Gautam R
മോഹൻലാൽ ഇന്നൊരു പോസ്റ്റ് ഇട്ടു ഫേസ്ബുക്കിൽ – എല്ലാവരും തിരിച്ച് തീയേറ്ററിലേക്ക് പോകാൻ ഉള്ള ആഹ്വാനവുമായി. മലയാള സിനിമ പ്രതിസന്ധിയിൽ നിന്നിടത്ത് നിന്ന് ആ പ്രതിസന്ധിയെ വെച്ച് തന്നെ സിനിമ ഇറക്കി (ഉദയനാണ് താരം) വിജയിപ്പിച്ച ആൾ തന്നെ അത് പറയുമ്പോൾ ഒരുപാട് പേര് കേൾക്കും, സംശയമില്ല. പ്രത്യേകിച്ചും ഇത്രയും വല്യ താരമൂല്യം ഉള്ള മോഹൻലാൽ പറയുമ്പോൾ. പക്ഷേ, ഒന്നാലോചിച്ചാൽ കോവിടിന് ശേഷം ഉള്ള പ്രേക്ഷകർ ഇപ്പോൾ ഇങ്ങനെ ഒരു ആഹ്വാനം കൊണ്ട് മാത്രം തിരികെ വരുമോ? കഴിഞ്ഞ രണ്ടു വർഷം നമ്മളെ എങ്ങനെ ചിലവ് ചുരുക്കി ജീവിക്കാം എന്ന് പഠിപ്പിച്ചു കഴിഞ്ഞു. OTT കളോട് വൈമുഖ്യം കാണിച്ചിരുന്നവർ തന്നെ അതിനോട് പൊരുത്തപ്പെടുകയും അതിനെ ഇഷ്ടപ്പെടാനും തുടങ്ങി – ഒരു പ്രധാന കാരണം 1000-1500 വാർഷിക സബ്സ്ക്രൈബ് ചെയ്താൽ ഒരു കുടുംബത്തിന് ലോകത്തിൻ്റെ അങ്ങോളം ഇങ്ങോളം വരുന്ന എല്ലാ തരം പരിപാടികളും ഇഷ്ടപ്രകാരം നിർത്തിയും, ഓടിച്ചു വിട്ടും, മാറ്റിയും ഒക്കെ കാണാം. അതായത് നാല് പേരുള്ള ഒരു ശരാശരി കുടുംബത്തിൽ ഒരാൾക്ക് ലോകത്തിലെ മുഴുവൻ കൻ്റെൻ്റും കാണാൻ ഒരു വർഷത്തെ ചിലവ് ഒരു 250-350 രൂപ (പ്രതിമാസം ഒരു 20-30 രൂപ). ഇനി ഇതേ കാര്യം തീയേറ്ററിൽ പോകണമെങ്കിൽ ഏറ്റവും കുറവ് ഒരു സിനിമയ്ക്ക് ഒരു 500 ആവില്ലേ – പെട്രോൾ, ടിക്കറ്റ്, സ്നാക്ക്സ് എന്നൊക്കെ പറഞ്ഞു. അതും കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന പോലെ ആണ് സിനിമയുടെ content. ഒരു യഥാർത്ഥ സിനിമാ പ്രേമി ഇതൊന്നും വക വെക്കില്ല എന്നിരിക്കട്ടെ. അപ്പോഴും ആറാട്ട്, ബ്രോ ഡാഡി പോലോക്കെ ഉള്ള ലോക ക്ലാസിക്കുകൾ ഇറക്കി പ്രേക്ഷകനെ മടുപ്പിച്ചാൽ പിന്നെന്തു ധൈര്യത്തിൽ അവരു തീയേറ്ററിൽ കയറും? നല്ല കണ്ടെൻ്റും പ്രേക്ഷകനെ അടുപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും തീയേറ്ററുകൾ പണ്ടത്തെ പോലെ പൂരപ്പറമ്പ് ആവും, സംശയമില്ല.
വാൽകഷ്ണം: പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തി ഇരിക്കുന്ന ബോളിവുഡിൽ ഇന്ന് ആരോട് ചോദിച്ചാലും അവർക്ക് മലയാളം സിനിമ ആണ് ഇപ്പോള് ഏറ്റവും നല്ലത് എന്ന് ഐക്യകണ്ഠേന പറയുന്നു. ആ നമുക്ക് ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കട്ടെ.