എഴുതിയത്  : Geetha Thottam

ഭർത്താവിന്റെ മരണം ഒരിക്കലെങ്കിലും ആഗ്രഹിച്ചുപോയിട്ടില്ലാത്ത ഭാര്യമാരുണ്ടോ?

ദസ്തയോവ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാരി’ലെ ഒരു ചോദ്യത്തിനു സമാന്തരമായ ഈ ചോദ്യം ഇന്നലെ ആലപ്പുഴയിലെ സംവാദത്തിൽ ഞാൻ ഉന്നയിച്ചതാണ്.( ഒരിക്കലെങ്കിലും പിതാവിന്റെ മരണം ആഗ്രഹിക്കാത്ത പുത്രൻമാരുണ്ടോ എന്നതായിരുന്നു കാരമസോവിലെ ചോദ്യം )
തെറിവിളിയും ആക്രോശങ്ങളും പ്രതീക്ഷിച്ചു തന്നെയാണ് ചോദിച്ചത്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കൂടുതൽ മൗനങ്ങളും അപൂർവ്വം തലയാട്ടലുകളും ഉത്തരമായിവന്നു.അദ്ഭുതം ഉത്തരങ്ങളിലായിരുന്നില്ല. ഉത്തരം നൽകിയവരുടെ സത്യസന്ധതയിൽ ആയിരുന്നു.!( ഇതിനർഥം ആലപ്പുഴയിലെ പെണ്ണുങ്ങൾ തക്കം കിട്ടിയാൽ കെട്ടിയവന്മാരെ കൊല്ലും എന്നല്ല , മറിച്ച് അവരുടെ സാംസ്കാരികസാക്ഷരത എത്രയേറെ ഉയർന്നതാണ് എന്നാണ് )

തിരിച്ച് ഭാര്യയുടെ മരണം ആഗ്രഹിച്ചിട്ടുള്ള ഭർത്താക്കന്മാർ തുലോം കുറവായിരിക്കും.
അത് പുരുഷന്മാർ മൊത്തത്തിൽ പുണ്യാളന്മാരായതുകൊണ്ടൊന്നുമല്ല. അത്രമേൽ അസഹനീയമായ ഒരു സാഹചര്യം തങ്ങളുടെ ഭാര്യമാരിൽ നിന്ന് പുരുഷന്മാർക്ക് പൊതുവേ ഉണ്ടാകാറില്ലാത്തതുകൊണ്ടാണ്.

കുടുംബം എന്ന കെട്ടുപാടിനുള്ളിൽ പുരുഷൻ സ്ത്രീയുടെ ജീവിതം കശക്കിയെറിയുകയും ചങ്ങലക്കിടുകയും മെരുക്കിയെടുക്കുയും പിഴിഞ്ഞൂറ്റുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിനേക്കാൾ എത്രയോ കുറവായിരിക്കും തിരിച്ചു സംഭവിക്കുന്നത്?അപ്പോൾ മുകളിൽ ആദ്യം ചോദിച്ച ചോദ്യത്തിന്റെ കേരള / ഭാരത വേർഷൻ ഇപ്രകാരമായിരിക്കും. “ഏതടിമയാണ് ഒരിക്കലെങ്കിലും തന്റെ യജമാനന്റെ മരണം ആഗ്രഹിച്ചിട്ടില്ലാത്തത്”? ഇപ്പോൾ കാര്യം മനസ്സിലായിക്കാണും എന്നു കരുതുന്നു.

NB. ഇത് എന്റെ ആത്മകഥയായി വായിക്കാൻ താല്പര്യമുള്ളവരോട് ഒന്നും പറയാനില്ല.
എന്നാൽ ” സ്വന്തം ഭർത്താവിനെ കൊല്ലാൻ ആഗ്രഹിച്ച അദ്ധ്യാപിക” എന്ന ലേബലിൽ ഏതെങ്കിലും ഓൺലൈൻ വാർത്തക്കാരോ യൂട്യൂബുകാരോ എടുത്തു പ്രയോഗിച്ചാൽ വിവരമറിയും.

ഗീത തോട്ടം

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.