Geetha Krishnan
35 വർഷമായത്രേ !
1986 ഇൽ കലാകൗമുദിയിൽ വന്നൊരു നോവലുണ്ട്. കെ.കെ.സുധാകരൻ എന്ന എഴുത്തുകാരന്റെ ‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’. 85 ഇൽ എഴുതിത്തുടങ്ങിയ നോവൽ 86 ആദ്യം അവസാനിച്ചു.
“നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽപ്പോയി മുന്തിരി വള്ളികൾ തളിർത്തു പൂവിടുകയും മാതളനാരകം പൂക്കയും ചെയ്തോ എന്ന് നോക്കാം”…
ഉത്തമഗീതത്തിലെ വരികൾക്ക് എഴുത്തുകാരന്റെ ദൈവം തൊട്ട വിരലുകൾ പ്രണയാചാരുതയേകി. അത് മനോഹരമായൊരു പ്രണയശില്പമായി! ആ പ്രണയശില്പത്തിന് ജീവൻ കൊടുത്തു നമ്മുടെ സ്വന്തം ഗന്ധർവ്വന്റെ മാന്ത്രികവിരലുകൾ! വേണു ജി യുടെ ഛായാഗ്രഹണം കൂടിയായപ്പോൾ ദൃശ്യചാരുതയുടെ പരമോന്നതിയിൽ അത് വെള്ളി വെളിച്ചമണിഞ്ഞു.
‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ!’
ആത്മീയതയിൽ ശാസ്ത്രം തിരയുന്നവരുണ്ട്. സാഹിത്യം തിരയുന്നവരും ഉണ്ട്. സാഹിത്യസൃഷ്ടിയിലെ സർഗ്ഗആത്മകത കാണാതെ മുച്ചൂടും വിമർശിക്കുന്ന, കലാസൃഷ്ടിയുടെ കലാഭംഗി കാണാതെ കണ്ണടച്ച് വിമർശിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് എഴുത്തുകാരൻ ബൈബിളിനെ ഒരു സാഹിത്യഗ്രന്ഥമായിക്കണ്ട് വായിക്കുന്നത്. ഇല്ലായിരുന്നുവെങ്കിൽ ഈ പ്രണയകാവ്യം ഉണ്ടാവില്ലായിരുന്നു.
പത്മരാജൻ ജിയുടെ തിരക്കഥയിലും സംവിധാനത്തിലും മലയാളിമനസ്സിന്റെ ആർദ്രമായ പ്രണയഭാവങ്ങൾ അങ്ങേയറ്റം തീവ്രതയോടെ ഉണർന്നുലഞ്ഞു! അവിടുന്ന് പിന്നെ , മുന്തിരിവള്ളികൾ തളിർത്തോ പൂത്തോ എന്നതിൽ നിന്നും , രണ്ട് മൂട് കപ്പ പറിച്ചു കാന്താരി പൊട്ടിച്ച് തിന്നുന്ന എരിവിലേക്ക് പ്രണയം കൂട് മാറുമ്പോഴും പിന്നെയങ്ങോട്ട് വിരൽത്തുമ്പിലെ ഒറ്റ ക്ലിക്കിൽ പ്രണയത്തിന്റെ ജനനമരണങ്ങൾ സംഭവിക്കുമ്പോഴും ‘മുന്തിരിത്തോപ്പിലെ’ പ്രണയം അതേ ഭാവതീവ്രതയോടെ നമുക്കുമുന്നിൽ തളിർത്തുനിന്നു! ഒരു ഇലയനക്കം പോലും കവിതകളാകുന്ന വിധത്തിൽ അത്രയും ആർദ്രഭാവത്തോടെ!
ഇന്നിപ്പോ 35 വർഷമായത്രേ! 1986 ഇൽ ഓരോണക്കാലത്ത് തീയേറ്ററിൽ എത്തിയതാണ്! വിശ്വസിക്കാനാവുന്നില്ല ഇത്രയും നാളായെന്ന്! ഇന്നലെ മൊട്ടിട്ട പ്രണയം പോലെ!!