ബിന്ദു ആക്രമിക്കപ്പെട്ടത് മാത്രമാണ് പ്രശ്നം എന്ന് കരുതുന്നവർ ഇത് വായിക്കേണ്ടതില്ല

132

Geordie George

കാര്യങ്ങൾ സങ്കീർണ്ണമാണ്. പ്രൈമറി സ്കൂൾ നിലവാരത്തിനപ്പുറം പക്വതയോടെ വിലയിരുത്തപ്പെടേണ്ടതാണ്.

ആദ്യം ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട സംഭവം. ഒരാളെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിക്കുക എന്നാൽ തീർത്തും ഹീനമായ ക്രിമിനൽ കുറ്റം തന്നെയാണ്. ബിന്ദു ഒരു സ്ത്രീയാണ്. ദളിത് സ്ത്രീയാണ്. അങ്ങനെ വിഷയത്തിന് കൂടുതൽ ഗൗരവം കൈവരുന്നു.

ആക്രമി സംഘിയാണ്. പ്രതിയെ പിടികൂടുകയും മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുയും വേണം. സാധ്യമായ എല്ലാ വകുപ്പുകളും ചേർത്തുതന്നെ കേസ് എടുക്കണം.

ഉപയോഗിച്ച സാധനം എന്തായാലും ആക്രമണം ന്യായീകരിക്കപ്പെടുന്നില്ല. അടിച്ചത് പനിനീരാണെങ്കിലും വഴിയിൽ തടഞ്ഞുനിർത്തി അടിക്കരുത്.

ബിന്ദു ആക്രമിക്കപ്പെട്ടത് മാത്രമാണ് പ്രശ്നം എന്ന് കരുതുന്നവർക്ക് വായന ഇവിടെ നിർത്താം.

ബിന്ദു ആക്രമിക്കപ്പെട്ട സാഹചര്യം ചർച്ച ചെയ്യാൻ താത്പര്യമുള്ളവർക്ക് ബാക്കി വായിക്കാം.

2019 ന്റെ തുടക്കം മുതൽ, കൃത്യമായിപ്പറഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിന്ദുവും കനകദുർഗ്ഗയും സർക്കാർ ബുദ്ധിജീവികൾക്ക് അസ്പർശ്യരായി. വേദികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അവരുമായുള്ള സമ്പർണർക്കം ഒഴിവാക്കി. അവരുടെ ശബരിമലപ്രവേശനം ജനങ്ങൾ എത്രയും പെട്ടെന്ന്‌ മറക്കണം എന്ന് പാർട്ടി അതിയായി ആഗ്രഹിക്കുമ്പോലെയായിരുന്നു കാര്യങ്ങൾ.

മലകയറാൻ താൽപര്യമുള്ളവർക്ക് പോകാം എന്ന് വാക്കാലെങ്കിലും കഴിഞ്ഞവർഷം സർക്കാർ പറഞ്ഞിരുന്നു. ഇപ്പോൾ എന്താണ് സർക്കാർ നിലപാട്?
ശബരിമലയിൽ സ്ത്രീകൾ കയറണ്ട എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. മലകയറാൻ വരുന്നവർക്ക് പോലീസ് സംരക്ഷണം കൊടുക്കില്ല എന്നുതന്നെയാണ് പരസ്യ നിലപാട്. (കഴിഞ്ഞവർഷം അത് രഹസ്യമായിരുന്നു.)

നവോത്ഥാനം എവിടെപ്പോയി എന്നു ചോദിക്കരുത്. ക്രമസമാധാനം തകർക്കാൻ സംഘികൾക്ക് കൂട്ടു നിൽക്കുന്നു എന്ന ആരോപണം കേൾക്കേണ്ടിവരും.

* ഒരു മന്ത്രി പറയുന്നു, ഭക്തരായ സ്ത്രീകൾ ശബരിമലയിൽ പോവില്ലെന്ന്!! അതായത് പോകുന്ന സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ചാണ് മന്ത്രിയുടെ ആരോപണം. സംഘി നിലപാടും ഇതു തന്നെ.

* ആക്ടിവിസം നടത്താനുള്ള സ്ഥലമല്ല ശബരിമല എന്ന് മറ്റൊരു മന്ത്രി. അതായത് ഭക്തയാണെന്ന് 916 സർട്ടിഫിക്കറ്റ് കിട്ടിയവർ മാത്രം ശബരിമലയിൽ പോയാൽ മതിയത്രെ. ഇതും പക്കാ സംഘി നിലപാട്. AKG സെന്ററിൽ കിട്ടുമോ എന്തോ ഈ സർട്ടിഫിക്കറ്റ്. പുരുഷന്മാർക്കില്ലാത്ത നിയന്ത്രണമാണ് ഇത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

* സ്ത്രീ പ്രവേശന വിധിയ്ക്ക് സ്റ്റേ ഇല്ല എന്ന് സുപ്രിംകോടതി ജഡ്ജി പോലും പറഞ്ഞെങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ടെന്ന് നിയമോപദേശം!! സംഘി നിലപാട് തന്നെ ഇതും.

ചുരുക്കത്തിൽ ശബരിമലയിൽ കയറുന്നതിൽ നിന്ന് സ്ത്രീകളെ തടയാൻ മുട്ടുന്യായങ്ങൾ പരതുന്ന പാർട്ടിയും മുന്നണിയും. ഇതൊക്കെ സമ്പൂർണ്ണ സ്ത്രീവിരുദ്ധതയല്ലേ??

ഇക്കൊല്ലം മലകയറാൻ പോകുന്ന യുവതികൾക്ക് സംരക്ഷണം കൊടുക്കില്ല എന്നാണ് സർക്കാർ നിലപാട്. 12 വയസ്സായ കുട്ടിക്കുപോലും സംരക്ഷണം എന്നല്ല, അനുവാദം പോലും പോലീസ് കൊടുത്തില്ല.

അതേ പോളിസി ഉള്ളതുകൊണ്ടല്ലേ മലകയറാൻ പോയ ബിന്ദുവിനെ സംഘി ആക്രമിച്ചാത്? അതിൽ പ്രതിഷേധിക്കാൻ സർക്കാർ അനുകൂലികൾക്ക് ധാർമ്മീകമായി എന്തവകാശമാണുള്ളത്?

ഇപ്പോൾ ബിന്ദുവിനെതിരെയുള്ള ആക്രമണം സുപ്രിംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു തന്നെയാണ്. അതിലുപരി സംരക്ഷണം കൊടുക്കാൻ സർക്കാറിന് നിയമപരമായും ധാർമ്മീകമായും ബാധ്യതയുള്ള ആളാണ് ബിന്ദു. സംഭവം നടന്നത് പോലീസിന്റെ മൂക്കിന് താഴെ.

സംഘപരിവാർ പരസ്യമായി ഭീഷണി മുഴക്കിയിട്ടുള്ള ബിന്ദുവിനെ സംരക്ഷിക്കാൻ പൊലീസിന് അറിയില്ലേ? കേരളാ പൊലീസിനെക്കാൾ അതി ശക്തരാണോ സംഘികൾ?

വെറുതെ ഒരു സംഘിയെ പഴിച്ച് മറ്റെല്ലാം സൗകര്യപൂർവം വിസ്മരിക്കാമോ? ഈ ഭരണത്തിന്റെ കീഴിൽ പോലീസിന്റെ കാക്കത്തൊള്ളായിരത്തി അറുന്നൂറ്റിതൊണ്ണൂറ്റി ഒൻപതാമത്തെ വീഴ്ചയല്ലേ ഇത്?

സ്ത്രീ പ്രവേശനത്തിന് ഫലത്തിൽ സ്റ്റേ ഉണ്ടെന്ന് നിയമമന്ത്രി. എന്നിട്ട് സർക്കാരിന് കോടതിയലക്ഷ്യം വാങ്ങിക്കൊടുക്കലാണ് തൃപ്തിയുടെ ലക്ഷ്യം എന്നും പറയും. പ്രായോഗികമായി സ്റ്റേ ഉണ്ടെങ്കിൽ പിന്നെങ്ങനെ കോടതി അലക്ഷ്യം നിലനിൽക്കും?

ബെഹ്റയുടെ പോലീസ് എന്തു ചെയ്യുന്നു? (വിജയന് പോലീസിലുള്ള നിയന്ത്രണം സമീപകാല കോമടിയാണല്ലോ).

ശബരിമലയിൽ പോകുന്ന സ്ത്രീകളെ വഴിയിൽ തടഞ്ഞുനിറുത്തി ആർത്തവ പരിശോധന നടത്തുന്നു. ആഹാ.. അന്തസ്സ്. കഴുഞ്ഞ വർഷം സംഘികൾ. ഇത്തവണ പോലീസ്. സുപ്രിം കോടതി വിധി നിലനിൽക്കുമ്പോൾ അച്ഛനൊപ്പം വന്ന 12 കാരിയെ തടഞ്ഞ പൊലീസിന്റെ നടപടിയിൽ ആരും സ്ത്രീവിരുദ്ധത കണ്ടില്ലേ? അതും മൈനർ ആയ ഒരു പെൺകുട്ടിയെ!

ഒരു സംഘി ക്രിമിനൽ നടത്തുന്ന സ്ത്രീ വിരുദ്ധതയോ, അതോ state മെഷിനറിയായ പോലീസ് സംഘി നിലവാരത്തിൽ സ്‌തീകളെ തടയുന്നതോ – ഏതാണ് ഗുരുതരം? ആക്രമം ഒഴിച്ചു നിർത്തിയാൽ പോലീസിന്റെ പ്രവർത്തിയാണ് അതി ഹീനം.

എന്താണിവർ ബിന്ദുവിനോടും കനകദുർഗ്ഗയോടും ചെയ്യുന്നത്? നവോത്ഥാനത്തിന്റെ ധീരപോരാളികളായി കഴിഞ്ഞ വർഷം പ്രശംസിച്ചവരൊക്കെ ഇപ്പോൾ മിണ്ടുന്നില്ല. വേദികളിൽ ഒരുമിച്ചു കാണുന്നില്ല. വീടുകളിൽ കയറ്റുന്നില്ല. അവർ ഏതാണ്ട് ഒറ്റപ്പെട്ടു.

ഒറ്റയ്ക്കുള്ള പോരാട്ടമാണ് അവരിപ്പോൾ നടത്തുന്നത്. സർക്കാരോ പൊലീസോ ഒന്നും ഫലത്തിൽ അവർക്കൊപ്പമില്ല. ഇതിലും സ്ത്രീവിരുദ്ധത കാണുന്നില്ലേ? നവോത്ഥാനം പാതിവഴിയിൽ ഉപേക്ഷിച്ചു LDF മൗനം അടവുനയമാക്കിയപ്പോയിൽ സംഘിചെന്നായ്ക്കൾക്ക് നടുവിൽ ഒറ്റപ്പെട്ടതുപോലെയായി അവരുടെ ജീവിതം. എന്നിട്ടും പൊരുതുന്നത് അവരുടെ വ്യക്തിപരമായ ധൈര്യം കൊണ്ടുമാത്രം.

സംഘികളുടെ ആക്രമണം ഭയന്ന് മിക്കപേരും ഈ രണ്ടു സ്ത്രീകളെ സമൂഹ്യമായി ബഹിഷ്‌കരിച്ചു.

അവർക്ക് കൊടുത്ത പോലീസ് സംരക്ഷണം പോലും ചിലപ്പോഴെങ്കിലും അവർക്ക് താങ്ങാനാവാത്ത ബാധ്യതയായിയുന്നു. സ്വകാര്യതയുടെ നഷ്ടം കൂടാതെ 4 പോലീസുകാരുടെ ഭക്ഷണവും താമസവും വരെ അന്വേഷിക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

ലഘുലേഖ കൈവശം വച്ചതിന് സ്വന്തം പാർട്ടിക്കാർക്ക് പോലും UAPA ചാർത്തിക്കൊടുത്ത പോലീസ് സുപ്രിം കോടതിക്കെതിരേ കലാപം നടത്തിയവർക്ക് UAPA ഒന്നെങ്കിലും കൊടുത്തോ?

ഇതു പറയുമ്പോൾ കുറേപ്പേർ സ്വതന്ത്രചിന്തയുടെ മെക്കിട്ടു കയറും. കീബോർഡ് വിപ്ലവം, സംഘി-കൊങ്ങി പക്ഷക്കാർ എന്നൊക്കെ ചാപ്പയടിക്കും. സത്യത്തിൽ ഇക്കാര്യത്തിൽ സംഘി നിലവാരത്തിലും താഴെയാണ് so called കമ്മ്യൂണിസ്റ്റുകാർ.

കേരളത്തിൽ കാര്യമായ രാഷ്ട്രീയ മേൽവിലാസമില്ലാത്ത സംഘപരിവാർ കലാപം ഉണ്ടാക്കണം എന്നു വിചാരിച്ചാൽ അതിനെ തടയാനൊന്നും CPM നയിക്കുന്ന സർക്കാരിന് കഴിയില്ല എന്ന് വന്നാൽ അതെത്ര പരിഹാസ്യമാണ്? UAPA പോലുള്ള നിയമങ്ങൾ എന്തുകൊണ്ട് പ്രയോഗിക്കുന്നില്ല?

സംഘികലാപം ഉർവ്വശീശാപം പോലെ കണ്ട്, പുനഃപരിശോധന ഹർജി ആചാരം സംരക്ഷിക്കാൻ വീണുകിട്ടിയ സുവർണ്ണാവസരമായിക്കണ്ട്, ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുന്ന സർക്കാരിന്റെ സ്ത്രീവിരുദ്ധത കാണേണ്ടത് തന്നെയാണ്.

റിവ്യൂ ഹർജികൾ തീർപ്പാവുംവരെ യുവതീപ്രവേശനം തുടരണമോ എന്ന് സർക്കാരിന് സുപ്രീംകോടതിയോട് വ്യക്തത ആവശ്യപ്പെടാമായിരുന്നു. അതും ചെയ്യുന്നില്ല. ഫലത്തിൽ സ്റ്റേ ഉണ്ടെന്ന് സ്വയം പ്രഖ്യാപിക്കുന്നു.

കോൺഗ്രസ്സിന്റെ അവസരവാദവും സംഘി ആക്രമണവും പറഞ്ഞ് ഏത്രകാലം LDF സ്വന്തം സ്ത്രീവിരുദ്ധതയും ആചാരസ്നേഹവും മറയ്ക്കും?

NB: അഥവാ അടിച്ച സാധനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉടനെ സ്ത്രീവിരുദ്ധതയായോ, ബിന്ദുവിന്റെ സംഘി ബന്ധമായോ വ്യാഖ്യാനിക്കണ്ട. എല്ലാവരും MM മണിയല്ല.

1. അടിച്ചത് പെപ്പർ സ്‌പ്രേ അല്ല, മറ്റു വല്ലതും ആണെങ്കിൽ, പ്രതി സംഘിയായതുകൊണ്ട് മാത്രം pepper spray എന്നു പൊലിപ്പിച്ചു പറയണോ? വാർത്ത കൃത്യമായി കൊടുക്കേണ്ട?

2. അടിച്ചത് pepper spray തന്നെയാണെങ്കിലോ? അതേറ്റിട്ടും വീഴാതെ നടന്നു പോകാൻ ബിന്ദു കാണിച്ച തന്റേടം വളരെ വലിയ കാര്യമാണ്. അത് അഭിനന്ദിക്കപ്പെടണം.

3. ഇതിലെല്ലാമുപരിയാണ് മറ്റൊരു പ്രശ്‌നം. ചെറിയൊരു സ്ത്രീ സുരക്ഷാ വിഷയം. സോഷ്യൽ മീഡിയയ്ക്കും മുൻപ് തുടങ്ങി പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് സ്വയരക്ഷക്ക് pepper spray നല്ലൊരു ആയുദ്ധമാണെന്നത്. പെപ്പർ സ്‌പ്രേ മുഖത്തടിച്ചാലും അക്രമി നിഷ്ക്രിയനാവുന്നില്ല (incapacitated എന്ന് ഇംഗ്ളീഷിൽ) എങ്കിൽ വലിയൊരു തെറ്റിയധാരണയാണ് നമ്മൾ പരത്തിയത്. ഇവിടെ അക്രമി pepper spray ഉപയോഗിച്ചു എന്നതുകൊണ്ട് അതിൽനിന്ന് പാഠം പഠിക്കില്ല എന്നു വാശി പിടിക്കണോ?

കാള പെറ്റെന്ന്‌ കേട്ടാൽ കയർ മാത്രമല്ല പാൽ കറക്കാൻ ബക്കറ്റും എടുത്തുവരുന്ന മലയാളികളുണ്ട്. പാർട്ടി നിലപാട് മാത്രം നോക്കി പൂഹോയ്‌ വിളിക്കുന്നവരുടെ നിലവാരത്തിന് ഇതൊക്കെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവും.