ദർബാർ കാണാൻ ഏതൊരു പ്രേക്ഷകനെയും ആകാംക്ഷപ്പെടുത്തുന്നത്, അത് ഒരു രജനികാന്ത് ചിത്രം ആണെന്നുള്ളതാണ്

  178
  Gautham Ravichandran
  ദർബാർ
  S.J. സൂര്യയുടെ അസിസ്റ്റന്റ് ആയി തുടങ്ങി, പിന്നീട് S. J. സൂര്യ തന്നെ ‘സർ’ എന്ന് വിളിക്കുന്ന വളർച്ചയിലേക്കുള്ള ദൂരം ആണ് A.R. മുരുഗദോസ് എന്ന സംവിധായകന്റെ കരിയർ ഗ്രാഫ്. പ്രശാന്തിനെ നായകനാക്കി ദീന എടുക്കാനിരുന്ന മുരുഗദോസിനു വിധി ഒരുക്കി വെച്ചിരുന്നത് തല അജിത് കുമാറിന്റെ കരിയർ നിർണയിച്ച പടം ഒരുക്കാനായിരുന്നു. തന്റെ രണ്ടാമത്തെ സിനിമ മുതൽ തന്നെ രജനികാന്ത് എന്ന സ്റ്റാറുമായി ഒരു പടം ചെയ്യാൻ, മുരുഗദോസ് ശ്രമിച്ചുകൊണ്ടിരുന്നു. രമണായുടെ കഥ മുരുഗദോസ് ആദ്യം പറയുന്നത് സാക്ഷാൽ രജിനിയോട് തന്നെയാണ്. എന്തുകൊണ്ടോ അന്ന് ആ സിനിമ നടന്നില്ല.പിന്നീട് വിജയകാന്തിനെ വെച്ച് ആ സിനിമ ചെയ്തു വൻ വിജയമാക്കി. പിന്നീട് 2005 ൽ ഗജിനി റിലീസ് ആയി. ഗജിനി വളരെ ഇഷ്ടപ്പെട്ട രജനിക്ക്, അപ്പോൾ തന്നെ മുരുഗദോസുമായി ഒരു സിനിമ ചെയ്യാനുള്ള പ്ലാനുകൾ ഉണ്ടായിരുന്നു. പിന്നീട് തിരക്കഥ നീണ്ടുപോയത് കൊണ്ടും, മുരുഗദോസ് ഹിന്ദിയിൽ ഗജിനി എടുക്കുന്ന തിരക്കിൽ ആയിരുന്നത് കൊണ്ടും, രജനിക്ക് എന്തിരൻ ചെയ്യേണ്ടി വന്നു. അതിനു ശേഷം രജനികാന്ത് കുറെ നാൾ ചികിത്സയിലായിരുന്നു. 2014 ൽ തിരിച്ചു വന്നിട്ടും, രജനി മുരുഗദോസ് ചിത്രം നീണ്ടു പൊക്കോണ്ടിരുന്നു. ഒടുവിൽ 2019 ഇൽ, നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ്, ദർബാർ എന്ന ചിത്രം സംഭവിക്കുന്നത്.
  അടുത്തിടെയായി മുരുഗദോസ് ഫോമിൽ അല്ല എന്നുള്ളതാണ് ദർബാറിനെ സംബന്ധിച്ചെടത്തോളമുള്ള ഏറ്റവും തണുത്ത വശം. സ്പൈഡർ, സർക്കാർ എന്നീ ചിത്രങ്ങൾ മുരുഗദോസിനു ക്ഷീണം ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത് നേരാണ്. മാത്രമല്ല, മുംബൈയിൽ നടക്കുന്ന കഥ തമിഴ് ജനങ്ങളുമായി കണക്ട് ആകാത്ത ഒരുപാട് സാഹചര്യങ്ങൾ നമ്മൾ കണ്ടിട്ടുള്ളതുമാണ്. പേട്ട പോലെ ഒരു അടിപൊളി ആൽബം തന്ന അനിരുദ്ധ്, തന്റെ ഏറ്റവും മികച്ച ആൽബം എന്നാണ് ദർബാറിനെ വിശേഷിപ്പിച്ചത്. എന്നാൽ ആസ്വാദകർക്ക് അങ്ങനെ തോന്നിയില്ല എന്നുള്ളതാണ് വാസ്തവം. ‘ചുമ്മാ കിഴി’ ഒഴിച്ചുള്ള ഗാനങ്ങൾ എല്ലാം ശരാശരി അനുഭവം മാത്രമായി. എന്നാലും അനിരുദ്ധ് ആ കുറവ് ബിജിഎം ഇൽ നികത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.സന്തോഷ്‌ ശിവന്റെ വിഷ്വൽസ് എല്ലാം, രജനിയെ ഇതുവരെ കാണാത്ത തരത്തിൽ കാണിക്കുമെന്നതിൽ ഒരു സംശയവുമില്ല! ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും മോശമാകാൻ തരമില്ല. റാം ലക്ഷ്മൺ, പീറ്റർ ഹെയിൻ എന്നിവരാണ് സ്റ്റണ്ട്സ് ഒരുക്കുന്നതെങ്കിലും രജിനികാന്തിനു തന്റെ 70 ആം വയസിൽ അതിനോട് എത്രമാത്രം നീതിപുലർത്താനാവും എന്നുള്ളതും സംശയമാണ്.
  ഇനി, ഇതെല്ലാം ഒരു വശത്തുണ്ടെങ്കിലും, ദർബാർ കാണാൻ ഏതൊരു പ്രേക്ഷകനെയും ആകാംക്ഷപ്പെടുത്തുന്നത്, അത് ഒരു രജനികാന്ത് ചിത്രം ആണെന്നുള്ളതാണ്. SUPER STAR എന്ന് സ്‌ക്രീനിൽ എഴുതി കാണിക്കുമ്പോൾ, തീയറ്ററിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് രോമാഞ്ചം ഉണ്ടാക്കാൻ ഈ 70 വയസുകാരന് കഴിയുന്നുണ്ട്. നീണ്ട 44 വർഷങ്ങൾക്കിപ്പുറവും, ഒരു ഇൻഡസ്ട്രി ഭരിക്കുക എന്നത് അദ്ദേഹം പറയുന്നത് പോലെ “അത്ഭുതം.. അതിശയം” തന്നെയാണ്. മറുവശത്തെ പേരുകൾ മാറികൊണ്ടിരിക്കുമ്പോളും, സൗത്ത് ഇന്ത്യയിലെ ആദ്യ 100, 150, 200, കോടി ക്ലബ്ബുകൾ രജനി കീഴടക്കി കൊണ്ടിരുന്നു. അതിനു വർഷങ്ങൾക്ക് ശേഷമാണ് മറ്റു താരങ്ങൾ അത് സ്വപ്നം കാണുന്നത് പോലും. തിരിച്ചു വന്നതിനു ശേഷവും ആദ്യ 300,400, 500, 600, 700, 800 കോടി ക്ലബ്ബുകൾ കബാലി, 2.0 എന്നീ സിനിമകളിലൂടെ രജനി നേടിയെടുത്തു. മറ്റു താരങ്ങൾക്ക് ഇന്നും അതൊരു സ്വപ്നം മാത്രം.
  രജനികാന്ത് എന്ന താരം ഒരു അത്ഭുതം തന്നെയാണ്. 100 പേരെ ഒരാൾ ഇടിച്ചിട്ടാലും, വായുവിൽ നിന്ന് തീയുണ്ടാക്കിയാലും നമ്മൾ കയ്യടിക്കും, പക്ഷെ ചെയ്യുന്നത് സൂപ്പർ സ്റ്റാർ ആയിരിക്കണം! കേരളത്തിൽ പറയത്തക്ക ഫാൻസ്‌ അസോസിയേഷൻ ഒന്നുമില്ലാത്ത ഒരു താരത്തിന് വെളുപ്പിന് 4:30 ഷോ വെക്കുന്നത് തന്നെയാണ് ഈ പറഞ്ഞ സൂപ്പർ സ്റ്റാർ എന്ന വാക്കിന്റെ ഏറ്റവും ചെറിയ ഉദാഹരണം.ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥ പോലും, തന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ട് മികവുറ്റതാക്കുന്ന, മറ്റൊരു രജനികാന്ത് മാജിക്കിന് വേണ്ടി, ഒരു ആരാധകൻ എന്ന നിലയിൽ ഞാനും വെയ്റ്റിംഗ്!
  Darbar releasing on January 9, 2020!