വയസ്സായവരെ എന്തു ചെയ്യണം?

0
872

ഗീത തോട്ടം എഴുതുന്നു Geetha Thottam

വയസ്സായവരെ എന്തു ചെയ്യണം?

ചോദ്യം കേട്ട് നെറ്റി ചുളിക്കാൻ വരട്ടെ.

കഴിഞ്ഞ 100 വർഷം കൊണ്ട് മനുഷ്യന്റെ ആയുർദൈർഘ്യം ഇരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരൻമാരുടെ ശതമാനം 13 അടുത്താണ്. അത് പോകെപ്പോകെ കൂടിവരികയേ ഉളളൂ.

പ്രായമായവർ വീടിന്റെ ഐശ്വര്യമാണ്

എന്നത്രേ പ്രമാണം.

Geetha Thottam

പറഞ്ഞു വരുമ്പോൾ ശരിയാണ്

“മുടിയിൽ നരചൂടാൻ കാലം കഴിയുക തന്നെ വേണം” – രാവണൻ (ലങ്കാലക്ഷ്മി – ശ്രീകണ്ഠൻ നായർ)

”ഭൂമിയിൽ ദീർഘകാലത്തോളം ജീവിച്ചിരിക്കാൻ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിപ്പിൻ ” – ബൈബിൾ

മഹദ്വചനങ്ങൾ എത്രയെങ്കിലുമുണ്ട് വൃദ്ധപൂജയുമായി ബന്ധപ്പെട്ട് ഉദ്ധരിക്കാൻ.

ഗുരുവായൂർ ക്ഷേത്രത്തിൽ വൃദ്ധമാതാവിനെ നടതള്ളിയ വാർത്ത വായിച്ച് അതു ചെയ്തവർക്കെതിരെ നാം എത്രയോ ഉറക്കെ കണ്ഠക്ഷോഭം നടത്തി. തീർച്ചയായും അത് വേണ്ടതു തന്നെ. എന്നാൽ പ്രതിസ്ഥാനത്ത് ആ മകനും മരുമകളും മാത്രമാണോ?

അതോ മറ്റ് വല്ലതുമാണോ?

സത്യത്തിൽ വൃദ്ധർ ഒരു ബാദ്ധ്യത തന്നെയല്ലേ?

“തങ്ങളുടെ യൗവനകാലം മുഴുവൻ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ട് ചോരയും നീരും വറ്റി ചണ്ടിയായപ്പോൾ, ആരോഗ്യം നശിച്ചപ്പോൾ, ചെറുപ്പവും സൗന്ദര്യവും ‘നശിച്ചപ്പോൾ അവരെ ബാധ്യതയായിക്കാണുന്നത് നന്ദികേടാണ് എന്ന് പറയാൻ ധാരാളം പേർ കാണും.

നമ്മുടെ നാട്ടുനടപ്പ് അനുസരിച്ച് കുടുംബത്തിലെ ഇളയ മകനാണ് തറവാടിന്റെ അവകാശം.

തറവാടെന്നാൽ കുടുംബവീട് മാത്രമല്ല

അതിൽ ജീവിക്കുന്നവരും ചേർന്നതാണ്.

ഇളയ മകന്റെ മേൽ തറവാടിന്റെ മേൽനോട്ടം വന്നു ചേരുമ്പോൾ അവന്റെ ഭാര്യയുടെ മേൽ അതിന്റെ ഉത്തരവാദിത്തങ്ങൾ സ്വാഭാവികമായും വന്നുചേരുന്നു.

ഈ ഉത്തരവാദിത്തങ്ങളിൽ ഏറ്റവും കടുപ്പപ്പെട്ടത് ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കലാണ് . വയസ്സായവർക്ക് പൊതുവേ ഉള്ള ദുശ്ശാശാഠ്യങ്ങളും

സദാ അതൃപ്തി നിറഞ്ഞ മുഖഭാവവും

പരാതിപ്പെടലും

കുറ്റപ്പെടുത്തലും പ്രാക്കും നേർച്ചയും ഈ പെണ്ണ് കേൾക്കേണ്ടി വരുന്നു.

അമ്മായച്ഛന്റെ ചിട്ടവട്ടങ്ങൾക്ക്

നേരെ വിപരീതമായിരിക്കാം അമ്മായമ്മയുടേത്.

പലപ്പോഴും സ്വന്തം മക്കൾക്കോ തനിക്കോ ഇഷ്ടമുള്ള ഭക്ഷണം പോലും ഉണ്ടാക്കാൻ അവൾക്ക് സമയം കിട്ടിയെന്നോ കിട്ടിയാൽത്തന്നെ അതിന് കഴിഞ്ഞെന്നോ വരില്ല.

അവളുടെ ജീവിതം നിരന്തരമായ സമരസപ്പെടലുകളുടെ (compromise) ഘോഷയാത്രയായി മാറുന്നു.

ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കേണ്ടത് കെട്ടിവന്ന പെണ്ണിന്റെ കടമയാണോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

അല്ല എന്നാകണം അതിന്റെയുത്തരം.

സ്വത്ത് കൂടുതൽ നീക്കിവച്ചിട്ടുണ്ട് എന്നത് അതിനൊരു പരിഹാരമേയല്ല.

അഞ്ചോ പത്തോ സെൻറുമുതൽ ഒരേക്കർ വരെ പുരയിടം അച്ഛന്റെയും അമ്മയുടെയും ‘കാലശേഷം’

(ബുദ്ധിയുള്ള മറ്റ് മക്കൾ, ചിലപ്പോൾ അച്ഛനമ്മമാർത്തന്നെ, അത് ഉറപ്പു വരുത്തിയിരിക്കും) നിങ്ങൾക്കല്ലേ പിന്നെന്താ എന്ന ചോദ്യത്തിന് ഈ പെണ്ണിന് പ്രത്യക്ഷമായി സ്വത്തു കൊണ്ടെന്തു കാര്യം എന്ന ചോദ്യം തിരികെയുണ്ട്. അവളുടെ ഭർത്താവിനോ മക്കൾക്കോ ചിലപ്പാൾ അതു കൊണ്ട് പ്രയോജനം ഉണ്ടായേക്കാം.

നശിച്ചും പൊടിപിടിച്ചും നിറംമങ്ങിയും പാഴാകുന്നത് അവളുടെ ആരോഗ്യവും യൗവനവും സൗന്ദര്യവും ആണ്.

എത്ര സ്വത്തു കൊണ്ടും

സമ്മാനങ്ങൾ കൊണ്ടും അത് വീണ്ടു കിട്ടില്ല.

ഹോം നെഴ്സിനെ നിർത്തിയാൽ പോരേ എന്ന് ചോദിക്കാം.

മറ്റ് മക്കൾക്കും മിക്കവാറും അവളുടെ ഭർത്താവിനും അത് തീരെ പിടിക്കുകയില്ല എന്നതാണ് പരമാർത്ഥം. അമ്മയ്ക്ക് / അച്ഛന് വേണ്ടത്ര ശ്രദ്ധയും പരിചരണവും കിട്ടുകയില്ല എന്നാണ് അവരുടെ ആവലാതി. അമ്മയാണ് കിടപ്പിലായിപ്പോയതെങ്കിൽ മകന് പരിമിതികൾ ഉണ്ടെന്ന് നമ്മൾ സമ്മതിക്കും. അമ്മയുടെ പഴ്സണൽ ഹൈജീൻ ആൺമക്കൾ ചെയ്തു കൂടാ എന്നതാണ് നാട്ടുനടപ്പ്. അച്ഛനാണ് കിടപ്പിലെങ്കിൽ സ്വാഭാവികമായും ആൺമക്കൾ ചെയ്യേണ്ടതല്ലേ? അപ്പോൾ നാട്ടുനടപ്പ് മലക്കം മറിയും “ആണൊരുത്തൻ തീട്ടവും മൂത്രവും കോരുകയോ ശിവ ശിവ !! ” എന്ന രീതിയാവും അപ്പോൾ .

ഈ പാവം പെണ്ണുവേണം അമ്മായച്ഛന്റെ മലവും മൂത്രവും കോരാനും,

മൂത്രം പോകാൻ വേണ്ടി കോണ്ടം മാറ്റിയിടാനും.

അതൊക്കെ സേവനവും പുണ്യവും കടമയും ആയി വ്യാഖ്യാനിക്കപ്പെടും.

അപ്പോഴും ആണ് നൈസായി രക്ഷപെട്ടിരിക്കും.

അമ്മയുടെ / അമ്മായമ്മയുടെ നഗ്നത മകന് / മരുമകന് പ്രശ്‌നമാകുന്നിടത്ത്

അമ്മായച്ഛന്റെ നഗ്നത മരുമുൾക്ക് പ്രശ്നമല്ലാതെ വരുന്നത് എന്തു കാരണത്താലാണ്!

ഭർത്താവിന്റെയും മക്കളുടെയും കൂടെ പുറത്ത് പോകൽ,

ബന്ധുവീടുകൾ സന്ദർശിക്കൽ

ഷോപ്പിംഗ്

സിനിമ

വിനോദയാത്രകൾ

സാമൂഹ്യ ഇടപെടലുകൾ

എല്ലാം തന്നെ അവളുടെ ജീവിതത്തിൽ നിന്ന് മുറിച്ചു മാറ്റപ്പെടുകയാണ്;

ഇളയ മകന്റെ ഭാര്യയായിപ്പോയി എന്ന കുറ്റത്തിന്. തുരുമ്പെടുത്ത് കെട്ടുപോകുന്ന അവളുടെ മറ്റ് കഴിവുകളെപ്പറ്റി, വിസ്താരഭയം മൂലം തൽക്കാലം പരാമർശിക്കാതെ വിടുന്നു.

ഈ പെണ്ണ് ജോലിക്കാരിയാണെങ്കിലോ?

ആഴ്ചയവസാനം കിട്ടുന്ന അവധികൾ അവൾക്ക് നരകയാതനകളാണ്. അന്നാണ് സൂപ്പർവൈസർ റോളുകളിൽ മറ്റ് മക്കൾ പ്രത്യക്ഷപ്പെടുന്നത്.

“അമ്മയുടെ നഖം നീണ്ടിരിക്കുന്നു.”

“ഇട്ടിരിക്കുന്ന ഉടുപ്പിന്റെ ഒരു ബട്ടൺ പൊട്ടിയത് നാത്തൂൻ ഇതുവരെ കണ്ടില്ല അല്ലേ? മുറിയുടെ മൂലയിൽ രണ്ടു തലമുടി കിടക്കുന്നു.”

“ബാത്റൂമിൽ മൂത്രം മണക്കുന്നു.”

“അമ്മ ഇന്നലെ ഒരു ഗ്ലാസ് വെള്ളം കുറവാണ് കുടിച്ചത്”

തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാവും അവർക്ക് .

ഇതെല്ലാം പറയുകയും ഉച്ചയ്ക്കത്തെ മൃഷ്ടാന്നം വെട്ടി വിഴുങ്ങി അമ്മയെ കുളിപ്പിക്കേണ്ട നേരമാകുമ്പോൾ പട്ടുസാരിയും പുതിയ ചുരിദാറും ചീത്തയാവാതിരിക്കാൻ അവർ ഉമ്മറത്തേക്ക് പോകും” ഇന്ന് അവധിയല്ലേ ഹോംനേഴ്സ് വൃത്തിക്കൊന്നും ചെയ്യില്ല നാത്തൂൻ തന്നെ അമ്മയെ വൃത്തിയായി ഒന്ന് കുളിപ്പിച്ചേക്കണം എന്ന ഉത്തരവും കൊടുത്തിരിക്കും.

പറയാനാണെങ്കിൽ ഇനിയുമെത്രയോ !

വൃദ്ധരായ മാതാപിതാക്കളെ പിന്നെന്തു ചെയ്യണം കൊന്നുകളയണോ എന്ന് വായനക്കാർ രോഷം കൊള്ളുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്.

അതല്ല പരിഹാരം.

വൃദ്ധരെ സർക്കാർ ഏറ്റെടുക്കണം എന്നാണ് എന്റെ അഭിപ്രായം.

കമ്യൂണിറ്റി ലിവിംഗ് ആണ് വയസ്സായവർക്ക് ഏറ്റവും മികച്ച ജീവിതരീതി. അത് സർക്കാരിന്റെ ഉത്തരവാദിത്തമാകണം. അപ്പോൾ പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തിൽ കൊണ്ടുപോയ്ത്തള്ളി, അമ്പല നടയ്ക്കൽ ഉപേക്ഷിച്ചു, പട്ടിണിക്കിട്ടു കൊന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഒന്നും കേൾക്കേണ്ടി വരില്ല.

മറ്റുള്ളവർ എന്തു പറയും എന്ന കൺസേൺ കാരണമാണ് ഭൂരിഭാഗം ആളുകളും വയസ്സായവരെ നോക്കുന്നത് . (ആരും അംഗീകരിച്ചുതരില്ല എന്നറിയാം)

സർക്കാർ ഇവരെ ഏറ്റെടുക്കുകയും ഇവർക്ക് വിനോദത്തിനും ആരോഗ്യം അനുവദിക്കുന്ന തരത്തിലുള്ള ചെറിയ ചെറിയ ജോലികൾക്കും വ്യായാമത്തിനും മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾക്കും ഉള്ള സൗകര്യം ഏർപ്പെടുത്തുകയും വേണം.

ഏതാണ്ട് ഒരേ പ്രായത്തിലുള്ളവർ ഒത്തുകൂടുന്നത് അവർക്കും സന്തോഷകരമാവും.

വൈദ്യസഹായവും അത്യാവശ്യ ചികിത്സാ സംവിധാനങ്ങളും ഉണ്ടാവണം.

വീട്ടിലുള്ളവരുടെ അഭ്യർത്ഥനയനുസരിച്ച് അവരെ മാസത്തിലൊരിക്കലോ മറ്റോ എവിടെയെങ്കിലും കൊണ്ടുപോകാനോ ചടങ്ങുകളിൽ സംബന്ധിപ്പിക്കാനോ സാധിക്കണം.

എല്ലാം വൃദ്ധരുടെ താല്പര്യപ്രകാരമേ പാടുള്ളൂ താനും.

അപ്പോൾ വയസ്സായ മാതാപിതാക്കളെ അവഗണിച്ചവർ എന്ന സോഷ്യൽ സ്റ്റിഗ്മയിൽ നിന്ന് പലരും രക്ഷപ്പെടുകയും ചെയ്യും.

വല്ലാതെ നീണ്ടു പോയേക്കാവുന്ന എഴുത്ത് ഇവിടെ നിർത്തുകയാണ് .

ചോദ്യങ്ങൾ ഉത്തരങ്ങൾ

ചോദ്യം 1: നിങ്ങൾക്ക് അച്ഛനുമമ്മയും ഇല്ലേ?

ഉത്തരം: അച്ഛൻ 84 വയസ്സിൽ മരിച്ചു.

മരിക്കുന്നതുവരെ ഒരാഴ്ചയിൽക്കൂടുതൽ കിടപ്പിലായിരുന്നില്ല.

അമ്മ ഉണ്ട് .

86 വയസ്സായ തീർത്തും കിടപ്പിലായ എന്റെ അമ്മയെ നോക്കുന്നത് വീട്ടിലെ ഇളയ മകന്റെ ഭാര്യയാണ്. അവർക്ക് നല്ല കഷ്ടപ്പാടുണ്ട്.

ചോദ്യം 2: നിങ്ങൾക്ക് അമ്മയെ നോക്കിക്കൂടെ?

ഉത്തരം: പറ്റില്ല, പല അസൗകര്യങ്ങൾ ഉണ്ട്.

ചോദ്യം 3 : സ്വന്തം അമ്മയെ സർക്കാർ സംവിധാനത്തിൽ ആക്കാൻ നിങ്ങൾക്ക് സമ്മതമാണോ?

ഉത്തരം: അതിന് എന്റെ സമ്മതം ആവശ്യമില്ല. പ്രായമായവരെ സംരക്ഷിക്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കുമ്പോൾ എന്റെ അമ്മ അതിൽ പെടാതിരിക്കാൻ വകുപ്പില്ല.

ചോദ്യം 4: നിങ്ങൾ ഇത്തരം പ്രായമായവരെ നോക്കി ബുദ്ധിമുട്ടുന്നുണ്ടോ?

ഉത്തരം: ഇല്ല.

അത്തരം പരിചരണങ്ങൾ ആവശ്യമായവർ ഭർത്താവിന്റെ വീട്ടിൽ ഇല്ല. ഉണ്ടെങ്കിൽത്തന്നെ അത് എന്റെ മാത്രം ബാധ്യതയായി ഞാൻ ഏറ്റെടുക്കുകയുമില്ല.

ചോദ്യം 5: നിങ്ങൾക്ക് പ്രായമാവുകയില്ല എന്നാണോ?

ഉത്തരം: എനിക്കു പ്രായമായി വരുന്നു.

ഞാൻ സ്വയം, പ്രായമായവർക്കായുള്ള ഏതെങ്കിലും സ്ഥാപനത്തിൽ ചേരാൻ 10 വർഷമോ അതിനു മുൻപെയോ തീരുമാനിച്ചു കഴിഞ്ഞതാണ്. കൂടുതൽ പ്രായമാകുന്നതിനു മുൻപ് ക്യാൻസർ പോലുള്ള ഏതെങ്കിലും ഗൗരവതരമായ രോഗങ്ങൾ വന്നാൽ എന്നെ പണം മുടക്കി ചികിത്സിക്കേണ്ടതില്ലെന്നും ഏതെങ്കിലും പാലിയേറ്റീവ് കെയർ സെന്ററിൽ ആക്കിയാൽ മതിയെന്നും മക്കളോട് പറഞ്ഞിട്ടുണ്ട്.

ആർക്കും ബാധ്യതയാകരുതെന്നാണ് ആഗ്രഹം.

ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ആവാം.