അത്ര തീവ്രവും തീക്ഷ്ണവുമായി പ്രണയിച്ചിട്ടും അവഗണിക്കപ്പെടുന്നെങ്കിൽ അതിന് രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടാകൂ

464

Geetha Thottam എഴുതുന്നു 

അത്ര തീവ്രവും തീക്ഷ്ണവുമായി പ്രണയിച്ചിട്ടും
അവഗണിക്കപ്പെടുന്നെങ്കിൽ അതിന് രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടാകൂ

Geetha Thottam

1. ആ ആൾ നിങ്ങളുടെ ആത്മാർത്ഥമായ പ്രണയത്തെ അർഹിക്കുന്നില്ല.

2. തീവ്രം ,തീക്ഷ്ണം എന്നൊക്കെയുള്ളത് നിങ്ങളുടെ തന്നെ തെറ്റിദ്ധാരണയാണ്.

ലോകം ഗാഢനിദ്രയിലാണ്ടു കിടക്കുന്ന
പാതിരാക്കാലങ്ങളിൽ
നിങ്ങൾ അയാൾക്കു വേണ്ടി ഒഴുക്കിയ
കണ്ണുനീർത്തുള്ളികൾ,
അയാളോടുള്ള നീതികേടാവുമെന്ന് കരുതി ത്യജിച്ചുകളഞ്ഞ സ്വച്ഛതകൾ.
കണ്ടില്ലെന്നു നടിച്ച,
നിങ്ങൾക്കായിത്തപിച്ചവരുടെ
ഹൃദയവേദനകൾ,
അയാൾക്കു വേണ്ടി നിങ്ങൾ നടത്തിയ ഒറ്റയാൾ കലാപങ്ങൾ,
സൃഷ്ടിച്ച കലഹങ്ങൾ,
ഏറ്റുവാങ്ങിയ പരാജയങ്ങൾ,
സ്വന്തം ഹൃദയത്തിൽ നിങ്ങൾത്തന്നെ ഏല്പിച്ച ഒരിക്കലുമുണങ്ങാത്ത
കഠാര മുറിവുകൾ,
ഇത്രമേൽ ഉപേക്ഷിക്കപ്പെടുന്നതിനെപ്പറ്റി അയാളെ കുറ്റപ്പെടുത്താനാകാതെ
നിങ്ങൾ നിരന്തരം നടത്തുന്ന ആത്മപരിശോധനകൾ,
പുറത്തേക്കൊഴുക്കാനാകാതെ നിങ്ങൾ തടഞ്ഞുവച്ച കണ്ണുനീരിന്റെ ഉറവുകൾ,
എല്ലാം

എല്ലാം നിങ്ങളുടെ മതിഭ്രമങ്ങൾ മാത്രമാകുന്നു
സത്യത്തിൽ ഇതൊന്നുമായിരുന്നില്ല നിങ്ങൾ.

ആ ആളുടെ പ്രണയം നേടാൻ നിങ്ങൾ അർഹയേയല്ല
അഥവാ നിങ്ങളേക്കാൾ എത്രയോ അർഹതയുള്ളവർ ഉണ്ട്.

എന്നെ സംബന്ധിച്ച് രണ്ടാമത്തെ കാര്യമാണ് ശരി.

NB
കഴിഞ്ഞ വർഷം ഇതേ ദിവസം എഴുതിയതാണ്.ഒരു കാര്യത്തിലൊഴികെ മാറ്റമൊന്നുമില്ല.
മാറ്റമുള്ള കാര്യം അവസാനത്തെ വരിയാണ്
അതിങ്ങനെ തിരുത്തി
എന്നെ സംബന്ധിച്ച് ഒന്നാമത്തെ കാര്യമാണ് ശരി