വസ്ത്രങ്ങൾ നൽകുകയും വാങ്ങുകയും ചെയ്യുന്നവരോട്

354

Geetha Thottam എഴുതുന്നു 

വസ്ത്രങ്ങൾ നൽകുകയും വാങ്ങുകയും ചെയ്യുന്നവരോട്

പുതിയ വസ്ത്രങ്ങൾ മാത്രമേ നൽകൂ എന്നും വാങ്ങൂ എന്നും ഉള്ള കടുംപിടുത്തം ഈയവസരത്തിൽ നല്ലതല്ല കൂട്ടരേ .

Geetha Thottam
Geetha Thottam

വസ്ത്രങ്ങൾ നൽകുന്നവർ
എല്ലാവരും പുതിയവ മാത്രം വാങ്ങി നൽകാൻ പറ്റുന്ന ധനസ്ഥിതിയിൽ ഉള്ളവരാകണമെന്നില്ല. എന്നാൽ
വാങ്ങുന്നവരിൽ പലരും ജീവിതത്തിൽ ഇതിനു മുൻപൊരിക്കലും സെക്കന്റ് ഹാന്റ് വസ്ത്രങ്ങൾ ഉപയോഗിച്ചവരാവില്ല.
പക്ഷെ, ഉടുതുണിക്ക് മറുതുണിയില്ലാതെ വീടുവിട്ടിറങ്ങുമ്പോൾ ജീവൻ മാത്രം തിരിച്ചു കിട്ടിയാൽ മതി എന്നായിരുന്നില്ലേ നമ്മുടെ പ്രാർഥന എന്നു ചിന്തിക്കുക.

നൽകുന്നവർ.
വീട്ടിൽ ഉപയോഗശൂന്യമായിക്കിടക്കുന്നവ എങ്ങനെയും ഒഴിവിക്കാനുള്ള അവസരമായി ഈ സാഹചര്യത്തെ ദുരുപയോഗപ്പെടുത്താതിരിക്കുക.
നമുക്ക് ഉപയോഗിക്കാൻ കൊള്ളാത്തത് മറ്റൊരാൾക്ക് കൊടുക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും പാലിക്കുക.
ക്യാമ്പുകളിൽ കഴിയുന്നവരെ സഹജീവികളായി മാത്രം കാണുക.

വാങ്ങുന്നവർ,
ഒരു പൊട്ടിയ നൂലോ ഇളകിപ്പോയ ഒരു ബട്ടണോ ചെറിയ ചുളുക്കങ്ങളോ കണ്ട് മുഖം തിരിക്കാതെയുമിരിക്കുക.

പലരും തങ്ങൾക്കു മിച്ചമുണ്ടായിട്ടല്ല,
തങ്ങളുടെ
ദാരിദ്ര്യത്തിൽ നിന്നു മിച്ചം പിടിച്ചതും ചിലരെങ്കിലും ഉള്ളതിൽ മികച്ചതുമാണ് നിങ്ങൾക്ക് നൽകിയിട്ടുള്ളതെന്നും ഓർമ്മിക്കുക.
അത് ഇസ്തിരിയിട്ട് ചുളി നിവർത്താനുള്ള സംവിധാനങ്ങളോ, സൗകര്യമോ, സമയമോ ചിലപ്പോൾ അവർക്കു കിട്ടിയിട്ടുണ്ടാവില്ല എന്നും ചിന്തിക്കുക.
രണ്ടും മൂന്നും ദിവസം ഒരേ വസ്ത്രം ധരിക്കുക എന്നതിനേക്കാൾ എത്രയോ മെച്ചമാണ് അല്പം ചുളുങ്ങിയതെങ്കിലും
വൃത്തിയുള്ള വസ്ത്രം മാറിയുടുക്കാൻ ഉണ്ടാവുക എന്നത് .

ടാഗോ, ലേബലോ പൊട്ടിക്കാതെ കടകളിൽ നിന്നു നമുക്കു ലഭിക്കുന്നവ എത്രയോ പേർ ട്രയൽ നോക്കിയതാവാം?
അതിലും മെച്ചമല്ലേ കഴുകി വൃത്തിയാക്കി കിട്ടുന്നവ?

അതിനാൽ കൊടുക്കന്നവരും വാങ്ങുന്നവരും സാമാന്യ മര്യാദയുടെ ബാലപാഠങ്ങൾ മറക്കാതിരിക്കുക.

സഹഭാവമാണ് സഹതാപമല്ല ഇപ്പോൾ ആവശ്യം.

കഴിഞ്ഞ വർഷം പോസ്റ്റിയതാണ്
എന്നാൽ പുതിയ വസ്ത്രങ്ങൾ മാത്രമേ വാങ്ങൂ എന്ന നിർബന്ധം പലയിടത്തും കണ്ടു

ആവശ്യവും ആർഭാടവും തമ്മിൽ മത്സരിക്കുന്നിടത്തേ അത് ചേരൂ
നമുക്ക് അത്യാവശ്യങ്ങളാണ് നിറവേറ്റാനുള്ളത് .
മൊത്തക്കച്ചവടക്കാർക്കു മാത്രമേ 50 ഉം 100 ഉം ഒക്കെ ബ്രാൻഡ് ന്യൂ എത്തിക്കാനാവൂ
കുസാറ്റു പോലുള്ള കളക്ഷൻ സെന്ററുകളിൽ കാര്യമായി ഒന്നും ലഭിക്കുന്നില്ല എന്ന് കണ്ടിരുന്നു.
കർക്കിടക മാസമാണ്
രോഗ ദുരിതങ്ങളേറും
ചെലവുകൾ കൂടും
അധികമൊന്നും മിച്ചം ആരുടെ കൈയ്യിലുമുണ്ടാവില്ല.

അടിവസ്ത്രങ്ങൾ ഒഴികെയുള്ളവ വൃത്തിയോടെയും നല്ല മനസ്സോടെയും കിട്ടിയാൽ സ്വീകരിച്ചു കൂടേ?