Gayathri Madambi
എല്ലാവർക്കുമുണ്ടാകും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില അനുഭവങ്ങൾ.. അവ സമ്മാനിച്ചത് നമുക്ക് പ്രിയപെട്ടവരാണെങ്കിൽ കാലമെത്ര കഴിഞ്ഞാലും അത് ഇടക്കിടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കും..അവരേയൊരിക്കലും അറിയാതെ ഇരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിക്കും.. ഒരു വ്യക്തിയെ അങ്ങനെ ഓർമകളിൽ നിന്നും മായ്ച്ചു കളയാൻ സാധിക്കുമോ?
ETERNAL SUNSHINE OF SPOTLESS MIND(2004)
STARRING: Jim Carrey, Kate Winslet, Kirsten Dunst, Ellijah wood,Tom Wilkinson
DIRECTION & SCREENPLAY: Michel Gondry, Charlie koffman
ഒരു ബീച്ച് പാർട്ടിയിൽ വെച്ചാണ് ജോയ്ലും ക്ലെമെൻറ്റൈനും പരിചയപ്പെടുന്നത്. നേർവിപരീത സ്വഭാവക്കാരായിരുന്നിട്ടും അവർ തമ്മിൽ പ്രണയത്തിലാകുന്നു.. പക്ഷെ കാലക്രമേണ അവർക്കിടയിലെ സ്വരച്ചേർച്ചയില്യായ്മ കൂടി വന്നു .. ഒടുവിൽ ചെറിയൊരു വഴക്കിൻപുറത്ത് എടുത്തുചാട്ടക്കാരിയായ ക്ലെമെൻറ്റൈൻ ജോയ്ലുമായി പിരിയുന്നു.. രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന ആ ബന്ധത്തെ മറക്കുവാനായി മെമ്മറി ഇറേസിംഗ് നടത്തുന്ന Dr.ഹൊവാർഡിന്റെ സ്ഥാപനമായ ലക്യൂനയിൽ ക്ലെമെൻറ്റൈൻ അവളുടെ ഓർമകളിൽ നിന്നും ജോയ്ലിനെ മായ്ച്ചു കളയുന്നു. ഇതേ കുറിച്ചറിഞ്ഞു നിരാശനാകുന്ന ജോയ്ൽ അതേ പ്രക്രിയ തനിക്കും നടത്തണമെന്ന് ഹൊവാർഡിനോട് ആവശ്യപെടുന്നു. ജോയ്ലിന്റെ ഓർമകളിൽ നിന്നും ക്ലെമെൻറ്റൈനെ നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് പിന്നീടങ്ങോട്ട്… ജോയലിന്റെ ഓര്മകളിലൂടെയുള്ള ഒരു പ്രയാണം.. ഇതുവരെ പറഞ്ഞു വന്ന ആമുഖവും ജോയ്ലിന്റെ ചിതറി പോകുന്ന ഓർമകളിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്..
ഒരാൾ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് അവർ അകന്നു പോകുമ്പോളാവും കൂടുതലറിയുക..അവസാനനാളുകളിലെ വഴക്കുകളൊഴിച്ചാൽ വളരെ ഊഷ്മളമായ സ്നേഹബന്ധമായിരുന്നു അവരുടേതെന്നു അവർ തമ്മിലുള്ള നല്ല ഓർമകളും മാഞ്ഞു പോകുന്നതിനിടെ ജോയ്ൽ തിരിച്ചറിയുന്നു..തന്റെ ഓർമകളിൽ ക്ലെമെൻറ്റൈനെ നിലനിർത്തുവാൻ ജോയ്ലിന്റെ ഉപബോധമനസ്സ് തേടുന്ന സങ്കീർണമായ വഴികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്..
എത്ര സാങ്കേതികമായ കണ്ടുപിടുത്തങ്ങൾ ഉണ്ടായാലും അതൊന്നും സത്യസന്ധമായ സ്നേഹത്തെ അടർത്തുവാൻ കഴിവുള്ളതല്ല.. മൂർത്തമായ ഓർമ്മകളെ മായ്ച്ചുകളയുന്നെങ്കിലും, മനുഷ്യരുടെ അടിസ്ഥാന പ്രവണതകളെ ഇല്ലാതാകുന്നതിൽ ഹൊവാർഡിന്റെ പ്രക്രിയ പരാജയപ്പെടുന്നതും അത് കൊണ്ടാണ്. ജിം ക്യാരിയുടെ ഹാസ്യ റോളുകളിലെ മാനെറിസങ്ങൾ കണ്ടിട്ട് ചിരിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല..അങ്ങനെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള ജിം ക്യാരി, അന്തർമുഖനും നാണം കുണുങ്ങിയുമായ ജോയ്ൽ ബാരിഷ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ എത്തുന്നത്. ഒരുപക്ഷെ ഹോളിവുഡിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ നടൻ ജിം ക്യാരി ആണെന്ന് ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുന്ന ആർക്കും തോന്നിപോകും.. ക്ലെമെൻറ്റൈൻ ആയി കൈറ്റ് വിൻസ്ലെറ്റും തന്റെ റോൾ ഗംഭീരമാക്കി.. മറ്റു അഭിനേതാക്കളും അവരുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്..
ഈ സിനിമയിൽ പ്രയോഗിച്ചിരിക്കുന്ന പല ബ്രില്ലിയൻസുകളും എന്റെ ശ്രദ്ധയിൽ പെട്ടത് രണ്ടാമത് കണ്ടപ്പോളാണ്..അങ്ങനെയാണ് ഈ സിനിമയെ ഇഷ്ടമായത് …നല്ല തിരക്കഥയും വളരെ മികച്ച മേക്കിങ്ങും കഴിവുറ്റ അഭിനേതാക്കളെയും കൊണ്ട് സമ്പന്നമായ ഒരു മോഡേൺ ക്ലാസ്സിക് മൂവി.