നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ എന്തു ചെയ്തു ?

556

Geetha Thottam writes

വിവാഹിതരേ ഇതിലേ ഇതിലേ

നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെ എന്തു ചെയ്തു?

പ്രത്യേകിച്ചെന്താ ചെയ്യാൻ! ചെല്ലും ചെലവും കൊടുത്ത് കൊണ്ടു നടക്കുന്നു.
രാജകുമാരിയെപ്പോലെ സുഖമായിരിക്കുന്നു.
പൊന്നുപോലെ നോക്കുന്നു
കൺകണ്ട ദൈവമായി കാണുന്നു

ഇത്തരത്തിൽ എത്രയോ അഭിപ്രായങ്ങളുണ്ടാവും നിങ്ങളുടെ പക്കൽ.
ചോദ്യം വ്യക്തമാക്കാം
കൊന്നോ അതോ വളർത്തിയോ?

കൊല്വേ !? നിങ്ങക്കെന്നാ പ്രാന്തുണ്ടോ പെണ്ണുമ്പിള്ളേ എന്നു കണ്ണുരുട്ടാൻ വരട്ടെ

നിങ്ങൾ പ്രണയിച്ചോ വീട്ടുകാർ ആലോചിച്ചോ ആരുടെയെങ്കിലും നിർബന്ധപ്രകാരമോ എങ്ങനെ വിവാഹം ചെയ്തവരുമാകട്ടെ നിങ്ങളുടെ പങ്കാളി വിവാഹത്തിനു മുൻപ് എന്തായിരുന്നു എന്ന് ഒരേകദേശ ധാരണ ഉണ്ടായിരിക്കുമല്ലോ ഇതിനകം?

നല്ല ഒരു സംഘാടകൻ
നല്ല പ്രഭാഷക
നല്ല പാട്ടുകാരൻ
നല്ല നൃത്തക്കാരി
നല്ല നേതാവ്
നല്ല ചിത്രകാരി
യാത്രകളെ പ്രണയിച്ചിരുന്ന ഒരാൾ
ധാരാളം സുഹൃത്തുക്കളുള്ള ഒരാൾ
ബന്ധുക്കളുടെ പ്രിയപ്പെട്ട ആൾ
അച്ഛനമ്മമാരുടെ
നാട്ടുകാരുടെ ഓമന
നല്ല പാചകക്കാരൻ
നല്ല എഴുത്തുകാരി
വായനക്കാരി…

എന്റെ ചോദ്യം ആ ആൾ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നാണ് ?

കൊന്നുകളഞ്ഞില്ലേ
നിങ്ങളിൽ പലരും ?
അവളിലെ എഴുത്തുകാരിയെ
സുഹൃത്തിനെ
ചിത്രകാരിയെ
പ്രസംഗകയെ

അവനിലെ നേതാവിനെ
നടനെ
എഴുത്തുകാരനെ
കലാകാരനെ

മെരുക്കിയൊതുക്കി
കൊമ്പു മുറിച്ച്
നഖം മുറിച്ച്
പല്ലുകൾ രാകിപ്പരത്തി

അലർച്ചകളെ പൊട്ടിച്ചിരിയെന്ന്
കരച്ചിലുകളെ ചിരിയെന്ന്
തർജ്ജമ ചെയ്ത്
ഗദ്ഗദങ്ങളെ കുറുകൽ എന്ന് വ്യാഖ്യാനിച്ച്
പിടച്ചിലുകളെ ആഹ്ലാദചേഷ്ടകളന്ന് പരിഭാഷപ്പെടുത്തി
ലോകത്തെക്കാണിച്ച്
ഇതാ എന്റെ സ്വന്തം,
പാടുപെട്ട് ഞാൻ നേടിയെടുത്ത്
പരുവപ്പെടുത്തിയത്,
എത്ര സുന്ദരം മൃദുലം,
എന്ന് അഹങ്കരിച്ചില്ലേ നിങ്ങൾ?

ചിറക് ഞെരിച്ച്
തൂവലുകൾ പറിച്ച്
കൊക്കു മുറിച്ച്
നാവരിഞ്ഞ്
കൂട്ടിലടച്ച്
വഴങ്ങാത്ത ഭാഷക്ക് വശപ്പെടുത്തി
നിങ്ങൾക്കു വേണ്ടിപ്പാടാൻ
മെരുക്കിയെടുത്തില്ലേ?

ചില്ലകൾ വെട്ടിയൊതുക്കി
പടരാതെ വളരാതെ
വേരുകൾ മുറിച്ചൊതുക്കി
ചട്ടിയിലാക്കി
ആകാശവും കാറ്റും നിഷേധിച്ച്
കിളിപ്പേച്ചും
പൂക്കാലവും വിലക്കി
സ്വീകരണമുറിയിൽ
പ്രദർശിപ്പിച്ചില്ലേ ?

ഒഴുക്കും ഒച്ചയും തടഞ്ഞ്
ആഴവും പരപ്പും ഒതുക്കി
വളവും തിരിവും നേരെയാക്കി
കുന്നും കുഴിയും നിരപ്പാക്കി
അലങ്കാരക്കുളത്തിൽ തളച്ചിട്ടില്ലേ ?

ഒരിക്കലെങ്കിലും
അതെന്താണോ അങ്ങനെയറിഞ്ഞിട്ടുണ്ടോ?

ഒരിക്കലെങ്കിലും
അതിനെ അങ്ങനെ
സ്നേഹിച്ചിട്ടുണ്ടോ?

ഇപ്പോൾ നിങ്ങളുടെ കൈവശമുള്ള മുതൽ
അത് മറ്റെന്തോ ആണ്
ഒരു ചെറു കാറ്റ്
വെളിച്ചത്തിന്റെ ഒരു കിരണം
ഒരിറ്റു തെളിനീര്
ഒരുകീറാകാശം
ഒരു ചുവട് മണ്ണ്
അതിനു നൽകൂ

സ്വന്തമായൊരിടം
നിങ്ങളുടെ നിഴൽ തീണ്ടാത്തത്
നിങ്ങളുടെ ശ്വാസവും ശാസനയും വിഷം കലർത്താത്തത്
നോട്ടം വിലങ്ങാത്തത്

ജീവന്റെ ഒരു കണികയെങ്കിലും നിങ്ങൾ ബാക്കി വച്ചിട്ടുണ്ടെങ്കിൽ
തീണ്ടാപ്പാടകലെ മാറി നിന്ന്
നിശ്ശബ്ദം നോക്കിക്കാണൂ

ഭൂമിയിലെയും സ്വർഗ്ഗത്തിലെയും സമസ്ത സൗന്ദര്യങ്ങളും അവിടെ പൂത്തുലുഞ്ഞ് മദിക്കുന്നത് !
Geetha Thottam