ഇന്ത്യൻ ജനതയുടെ ജനിതകപശ്ചാത്തലം

426

ഇന്ത്യൻ ജനതയുടെ ജനിതകപശ്ചാത്തലം
Credit.google
Translate: Veena C

ഇന്ത്യയിലേക്ക് പുറത്തുനിന്ന് കുടിയേറിയെന്ന് അനുമാനിക്കപ്പെടുന്ന ആര്യസമൂഹം വേറാരുമല്ല, യമ്നയ (Yamnaya people) ആണ്. ഇന്ത്യക്കാരുടെ ‘വൈ ക്രോമസോം’ അപഗ്രഥനം ചെയ്തപ്പോൾ വ്യക്തമായത് ഇക്കാര്യമാണ്.

ഒരു സമൂഹത്തെ ജനിതകപരമായി പഠിക്കാൻ തുണയാകുന്നത്, അമ്മയിൽ നിന്നു മാത്രം സന്തതികൾക്ക് ലഭിക്കുന്ന മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ.യും, അച്ഛനിൽ നിന്ന് മകനിലേക്ക് മാത്രം പകരുന്ന വൈ ക്രോമസോമും (Y chromosome) ആണ്. ജീവികളുടെ കോശത്തിൽ കോശമർമത്തിന് പുറത്ത് മൈറ്റോകോൺഡ്രിയയിൽ കാണപ്പെടുന്നതാണ് മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ (Mitochondrial DNA).

venna
venna

ഇന്ത്യക്കാരുടെ അമ്മ വഴിയുള്ള വംശപാരമ്പര്യത്തിന് പതിനായിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ളതായി, മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള സമൂഹങ്ങളിലെ സ്ത്രീകൾ പതിനായിരക്കണക്കിന് വർഷങ്ങൾക്കിടെ ഇവിടെ വന്നിട്ടില്ല. എന്നാൽ, ആധുനിക ഇന്ത്യക്കാരിലെ വൈ ക്രോമസോം വിശകലനം ചെയ്തപ്പോൾ കഥ മറ്റൊന്നായി. യൂറോപ്യൻമാർ, മധ്യേഷ്യക്കാർ എന്നീ ജനതകളുമായുള്ള ഭാരതീയരുടെ ബന്ധം വൈ ക്രോമസോമിൽ തെളിഞ്ഞു!

കാലിമേച്ചിൽക്കാരുടെ ഗോത്രമായിരുന്നു യമ്നയ. ആയുധങ്ങൾ ഉപയോഗിച്ചിരുന്ന ജനത. പുരുഷാധിപത്യം നിലനിന്ന സംസ്ക്കാരമായിരുന്നു അവരുടേത് എന്ന് യമ്നയകളെയും, ‘കുർഗനുകൾ’ (Kurgans) എന്നറിയപ്പെടുന്ന അവരുടെ സവിശേഷ ശവകുടീരങ്ങളെപ്പറ്റിയും പഠനം നടത്തിയ ഗവേഷക മരിയാ ഗിംബുട്ടാസ് (Marija Gimbutas) അഭിപ്രായപ്പെടുകയുണ്ടായി.

ഗിംബുട്ടാസ്.

ഈ ഗോത്രക്കാർ കോക്കസസ് (Caucasus) മേഖലയിൽ നിന്ന് തെക്കോട്ടെത്തിയ കൂട്ടരാണ്. പേർഷ്യൻ പ്രദേശമായ ടുറാനിൽ വെച്ച് അവർ സാംസ്ക്കാരികമായ മാറ്റങ്ങൾക്കും ചിട്ടപ്പെടുത്തലുകൾക്കും വിധേയരായി.

ആ കാലഘട്ടത്തിനു ശേഷമാണ് അവർ സ്വയം ‘ആര്യന്മാർ’ എന്ന് മുദ്രണം ചെയ്യുന്നത്. ഏതാണ്ട് അയ്യായിരം വർഷം മുമ്പായിരുന്നു അത്. യൂറോപ്പിലേക്കും, തെക്കൻ മേഖലയിലേക്കുമുള്ള യമ്നയ സമൂഹത്തിന്റെ വ്യാപനം, ജനിതകപഠനത്തിന്റെ സഹായത്തോടെ കാലഗണന കാണിക്കുന്ന ഒരു ഭൂപടമായി വാഗീഷ് നരസിംഹൻ തന്റെ പഠനത്തിൽ അവതരിപ്പിക്കുന്നു.

തർക്കവിഷയം ഇതാണ്: ഇന്ത്യയിൽ ആ സമയത്ത് ഉണ്ടായിരുന്നത് ഏതു ജനതയാണ്? സൈന്ധവനാഗരികത അതിന്റെ പൂർണ്ണതയിൽ എത്തുന്ന സമയമാണത്. രാഖീഗഢിലെ പ്രാചീന സ്ത്രീയുടെ ജനിതകം വിശകലനം ചെയ്തതിന്റെ ഫലം (Cell, Sept 05, 2019)*പുറത്തുവരും വരെ കരുതിയിരുന്നത്, ഇന്ത്യയിൽ കാർഷികവൃത്തി എത്തിയത് അനറ്റോളിയ, ചൈന എന്നിവിടങ്ങളിൽ നിന്ന് എന്നായിരുന്നു. എന്നാൽ, ‘സെൽ’ ജേർണലിൽ പ്രസിദ്ധീകരിച്ച ആ പഠനം, അനറ്റോളിയയിൽ നിന്നാണ് ഇവിടെ കാർഷികവൃത്തി എത്തിയതെന്ന നിഗമനം തള്ളിക്കളയുന്നു. കാരണം, രാഖീഗഢിലെ (Rakhigarhi) പ്രാചീന സ്ത്രീയുടെ ജനിതകത്തിൽ അനറ്റോളിയയിലോ ഇറാനിലോ ഉണ്ടായിരുന്ന പ്രാചീനകർഷക ഗോത്രങ്ങളുടെ ജനിതകത്തിന്റെ കലർപ്പ് ഒട്ടുമില്ല.

ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. രാഖീഗഢ് സ്ത്രീ 4600 വർഷം മുമ്പാണ് ജീവിച്ചിരുന്നത്. സൈന്ധവരുടെ മുൻഗാമികളായ മെഹർഗഢ് ജനത എണ്ണായിരം വർഷംമുമ്പ് ഇവിടെ കൃഷിചെയ്തിരുന്നു. സൈന്ധവനാഗരികതയുടെ കാലത്തും കൃഷിയുണ്ടായിരുന്നു. ആ നിലയ്ക്ക് രാഖീഗഢിലെ സ്ത്രീയുടെ ഡി.എൻ.എ.യിൽ അനറ്റോളിയൻ ജനിതകം കാണാനില്ല എന്നതിനർഥം, അക്കാലത്തോ അതിനു മുമ്പോ അനറ്റോളിയൻ കൃഷിക്കാർ ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല എന്നാണ്. ഭൂമുഖത്ത് മറ്റ് പല കേന്ദ്രങ്ങളിലെയും പോലെ ഇന്ത്യയിലും സ്വതന്ത്രമായി കാർഷികവൃത്തി ആരംഭിച്ചിരിക്കാം എന്നാണീ കണ്ടെത്തൽ സൂചിപ്പിക്കുന്നത്. എന്നുവെച്ചാൽ, ഇന്ത്യയിലെ കൃഷിയുടെ ഉപജ്ഞാതാക്കൾ പൗരാണിക ഭാരതീയർ തന്നെയാണ്.
കാർഷികവൃത്തി. ഇന്ത്യയിലും സ്വതന്ത്രമായി കാർഷികവൃത്തി ആരംഭിച്ചിരിക്കാം
രാഖീഗഢിയിൽ നിന്നുള്ള ജനിതകത്തിൽ അനറ്റോളിയൻ ജനിതകം മാത്രമല്ല, ഇറാനിൽ നിന്നുള്ള കർഷകരുടെയോ, സ്റ്റെപ്പിയിൽ നിന്നുള്ള കാലിമേച്ചിൽക്കാരുടെയോ ജനിതകക്കലർപ്പും കണ്ടെത്താനായില്ല. സ്റ്റെപ്പിയിൽ നിന്നുള്ള ഇടയന്മാരാണ് പിന്നീട് ആര്യന്മാർ എന്ന് വിളിക്കപ്പെട്ട യമ്നയ. അവരുടെ ജനിതകം സിന്ധുനാഗരികതയിലെ രാഖീഗഢിയിൽ കണ്ടെത്തിയിട്ടില്ല എങ്കിൽ അതിനർത്ഥം ഇതാണ്, സൈന്ധവജനത ആര്യന്മാരായിരുന്നില്ല!

അപ്പോൾ ആരാണ് ആര്യന്മാർ? അവരൊരു പ്രത്യേക ജനസമൂഹമാണെന്നും, അതല്ല, ചില ഭാഷകൾ സംസാരിച്ചിരുന്ന ആളുകൾ മാത്രമാണെന്നും, ഇതു രണ്ടുമല്ല ‘ശ്രേഷ്ഠർ’ എന്ന വിശേഷണം സംബന്ധിച്ച സർവ്വനാമം മാത്രമാണെന്നും വാദങ്ങളുണ്ട്. എന്നാൽ നോക്കുക, ആര്യൻ എന്ന സംജ്ഞ ഇന്ത്യയിൽ മാത്രമുള്ളതല്ല. ഇറാൻകാർ തങ്ങളെ ആര്യമാരായി അടയാളപ്പെടുത്തുന്നു. ഇറാൻ എന്ന രാജ്യത്തിന്റെ പേരുതന്നെ ‘ആര്യൻ’ എന്ന പദത്തിൽനിന്ന് ഉണ്ടായതാണ്. ആര്യൻ എന്നത് ‘എയ്റൻ’ ആകുകയും എയ്റൻ ‘ഇറാൻ’ ആകുകയും ചെയ്തു.

വിവിധ രാജ്യങ്ങളിൽ ആര്യഭാഷകൾ സംസാരിക്കുന്നവർക്കിടയിൽ ചില ജനിതകസാമ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ, ഒരു പ്രത്യേക ഗണത്തിലെ ഭാഷകൾ സംസാരിക്കുന്ന പൊതുവായ ഉറവിടമുള്ള ഒരു ജനതയാണ് ആര്യന്മാർ എന്ന് മനസ്സിലാക്കാം. അതായത്, ആര്യഭാഷകളുടെ ഉത്ഭവത്തിനും വ്യാപനത്തിനും കാരണമായ സമൂഹമേതോ അതിനെയാണ് ആര്യന്മാരെനെന്ന് വിളിക്കേണ്ടത്.

ഇന്ത്യൻ ജനതയുടെ ജനിതകപശ്ചാത്തലം

ആര്യന്മാർ എന്നറിയപ്പെട്ട സമൂഹം ഇന്ത്യയിൽ എത്തിയോ ഇല്ലയോ എന്നതാണ് ചോദ്യം. എത്തിയെങ്കിൽ അതെപ്പോൾ? ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തിൽ വാഗീഷ് നരസിംഹനും സംഘവും നടത്തിയ ജനിതകപഠനം ഇതിനുള്ള ഉത്തരം നൽകുന്നു. നരസിംഹൻ ഉൾപ്പടെ 118 പേർ ചേർന്നു നടത്തിയ ആ പഠനം പറയുന്നത്, കഴിഞ്ഞ നാലായിരം വർഷത്തിനും മൂവായിരം വർഷത്തിനുമിടയ്ക്ക് കാസ്പിയൻ കടലിനപ്പുറമുള്ള വരണ്ട പുൽമേടുകളിൽ (സ്റ്റെപ്പിയിൽ) നിന്ന് ഒരു വർഗ്ഗത്തിൽ പെട്ടവർ തുർക്മെനിസ്താൻ വഴി ദക്ഷിണേഷ്യയിൽ പ്രവേശിച്ചു എന്നാണ്.

ആധുനിക ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ മുഖ്യമായും രണ്ടു വിശാലസമൂഹങ്ങളുടെ മിശ്രണമാണെന്ന പരികൽപ്പനയാണ് ജനിതകശാസ്ത്രം മുന്നോട്ടുവെയ്ക്കുന്നത്. അവയെ ‘ഉത്തരഭാരതീയ വംശപരമ്പര’ എന്ന അർത്ഥത്തിൽ എ.എൻ.ഐ (ANI – Ancestral North Indian) എന്നും, ‘ദക്ഷിണഭാരതീയ വംശപരമ്പര’ എന്നയർത്ഥത്തിൽ എ.എസ്.ഐ (ASI – Ancestral South Indian) എന്നും വിളിക്കുന്നു. ദ്രാവിഡ ഭാഷകൾ സംസാരിക്കാത്ത ഇന്ത്യക്കാരിലാണ് എ.എൻ.ഐ. പൈതൃകം പരിഗണനാർഹമാം വിധം കൂടുതൽ കാണപ്പെടുന്നത്.

ഈ പൈതൃകത്തിന്റെ ജനിതകമുദ്രകൾ ഇന്ത്യയ്ക്ക് പുറത്ത് ഏഷ്യൻ-യൂറോപ്യൻ മേഖലകളിലെ പാരമ്പര്യ സമൂഹങ്ങളിലും ഉണ്ട്. അതേസമയം, ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന എ.എസ്.ഐ.പൈതൃകം ഇന്ത്യയ്ക്ക് വെളിയിൽ അങ്ങനെ കാണപ്പെടുന്നില്ല. ദ്രാവിഡ ഭാഷകൾ സംസാരിക്കാത്ത, എ.എൻ.ഐ. പൈതൃകം പേറുന്ന സമൂഹം മധ്യപൂർവേഷ്യക്കാർ, മധ്യേഷ്യക്കാർ, യൂറോപ്യൻമാർ എന്നിവരോട് ജനിതകസാമ്യം പ്രദർശിപ്പിക്കുന്നു. അതേസമയം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു വെളിയിൽ എ.എസ്.ഐ. പൈതൃകമുള്ളവർ കാണപ്പെടുന്നില്ല

പത്തുവർഷം മുമ്പ് ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ‘റികൺസ്ട്രക്റ്റിക് ഇന്ത്യൻ പോപ്പുലേഷൻ ഹിസ്റ്ററി’ (Nature, 2009)# എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഹൈദരാബാദിൽ ‘സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്കുലർ ബയോളജി’യുടെ മുൻ ഡയറക്ടർ ഡോ.ലാൽജി സിങ്, ഇപ്പോൾ അവിടുത്തെ ശാസ്ത്രജ്ഞനായ ഡോ. തങ്കരാജ് എന്നിവരും ആ പഠനത്തിൽ പങ്കാളികളായിരുന്നു.

എ.എസ്.ഐ. പൈതൃകത്തിന്റെ ജനിതകം തിരയുമ്പോൾ ഏറ്റവും അടുപ്പമുള്ളത് തമിഴ്നാട്ടിലെ ചില സമൂഹങ്ങൾക്കാണ്. ഈ പൈതൃകക്കാരുടെ പൂർവികർ ‘പ്രാചീന ദക്ഷിണഭാരതീയ വംശപരമ്പര’യിൽ (AASI – Ancient Ancestral South Indian) പെട്ടവരാണ്. ആൻഡമാനിലെ വേട്ടക്കാരായ ഓംഗേ ഗോത്രസമൂഹമാണ് എ.എ.എസ്.ഐ. ആയി കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം വഴി ആൻഡമാൻ ദ്വീപുകളിലെത്തിയവരുടെ പിൻഗാമികളാണ് ഓംഗെ ഗോത്രക്കാർ.
ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ബാഹ്യപ്രകൃതിയിൽ ഓംഗെ ഗോത്രക്കാർക്ക് സാമ്യമുണ്ട്. എന്നാൽ, ജനിതകപരമായി അവർ പൂർണമായും ആഫ്രിക്കക്കാരല്ല. ആൻഡമാൻകാരുടെ ജനിതകത്തിൽ, യൂറോപ്പിലെ പ്രാചീനമനുഷ്യരായ ‘നിയണ്ടർത്തൽ’ (Neanderthal) വർഗ്ഗത്തിന്റെയും, ‘ഡെനിസോവൻ’ (Denisovan) വർഗ്ഗക്കാരുടെയും ജനിതകം അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ, ആൻഡമാൻ ആദിവാസികളെ ആഫ്രിക്കക്കാരായും കിഴക്കനേഷ്യക്കാരായും കരുതാൻ കഴിയില്ല എന്ന അഭിപ്രായവുമുണ്ട്.

അമ്പതിനായിരം വർഷം മുമ്പ് ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്ന് പുറംലോകത്തേക്ക് കുടിയേറിയപ്പോൾ, അവർ അവരുടെ തന്നെ പൂർവികരിൽ നിന്ന് മുമ്പ് പിരിഞ്ഞുപോയ പല പ്രാചീന സമൂഹങ്ങളുമായിട്ടും സംഗമിച്ചിട്ടുണ്ട് എന്നാണ് മേൽസൂചിപ്പിച്ച സംഗതി വ്യക്തമാക്കുന്നത്. അതുവഴി, വിവിധ പ്രാചീന മനുഷ്യവിഭാഗങ്ങളുടെ ജനിതകം ആൻഡമാൻകാരിലെത്തി.

ജനിതകം വഴികാട്ടുമ്പോൾ

‘പ്രാചീന ദക്ഷിണഭാരതീയ വംശപരമ്പര’ (എ.എ.എസ്.ഐ) അഥവാ ‘ആൻഡമാൻ വേട്ടക്കാരുടെ സമൂഹം’ (Andaman Hunter Gatherers – AHG) എന്നു വിളിക്കാവുന്ന പ്രാചീനസമൂഹമാണ് സിന്ധുനദീതടത്തിൽ ആദ്യം പാർപ്പുറപ്പിച്ചത്. സിന്ധുനദീതടത്തിൽ താമസിച്ചവർ, ബലൂചിസ്ഥാന്റെ പടിഞ്ഞാറൻ മേഖല, ഇറാന്റെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന പ്രാചീന വേട്ടകകാരുടെ ഗോത്രങ്ങളുമായി മിശ്രണം ചെയ്തിട്ടുണ്ട്. ആ കൂടിച്ചേരൽ എ.എസ്.ഐ.എന്നു വിളിക്കുന്ന അടിസ്ഥാനജനിതകത്തിന്റെ രൂപീകരണത്തിന് കാരണമായി. ഇത് സിന്ധുനാഗരികതയിൽ എമ്പാടും വ്യാപിച്ച വിഭാഗമായതിനാൽ അതിനെ ഇപ്പോൾ വിശാലാർത്ഥത്തിൽ ‘സിന്ധുനദീതടസമൂഹം’ (Indus Valley Cline- IVC) എന്ന് വിളിക്കുന്നു.

മേൽ സൂചിപ്പിച്ച വിശാല സമൂഹത്തിലേക്കാണ് പിന്നീട് പല മിശ്രണങ്ങളും കടന്നുവന്നത്. സാംസ്ക്കാരികമായും നാഗരികമായും സിന്ധുനദീതടം വികസിത പ്രദേശമായപ്പോൾ, അവിടുന്ന നിവാസികൾ കച്ചവടങ്ങൾക്കായി ദേശസഞ്ചാരങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഇറാനോ തുർക്ക്മെനിസ്ഥാനോ ഒന്നും സിന്ധുനാഗരികതയുടെ ഭാഗമായില്ല. സിന്ധുനദീതടവാസികളുടെ ജനിതകം ആ രാജ്യങ്ങളിൽ നാലായിരം വർഷം മുമ്പുള്ള ഏതാനും ചില സെറ്റിൽമെന്റുകളിൽ നിന്ന് ഖനനം വഴി കിട്ടിയിട്ടുണ്ട്. എന്നാൽ, അവരുടെ പിൻഗാമികൾ അവിടെ ഉണ്ടായിരുന്നെന്നോ, അവരുടെ പിൻതലമുറകൾ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതിനോ ജനിതകതെളിവുകൾ കിട്ടിയിട്ടില്ല. ഇക്കാരണത്താൽ, ‘ഔട്ട് ഓഫ് ഇന്ത്യ’ സിദ്ധാന്തം ശരിയല്ലെന്ന് പറയേണ്ടി വരുന്നു.

4500 വർഷം മുമ്പ്, പാകിസ്ഥാനപ്പുറത്ത് നിലവിൽ ഇറാനിയൻ ബലൂചിസ്ഥാനിലെ ഒരു സൈറ്റിലും (Shahr-i-Sokhta), തുർക്ക്മെനിസ്ഥാനിലെ ഒരിടത്തും (Gonur) ജീവിച്ചിരുന്ന ഈ ആളുകൾ ആര്യസമൂഹമായിരുന്നില്ല. ഇൻഡോ-യൂറോപ്യൻ ഭാഷകൾ എന്നറിയപ്പെടുന്ന, ആര്യഭാഷാഗണത്തിന്റെ വ്യാപനത്തിന് കാരണമായ സ്റ്റെപ്പി നിവാസികളുടെ ജിനിതകം ഇവരിൽ ഒട്ടുമില്ല. അപ്പോൾ ‘ഔട്ട് ഓഫ് ഇന്ത്യ’ തിയറിയും, സിന്ധുനാഗരികതയിൽ ആര്യൻജനിതകം ഉണ്ടെന്നു പറയുന്നതും, രണ്ടും തെറ്റാണ്.

എന്നാൽ, അയ്യായിരം വർഷത്തിനിപ്പുറം ഇന്ത്യക്കാരിൽ ജനിതകമിശ്രണം സംഭവിക്കുന്നതായി പഠനങ്ങളിൽ വ്യക്തമാകുന്നു. യൂറോപ്പിലെ പ്രാചീനമനുഷ്യരുടെ ഡി.എൻ.എ.സംബന്ധിച്ച് നടന്ന വ്യാപകമായ പഠനങ്ങളിൽ സ്റ്റെപ്പിയിലെ ഇടയൻമാരുടെ ജനിതകഘടന ലഭിച്ചു. ആ ജനവിഭാഗം എവിടേയ്ക്കെല്ലാം വ്യാപിച്ചു എന്ന് പഠനങ്ങളിൽ കണ്ടെത്താനായി.

ആ പഠനങ്ങൾ പ്രകാരം, അനറ്റോളിയയിൽനിന്ന് കുടിയേറിയ വലിയൊരു വിഭാഗം കർഷകഗോത്രങ്ങൾ കിഴക്കൻ യൂറോപ്പിൽ സ്റ്റെപ്പിയിലെ വേട്ടക്കാരുമായി സങ്കലനം ചെയ്യപ്പെട്ടു. ഇത് ഏഴായിരം വർഷം മുമ്പു മുതൽ അയ്യായിരം വർഷം മുമ്പു വരെയാണ് സംഭവിച്ചത്. ആ മിശ്രിതജനതയാണ് യമ്നയ. അവർ നാലായിരം വർഷത്തിനും മൂവായിരം വർഷത്തിനും ഇടയ്ക്ക് തുർക്മെനിസ്ഥാൻ കടന്ന് അഫ്ഗാനിസ്ഥാൻ വഴി ഇന്ത്യയിലെത്തുകയായിരുന്നു. ഏതാണ്ട് 3800 വർഷം മുമ്പാണ് കുടിയേറ്റം നടന്നത്.

വേദങ്ങൾ സൃഷ്ടിക്കപ്പെട്ട കാലമാണത്. വേദങ്ങളിൽ കുതിരകളെപ്പറ്റി ധാരാളം പരാമർശങ്ങളുണ്ട്. ഇതിനർഥം, വേദങ്ങൾ സൃഷ്ടിച്ചവർ കുതിരകളെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. അതേസമയം, സിന്ധുനാഗരികതയിൽ കുതിരകളുടെ സാന്നിധ്യമില്ല എന്നോർക്കുക. യമ്നയകളുടെ വരവിന് മുമ്പ് ഇന്ത്യൻ സംസ്ക്കാരത്തിൽ കുതിരകൾ എത്തിയിരുന്നില്ല എന്ന് കരുതുന്നതിൽ തെറ്റില്ല. ഇന്ത്യൻ സംസ്ക്കാരത്തിന്റെ ഭാഗമായി കുതിരകൾ മാറുന്നത്, 3800 വർഷം മുമ്പു മുതൽ 3500 വർഷം മുമ്പു വരെയുള്ള കാലത്താണെന്ന് ജനിതകത്തെളിവുകൾ പറയുന്നു. ഇത് ഈജിപ്റ്റിൽ കുതിരകൾ അവരുടെ സംസ്കാരത്തിന്റെ ഭാഗമാക്കപ്പെട്ട കാലയളവുമായി ഒത്തുവരുന്നു.

മേൽസൂചിപ്പിച്ച ജനിതക തെളിവുകളും വസ്തുതകളും വ്യക്തമാക്കുന്നത്, ഇൻഡോ-ഇറാനിയൻ ഭാഷകൾ അഥവാ ആര്യഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വർഷംമുമ്പ് മധ്യേഷ്യയിൽനിന്ന് ഇന്ത്യയിൽ കുടിയേറി എന്നാണ്.

സൈന്ധവനാഗരികതയും ദ്രാവിഡബന്ധങ്ങളും

സിന്ധുനദീതടത്തിൽ ഉണ്ടായിരുന്നത് ദ്രാവിഡസമൂഹമായിരിക്കാം എന്ന് പല തെളിവുകളുടെയും അടിസ്ഥാനത്തിൽ പറയാനാകും. തമിഴ് ഭാഷ ദ്രാവിഡസമൂഹത്തിന്റേതാണ്. സിന്ധുനദീതടത്തിൽ നിന്ന് ലഭിച്ച ചില വസ്തുക്കളെങ്കിലും അവിടെ ഒരു തമിഴ് ശൈവസംസ്കാരം നിലനിന്നിരിക്കാമെന്നുള്ള സാധ്യത വെളിവാക്കുന്നു. അതിലൊന്ന് യോഗസ്ഥിതനായ പശുപതിയുടെ മുദ്രയാണ്. മറ്റൊന്ന്, ജെല്ലിക്കെട്ടുമുദ്രയും. ഇപ്പോൾ തമിഴ്നാട്ടിൽ മാത്രമുള്ള ജല്ലിക്കെട്ട്, സിന്ധുനദീതട സംസ്കാര കാലത്തെ ഒന്നിലധികം മുദ്രകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഐരാവതം മഹാദേവൻ 2009-ൽ ‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ സൈന്ധവമുദ്രകൾക്ക് തമിഴ് ബന്ധങ്ങൾ ഉള്ളതായി പരാമർശിക്കുന്നു. സൈന്ധവസംസ്കാരത്തിനും മുമ്പുള്ള മെഹർഗഢ് സംസ്കാരത്തിൽ ചെറിയ സ്ത്രീപ്രതിമകൾ നിരവധിയെണ്ണം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത് സ്ത്രീയുടെ ആരാധന, അമ്മദൈവാരാധന എന്നിവയുമായി ബന്ധമുള്ളതാകാം. തമിഴ് സംസ്കാരത്തിൽ അമ്മൻ എന്ന പേരിൽ അമ്മദൈവാരാധനയുള്ളതും, കേരളത്തിലടക്കം കാളിയുടെ ആരാധന വളരെ പ്രാചീനമാണെന്നതും, മെഹർഗഢ് സംസ്കാരത്തിലെ സ്ത്രീപ്രതിമകളുടെ സാന്നിദ്ധ്യവുമായി ചേർത്തുവായിക്കാവുന്നതാണ്.
സിന്ധുനദീതടത്തിൽ ജലലഭ്യത ഇല്ലാതായപ്പോൾ അവിടത്തെ ജനത ഭാരതത്തിൽ മറ്റിടങ്ങളിലേക്ക് നീങ്ങി എന്നാണ് അനുമാനിക്കപ്പെടുന്നത്. സിന്ധുനാഗരികതയിലെ ആളുകൾ നീങ്ങിയത് ഗംഗാതടങ്ങളിലേക്കും തെക്കോട്ടും ആണെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ ഗംഗാതടങ്ങൾ, സിന്ധുനദീതടസംസ്കാരത്തിന്റെ തുടർച്ചയാകണം. ചിലപ്പോൾ, സിന്ധുനാഗരികതയുടെ കാലത്തുതന്നെ കാശിയടക്കമുള്ള ഇടങ്ങളിൽ സമാനമായ ഒരു ഗംഗാതട നാഗരികത നിലനിന്നിരിക്കാം.

തെക്കാകട്ടെ, അക്കാലത്തുതന്നെ ഒരു സംസ്കാരം നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈയിടെ തമിഴ്നാട്ടിലെ കീഴടിയിൽനിന്നും ബി.സി. 600 കാലഘട്ടത്തിലെ വസ്തുക്കൾ ഖനനം വഴി കണ്ടെടുത്തിരുന്നു. ഒപ്പം, സൈന്ധവലിപികൾക്കും തമിഴ് ബ്രാഹ്മി ലിപിക്കും മധ്യവർത്തി എന്ന് കരുത്തപ്പെടാവുന്ന ഒരു ചിത്രലിപിയും അവിടെ നിന്ന് ലഭിച്ചു. അതിനെ സൈന്ധവലിപികൾക്കും തമിഴ് ബ്രാഹ്മിക്കുമിടയിലെ ‘മിസ്സിംഗ് ലിങ്ക്’ ആയി കണക്കാക്കണം എന്ന വാദം ഉയർന്നിട്ടുണ്ട്.

കേരളത്തിൽ വയനാട്ടിലെ എടക്കൽ ഗുഹാസംസ്കാരം സിന്ധുനാഗരികതയ്ക്കും മുമ്പേയുള്ള മെഹർഗഢ് സംസ്കാരത്തിന്റെ കാലത്തു തന്നെ ഉള്ളതാണ്. അതായത്, സൈന്ധവനാഗരികതയുടെ കാലത്തിനു മുമ്പേതന്നെ ദക്ഷിണഭാരതത്തിൽ പ്രാചീനജനതകൾ ഉണ്ടായിരുന്നു. അവർ, ഏറ്റവും കുറഞ്ഞത് ഗുഹാസംസ്കൃതിയുടെ എങ്കിലും ഉടമകളാണ്. അവരുടെ നേർപിൻഗാമികളോ, അവർക്കൊപ്പമുണ്ടായിരുന്ന സഹോദരസമൂഹങ്ങളോ, അതുമല്ലെങ്കിൽ സൈന്ധവനിവാസികളുമായുള്ള സങ്കരസമൂഹമോ, ദക്ഷിണഭാരതത്തിലെ നാഗരികതകൾക്ക് കാരണമായിട്ടുണ്ട്. സിന്ധുനദീതടത്തിലും ദക്ഷിണഭാരതത്തിലും ഉള്ള ആളുകൾക്കിടയിൽ ജനിതകബന്ധങ്ങൾ കാണുന്നതിനാൽ, ഇവയ്ക്കിടയിലുള്ള സാംസ്കാരികബന്ധങ്ങൾ നിഷേധിക്കാനാവില്ല.
സിന്ധുനദീതടത്തിൽ നിന്ന് ലഭിച്ച ജെല്ലിക്കെട്ട് മുദ്ര
ഭാരതത്തിന്റെ ദ്രാവിഡപശ്ചാത്തലത്തെപ്പറ്റി വാഗീഷ് നരസിംഹന്റെ പഠനം കൂടുതൽ വ്യക്തത തരുന്നുണ്ട്. പഠനത്തിൽ അദ്ദേഹം ചില കാര്യങ്ങൾ തെളിമയോടെ വ്യക്തമാക്കുന്നു (Science, Sept 06, 2019). ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷാഗണമായ ദ്രാവിഡഭാഷകളുടെ ഉത്ഭവത്തിലേക്ക് നരസിംഹന്റെ പഠനം വെളിച്ചം വീശുന്നു. സിന്ധുനദീതടസമൂഹത്തിലെ (Indus Valley Cline- IVC) ആളുകൾ ആ സംസ്കാരത്തിന്റെ പതനത്തിന് ശേഷം സൈന്ധവപ്രദേശങ്ങളിൽ നിന്ന് തെക്കോട്ടും കിഴക്കോട്ടും ദേശാടനം ചെയ്യുകയും അവിടങ്ങളിൽ ഉണ്ടായിരുന്ന എ.എ.എസ്.ഐ (Ancient Ancestral South Indian) അഥവാ പ്രാചീനദക്ഷിണഭാരതീയ വംശപരമ്പരയിലെ അംഗങ്ങളുമായി കൂടുതൽ മിശ്രണം ചെയ്യപ്പെടുകയും ചെയ്തിരിക്കാമെന്നും, അവർ ദ്രാവിഡഭാഷകളുടെ പ്രാഗ് രൂപമായിരിക്കാം സംസാരിച്ചിരുന്നതെന്നും, വാഗീഷ് നരസിംഹന്റെ പഠനം വ്യക്തമാക്കുന്നു. ദ്രാവിഡഭാഷകൾക്ക് എ.എസ്.ഐ. സമൂഹവുമായുള്ള അടുത്ത ബന്ധം ഇത് സൂചിപ്പിക്കുന്നു. അതായത്, പ്രാഗ് ദ്രാവിഡഭാഷ വ്യാപിപ്പിച്ചവർ സിന്ധുനദീതട സമൂഹത്തിന്റെ പിൻഗാമികളാണ്.

ഇതോടൊപ്പം വാഗീഷ് നരസിംഹൻ ദ്രാവിഡഭാഷകളുടെ വ്യാപനത്തിന്മേൽ മറ്റൊരു സിദ്ധാന്തം കൂടി പരിഗണിക്കേണ്ടതാണെന്ന ആശയം മുന്നിൽ വയ്ക്കുന്നു. പ്രാഗ് ദ്രാവിഡഭാഷാരൂപം വ്യാപിച്ചത് തെക്കൻദേശങ്ങളിൽ ഉദ്ഭവിച്ച എ.എസ്.ഐ. സമൂഹത്തിൽ നിന്നായിരിക്കാമെന്നും പഠനത്തിൽ അദ്ദേഹം പറയുന്നു. വൃക്ഷലതാദികൾ, ജന്തുജാലങ്ങൾ എന്നിവയെ സൂചിപ്പിക്കാൻ ദക്ഷിണഭാരതത്തിൽ ഉപയോഗിക്കപ്പെടുന്ന പദങ്ങളുടെ ചില പഠനങ്ങളും നേരത്തെ മുകളിൽ സൂചിപ്പിച്ച സൈന്ധവമുദ്രകളും ഈ വാദവുമായി ഒത്തുപോകുന്നവയാണ്.

യൂറോപ്പിൽ ഹിമയുഗത്തിന്റെ അവസാനം കൂറ്റൻ ഹിമപാളികൾ ഇല്ലാതായപ്പോഴാണ് പ്രാചീന മനുഷ്യസമൂഹങ്ങൾക്ക് പല ദിക്കുകളിലേക്ക് സഞ്ചരിക്കാൻ സാധിച്ചത്. ഹിമയുഗത്തിൽ പക്ഷേ, ദക്ഷിണഭാരതമെന്ന ഉഷ്ണമേഖലയിൽ മഞ്ഞിന്റെ ശല്യം ഉണ്ടായിരുന്നില്ല എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ലോകത്താദ്യമായി കൃഷി ആവിർഭവിച്ചത് ഇന്ത്യയിലായിക്കൂടേ? അതാണ് സംഭവിച്ചതെങ്കിൽ, അതിനേറ്റവും സാധ്യതയുള്ള ഇടങ്ങൾ കേരളവും തമിഴ്നാടുമാണ്. കടലിലിന്റെ വിതാനമാണെങ്കിൽ അക്കാലത്ത് ഹിമയുഗം കാരണം ഇന്നത്തേക്കാൾ നൂറുമീറ്റർ എങ്കിലും താഴെയുമായിരുന്നു. അതായത്, ഇന്നത്തെ കന്യാകുമാരിക്കുമപ്പുറം എത്രയോ കിലോമീറ്റർ കടൽ ഇല്ലാതെ കര ഉണ്ടായിരുന്നിരിക്കാം.

ആര്യന്മാർ ഇന്ത്യയിലേക്ക് വന്നവരല്ലെന്നും, വേണ്ടത് ഒരു ‘ഔട്ട് ഓഫ് ഇന്ത്യാ സിദ്ധാന്തം’ ആണെന്നും അവകാശപ്പെട്ടു കൊണ്ട് വസന്ത് ഷിൻഡേയും നീരജ് റായിയും നടത്തിയ പത്രസമ്മേളനം, ഡേവിഡ് റെയ്ഷിനോപ്പം ചേർന്ന് ‘സെൽ’ ജേർണലിൽ അവർ പ്രസിദ്ധീകരിച്ച പഠനത്തിന്റെ (Cell, Sept 05, 2019) അടിസ്ഥാനത്തിലായിരുന്നു.

ആ പേപ്പറിലെ കൗതുകമുള്ള കാര്യം, അതിന്റെ ആറാംപേജിൽ രണ്ടാമത്തെ ഖണ്ഡികയിൽ കാണാം. അതിലിങ്ങനെ എഴുതിയിരിക്കുന്നു: എന്തൊക്കെയായാലും, ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ ദക്ഷിണേഷ്യയിലേക്കുള്ള വ്യാപനത്തിന്റെ സ്വാഭാവികമാർഗ്ഗം ബി.സി.രണ്ടായിരാമാണ്ടിൽ കിഴക്കൻ യൂറോപ്പിൽനിന്നും മധ്യേഷ്യ വഴിയും, ആ വ്യാപനം പ്രാചീന ജനിതകപഠനം വഴി രേഖപ്പെടുത്തപ്പെട്ടതുമാണ്. (‘However, a natural route for Indo-European languages to have spread into South Asia is from Eastern Europe via Central Asia in the first half of the 2nd millennium BCE, a chain of transmission that did occur as has been documented in detail with ancient DNA’). ഈ ഒരൊറ്റ വാചകം തന്നെ സൂചിപ്പിക്കുന്നത് സംസ്കൃതം സംസാരിച്ചിരുന്ന ആര്യസമൂഹം പുറത്തുനിന്നും ഇന്ത്യയിലേക്ക് കുടിയേറിയവർ ആണ് എന്നാണ്.
Newsഐരാവതം മഹാദേവൻ
സംസ്കൃതം ഒരു പ്രാചീന ഇൻഡോ-യൂറോപ്യൻ ഭാഷയാണ്. ഹിന്ദി അടങ്ങുന്ന പല ഉത്തേരേന്ത്യൻ ഭാഷകളും ഇൻഡോ-യൂറോപ്യൻ ഭാഷകൾ തന്നെ. അവയുടെ ഇന്ത്യയിലേക്കുള്ള വരവ് കിഴക്കൻ യൂറോപ്പിൽനിന്നും മധ്യേഷ്യ വഴിയാണെന്നാണ് വസന്ത് ഷിൻഡേയും നീരജ് റായിയും തങ്ങളുടെ ഗവേഷണപഠനത്തിൽ പറയുന്നു. ഇൻഡോ-യൂറോപ്യൻ ഭാഷകൾ ഇന്ത്യയിൽ ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ മാത്രമാണ് എത്തിയതെങ്കിൽ, അതിനുമുമ്പേ സഹസ്രാബ്ദങ്ങളോളം ഭാരതഭൂമിയിൽ ജീവിച്ചിരുന്നവരുടെ ഭാഷ ദ്രാവിഡഭാഷയാണെന്ന് പറയേണ്ടിവരുന്നു.

രാഖീഗഢിയിലെ ജനിതകത്തിൽ ഇൻഡോ-യൂറോപ്യൻ ഭാഷകൾ സംസാരിച്ചിരുന്ന ആളുകളുടെ ജനിതകം ഇല്ല എന്ന കണ്ടെത്തലും, സിന്ധുനദീതടത്തിലെ മേൽസൂചിപ്പിച്ച തമിഴ് സംസ്കാര സ്വാധീനങ്ങളും, തമിഴ്നാട്ടിൽ കീഴടിയിലെ ഖനനത്തെളിവുകളും സൂചിപ്പിക്കുന്നത് ഇതാണ്, ഭാരതത്തിൽ ആദ്യമായുണ്ടായ കാർഷിക-നാഗരിക സംസ്കാരം ദ്രാവിഡ സംസ്കാരമാണ്!

ഉപദംശം: വസന്ത് ഷിൻഡേയും നീരജ് റായിയും പത്രസമ്മേളനത്തിൽ അവതരിപ്പിച്ച ‘ഔട്ട് ഓഫ് ഇന്ത്യാ’ സിദ്ധാന്തം ശരിയെങ്കിൽ ഏതു ജനതയായിരിക്കും ഇന്ത്യക്ക് വെളിയിലേക്ക് പോയിട്ടുണ്ടാകുക? നിസ്സംശയം പറയാം, അത് എ.എസ്.ഐ. എന്ന് ജനിതകമായി അടയാളപ്പെടുത്തപ്പെട്ട ദ്രാവിഡജനതയായിരിക്കും.