മാർസ്ലീവ മെഡിസിറ്റി പാലാ രൂപതയ്ക്കൊരു ബാധ്യതയോ? അഥവ കത്തനാർമ്മാർക്ക് അഹന്തകൊണ്ട് അന്ധത ബാധിച്ചോ ?

130
ജോർജ് ജോസഫ്
മാർസ്ലീവ മെഡിസിറ്റി പാലാ രൂപതയ്ക്കൊരു ബാധ്യതയോ? അഥവ കത്തനാമ്മാർക്ക് അഹന്തകൊണ്ട് അന്ധത ബാധിച്ചോ ?
പാലാ രൂപത വക സ്ഥലങ്ങൾ വില്പനയ്ക്ക് എന്ന പരസ്യത്തിൽ എട്ടിടത്തായുള്ള സ്ഥലസൂചനമാത്രം നൽകുന്ന ഒരു പട്ടികയും ബന്ധപ്പെടേണ്ടതായ ഒരു മൊബൈൽ ഫോൺ നമ്പറുമായാണ് ഇക്കഴിഞ്ഞ ദിവസം ഒരു മലയാള പത്രം പുറത്തുവന്നത്. ഈ പരസ്യത്തോടെ തുടക്കമിട്ട ‘പാലാ രൂപതയ്ക്കെന്തു പറ്റി?’ എന്ന കുശുകുശുപ്പുകൾക്ക് ഏകദേശ മറുപടിയായത് അടുത്ത ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനമാണ്. വസ്തു വില്പനയെക്കുറിച്ചു യാതൊരു സൂചനയുമില്ലെങ്കിലും ഈ നോമ്പുകാലത്ത് എങ്ങനെ രൂപയുണ്ടാക്കി ‘രൂപ താ’ യ്ക്ക് കൊടുക്കാം എന്നതിന്റെ ഒരു സരോപദേശം അതിലുണ്ടായിരുന്നു. പണത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായ സൂചന ആ കത്തിലുണ്ട്-മാർ സ്ലീവ മെഡിസിറ്റിയ്ക്ക് ഉടൻ അടച്ചു തീർക്കേണ്ടതായ കുറച്ച് സാമ്പത്തികബാധ്യതയുണ്ട്. വളരെ ചെറിയ സംഖ്യയാണ് … വെറും 150 കോടി രൂപ മാത്രം! ഈ രൂപയുണ്ടാക്കാനായി കണ്ടെത്തിയ പുണ്യവഴിയാണ് ഏറെ രസകരം-നോമ്പുകാലത്ത് മത്സ്യ മാംസാദികൾ വർജിച്ച് രൂപ “സ്ലീവാസഞ്ചി”യിലിടുക! കുടുക്കയൊക്കെ ഔട്ട് ഓഫ് ഫാഷനായി! പാലാ രൂപതക്കാരുടെ ഒരു മുടിഞ്ഞ തീറ്റയേ- 5വർഷത്തെ നോമ്പുകാലമായ 250 ദിവസംകൊണ്ട് 150കോടി രൂപയുടെ മൽസ്യമാംസാദികൾ! ഇതുകേട്ടപ്പോൾ, കത്തോലിക്കാ സഭ പതിനഞ്ചാംനൂറ്റാണ്ടിൽ പള്ളിപണിക്ക് പണമുണ്ടാക്കാനായി ഇറക്കിയ പാപമോചനച്ചീട്ടു കച്ചവടമാണ് ഓർമ വന്നത്! അത് കത്തോലിക്ക സഭയുടെ ചീട്ടുകീറാനിടയാക്കി എന്നത് ചരിത്രമാണ്.
Image result for mar sleeva medicityഈ ആശുപത്രി പദ്ധതിക്ക് തൂടക്കമിട്ടപ്പോഴേ എതിർപ്പു പ്രകടിപ്പിച്ച സംഘടനയാണ് കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം (KCRM). കാരണം, പാലായിൽ ഒരു പുതിയ ആശുപത്രി നിലവിൽ ആവശ്യമില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കവുന്നതേയുള്ളു. പാലാപ്പട്ടണത്തിൽ 3 കിലോമീറ്ററിനുള്ളിൽ ഭേദപ്പെട്ട നിലവാരമുള്ള 4 ആശുപത്രികൾ ഇപ്പോൾത്തന്നെയുണ്ട്. 25 കിലോമീറ്ററിനുള്ളിൽ സർക്കാർ മെഡിക്കൽ കോളെജുൾപ്പെടെ 3ൽക്കൂടുതൽ വൻകിട ആശുപത്രികൾ വേറെയുമുണ്ട്. ഒരു വൻകിട ആശുപത്രിയെ നിലനിർത്താനാവശ്യമായ രോഗികളെ മീനച്ചിൽതാലൂക്കിലെ ജനസംഖ്യയിൽ ലഭ്യമല്ല. വിദേശത്തുനിന്നോ രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽനിന്നോ രോഗികൾ പാലായിലേക്കെത്തുക എന്നതിന് അത്ര സാധ്യതയുമില്ല. (ഇവർതന്നെ ഏർപ്പെടുത്തിയിട്ടുള്ള വളവള, പൂ അണ്ണൻ, വട്ടായി ടീമിൻ്റെ രോഗശാന്തി ശുശ്രൂഷ പൊടിപൊടിക്കുന്ന സാഹചര്യത്തിൽ ഉള്ള രോഗികൾകൂടി ഇല്ലാതാവാനാണ് സാധ്യത!)
ഈ ആശുപത്രിക്കായി മുടക്കേണ്ടിവരുന്ന വമ്പിച്ച മൂലധനവും അതിന്റെ സമാഹരണവും ബാലികേറമലയാണെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളു. അത്ര വലിയ മുതൽമുടക്കിൽ ആരംഭിക്കുന്ന ഒരു സ്ഥാപനത്തിൽനിന്ന് തദനുസൃതമായ 5-8 ശതമാനം വിറ്റുവരവ് മാസന്തോറും കിട്ടുകയെന്നത് നിലനില്പിന് അത്യന്താപേക്ഷിതമാണ്. 300 കോടി മുതൽമുടക്കുള്ളപ്പോൾ15- 25 കോടി രൂപ പ്രതിമാസം ലഭിക്കണമെന്നർഥം. അതായത് പ്രതിദിനം അരക്കോടിരൂപയിലേറെ! മേൽപ്പറഞ്ഞ സാഹചര്യത്തിൽ ഈ ആദായം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
Image result for mar sleeva medicityഈ ദിവാസ്വപ്നം ആരുടെ ഉച്ചമയക്കത്തിലാണ് രൂപപ്പെട്ടത്? ഏതു കമ്മിറ്റിയാണ് ഇതിന് അംഗീകാരം നൽകിയത്? ഏതെങ്കിലും ‘അടുക്കളക്കമ്മിറ്റി’യുടെ തീരുമാനത്തിന്റെ ദുരിതം നാട്ടുകാരുടെമേൽ അടിച്ചേൽപ്പിക്കുന്നത് ശരിയാണോ? വസ്തുവില്പനാ പരസ്യംതന്നെ സഭാധികാരികളുടെ രാജാധികാര പ്രഖ്യാപനത്തിന്റെ ഉദാഹരണമാണ്. വിൽക്കുന്ന വസ്തുവിന്റെ വിലയോ നടപടിക്രമമോ അതിൽ കാണാനില്ല. ഒരു പൊതുസ്വത്തിന്റെ ക്രയവിക്രയത്തിൽ പാലിക്കേണ്ടതായ രഹസ്യ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിന്റെ യാതൊരു സൂചനയും അതിലില്ല. ഒരു ഫോൺ നമ്പർ മാത്രം നൽകിയശേഷം ഒരു വ്യക്തിയുമായി ബന്ധപ്പെടാനാവശ്യപ്പെടുന്നത് നല്ല ഉദ്ദേശ്യത്തിലാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ കരുതാനാവില്ല. ഇത്തരം നിയമരഹിത പ്രവർത്തനങ്ങളുടെ ബാധ്യത നാട്ടുകാർ ഏറ്റെടുക്കേണ്ട ആവശ്യമെന്ത്? അഥവ അവർ ധനനിക്ഷേപം നടത്തിയാൽ അവർക്ക് ഈ സ്ഥാപനത്തിന്മേലുള്ള അവകാശാധികാരമെന്ത്? ചോദിക്കാൻ കാരണമുണ്ട്. പാലായുടെ അഭിമാനമായ 60കളിൽ ആരംഭിച്ച സെൻ്റ് തോമസ് കോളെജ്, അൽഫോൻസാ കോളെജ്, പുതുതായാരംഭിച്ച സെൻ്റ് ജോസഫ് എഞ്ചിനിയറിംഗ് കോളെജ് എന്നിവയൊക്കെ രണ്ടുവർഷംമുമ്പ് ആരുമറിയാതെ ഈ മാഫിയാ സംഘം ഇവരുടെ സ്വകാര്യട്രസ്റ്റിൻ്റെ കൈപ്പിടിയിലാക്കിക്കഴിഞ്ഞു! ചർച്ച് ആക്റ്റ് വരുമ്പോഴേക്കും അധികമൊന്നും ബാക്കിവരാതിരിക്കാനുള്ള ഊർജിതപ്രവർത്തനങ്ങളാണ് മെത്രാൻസംഘത്തിൻ്റെ അണിയറയിൽ അരങ്ങേറുന്നത്!!
ഇവിടെയാണ് മെഡിസിറ്റി എന്ന ഈ സ്ഥാപനം ആരുടേതാണ് അഥവാ ആർക്കാണിതിന്റെ ഉടമസ്ഥത എന്ന ചോദ്യം പ്രസക്തമാകുന്നത്. രൂപതയുടേതാണെന്നാണ് പറയപ്പെടുന്നത്. രൂപതയെന്ന അമൂർത്ത സംവിധാനത്തിന് ഇങ്ങനെയൊരു സ്ഥാപനം ആരംഭിക്കാനോ പ്രവർത്തിപ്പിക്കാനോ സാധ്യമല്ല. വ്യക്തികൾക്കോ ട്രസ്റ്റുകൾക്കൊ മാത്രമേ ഇതു സ്ഥാപിക്കാനാവൂ. അറിഞ്ഞിടത്തോളം മെത്രാൻ നിയോഗിക്കുന്ന 4-5 വൈദികർ ചേർന്ന ഒരു ട്രസ്റ്റിന്റെ പേരിലാണ് ഈ മെഡിസിറ്റി സ്ഥാപിച്ചിരിക്കുന്നത്. അവർ വ്യക്തികൾ എന്ന നിലയിലാണ് ഇതിന്റെ ട്രസ്റ്റികളായിരിക്കുന്നത്. മെത്രാൻ നിയോഗിച്ചു എന്ന ബന്ധം മാത്രമേ ഇവർക്ക് രൂപതയുമായുള്ളു. അല്ലാതെ രൂപതയുടെ സ്ഥാപനമല്ല ടി മെഡിസിറ്റി!! അതായത് ഇതൊരു സ്വകാര്യ ട്രസ്റ്റാണ്. പിരിവു കൊടുത്ത ഇടവകക്കാരെയും നാട്ടുകാരെയും വിദേശികളെയും അതിവിദഗ്ധമായി മെത്രാൻ കബളിപ്പിച്ചിരിക്കുന്നു എന്നർഥം! ഇനിയും കബളിപ്പിക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടുമിരിക്കുന്നു.
ഈ ചതിക്കുഴിയിൽ ഇനിയും വീഴാതിരിക്കുകയെന്നത് വിവേകത്തിന്റെ ലക്ഷണമാണ്. ഈ മെഡിസിറ്റി ജന്മനാതന്നെ പോളിയോ ബാധിത പ്രോജക്റ്റാണ്. ഈരാറ്റുപേട്ടയിലെ RIMS എന്ന ആശുപത്രിയുടെ ദുർവിധി നമ്മുടെ മുൻപിലുണ്ട്. ഒരു ഡോക്ടർ 80 കോടി മുടക്കി തുടങ്ങിയ സ്ഥാപനം 40 കോടി രൂപ വായപ നൽകിയ ബാങ്ക് പിടിച്ചെടുത്ത് അടച്ചുപൂട്ടി! ഇതേ ഗതിയാണ് ഈ മെഡിസിറ്റിക്കും വരാനിരിക്കുന്നത്. ഇതിന്റെ വീഴ്ച കൂടുതൽ ഉയരത്തിൽ നിന്നുള്ളതാകുമെന്നതിനാൽ ആഘാതവും കൂടുതലാകും. 300 കോടി രൂപ നൂറോ എൺപതോ കോടിയാകാൻ അധികകാലം വേണ്ട എന്ന ക്രൂര യാഥാർഥ്യം കൺമുന്നിലുണ്ടെന്ന് നാം തിരിച്ചറിയുക. അപ്പോഴും ആ കച്ചവടം സഭാധികാരികൾക്ക് ലാഭകരമാകും- നാടുകാരുടെ കൈയ്യിൽനിന്നും പിരിച്ചെടുത്ത പണം ഒരു മായാജാലാക്കാരന്റെ കൈയ്യടക്കത്തോടെ മെത്രാന്റെ കീശയിലെത്തുമ്പോൾ!
60 കോടിയുടെ കടം വീട്ടാനായി 90 കോടിയുടെ വസ്തു 27 കോടി രൂപയ്ക്ക് വിറ്റിട്ട് കടം 80 കോടിയാക്കിയശേഷം 13 കേസിൽ പ്രതിയായി നാണംകെട്ട ആലഞ്ചേരി കർദ്ദിനാൾ ഇവർക്ക് പാഠമല്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. അപ്പോഴും ഇവർക്ക് നഷ്ടമോ സങ്കടമോ ഉണ്ടാവില്ല. ഉണ്ടവേണ്ടതില്ല എന്ന സുരക്ഷിത മേഖലയിലാണ് സഭാമേധാവികൾ വിഹരിക്കുന്നതെന്നത് നാം കാണാതിരുന്നുകൂടാ. മെത്രാന്മാർ എക്കാലത്തും അങ്ങനെയായിരുന്നു. സംശയമുള്ളവരുണ്ടെങ്കിൽ, ഇടവകക്കാർ ചോര നീരാക്കി പടുത്തുയർത്തിയ പള്ളികൾ ഓരോന്നായി നഷ്ടപ്പെടുമ്പോൾ ഇടവക്കാരും വികാരിമാരും പൊട്ടിക്കരയുമ്പോഴും കൂസലെന്യേ ഞെളിഞ്ഞുനിൽക്കുന്ന യക്കോബായ മെത്രാന്മാരെ നോക്കൂ…!
അനുബന്ധമായി അനുസ്മരിക്കേണ്ട ചില വസ്തുതകൾകൂടി സൂചിപ്പിക്കാതെ വയ്യ. മെഡിസിറ്റിക്കായി സമാഹരിച്ച തുകയിൽ നിന്നും വകമാറ്റിയ ഫണ്ടുകൊണ്ട് മെത്രാന്മാർക്ക് ഒരാഴ്ച കുടിച്ചുകൂത്താടാനായി 65 കോടി മുടക്കി ഉണ്ടാക്കിയ അൽഫോൻസിയൻ സെന്ററിനു സുഖം തന്നെയല്ലേ, രൂപാ താ ക്കാരേ? 5ഒ 6ഒ ഏക്കർ സ്ഥലം വിൽക്കുമ്പോൾ 32 ഏക്കറാണ് മെഡിസിറ്റിക്ക് കിട്ടിയത് എന്നു വീമ്പിളക്കിയ ‘പണ്ടാരത്തി’നോട് ഒന്നേ പറയാനുള്ളു, സ്മൃതിനാശം നല്ല ലക്ഷണമല്ലെടാ, ഊവേ…! 170 ഏക്കർ മേഘമല എസ്റ്റേറ്റ് വിറ്റതെന്തിനുവേണ്ടിയായിരുന്നെടാ, ഊവേ? 140 ഏക്കർ കാപ്പിത്തോട്ടം വിറ്റതോടാ, ഊവേ? വയലിൽ കുഴിച്ചിട്ട നിധി മാന്തിയെടുക്കാനായിരുന്നോ അതോ ഏതെങ്കിലും വയറ്റിൽ കുഴിച്ചുമൂടാനായിരുന്നോടാ, ഊവേ? പിന്നെ 700പേർക്ക് പണികൊടുത്തെന്ന ഒരു അവകാശവാദം കണ്ടു… നിങ്ങളവർക്കിട്ട് ‘പണി കൊടുത്തു’ എന്നു തന്നെ ഞങ്ങൾ അംഗീകരിക്കുന്നു. നിങ്ങളുടെ സ്ഥാപനങ്ങളിൽ എവിടെയുമെന്നപോലെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റി നക്കാപ്പിച്ച കൊടുത്ത് അടിമത്തൊഴിലാളികളെ ഇവിടെയും ഉണ്ടാക്കി എന്ന് സമ്മതിച്ചെടാ, ഊവേ…
പട്ടക്കാരേ, നിങ്ങൾ ബിസിനസുകാരും വ്യാപാരികളുമായിട്ടാണോ പട്ടമേൽക്കുന്നത്? ‘മാമോനെയും ദൈവത്തെയും ഒരു പോലെ സേവിക്കാനാവില്ല’ എന്നു പഠിപ്പിച്ച നിസ്വനായ യേശുവിന്റെ പിൻഗാമികളല്ലേ, നിങ്ങൾ! ആത്മീയതയെ വ്യഭിചരിക്കുന്നത് ഇനിയെങ്കിലും നിങ്ങൾക്ക് നിർത്തിക്കൂടേ? ‘കാരണം, നിങ്ങൾ സ്വർഗരാജ്യം മനുഷ്യരുടെ മുന്നിൽ അടച്ചുകളയുന്നു. നിങ്ങൾ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാൻ തുനിയുന്നവരെ അതിനു അനുവദിക്കുന്നതുമില്ല. (മത്തായി:23;14-15)
ഇവിടെ വിവേകികളാകേണ്ടത് വിശ്വാസികളാണ്. ‘മൂടുപോയ സഞ്ചി’യിൽ ഇനിയും നിക്ഷേപിച്ച് സ്വയം വിഡ്ഡികളാകാൻ ഞങ്ങൾക്ക് മനസില്ലെന്നു ശിരസുയർത്തി, നെഞ്ചുവിരിച്ചുനിന്ന് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്തപക്ഷം സഭാധികാരികൾ ഇത്തരം അന്തകവിത്തുകൾ നിർബാധം വിതച്ചുകൊണ്ടിരിക്കും…