Entertainment
ബെത്ലേഹെമിൽ ഒരു വേനൽക്കാലം കൂടി വരുമ്പോൾ

ബെത്ലേഹെമിൽ ഒരു വേനൽക്കാലം കൂടി വരുമ്പോൾ
Gautam R
മണിച്ചിത്രത്താഴ്, കിലുക്കം എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗം/റീമേക്ക് വരുന്നു എന്ന് കേട്ടപ്പോൾ ഉള്ള അതേ പേടിയോടെ ആണ് സമ്മർ ഇന് ബെത്ലഹെമിൻ്റെ രണ്ടാം ഭാഗത്തെ പറ്റി വായിച്ചത്. മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഈ സിനിമകൾക്ക് ഒരു തുടർക്കഥ ആലോചിക്കുക തന്നെ കഷ്ടം, കാരണം, അതാണ് ഒന്നാം ഭാഗം നമുക്ക് നൽകിയ പൂർണ്ണതയും സംതൃപ്തിയും.
മനസ്സിൽ മഞ്ഞ് പെയ്തിറങ്ങുന്ന സുഖത്തോടെ ഇന്നും ടിവിയിൽ വന്നാൽ എത്ര തവണ വേണമെങ്കിലും മടുപ്പില്ലാതെ കാണുന്ന ബെത്ലഹെമിലെ കഥ നൊമ്പരവും പ്രണയവും വിരഹവും സൗഹൃദവും ഒക്കെ ഒരു പോലെ ഇന്നും ഉണർത്തുന്നു – ആദ്യം കണ്ട അതേ അളവിൽ തന്നെ. ഒരുപക്ഷേ അതിനും മുകളിൽ. ഒരു അവധിക്കാലം അടിച്ചു പൊളിക്കുന്ന സന്തോഷത്തിൽ സിനിമ ഇന്നും മുഴുവൻ ഇരുന്നു കാണുമ്പോൾ വിദ്യാ ജി നെയ്തു വെച്ചിരിക്കുന്ന പാട്ടിഴകൾ ഇന്നും എന്തെന്നില്ലാത്ത ഒരു അനുഭൂതി നൽകുന്നു.
മഞ്ഞിൻ്റെ തണുപ്പുള്ള ഗാനങ്ങൾ വിദ്യാജി വീണ്ടും ചെയ്യുമോ? അത് പാടി അനശ്വരമാക്കാൻ സുജാതയും യേശുദാസും വീണ്ടും വരുമോ? ഒറ്റപ്പെട്ടവൻ്റെ വേദന മുഴുവൻ കടിച്ചമർത്തി ഒരു പുഞ്ചിരിയുമായി വരാൻ, നൂറു പ്രശ്നങ്ങൾക്ക് ഇടയിലും ചിരിച്ചു കളിച്ചു സന്തോഷിക്കാൻ ജയറാമും സുരേഷ് ഗോപിക്കും ആകുമോ?
മണിയുടെ മോനായി ആരു ചെയ്യും? നിരഞ്ജൻ ആകാൻ ഒരു പക്ഷെ മോഹൻലാലിന് കഴിഞ്ഞേക്കും. പക്ഷേ ആ പഴയ ആമിയെ, മുത്തശ്ശനെ ഒക്കെ തിരികെ കിട്ടുമോ? സുകുമാരി ചെയ്ത മുത്തശ്ശി കഥാപാത്രം ആരു ചെയ്യും? വേണ്ടിയിരുന്നില്ല എന്ന് തോന്നാൻ ഇടായാക്കാത്ത വിധം നല്ല ഒരു സിനിമ ആകണെ എന്നാണ് പ്രാർത്ഥന. എന്നും ഓർത്തിരിക്കാൻ പാകത്തിന് ഹൃദയത്തോട് ചേർത്ത് വെക്കാൻ ഒരു സിനിമ
420 total views, 4 views today