അർബുദരോഗ ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള മൂന്നുഘട്ടങ്ങൾ

0
449

   Dr. Ganga S എഴുതുന്നു   

അർബുദം ആണെന്ന് ശക്തമായ സംശയം ഉണ്ടായാൽ, അല്ലെങ്കിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ, പിന്നീട് മൂന്ന് ഘട്ടങ്ങൾ ആണ്.

1.investigations, പരിശോധനകൾ

2.treatment (ചികിത്സ )

3.follow up (തുടർ ചെക്കപ്പുകൾ )

മൂന്നിനും കൂടി ചിലപ്പോൾ ദീർഘമായ സമയം വേണ്ടി വന്നേക്കാം. വർഷങ്ങൾ എടുത്തേക്കാം.

അർബുദം ബാധിച്ചവർക്ക് ചികിത്സ തുടങ്ങും മുൻപ് പല വിധത്തിലുള്ള, ചിലപ്പോൾ സങ്കീർണ്ണമായ പരിശോധനകളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. പലതും ചെലവേറിയതും രോഗിയ്ക്ക് ചിലപ്പോൾ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും ആണ്.

എന്ന് വച്ചു ആകെ ആശയക്കുഴപ്പത്തിൽ ആയിട്ട് വച്ചു താമസിപ്പിയ്ക്കരുത്. എത്ര യും വേഗത്തിൽ investigations (രോഗ നിർണ്ണയ പരിശോധനകൾ ) പൂർത്തിയാക്കി ചികിത്സ തുടങ്ങണം.

ചിലർ അർബുദം ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു പലരോടും അന്വേഷണം തുടങ്ങും.

“കീമോ, റേഡിയേഷൻ, , സർജറി ഇല്ലാതെ മറ്റ്‌ ആയുർവേദമോ പച്ച മരുന്നോ കൊണ്ട് ഭേദം ആവുമോന്ന് നോക്കിയാലോ.”

നിർഭാഗ്യ വശാൽ ആൾക്കാർ അങ്ങനെ യാണ്. ഉപദേശിയ്ക്കാൻ ആൾക്കാർ ഉണ്ടാവും. കീമോ ഒക്കെ കുഴപ്പം പിടിച്ചത് ആണ്. ഞങ്ങളുടെ അടുത്ത് ഒരാൾക്ക് പൂർണ്ണമായും മാറി.എന്നൊക്കെ ഉപദേശിയ്ക്കും.

മോഹനൻ വൈദ്യർ, കർണ്ണാടകയിലെ പച്ചമരുന്ന്, നോനി, മുള്ളാത്ത, ലക്ഷ്മി തരു, തുടങ്ങി പലതും പരീക്ഷിയ്ക്കും.

ഈ അടുത്ത ദിവസവും ഒരു കാൻസർ രോഗിയുടെ ബന്ധുക്കൾ എന്നെ കാണാൻ വന്നു. രോഗിയ്ക്ക് കരളിൽ ആണ് അസുഖം. അവസാന സ്റ്റേജിൽ ആയത് കൊണ്ട്, .മെഡിക്കൽ കോളേജിൽ നിന്നും മടക്കിയത് ആണ്.

അവർ എന്നോട് ഒരു അഭിപ്രായം ചോദിയ്ക്കാൻ വന്നത് ആണ്. അതായത് വീട്ടിലെ പെണ്ണുങ്ങൾ പറയുന്നു മോഹനൻ വൈദ്യരെ ഒന്ന് കാണിച്ചാലോ??…
….
വേറെ ഒരു രോഗിയ്ക്ക് സ്തനാർബുദം ആയിരുന്നു തുടക്കത്തിൽ. . അവർക്ക് മെഡിക്കൽ കോളേജിൽ നിന്ന് സർജറി വിജയകരമായി ചെയ്തിട്ട് ഒരു വർഷം ആയി. ഇപ്പോൾ പെട്ടെന്ന് അസുഖം കൂടി മെഡിക്കൽ കോളേജിൽ കൊണ്ട് പോയപ്പോൾ അർബുദം ശരീരമാകെ ബാധിച്ചുകഴിഞ്ഞിരുന്നു. ആദ്യ സർജറി കഴിഞ്ഞ് തുടർ കീമോയോ റേഡിയേഷനോ ചെയ്യാഞ്ഞതാണ് കാരണം.

അവിടുന്ന് രോഗിയെ മടക്കി.

അപ്പോൾ ചോദ്യം . ഇടയ്ക്ക് തുടർ ചെക്കപ്പ് നടത്തിയില്ലേ?

“ഇല്ല ഓപ്പറേഷൻ കഴിഞ്ഞ് വന്നു. പിന്നെ പ്രശ്നം ഒന്നും ഇല്ലായിരുന്നു.”

കഴിഞ്ഞ മാസം ബുദ്ധിമുട്ട് കണ്ടപ്പോൾ മോഹനൻ വൈദ്യരെ കാണിച്ചു. എന്നിട്ട്??

ഭക്ഷണം നിയന്ത്രണം ഇല്ലാതെ പെരുന്നാളിന് ബിരിയാണി കഴിച്ചു എന്നറിഞ്ഞു വൈദ്യർ ഏറ്റെടുത്തില്ല.
അങ്ങനെ ആണ് മെഡിക്കൽ കോളേജിൽ വീണ്ടും കൊണ്ട് പോയത്!

ക്യാൻസറിന് അലോപ്പതി അല്ലാത്ത മറ്റ്‌ ചികിത്സകൾ ചെയ്തു കൊണ്ടിരിയ്ക്കുന്നവരോട് അസുഖം കുറഞ്ഞോ? മാറിയോ? എന്ന് ചോദിച്ചാലോ. ഇപ്പോൾ വേദന കുറച്ചു കുറഞ്ഞു, മാറി എന്നൊക്കെ പറയും.ഒന്നും ഇല്ലെങ്കിലും ഇംഗ്ലീഷ് മരുന്നിന്റെ പാർശ്വ ഫലങ്ങളില്ലല്ലോ ? എന്നും അവർ കൂട്ടിച്ചേർക്കും.

അസുഖം പക്ഷെ നിശബ്ദമായി പുരോഗമിയ്ക്കുന്നുണ്ടാവും.

അതവർക്ക് വിഷയം അല്ല. വേദന എന്ന ലക്ഷണം ആണ് പ്രശ്നം. അത് തല്ക്കാലം പരിഹരിച്ചാൽ മതി.

അതേ സമയം അലോപ്പതിയിൽ ചികിൽസിച്ചാൽ ഈ അസുഖം പൂർണമായും മാറുമോ ഡോക്ടർ എന്നാണ് ചോദ്യം.

എന്റെ നാട്ടുമ്പുറത്തു, പഴയ കാലത്ത് ഇഷ്ടം പോലെ ആയുർവേദ വൈദ്യൻമാർ ഉണ്ടായിരുന്നു. Rcc വന്നിട്ടില്ലാത്ത കാലം. ധാരാളം പേർക്ക് അർബുദവും പിടിപെട്ടിരുന്നു. അവരെല്ലാം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലോ വെല്ലൂർക്കോ പോയി.

നാട്ടിലെ ആയുർവേദ വൈദ്യന്മാർ ആരും തന്നെ അർബുദ ചികിത്സ ഏറ്റെടുത്തുമില്ല..അതിനുള്ള ധൈര്യം അവർക്കില്ലായിരുന്നു. മറ്റെല്ലാ രോഗങ്ങളും അവർ ചികിൽസിച്ചു ..

അക്കാലത്തു അർബുദം ആണ് അസുഖം എന്ന് പരസ്യമായോ രഹസ്യമായോ പറയുക പോലുമില്ല. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ.
…….
രക്ത പരിശോധന കൾ കൂടാതെ
Ultra sound, ct, mri എന്നിങ്ങനെ സ്കാനിങ്ങുകൾ ഉണ്ട്. ഇക്കാലത്തെ ഏറ്റവും സഹായകരമായ ടെസ്റ്റ് തന്നെ ആണ് സ്കാൻ പ്രത്യേകിച്ച് mri.

Fnac, ercp, തുടങ്ങിയ ടെസ്റ്റുകളും വേണ്ടി വന്നേക്കാം ബ്രെസ്റ്റ്, തൈറോയ്ഡ്,(fnac ) പാൻക്രിയാസ്,(ercp ) തുടങ്ങി ചില അർബുദങ്ങളിൽ.

സ്കോപ്പി ആണ് മറ്റൊരു പ്രധാന പരിശോധന മാർഗം. വിവിധ തരം സ്‌കോപ്പികൾ ഉണ്ട്. കുഴൽ (scope ) കടത്തി കുഴൽ രൂപത്തിൽ ഉള്ള അവയവങ്ങൾ പരിശോധിച്ച് മുഴ (tumor) , വ്രണം (ulcer ), തടിപ്പ് (fibrosis), ചുരുങ്ങൽ (stenosis ) എന്നിവ കണ്ട് പിടിയ്ക്കുകയും അവിടെ നിന്ന് കോശ കലകൾ (tissues ) ശേഖരിയ്ക്കുകയും ആണ് സ്കോപ്പി കൊണ്ടുദ്ദേശിയ്ക്കുന്നത്.

വിവിധ തരം സ്‌കോപ്പികൾ.

Laryngoscopy(ശ്വസന നാളം ) , broncho (ശ്വാസ നാളം ), oesophagus ( അന്നനാളം) , gastro (ആമാശയം ) , entero (ചെറുകുടൽ ), colono-recto (വൻകുടൽ ), , vesico (മൂത്രാശയം ) urethro (മൂത്ര നാളി ),
തുടങ്ങി നിരവധി ഭാഗങ്ങൾ പരിശോധിയ്ക്കാൻ സ്കോപ്പി ചെയ്യാറുണ്ട്.

രോഗ നിർണ്ണയം സ്ഥിരീകരിയ്ക്കുവാനും ഏത് തരം കീമോ അല്ലെങ്കിൽ റേഡിയേഷൻ, സർജറി ആണ് ചെയ്യേണ്ടത് എന്ന് തീരുമാനിയ്ക്കാനും ആണ് ബയോപ്സി ചെയ്യുന്നത്.

രോഗം ബാധിച്ച ഭാഗങ്ങൾ അല്ലെങ്കിൽ കഴല (lymph node ) മുറിച്ചെടുത്തു ആണ് ലാബിലേക്ക് അയയ്ക്കുന്നത്. ഈ പരിശോധന യെ സർജറി എന്ന് തെറ്റിദ്ധരിയ്ക്കുന്നവരും ഉണ്ട്.

Histo pathology റിപ്പോർട്ടിനു അനുസരിച്ചു ആണ് ഓങ്കോളജിസ്റ്റുകൾ ചികിത്സ നിർണ്ണയിയ്ക്കുന്നത്.

പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടത്, ഓങ്കോളജിസ്റ്റുകളുടെ അടുത്ത് നിന്നാവണം ചികിത്സ.

ഓരോ ഭാഗത്തും സാമ്രാജ്യം സ്ഥാപിയ്ക്കുന്ന അർബുദ രാജൻ അവിടങ്ങളിൽ സൃഷ്ടിയ്ക്കുന്ന പടയാളികൾ ഒരേ കോശങ്ങളിൽ നിന്ന് എടുത്തതായിരിയ്ക്കും മിക്കവാറും.

മറ്റ്‌ അവയവങ്ങളിൽ ചെന്ന് കോളനി സ്ഥാപിയ്ക്കുന്നതും ഇതേ വികൃത കോശ പടയാളികളെ ഉപയോഗിച്ച് ആയിരിയ്ക്കും.

ഉദാ.മൂത്രാശയത്തിലെ transitional cells നിന്ന് ഉണ്ടാവുന്ന അർബുദം ശ്വാസ കോശത്തിൽ കോളനി സ്ഥാപിയ്ക്കുന്നതും transitional cells കൊണ്ടായിരിക്കും. അപ്പോൾ എവിടെ ആണ് അസുഖം ആദ്യം ഉണ്ടായത് എന്ന് സൂചന കിട്ടും.

അത് പോലെ ഗർഭാശയ കണ്ഠത്തിൽ നിന്ന് ഉണ്ടാവുന്ന squamous cell carcinoma കരളിൽ ഉണ്ടാക്കുന്ന കോളനി squamous cells ന്റേതാകും.

പക്ഷെ squamous cells വേറെയും അവയവങ്ങളിൽ ഭാഗങ്ങളിൽ ധാരാളം ഉള്ളത് കൊണ്ട് കൃത്യമായി എവിടെ തുടങ്ങി എന്ന് അറിയാൻ ചിലപ്പോൾ കഴിയില്ല.

തൈറോയ്ഡിലെ papillary cells അല്ലെങ്കിൽ medullary cellsന്റെ ശ്വാസ കോശത്തിലെ കോളനിയും അതേ cells ഉപയോഗിച്ച് ആവും. അപ്പോൾ തുടക്കം തൈറോയ്‌ഡിൽ ആണെന്ന് മനസ്സിൽ ആവും.

ചിലപ്പോൾ primary എവിടെ എന്ന് അറിയാൻ കഴിയില്ല. ലക്ഷണങ്ങൾ എല്ലാം കോളനിയെ അഥവാ secondary ചുറ്റിപ്പറ്റി ആകും.

ഉദ. കുടലിൽ ആവും തുടക്കം. പക്ഷെ ശ്വാസംമുട്ടോ അസ്ഥികളിൽ ഒടിവോ മറ്റോ ആയിട്ടാവും രോഗി ചികിത്സയ്ക്ക് വരുന്നത്. ടെസ്റ്റുകൾ നടത്തുമ്പോൾ ആണ് അറിയുന്നത് രോഗം distant metastasis (പടർന്നു )ആയി എന്ന്.

Ganga. S.