ഡേറ്റിംഗിനെപ്പറ്റിത്തന്നെ !

273

Geetha Thottam എഴുതുന്നു 

ഡേറ്റിംഗിനെപ്പറ്റിത്തന്നെ

ഡിയർ സിന്ദഗി ( Dear Zindagi )എന്ന ചലച്ചിത്രത്തിൽ ഷാരൂഖ് അവതരിപ്പിക്കുന്ന മനോരോഗ വിദഗ്ദ്ധൻ അലിയഭട്ടിന്റെ കഥാപാത്രത്തോട് പറയുന്ന ഒരു സംഗതിയുണ്ട്.

ഒന്നിൽ കൂടുതൽ ആളുകളുമായി ഡേറ്റ് ചെയ്യുന്നവരെക്കുറിച്ചോ, അവരോടോ ആണ് പ്രസ്തുത സംഭാഷണം. ഒന്നിലധികം ഡേറ്റിംഗുകൾ പാഴായിപ്പോയവർക്ക് ,സ്വയം ഒരു കുറ്റബോധമോ മൂല്യ രാഹിത്യമോ ഒക്കെ തോന്നാൻ
ഉയർന്ന ധാർമ്മിക മൂല്യം ഉണ്ടെന്ന് വിശ്വസിക്കുന്ന നമ്മുടെ സമൂഹം കാരണമാകുന്നുണ്ട് പലപ്പാഴും.
വിശേഷിച്ചും, ബന്ധങ്ങളിൽ നിന്ന് വിട്ടു പോരുന്ന പെൺകുട്ടികളെ ‘തേപ്പുകാരി’ എന്ന് മുദ്ര ചാർത്തുന്ന സാഹചര്യം നിലനിൽക്കെ,
തനിക്ക് കംഫർട്ടബിൾ അല്ലാത്ത ബന്ധങ്ങൾ പോലും ധൈര്യസമേതം ഒഴിവാക്കാൻ പെൺകുട്ടികൾ മടിക്കും.

സംഭാഷണത്തിന്റെ ഉള്ളടക്കം . ഏതാണിങ്ങനെയാണ്.( സ്വയം കൃത വ്യാഖ്യാനം കൂടിച്ചേർന്നിട്ടുണ്ട്)
നമുക്കൊരു കസേര വേണം
വിശ്രമവേളകൾ കഴിച്ചുകൂട്ടാനും ഇരുന്ന് ജോലി ചെയ്യാനുമൊക്കെയായി ദിവസത്തിന്റെ നല്ലൊരു സമയം ഉപയോഗിയ്ക്കാനുള്ള ഒന്ന്.
തീർച്ചയായും നമ്മൾ നല്ലവണ്ണം നോക്കിയേ അത് വാങ്ങൂ
അതിന്റെ കുഷൻ മൃദുവാണോ
ചാര് അസ്വസ്ഥതയുളവാക്കും വിധം ചരിഞ്ഞാണോ,
ഇരിക്കുമ്പോൾ നടുവോ പുറമോ വേദനിക്കുമോ,
നമ്മുടെ മുറിയിലെ മറ്റു പകരണങ്ങളുമായി യോജിച്ചു പോകുമോ,
നല്ല മെറ്റീരിയൽ ആണോ,
ഭംഗിയുണ്ടോ,
എന്നിങ്ങനെ.
പലരുടെയും മുൻഗണന പലതിനായിരിക്കും.
ചിലർ
ഈടും ഉറപ്പും ഉള്ള മെറ്റീരിയലിനാകും മുൻഗണന കൊടുക്കുക.
ചിലർ ഭംഗിക്കാവുമ്പോൾ
മറ്റു ചിലർ കംഫർട്ട് ഏറ്റവും പ്രധാന കാര്യമായിക്കരുതും.
കൈകൊണ്ട് അമർത്തി കുഷന്റെ മാർദ്ദവവും പണിയുടെ ഉറപ്പും ഒരു വിധം ഒക്കെ അറിയാമെങ്കിലും തീർച്ചയായും വാങ്ങുന്നതിനു മുൻപ് നാം മതിൽ ഇരുന്നു നോക്കും.
ചാഞ്ഞും ചരിഞ്ഞും നിവർന്നും കാലുനീട്ടിയും ഉയർത്തിയുമൊക്കെ നമ്മുടെ പാകം നോക്കും.
ഒരു 75% ഇഷ്ടപ്പെട്ടാൽ പോലും കൂടുതൽ മെച്ചമായത് തിരക്കി വേറെ കടകളിൽ പോയെന്നുമിരിക്കും.
ഇതേ പ്രക്രിയകൾ അവിടെയും ആവർത്തിക്കും.
ചിലപ്പോൾ പല കടകളിൽ കയറിയാൽ ഏതെങ്കിലും ഒന്നിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ടത് കിട്ടിയേക്കാം.
ചിലപ്പോൾ ആദ്യത്തെ കടയിൽ തിരികെച്ചെന്ന് തരക്കേടില്ല എന്ന് നമ്മൾ മാറ്റിവച്ചത് വീണ്ടും തിരഞ്ഞെടുത്തേക്കാം.
മറ്റ് ചിലപ്പോൾ ആദ്യത്തെ കടയിൽ തിരികെ ചെല്ലുമ്പോൾ അത് മറ്റാരെങ്കിലും വാങ്ങിപ്പോയെന്നുമിരിക്കും. അപ്പോൾ നമ്മൾ ഇച്ഛാഭംഗത്തോടെയാണെങ്കിലും മറ്റു കടകളിൽക്കണ്ട് വലിയ ഇഷ്ടമില്ലാതെ ഉപേക്ഷിച്ചു പോന്നതിൽ ഒന്നിനെ എടുത്തെന്നിരിക്കും.
ചിലപ്പോൾ ഒന്നും വാങ്ങാതെ, കൂടുതൽ യോജിക്കുന്നതിനു വേണ്ടി കുറച്ചു നാൾ കൂടി കാത്തിരിക്കാം എന്നും തീരുമാനിച്ചേക്കാം.
എന്തായാലും കസേരയിൽ ഇരുന്നു നോക്കാതെ നാമാരും അത് വാങ്ങുന്ന പ്രശ്നമേയില്ല.
ഒരു കടക്കാരനും നിങ്ങൾ വാങ്ങുമെങ്കിൽ മാത്രമേ അതിൽ ഇരിക്കാവൂ എന്ന് നിർബന്ധം പിടിക്കാറില്ല.
അഥവാ ഇരുന്നുനോക്കി എന്നത് നിങ്ങൾ ആ കസേര വാങ്ങാനു ള്ള ഒരു വ്യവസ്ഥയോ കാരണമോ ആകുന്നില്ല എന്നു സാരം.

അതുപോലെ തന്നെ നിങ്ങൾ വാങ്ങിക്കൊണ്ടു പോകുന്ന കസേരയിൽ പലരും ഇരുന്നിട്ടുമുണ്ടാവും.
വാങ്ങുന്നതിനു മുൻപ് നിങ്ങൾ കടക്കാരനോട് ഇതിൽ ആരെങ്കിലും ഇരുന്നു നോക്കിയതാണോ എന്ന് അന്വേഷിക്കാറില്ല.
അവർ ആരൊക്കെ എന്നത് നിങ്ങളുടെ പ്രശ്നവുമല്ല.
കസേര നിങ്ങൾക്കനുയോജ്യമെങ്കിൽ മറ്റൊന്നും കാര്യമാക്കേണ്ടതില്ല.

ഇരുന്നു നോക്കി; വല്ലാത്ത നടുവേദന.
മറ്റൊന്നു നോക്കി;
തീരെ താഴ്ന്ന കുഷൻ.
ഇനിയൊരെണ്ണം
ഇരിക്കുമ്പോൾ കരകര ശബ്ദം ഉണ്ടാക്കുന്നു.
മറ്റൊന്ന് കാഴ്ചക്ക് തീരെ പോര.
ഇങ്ങനെ ഒരു എട്ടു പത്ത് എണ്ണം നോക്കിയാലേ ചിലർക്ക് ഒത്തു കിട്ടൂ.
മറ്റ് ചിലർക്ക് ആദ്യത്തേത് തന്നെ ഒത്തേക്കും.

രണ്ടോ ഏറിയാൽ മൂന്നോ വർഷം ഉപയോഗിച്ചേക്കാവുന്ന കേവലം ഒരു കസേരയുടെ കാര്യത്തിൽ ഇത്ര നിഷ്കർഷയും ശ്രദ്ധയും പുലർത്തുന്നവരാണ് നാം.
അപ്പോൾ പിന്നെ ജീവിതകാലം മുഴുവൻ (?)
ഒപ്പം കൂട്ടേണ്ട സ്ത്രീ പുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ –
ജീവിത പങ്കാളിയുടെ കാര്യത്തിൽ –
ഈ മനോഭാവത്തിന് എന്താണ് അസ്വീകാര്യത‼️
.

ഒന്നും വാങ്ങാനല്ലാതെ ചുളുവിൽ ഇരുന്നു നോക്കാൻ വേണ്ടി ഫർണിച്ചർ കടകളിൽ കയറിയിറങ്ങുന്നവരെ ഉദ്ദേശിച്ചിട്ടില്ല.
അവരെ കടക്കാർ കൊരവള്ളിക്കു പിടിക്കുന്ന കാലം അതിവിദൂരമല്ല.