‘പാവപ്പെട്ട ഒരുപെൺകുട്ടിക്ക് ‘ ജീവിതം കൊടുക്കാൻ നടക്കുന്നവന്മാർ അഥവാ പ്രഹസന വീരന്മാർ

0
297

Geetha Pushkaran എഴുതിയത് 

പാവപ്പെട്ട ഒരുപെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ

ഈയിടെയായി പാവപ്പെട്ട പെൺകുട്ടികളെ തേടി നടന്ന് ഒരുജീവിതം കൊടുക്കാൻ വെമ്പിനടക്കുന്ന ഒരുപാടുപേരെ കാണുന്നു.ഒരു ഡിമാന്റും ഇല്ല. ഒരു പാവപ്പെട്ട പെൺകുട്ടിയെ മതി. കുടുംബ സ്നേഹം ഉണ്ടാവണം. ജീവിതം ഉള്ളംകൈയ്യിൽ വച്ചു നീട്ടുകയാണ് ചെറുപ്പക്കാർ -ധനാഢ്യന്മാർ.അവർ ധനാഢ്യന്മാരാകാതെ തരമില്ലല്ലോ..

പണക്കാരല്ല എങ്കിൽ ഇങ്ങിനെ പെൺകുട്ടികളുടെ പാവപ്പെട്ട അവസ്ഥ സൂചിപ്പിക്കേണ്ടതില്ലല്ലോ. സാമാന്യം ജീവിച്ചു പോകാവുന്ന ഏതെങ്കിലും ഒരു തൊഴിലുള്ള ചെറുപ്പക്കാരൻ വിവാഹം ആലോചിക്കുമ്പോൾ സമാന നിലയിലുള്ള ഒരു പെൺകുട്ടിയെ തേടുന്നു എന്നു പറഞ്ഞാൽ മതിയാവില്ലേ. ഏതെങ്കിലും ഒരു പാവപ്പെട്ട പെൺകുട്ടിക്ക് ജീവിതം നൽകാൻ ആഗ്രഹിക്കുന്നു എന്ന് എടുത്തു പറയുന്നതെന്തിനാണ്. ഡിമാൻഡില്ല…. സ്ത്രീധനം വേണ്ടാ… ആഹാ എത്ര നല്ല ഓഫർ .
ഈ ഓഫർ തന്നെ സ്ത്രീയെ അപമാനിക്കലാണ്. നിന്നെയൊക്കെ വെറുതെ ധർമ്മക്കല്യാണം നടത്തി ഞാൻ സ്വീകരിക്കുമെന്ന് ഭാര്യയായി, ആജന്മ അടിമയായി. ഞാൻ ഉടമ… എന്റെ ഔദാര്യത്തിൽ നീ ജീവിച്ചോളു എന്ന്.

ഈ ഓഫർ നൽകുമ്പോൾ ആഭരണങ്ങളും പണവും പെണ്ണിനു കുടുംബത്തുനിന്നു നൽകുന്ന വീതവും ഒന്നും വേണ്ടാ എന്നു രേഖാമൂലം എഴുതിക്കൊടുക്കാൻ പറ്റുമോ? പെൺകുട്ടിക്കു തൊഴിലൊന്നും ഇല്ലെങ്കിലും പ്രശ്നമില്ല എന്നു പറയാമോ? എന്താണ് ഡിമാന്റില്ല.. പാവപ്പെട്ട പെൺകുട്ടി മതി എന്നു പറയുന്നതിന്റെ അർത്ഥം.അഞ്ചോ പത്തോ ഇരുപതോ സെന്റു പുരയിടവും അതിലൊരു വീടും സാമാന്യം നല്ലൊരു ഉദ്യോഗവും ഉള്ള ഒരു ചെറുപ്പക്കാരൻ വിവാഹാലോചന ക്ഷണിക്കുമ്പോൾ – പാവപ്പെട്ട പെൺകുട്ടി ഏതായിരിക്കും എന്ന് ഒന്നു സൂചിപ്പിക്കാമോ?

സ്വന്തമായി വീടില്ലാത്ത, സർക്കാർ നൽകിയ ഭവനനിർമ്മാണ പദ്ധതിയിലെ ചെറു വീടോ വാടക വീടോ ഉള്ള മാതാപിതാക്കളുടെ കൊള്ളാവുന്ന ഉദ്യോഗം ഒന്നുമില്ലാത്ത ഒരു പെൺകുട്ടി മതി എന്നു സൂചിപ്പിക്കുമോ? ഇല്ല. അങ്ങിനെയുള്ളവരാരും മേൽപറഞ്ഞ ഉദ്യോഗവും സാമാന്യം നല്ല പാർപ്പിടവുമുള്ള ചെറുപ്പക്കാരന്റെ ഡിമാന്റില്ലാത്ത വിവാഹാലോചനക്ക് തലവക്കില്ല തന്നെ.ആരെങ്കിലും തല കാണിച്ചാൽത്തന്നെ ജാതകച്ചേർച്ച പറഞ്ഞ് ഒഴിവാക്കപ്പെടാം.പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് ഒഴിവാകാം. അല്ല ഒഴിവാകും.

ഈ ജീവിതം വച്ചു നീട്ടുന്നത് കല്യാണത്തിന് ഒന്നും തരണം എന്നു പറയാതെ തന്നെ
തെറ്റില്ലാത്തധനസ്ഥിതിയും കുടുംബ സ്ഥിതിയും തൊഴിലും ഉള്ള പെൺകുട്ടികളെ കുരുക്കാനാണ്. കുരുക്കിൽ വീണാൽ പിന്നെ ഉദാരമനസ്ക്കനായ യുവാവിന് കോളാണ്.അവൻ ഒന്നും വാങ്ങാതെ വിവാഹം കഴിച്ചതല്ലേ.. നമുക്ക് അറിഞ്ഞു കൊടുക്കണം എന്ന ചിന്തയിൽ ഉള്ളതിന്റെ വലിയ ഭാഗം വീട്ടുകാർ നൽകും..
ആദർശത്തിൽ ഉറച്ച വിവാഹമാണെങ്കിൽ കണ്ടെത്തിയാൽ , രജിസ്റ്റർ വിവാഹം കഴിക്കാൻ തയ്യാറാണ് എന്നു പറയാമോ..ഡിമാന്റില്ലാതെ ഭിക്ഷ നൽകുന്ന ജീവിതം ഓഫർ ചെയ്യാതിരിക്കാമോ?

എടീ വിലയില്ലാത്ത പെണ്ണേ… ഞാൻ..കേമൻ ,പണക്കാരൻ ഉദ്യോഗസ്ഥൻ നിനക്ക് ഒരു ജീവിതം ഭിക്ഷ തരുന്നു എന്ന്.ജീവിതം നൽകുന്നു എന്ന പ്രയോഗം തന്നെ വളരെ മോശമാണ്. ഒരു പുരുഷന്റെ ചൊൽപ്പടിക്ക് ഇണയായി, അവന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞു നിറവേറ്റിക്കൊടുത്ത് , അവന്റെ സന്താനങ്ങളെ പ്രസവിച്ചു വളർത്തി, അവന്റെ മാതാപിതാക്കളെ ശുശ്രൂഷിച്ചു്, പിന്നെ അവനേയും മരണം വരെ ശുശ്രൂഷിച്ചു് കടുത്ത അടിമ ജീവിതം അവസാനിക്കും വരെ പണി ചെയ്ത് നടുവൊടിക്കുവാൻ ഒരു അവസരം പുരുഷൻ സ്ത്രീക്കു നൽകും

ഫ്രീയായി …. അങ്ങോട്ട് ഒന്നും നൽകണ്ട എന്ന്. അത് അവന്റെ ഔദാര്യമാണെന്ന് .അതു ജീവിതമാണെന്ന് .ഒന്നു പോകിനെടാ ….. കളേ എന്ന് പെൺകുട്ടികൾ പറയുന്ന കാലം വിദൂരമല്ല.പണ്ട് ആരോ ചോദിച്ചതുപോലെ പെണ്ണുങ്ങൾ ഭരിച്ചാലെന്താ ഭരൂല്ലേ .നിന്നെയൊന്നും ആജീവനാന്തം സഹിക്കാൻ മനസ്സില്ല എന്നു പറഞ്ഞു തുടങ്ങും സ്ത്രീകൾ സൗജന്യ ജീവിതം തരാൻ വരുന്നവരോട് .വിവാഹമല്ല ജീവിതവും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യവും എന്ന് പെൺകുട്ടികൾ ചിന്തിക്കും. ചിന്തിക്കണം. ഔദാര്യം വേണ്ട.ഭർതൃശുശ്രൂഷ കടമയായി കരുതുവാനും മനസ്സില്ല എന്ന് പറയാൻ തുടങ്ങും പെൺകുട്ടികൾ.

പുരുഷന്റെ ഭിക്ഷയായി ലഭിക്കേണ്ടതല്ല ദാമ്പത്യ ജീവിതം – സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമുള്ള ഒരു പരസ്പര സഹകരണവും ആദരവും സ്നേഹവും നിലനിർത്തേണ്ട ഉടമ്പടിയാണ്. സ്ത്രീയുടെ ആജീവനാന്ത അദ്ധ്വാനം മുതലാക്കി പുരുഷൻ സുഖ ജീവിതം നയിക്കുന്ന ഏർപ്പാടല്ല. ഉടമ അടിമ ബന്ധവും അല്ല. ജീവിതം ആരും താലത്തിലെടുത്തു വച്ചു നൽകുന്ന സൗജന്യമല്ല എന്ന അറിവും പുരുഷനുണ്ടാകണം എന്നിട്ടുമതി ഡിമാന്റില്ലാതെ പാവപ്പെട്ടവളെ തിരക്കി നടക്കുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം ?