ഞാൻ ഒരു കടുത്ത ഇസ്ലാം വിരുദ്ധയായിരുന്നു, പത്താം ക്ലാസ് കഴിയുന്നതുവരെ

673

Geetha Thottam എഴുതുന്നു

മുഴുവൻ വായിച്ചിട്ടേ തെറി വിളിക്കാവൂ.

ഞാൻ ഒരു കടുത്ത ഇസ്ലാം വിരുദ്ധയായിരുന്നു.
പത്താം ക്ലാസ് കഴിയുന്നതുവരെ
വൈക്കം മുഹമ്മദ് ബഷീർ എന്ന ഒരൊറ്റ മുസ്ലീമിനെയേ പരിചയം ഉണ്ടായിരുന്നുള്ളൂ.
മരുന്നിനു പോലും ഒരു മുസ്ലീം ഇല്ലാതിരുന്ന (ഇന്നും ഇല്ലെന്നു തോന്നുന്നു) ഇലഞ്ഞിയിൽ ആയിരുന്നു പത്തു പതിനാറു വയസ്സുവരെ ജീവിതം.
ആദ്യമായി ഒരു മുസ്ലീമിനെ കാണുന്നത് മഹാരാജാസിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്. ബൾക്കീസ് എന്നു പേരുണ്ടായിരുന്ന ആ കുട്ടി സാധാരണ വേഷത്തിന്റെ കൂടെ കന്യാസ്ത്രീകൾ തലയിൽ ഇടുന്ന മാതിരി ഒരു ശിരോവസ്ത്രം ധരിച്ചാണ് കോളജിൽ വന്നിരുന്നത് . ആ വേഷത്തിൽ നിന്നാണ് ആ കുട്ടി മുസ്ലീം ആണെന്നു മനസ്സിലായത്. വലിയ കൗതുകത്തോടെ അതിനോടു മിണ്ടാൻ ശ്രമിച്ചിരുന്നത് ആ ശിരോവസ്ത്രത്തിൽ തൊട്ടു നോക്കാൻ കൂടിയായിരുന്നു.

വീട്ടിലും നാട്ടിലുമൊക്കെ മുസ്ലീങ്ങളെ മേത്തന്മാരെന്നാണ് പറഞ്ഞിരുന്നത് .
“അടുത്താ നക്കിത്തിന്നും അകന്നാ കുത്തിക്കൊല്ലും ” എന്നൊരു വായ്ത്താരിയും അന്ന് അവരപ്പറ്റി കേട്ടിരുന്നു. സിഗ്രിക്ക് കുറവിലങ്ങാട് ദേവമാതായിൽ പഠിക്കുമ്പോഴും ക്ലാസിൽ മുസ്ലീമായി ആരുമില്ലായിരുന്നു.
പി ജിക്ക് വീണ്ടും മഹാരാജാസിൽ പഠിക്കുമ്പോൾ നൈസ എന്നൊരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു. വേഷവിധാനത്തിൽ യാതൊരു മാറ്റവുമില്ലാതിരുന്ന ആ കുട്ടി മുസ്ലിം ആണോ എന്ന് ഇപ്പഴും തീർച്ചയില്ല . ക്ലാസിലെ ചില ആൺകുട്ടികൾ അതിനെ “നൈസാമലി’ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്നതിനാൽ മുസ്ലിം ആയിരുന്നിരിക്കാം എന്ന് കരുതുന്നു.
എറണാകുളം കെ എസ് ആർ ടി. സി സ്റ്റാൻഡിനടുത്ത് പുല്ലേപ്പടിയിലുള്ള മുസ്ലീം വിമൻസ് ഹോസ്റ്റലിൽ ആയിരുന്നു അന്ന് താമസം. പക്ഷെ സഹമുറിച്ചികൾ ആരും മുസ്ലീങ്ങൾ ആയിരുന്നില്ല.
ഒരിക്കൽപ്പോലും ഒരു മുസ്ലീമിനെ അടുത്തു പരിചയപ്പെട്ടതില്ല.
ബി. എഡിന് തൃശൂർ ഗവ: ട്രെയിനിംഗ് കോളജിൽ ഒരു മെഹർ ഉണ്ടായിരുന്നു സഹപാഠിയായിട്ട് . അവനാണ് അടുത്തിടപഴകുന്ന ആദ്യ മുസ്ലീം. പക്ഷെ പേരല്ലാതെ മറ്റൊരു സവിശേഷതകളും അവനിലും ശ്രദ്ധിച്ചിട്ടില്ല. മുസ്ലീങ്ങൾക് സാധാരണ മനുഷ്യരാവാം എന്ന് അന്ന് മനസ്സിലായിത്തുടങ്ങി.

പിന്നീടുള്ള മുസ്ലീം പരിചയങ്ങൾ മുഴുവനും സിനിമകളിലൂടെയും ടി.വി ചാനലുകളിലൂടെയും
പത്രങ്ങളിലൂടെയും ആയിരുന്നു.
ഭീകരൻ
കുഴൽപ്പണക്കാരൻ
തീവ്രവാദി
അധോലോക നായകൻ
അന്യമതക്കാരെ കൊന്നു സ്വർഗ്ഗത്തിൽ പോകാൻ നോക്കുന്നവൻ

ഒസാമ ബിൻ ലാദൻ
സദ്ദാം ഹുസൈൻ
ദാവൂദ് ഇബ്രാഹിം

അങ്ങനെ മുസ്ലീം എന്നാൽ അടിമുടി മനുഷ്യ വിരുദ്ധർ എന്ന ധാരണയുമായി പത്തു മുപ്പത്തഞ്ചു കൊല്ലം ഭൂമിയിൽ ജീവിച്ചു.
മതം അതിനൊക്കെ മുൻപേ ഉള്ളിൽ നിന്നു പോയിരുന്നെങ്കിലും കുട്ടികൾ അവർക്കിഷ്ടമുള്ളവരെ വിവാഹം കഴിക്കട്ടെ എന്നു ചിന്തിച്ചിരുന്നെങ്കിലും
അത് മുസ്ലീമിനെ ആകരുതെന്ന് ആഗ്രഹിച്ചിരുന്നു അന്നൊക്കെ ; അഥവാ മുസ്ലീങ്ങളെ പരിചയമില്ലാത്ത ഏതൊരു വ്യക്തിയെക്കൊണ്ടും അപ്രകാരം ചിന്തിപ്പിക്കുന്നതിൽ നമ്മുടെ മാധ്യമങ്ങൾ വിജയിച്ചിരുന്നു.

ഉമ്മർ മാഷിനെ (Ummar Tk പരിചയപ്പെട്ടതോടെ അകറ്റി നിർത്തേണ്ടവരാണ് മുസ്ലീങ്ങൾ എന്ന ധാരണ മാറിയെന്നു മാത്രമല്ല ചേർത്തു പിടിക്കേണ്ടവരാണെന്ന ധാരണ രൂപപ്പെടുകയും ചെയ്തു.
എത്ര ആർജ്ജവത്തോടെയും ആത്മാർത്ഥതയോടെയുമാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ !
മജീദും ജാസ്മിനുംMajeed Ict Jasmin Ict ഹരി എന്ന് ഞാൻ വിളിക്കുന്ന അമീറും സൗഹൃദപ്പട്ടികയിൽ കടന്നുവന്നപ്പോൾ ‘ഭീകരവാദി’കളും ‘അധോലോക നായക’ന്മാരുമൊക്കെ എത്ര രസികന്മാരും വിവേകികളും
വിശാലഹൃദയരുമാണെന്ന് മനസ്സിലായി.
അബ്ദുറഹ്മാൻ കെ എസ് Abdulrahiman Ks
ലാലി പി.എംLali P M
ഇവരെയൊക്കെ തീവ്രവാദികളായി സങ്കല്പിച്ചു നോക്കാൻ നല്ല രസമായിരുന്നു.

ഇസ്ലാം മതത്തിൽ തീവ്രവാദികളില്ല എന്നൊന്നുമല്ല പറഞ്ഞു വരുന്നത്.
മതം ,വിശ്വാസം ഒക്കെ ശക്തമായി പിൻതുടരുന്നവർ ഏതു മതക്കാരായാലും തീവ്രവാദികൾ തന്നെ.
ശശികല ടീച്ചറും
കെന്നഡി കരിമ്പിൻകാലായും
ശബരിമല – ഫ്രാങ്കോ – വിഷയങ്ങളിൽ
മനുഷ്യവിരുദ്ധ നിലപാടുകൾ എടുത്ത മറ്റുള്ളവരും
ഒക്കെ ഭീകരരായ തീവ്രവാദികളല്ലേ!
ഏതെങ്കിലും മതത്തിൽ പിറന്നുവീണു,
മതം വ്യക്തമാക്കുന്ന പേരുണ്ടായിപ്പോയി എന്നതൊന്നുമല്ല ഒരാളെ തീവ്രവാദിയാക്കുന്നത്, അയാൾ നെഞ്ചേറ്റുന്ന തലതിരിഞ്ഞ വിശ്വാസപ്രമാണങ്ങളും അതിനു വേണ്ടി സ്വീകരിക്കുന്ന കുമാർഗ്ഗങ്ങളുമാണ് അത് ചെയ്യുന്നത്.

കെ. ആർ ഇന്ദിര എന്ന സ്ത്രീ മാപ്പർഹിക്കുന്നില്ല* എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.

പരാമർശിക്കാൻ വിട്ടു പോയ എഫ് ബി സുഹൃത്തുക്കൾ ക്ഷമിക്കണം.
ഒരൊറ്റയിരിപ്പിന് എഴുതിപ്പോയതാണ്.

==================

*എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവുമായ കെ.ആർ.ഇന്ദിര സംഘപരിവാർ ഫാസിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലർത്തുന്ന ആളാണ്. അടങ്ങാത്ത മുസ്ലിം വിരോധം അവരുടെ പല പോസ്റ്റുകളിലും കണ്ടുവരുന്നു. ആസാം പൗരത്വ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ഒടുവിൽ അവർ പുറപ്പെടുവിച്ച വിഷലിപ്തമായ പ്രസ്താവന വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. എഴുത്തുകാരി ഗീതതോട്ടം അക്കാര്യമാണ് പരാമർശിച്ചത്.