങ്ങൾ ഉണ്ട്. സ്ഥിരം ക്യാമ്പ് സംവിധാനം.

വെള്ളക്കെട്ടുകൾ ആകുന്ന ഇടങ്ങളിൽ പൊതുവെ കടലോരത്തെ മത്സ്യത്തൊഴിലാളികളും കായലോരത്തെ വിവിധ തൊഴിലാളികളും (കയർ ഉണ്ടാക്കുന്നവർ, കക്ക വരാലുകാർ, തൊണ്ടു ശേഖരിച്ചു മാലി ഉണ്ടാക്കുന്നവർ,തുടങ്ങിയവർ) ആണ് താമസിച്ചിരുന്നത്. അവർക്ക് അത് ജീവിത ഭാഗം ആയി ശീലം ആയി രുന്നു.

മഴയ്ക്കു മുൻപ് ഇയ്യാംപാറ്റകൾ വരും പോലെ, ഓണം അടുക്കുമ്പോൾ ചുവന്ന തുമ്പികൾ എത്തും പോലെ പ്രളയ ദുരിത ബാധിതർ പുറത്തിറങ്ങും.

ജന്മിമാരുടെ പറമ്പുകളിലും വയലുകളിലും പണി എടുക്കുന്നവർ, മുടിവെട്ടുകാർ, തുണി അലക്കുകാർ, ആശാരി, മേശിരി, കല്ലൻ, കൊല്ലൻ, മൈയ്ക്കാട്, കശുവണ്ടി തൊഴിലാളികൾ തുടങ്ങിയ ആൾക്കാർ അവരവരുടെ മുതലാളിമാരേയോ ജന്മിമാരേയോ പോയിക്കണ്ടു എന്തേലും സഹായം മേടിയ്ക്കും. അത്രയും തന്നെ ഉള്ളൂ. കുംബാരന്മാർ മൺപാത്രങ്ങളുമായി പ്രത്യക്ഷ പ്പെടും.

ആർക്കും ആരോടും പരാതി ഇല്ല.പരിഭവം ഇല്ല. തങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ജീവിയ്ക്കേണ്ടവർ ആണ് എന്ന ബോധം ഉള്ളിൽ സൂക്ഷിച്ചവർ. ഉള്ളതൊക്കെ കൊണ്ട് തൃപ്തിപ്പെടും.

വെള്ളം പൊങ്ങാത്ത കാലത്തും അവരുടെ ജീവിതം അങ്ങനെ മെച്ചം ഒന്നുമല്ലല്ലോ?

മഴക്കാലം പ്രത്യകിച്ചു പഞ്ഞ മാസം ആയ കർക്കിടകം വറുതിയുടേതാണ്. പട്ടിണി, തൊഴിൽ ഇല്ലായ്മ, കൂടാതെ ഈറനും കരിമ്പനും അടിച്ച വസ്ത്രം, വീട് ചോർച്ച, വളർത്തു മൃഗങ്ങൾക്ക് ആവശ്യത്തിന് ഇലയും പുല്ലും കിട്ടായ്ക, , അസുഖങ്ങൾ പനി, ജലദോഷം, ഛർദിയും വയറിളക്കവും, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള അപര്യാപ്തത, ഇങ്ങനെ നിരവധി പ്രതികൂല സാഹചര്യങ്ങളോട് പൊരുതി തളർന്നിട്ടുണ്ടാവും പാവങ്ങളും സാധാരണ ക്കാരും.

ഉണക്കമീൻ, ഉണക്ക ക്കപ്പ, കൊണ്ടൊക്കെ അങ്ങ് കഴിച്ചു കൂട്ടും.
…………..

മറ്റേമ്മയുടെ നാട് കുന്നും ആറും ഉള്ള മലബ്രദേശമാണു. മണിമലയാറിന്റെ അതോ അച്ഛൻ കോവിലാറിന്റെയോ ഒരു കൈവഴി മറ്റേമ്മയുടെ ബന്ധു വീടുകളെ ചുറ്റി ഒഴുകുന്നുണ്ട്.

വേനൽക്കാലത്തു ഞങ്ങൾ കുട്ടികൾ അതിൽ കുളിയ്ക്കുകയും തോട്ടിലൂടെ നടന്നു അപ്പുറത്തെ കമുങ്ങിൻ തോട്ടത്തിൽ ഉള്ള ബന്ധു വീട്ടിൽ പോകുകയും ചെയ്തു.

വർഷ കാലത്ത് വെള്ളം മലകളിൽ നിന്ന് ആറ്റിലേക്ക് പൊങ്ങി അലച്ചു വരും. വലിയ മരങ്ങൾ ഒഴുകി വരും. ആ മരങ്ങൾ മാമന്മാർ വലിച്ചു കരയ്ക്ക് അടുപ്പിയ്ക്കും.അതൊക്കെ വീട് വയ്ക്കും നേരം ഉപയോഗിയ്ക്കും.വേനലിൽ വീട് പണിയാനുള്ള മണൽ ആറ്റിൽ നിന്ന് വാരിയെടുക്കും. അമിതമായി എടുക്കില്ല. വിൽക്കില്ല.

എന്നാലും എത്ര മഴ പെയ്താലും വീട്ടിൽ വെള്ളം കയറുകയില്ല. താഴെ തുണ്ടിൽ വരെ പരന്നു ഒഴുകും.

വലിയ വെള്ളപ്പൊക്കത്തിൽ പക്ഷേ വീടിനടുത്തു വരെ വന്നു ആറ്. പുഴയുടെ തിണ്ടു ചിലയിടങ്ങളിൽ ഇടിഞ്ഞു പോവും.. രാത്രിയിൽ ആറ് ഗര്ജിയ്ക്കുന്നത് കേൾക്കാം.

വലിയ മീനുകൾക്ക് വേണ്ടി ആൾക്കാർ വലയിടുന്നത് കാണാൻ ഞങ്ങൾ മൈനർ സംഘം തേരിയുടെ മുകളിൽ നിൽക്കും.

ആറ് ചതിയ്ക്കില്ല എന്നൊരു വിശ്വാസം അവർക്ക് ഉണ്ട്. പാറക്കെട്ടുകൾക്ക് മേൽ കൂടി തകർത്തു പാഞ്ഞു വരുന്ന ആറ്റിന്റെ ശക്തമായ ഒഴുക്കിന് അപ്പുറം കുന്നിൻ ചെരുവുകളിൽ വീടുകളിൽ ആൾക്കാർ സുഖമായി ഉറങ്ങിയിരുന്നു..

വീടുകൾ കൂടുതലും പണിതത് ആറ് പൊങ്ങിയാലും വെള്ളം കയറാത്ത ഇടങ്ങളിൽ ആണ്.

പ്രകൃതിയും മനുഷ്യനും തമ്മിൽ ഇണങ്ങിയും പിണങ്ങിയും മത്സരിച്ചും അങ്ങനെ അങ്ങ് ജീവിയ്ക്കും.. ..

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ സമ്മർദ്ദം ചെലുത്താതിരിയ്ക്കാൻ നാട്ടുകാരും നാട്ടുകാരുടെ ജീവനും വസ്തുക്കളും തട്ടിയെടുക്കാതിരിയ്ക്കാൻ പ്രകൃതിയും ശ്രദ്ധിച്ചു പോന്നു മുൻപ്. പരസ്പരം സഹായിച്ചും തലോടിയും കൂട്ടുകാരെ പ്പോലെ.

ഇപ്പോൾ..

ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

Ganga s