ഹിന്ദിയും ബ്രഹ്മചര്യവും

599

Ganga S എഴുതുന്നു

ഹിന്ദിയും ബ്രഹ്മചര്യവും

രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല. എങ്കിലും ഗോവിന്ദൻ എന്ന് രേഖകളിൽ പേരുള്ള, കൊച്ചു ഗോവിന്ദൻ എന്നറിയപ്പെടുന്ന ഞങ്ങളുടെ ഹിന്ദി ട്യൂഷൻ സാർ നിത്യ ബ്രഹ്മചാരിയായിരുന്നു.

സർക്കാർ വക പെൺപള്ളിക്കൂടത്തിലെ ഹിന്ദി അധ്യാപകൻ.

Ganga S
Ganga S

ഹിന്ദി എന്ന കീറാമുട്ടി ഭാഷയ്ക്ക് മുൻപിൽ മറ്റ്‌ വിഷയങ്ങൾ തോറ്റു തൊപ്പിയിട്ടു മാറിനിൽക്കും. മറ്റൊന്നും അല്ല. അതിനോട് സംസാരിയ്ക്കാൻ അറിയാത്തതു കൊണ്ട് ആണ്‌.

കമ്പിയിൽ തൂങ്ങിക്കിടന്നു ആളുകളെ വട്ടം ചുറ്റിയ്ക്കും.അറിഞ്ഞു കൂടാത്തവർക്കു പൊതിയാ തേങ്ങായാണ് ഹിന്ദി.

തൂ എന്ന് പറയുമ്പോൾ ഹും എന്ന് വയ്ക്കണം. തും എന്നാവുമ്പോൾ ഹോ എന്നും ആപ്പ് ആവുമ്പോൾ ഹൈ എന്ന് വയ്ക്കണോ ഊരണോ?

ഗജ കേസരി യോഗം എന്ന സിനിമയിൽ ഹിന്ദി പഠിയ്ക്കുന്ന പാപ്പാനെയും ഭാര്യ യെയും കണ്ടു ചിരിച്ചല്ലോ.

കുത്ത കൂദ്ത്താ എന്നതിന് പട്ടി ഹിന്ദിയിൽ ചാടി എന്നാണ്.
കലം കുറൂസി മേം ഹേ!. ഹോ ! ഈ ഹിന്ദി പഠനം മുഷ്കിൽ ഹേ.

കലത്തിൽ കറുമൂസ ഹേ എന്നല്ല അർത്ഥം പേന കസേരയിൽ ഉണ്ട് ഹേ എന്നാണ്.

ഹിന്ദിയിൽ എന്നെങ്കിലും ‘ബാത്ചീത്തു ‘ ചെയ്യാൻ സാധിയ്ക്കുമോ എന്നായി ആശങ്ക.

.ആദ്യ മായി, 80 കളിൽ, ടി വി വീടുകളിൽ ജനകീയമായപ്പോൾ ഹിന്ദി സീരിയൽ കാണാൻ വിധിയ്ക്കപ്പെട്ട നിസ്സഹായരിൽ ഒരാൾ ആയിരുന്നു ഞാനും. ഹിന്ദി അസാരം അറിഞ്ഞതുകൊണ്ട് ഒരു വഹ യ്ക്കു കാര്യം പിടികിട്ടി.

‘പരന്തു’ കൊണ്ട് ആറാട്ട് നടത്തിയ ഒരു പുരാണ ഹിന്ദി സീരിയൽ ഉണ്ടായിരുന്നു അക്കാലത്തു. അതിൽ ഒരു കഥാപാത്രത്തിന്റെ എല്ലാ ഡയലോഗ്കളും തുടങ്ങുന്നതും ‘പരന്തു’ രാകി പറന്ന് കൊണ്ടാണ്.

ഇയാൾ എപ്പോഴും പരുന്തിന്റെ കാര്യം പറയുന്നത് എന്ത്?

എന്ന് ഹിന്ദി അജ്ഞാനി ആയ ഒരാൾക്ക് സംശയം. ‘പക്ഷേ ‘ യ്ക്കു ഹിന്ദി ചിറക് പിടിപ്പിച്ചതാണ് മേൽപ്പടി പരന്തു !

ടി വി യിൽ ഷാരൂഖ് ഖാൻ ഒരു സർക്കസ് സീരിയലിലെ മാനേജർ ആയി പുളിങ്കുരു ചവയ്ക്കും പോലെയും ചക്കക്കുരു ഉരുളും പോലെയും ഹിന്ദി മൊഴിഞ്ഞു കൊണ്ട് അഭിനയിച്ചു തകർത്തപ്പോൾ ഹിന്ദി ഒരു ചെറിയ കാര്യം അല്ല, എന്നും ഷാരൂഖ് ഖാൻ ഒരു ചെറിയ നടൻ അല്ല എന്നും മനസിലായി. .

പിന്നീട് ആണ്‌ മൂപ്പര് ആള് ചതുര പ്പെട്ടിയിലെ സീരിയലിൽ നിന്ന് സിനിമ യുടെ വലിയ സ്ക്രീനിലേക്ക് കയറി പ്പോയി കിങ് ഖാൻ ആയത്.
…….

വിഷയങ്ങളിൽ കെങ്കേമൻ ആയ കണക്ക് വരെ വാ പൊത്തി മാറി നിൽക്കും ഹിന്ദിയുടെ മുൻപിൽ. അക്കങ്ങൾ ഏക്, ദോ, തീൻ, ഛെ, ആട്ട് , ആട്ടും തുപ്പുമേറ്റ് മാറി പോകും.

മലയാളം ഭാഷയുടെ കാര്യം പറയുകയും വേണ്ട. അയിത്തം പാലിച്ചു തീണ്ടാപ്പാട് അകലെ നില്കും. ഹിന്ദിയോട് അടുത്താൽ, മിണ്ടിയാൽ മാനം പോകും.

വെറുതെ അല്ല .മലയാളം സാറും ഹിന്ദി ടീച്ചറും തമ്മിൽ കണ്ടാൽ അത്ര ലോഗ്യം അല്ലാത്തത്.

ഹിന്ദിയ്ക്ക് കുറച്ച് ബന്ധുത്വം ഉള്ളത് സംസ്കൃതത്തോട് ആണല്ലോ. അത് പോലെ . തോളിൽ കൈയിട്ടു പോകാൻ തക്ക കൂട്ടുകാർ ആണല്ലോ ഉറുദുവും ഹിന്ദിയും.
……
എനിയ്ക്കു ആകെ ട്യൂഷൻ ഉണ്ടായിരുന്നത് ഹിന്ദിയ്ക്കു ആയിരുന്നു.

അമ്മ പഠിപ്പിയ്ക്കുന്ന സ്കൂളിലെ അധ്യാപകൻ ആയിരുന്നു കൊച്ചു ഗോവിന്ദൻ സാർ. ഹിന്ദിയ്ക്കു മറ്റ്‌ വിഷയങ്ങളോടുള്ള പോലെ ഒരു അയിത്തം സ്ത്രീകളോട് സാറിനും ഉണ്ടായിരുന്നു.

ട്യൂഷന് ആദ്യമായി പോകും മുൻപ് അമ്മ യുടെ വക ഒരു മുന്നറിയിപ്പ് ക്ലാസ്സ്‌ ഉണ്ടായിരുന്നു.

ബഹളം, ഉറക്കെ ചിരി, വെകിളി, കമ്പൻകാളി സ്വഭാവം. (കുട്ടികളുടെ പ്രത്യകിച്ചു പെൺകുട്ടികളുടെ പെരുമാറ്റത്തിലെ ഭയാനകം ആയ അവസ്ഥാന്തരങ്ങൾ ആണ് ഇവയൊക്കെ എന്ന് അക്കാലത്തു കരുതി പ്പോന്നു. )

ഇതൊക്കെ സാർ കഠിനമായി വെറുത്തിരുന്നു എന്ന്.

ഇത്രയും സ്ത്രീവിരുദ്ധത നിറഞ്ഞ ഒരു അധ്യാപകനെ ആദ്യമായിട്ടായിരുന്നു കാണുന്നത്.

പല പുരുഷ അധ്യാപകരും പൈങ്കിളി ആയിട്ട് ആയിരുന്നു ഞങ്ങൾ വിദ്യാർത്ഥിനികളുടെ കാഴ്ച്ചയിൽ. അല്ലാത്തവർ മിക്കവാറും പേർ അച്ചടക്കം എന്ന വടി വിഴുങ്ങിയവർ. അപൂർവം പേർ നിസ്സംഗർ. .
എങ്കിലും കൊച്ചു ഗോവിന്ദൻ സാർ ഇവരിൽ നിന്നെല്ലാം വ്യത്യസ്തൻ ആണ്.

ഞങ്ങളോട് വളരെ സൗഹാർദ്ദപരം ആയിട്ടായിരുന്നു പിൽക്കാലത്തു പെരുമാറിയത്.

വൈമനസ്യത്തോടെ ആണെങ്കിലും ഞങ്ങളെ, എന്നെയും ചേച്ചിയെയും സാർ ഹിന്ദി പഠിപ്പിയ്ക്കാം എന്നേറ്റു. പകരത്തിനു പകരം സാറിന്റെ ജേഷ്ഠന്റെ മക്കളെ, നാല് പേരെ അമ്മ കണക്ക് പഠിപ്പിയ്ക്കാനും ധാരണ ആയി.

അങ്ങനെ സാറിന്റെ വീട്ടിൽ ട്യൂഷന് പോയി . 7ആം ക്ലാസ്സ്‌ മുതൽ 10 വരെ 1972-76 വരെ , 4 വർഷം. കൂട്ടിനു ചേച്ചീ ഉണ്ട്.

ഞങ്ങളുടെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ അകലെ ആണ്‌ സാറിന്റെ വീട്.
അവിടം സദാ കുട്ടികളുടെയും തടിപ്പണി ചെയ്യുന്നതിന്റെയും (സാറിന്റെ ജേഷ്ഠന് തടിപ്പണിയുടെ ബിസിനസ് ആയിരുന്നു ) സാറിന്റെ ശാസനകളുടെയും സമ്മിശ്ര ശബ്ദ ഘോഷങ്ങൾകൊണ്ട് മുഖരിതം ആയിരുന്നു .

സാറിന്റെ മുറി പ്രധാന വീടിനോട്‌ ചേർന്നു വലിയ ഹാൾ പോലെ ഒന്ന് ആണ്‌.. അതിനകത്തു ആളിന്റെ സകല സ്ഥാവര ജംഗമ വസ്തുക്കളും ഭംഗിയായി വച്ചിരുന്നു.
അതിലിരുത്തിയാണ് ഞങ്ങൾക്ക് ട്യൂഷൻ തന്നിരുന്നത്.

സാറുള്ളപ്പോൾ വീട്ടിലെ പെണ്ണുങ്ങൾ ആരും ഉമ്മറത്തു വരുകയില്ല.

സാറിന്റെ മുറിയിൽ ആകെ കയറുന്ന പെണ്ണുങ്ങൾ ഞങ്ങൾ ആണ്‌. ഞാനും ചേച്ചിയും പിന്നെ കുറേക്കാലം കഴിഞ്ഞു അനുജത്തിയും. ട്യൂഷൻ കുട്ടികൾ ആയി എന്ന ഒറ്റ കാരണം കൊണ്ട് ലഭിച്ച ആനുകൂല്യം.

ട്യൂഷൻ എടുക്കുമ്പോഴും സാറിന്റെ കൈയിൽ മിക്കവാറും ഒരു കൊച്ചു കുട്ടി ഉണ്ടാവും. അത് ജേഷ്ടന്റെയോ അനുജന്റെയോ ആൺ മക്കളിൽ ഒരുവൻ ആയിരിയ്ക്കും. പെൺകുട്ടികളെ എടുക്കില്ല.

സാറിന്റെ ദൗർബല്യങ്ങൾ ആകാശവാണി സംസ്കൃത, ഹിന്ദി, മലയാളം വാർത്തകൾ. അകലെ ഉള്ള അമ്പലത്തിലെ കച്ചേരികൾ!

. അതിന് പോകാൻ നാലു ബാറ്ററിയുടെ ടോർച്ചുണ്ട്. കച്ചേരിയ്ക്കു പോകുന്ന ദിവസം ഞങ്ങൾക്ക് അറിയാൻ പറ്റും. മൂപ്പര് ആള് നല്ല ഉത്സാഹത്തിൽ ആയിരിയ്ക്കും.

ആകാശവാണിയിൽ പെൺസ്വരത്തിൽ വാർത്ത കേട്ടാൽ സാറിന് ചൊറിച്ചിൽ വരും.
” കോഴി തവിട് തിന്നിട്ടു വിക്കുന്ന പോലെ ആണ്‌ വായന “എന്ന് പറഞ്ഞു നീരസപ്പെടും.

എങ്കിലും, ഒന്ന് തൊട്ടു പത്താം ക്ലാസ്സ്‌ വരെയുള്ള പെൺകുട്ടികളുടെയും 40 ൽ പരം ടീച്ചർമാരുടെയും ഒച്ച സാറിനെ അലോസരപ്പെടുത്തിയില്ല എന്ന് വേണം കരുതാൻ.

പിന്നെ, തേനീച്ച വളർത്തൽ ഉണ്ട് മൂപ്പര് ആളിന് ഹോബി ആയിട്ട്.. ..

ഒരിയ്ക്കൽ തേനീച്ച കുത്തിയ മുഖവും ആയി സാർ ഞങ്ങൾക്ക് തേൻ എടുത്തു തന്നു.
അപ്പോഴാണ് മനസ്സിൽ ആയത്, സ്ത്രീ വിരുദ്ധത ഉണ്ടെങ്കിലും സ്നേഹം ഉണ്ട്.

ഇതൊക്കെ ആണേലും കർക്കശ സ്വഭാവം ആണ്‌. എഴുതി കൊണ്ട് വരാൻ ഉള്ളത് എഴുതിയില്ല എങ്കിലും ഗ്രാമർ തെറ്റിച്ചാലും വായിയ്ക്കുന്നത് ഉച്ഛാരണം ശരി ആയില്ലെങ്കിലും ദേഷ്യം വരും. അപ്പോഴും മുഖത്തു ചിരി കാണും.

അമ്മ പറയാറുണ്ടായിരുന്നു സ്കൂളിൽ പഠിപ്പിയ്ക്കുമ്പോൾ സാറിനു പെൺകുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റ് കണ്ടാലും ദേഷ്യം വരും ന്ന്. സാറിനെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ പെൺകുട്ടികൾ നിശ്ശബ്ദരാകും.

സാർ അധികം വടി എടുക്കുകയില്ല. എടുത്താലും വലുതായി അടിയ്ക്കില്ല. ആളിന്റെ ഹിന്ദി ക്ലാസ്സുകൾ നല്ലത് ആയിരുന്നത് കൊണ്ടാവാം ആർക്കും അനിഷ്ടം ഇല്ലാഞ്ഞത്.

എങ്കിലും തൊട്ടപ്പുറത്തു ആൺ പള്ളിക്കൂടം ഉണ്ടെങ്കിലും അവിടേക്ക് ട്രാൻസ്ഫർ മേടിയ്ക്കാതെ 30 വർഷത്തോളം പെൺപള്ളിക്കൂടത്തിൽ തന്നെ പഠിപ്പിച്ചു നിത്യ ബ്രഹ്മചാരി ആയി തന്നെ.

വിരലിൽ എണ്ണാവുന്ന ആൺ അധ്യാപകർ ഉള്ള സ്റ്റാഫ് റൂമിൽ 40 ൽ പരം അദ്ധ്യാപികമാർക്ക് ഒപ്പം ഒരു പരാതിയും ഇല്ലാതെ, സാർ ഒരു പേരുദോഷവും കേൾപ്പിയ്ക്കാതെ 40 വർഷം ഇരുന്നു എന്നത് ഹിന്ദി പഠനം പോലെ തന്നെ നിസ്സാരമല്ല.

സ്വന്തം വീട്ടിൽ ജേഷ്ഠന്റെ ഭാര്യയ്ക്കു സാർ എന്ന് വച്ചാൽ വലിയ ബഹുമാനം ആയിരുന്നു.സാർ എന്നേ സംബോധന ചെയ്യൂ. അങ്ങനെ എല്ലാവർക്കും ആദരണീയൻ!

സഹോദരന്മാരുടെ മക്കളെ പെൺകുട്ടികൾ ഉൾപ്പെടെ സാർ സ്വന്തം മക്കളെപ്പോലെ തന്നെ സാമ്പത്തികമായും അല്ലാതെയും നോക്കിയിരുന്നു.

ക്ലീൻ ഷേവായത് കൊണ്ട് ആവാം ഏതോ ഹിന്ദി നടന്റെ വിദൂര ഛായ ഉള്ള, വെള്ളഷർട്ടും മുണ്ടും മാത്രം ധരിച്ചിരുന്ന, വാച്ചു കെട്ടാത്ത, കൊച്ചു ഗോവിന്ദൻ എന്ന ഹിന്ദി സാർ.

ഒടുവിൽ, ഞാൻ പ്രീഡിഗ്രിയ്ക്കു മലയാളം ത്തിന് പകരം ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ് ആയി എടുത്തു എന്നറിഞ്ഞപ്പോൾ സാറിന്റെ മുഖത്തു സൗമ്യ ചിരി..
…..
വർഷങ്ങൾക്ക് ശേഷം വഴിയിൽ വച്ചു കണ്ടപ്പോൾ ഗംഗ യല്ലേ ന്നു ഓർമ്മ യിൽ നിന്ന് നനുത്ത ചിരിയോടെ സാർ പരതി എടുത്തപ്പോൾ….

പിന്നെ 90 കളിൽ എപ്പോഴോ നാട്ടിൽ വിരുന്ന് കാരിയെപ്പോലെ ചെന്നപ്പോൾ അമ്മ പലതും പറഞ്ഞ കൂട്ടത്തിൽ ഗോവിന്ദൻ സാർ മരിച്ചു പോയി എന്ന് പറഞ്ഞു.

പറഞ്ഞു വന്നത്, ഈ അടുത്ത കാലത്ത് അയ്യപ്പൻ ശബരിമല വിഷയം വന്നപ്പോൾ കൊച്ചു ഗോവിന്ദൻ സാറിനെ ഓർത്തു.

ബ്രഹ്മചര്യം സാറിനെപ്പോലെ ഒരു സാധാരണ മനുഷ്യന് പോലും പ്രാപ്യം ആയിരിയ്ക്കേ അയ്യപ്പന് അസാധ്യം, അപ്രാപ്യം ആണോ.. ..??

. കൊച്ചു ഗോവിന്ദൻ സാറിന്റെ അത്ര പോലും ആത്മ നിയന്ത്രണം ഇല്ലായിരുന്നോ അയ്യപ്പന്? എന്ന് കരുതുന്നുണ്ടോ ആൾക്കാർ?

രണ്ടാമത്,

നിലവിൽ ഇന്ത്യയിൽ ഔദ്യോഗിക ഭാഷ ആംഗലേയവും ഹിന്ദി യും ആണല്ലോ. . ദേശീയ ഭാഷ കൂടി ആണ് ഹിന്ദി.

ഇന്ത്യ ഒട്ടാകെ ഏക ദേശീയ ഭാഷ ആയി, നിർബന്ധിത ഭാഷ ആയി ഹിന്ദി നമ്മുടെ നാട്ടിലും ഒരു വരക്കം വരും എന്ന് കേട്ട് പേടിച്ചു… വീണ്ടും…

ആ പഴയ ഓർമ്മകൾ ഒന്ന് അയവിറക്കിപ്പോയത് ആണേ. ക്ഷമിയ്ക്കണേ !