താരങ്ങളെ കണ്ടും സംവിധായകരെ കണ്ടും സിനിമ കാണുന്ന പ്രേക്ഷകർ ഉള്ള നാടാണ് നമ്മുടേത്. എന്നാൽ ഒരു പ്രൊഡ്യൂസറിന്റെ ചിത്രം പോസ്റ്ററിൽ കണ്ടു സിനിമ കാണാൻ കയറുന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ ? അങ്ങനെയൊരു ഭാഗ്യം സിദ്ധിച്ച ഒരേയൊരു നിർമ്മാതാവാണ് തമിഴിന്റെ പ്രിയപ്പെട്ട കെ.ടി. കുഞ്ഞുമോൻ. കുഞ്ഞുമോൻ ഒരു മലയാളിയാണ് എന്ന സത്യം ചിലർക്കെങ്കിലും അറിയാമായിരിക്കും. തമിഴിൽ ബ്രഹ്മാണ്ഡ സിനിമകളുടെ തുടക്കക്കാരൻ ആയിരുന്നു കുഞ്ഞുമോൻ. വസന്തകാല പറവൈ, സൂര്യൻ, ജെന്റിൽമാൻ തുടങ്ങിയ സിനിമകൾ മെഗാഹിറ്റുകൾ ആയിരുന്നു. എ ആർ റഹ്മാൻ എന്ന സംഗീതചക്രവർത്തിയുടെ തേരോട്ടം തുടങ്ങിയതും കുഞ്ഞുമോൻ ചിത്രത്തിലൂടെയായിരുന്നു.
ഒരു ഇടവേളയ്ക്കു ശേഷം കുഞ്ഞുമോൻ തിരിച്ചുവരികയാണ്. ജെന്റിൽമാൻ – 2 എന്ന ചിത്രവുമായി. ബാലതാരമായി വന്നു ഒടുവിൽ നായികനടിയായി ഉയർന്ന നയൻതാര ചക്രവർത്തി (ബേബി നയൻതാര) യാണ് ഇതിലെ നായിക. നയൻതാര തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. കുഞ്ഞുമോന്റെ രണ്ടാംവരവ് ചലച്ചിത്രലോകം വളരെ ആകാംക്ഷയോടെയാണ് കാണുന്നത് .