ഗെറ്റിങ് ഹോം

Bimal Antony

വീട് ഒരു വികാരമാണ്, സുരക്ഷിതത്വത്തിന്റെ, സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, ഒത്തുചേരലിന്റെ, പങ്കുവെക്കലിന്റെ അങ്ങനെ പലതും… കൊറോണ കാലത്ത് വീടിന്റെ സുരക്ഷിതത്വത്തിന് ഉള്ളിലേക്ക് ഒതുങ്ങിക്കൂടാൻ ആണല്ലോ എല്ലാവരും ശ്രമിച്ചത്. വിദൂരദേശങ്ങളിൽ ഉള്ളവർ എത്രയും പെട്ടെന്ന് തങ്ങളുടെ വീടുകളിലേക്ക് എത്തിച്ചേരുവാൻ ശ്രമിക്കുന്നു. ഇത്തരമൊരു തിരിച്ചുപോകലിന്റെ വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഗെറ്റിംഗ് ഹോം. ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച ചലച്ചിത്രം ആണ്.ആദ്യമായി കണ്ട ഒരു പൂർണ ചൈനീസ് ചലച്ചിത്രമാണ് ഗെറ്റിംഗ് ഹോം. ഇത് എനിക്ക് ലഭ്യമാക്കിയ പ്രിയ സുഹൃത്ത് സോണിക്ക് ആദ്യമേ നന്ദി പറയുന്നു. സിനിമയെക്കുറിച്ച് ഒരു ഏകദേശ ധാരണ മുൻകൂറായി അദ്ദേഹം തന്നിരുന്നു എങ്കിലും സിനിമകണ്ട് തുടങ്ങിയപ്പോഴാണ് എത്ര ലളിതമായും, മനോഹരമായും, തീവ്രമായും മനുഷ്യന്റെ സ്വഭാവത്തെയും, ബന്ധങ്ങളെയും സിനിമ കൈകാര്യം ചെയ്യുന്നു എന്നത് മനസ്സിലായത്.

ആദ്യമേ തന്നെ പറഞ്ഞിരുന്നുവല്ലോ ഇത് ഒരു തിരിച്ചുപോകലിന്റെ കഥയാണ് എന്ന്. തന്റെ സുഹൃത്തിനു കൊടുത്ത വാക്ക് നിറവേറ്റുവാൻ വേണ്ടി നായകൻ തന്റെ സുഹൃത്തിനെ വീട്ടിൽ തിരിച്ച് എത്തുവാൻ സഹായിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഇവിടെ വ്യത്യാസം അഥവാ കഥയുടെ ആകർഷണീയത എന്താണ് എന്ന് വെച്ചാൽ ജീവനുള്ള സുഹൃത്തിനെ അല്ല മറിച്ച് സുഹൃത്തിന്റെ മൃതശരീരം ആണ് നായകൻ സുഹൃത്തിന്റെ വീട്ടിൽ എത്തിക്കാൻ ശ്രമിക്കുന്നത്. സുഹൃത്തിന്റെ മൃതശരീരത്തിന് ശരിയായ സംസ്കാരം ലഭിക്കുവാൻ വേണ്ടി. സുഹൃത്തിന് താൻ കൊടുത്ത വാക്ക് പൂർത്തീകരിക്കുവാൻ വേണ്ടി നായകൻ സുഹൃത്തിന്റെ മൃതശരീരവും ആയി നടത്തുന്ന യാത്രയും, ആ യാത്രയിൽ അദ്ദേഹം അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളും, മാനസികസംഘർഷങ്ങളും, അത് മറ്റു കഥാപാത്രങ്ങളിൽ ചെലുത്തുന്ന സ്വാധീനവും ഒക്കെ വളരെ മനോഹരമായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു. സൗഹൃദം, വാഗ്ദാനം എന്നിവ സ്വന്തം ലാഭേച്ഛയുടെ പൂർത്തീകരണം മാത്രമായി വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ സൗഹൃദത്തിന്റെയും, വാക്കിന്റെ വിലയും എടുത്തുകാട്ടുന്ന ഇത്തരം ചലച്ചിത്രങ്ങൾ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു.

ഒരു സാധാരണ നിർമാണ തൊഴിലാളിയായ നായകൻ തന്നോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെ മരിച്ചുപോയ തന്റെ സുഹൃത്തിന്റെ മൃത ശരീരം വർഷങ്ങളായി തന്റെ സുഹൃത്തിന് യാതൊരു ബന്ധവുമില്ലാത്ത അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് കൊണ്ടു പോകാൻ തീരുമാനിക്കുന്നിടത്ത് കഥ ആരംഭിക്കുന്നു. പണത്തിന്റെ ദൗർലഭ്യം മൂലം ബസ്സിൽ ആണ് അദ്ദേഹം യാത്ര ചെയ്യുവാൻ തീരുമാനിക്കുന്നത്. ശവപ്പെട്ടി മേടിക്കുവാൻ പണമില്ലാത്തതിനാൽ സുഹൃത്തിനെ ഉറങ്ങുന്ന ഒരു വ്യക്തി ആയിട്ടാണ് നായകൻ തന്റെ സീറ്റിന്റെ അരികിൽ ഇരുത്തുന്നത്. യാത്ര പുരോഗമിക്കുമ്പോൾ ഒരു കൊള്ളസംഘം ബസ്സിൽ കയറി കൊള്ള നടത്തുന്നു. പക്ഷേ നായകന്റെ സത്യാവസ്ഥ മനസ്സിലാക്കിയ കൊള്ളസംഘ നേതാവ് ബസ്സിൽ നിന്നും കരസ്ഥമാക്കിയ കൊള്ളമുതൽ നായകനെ ഏൽപ്പിക്കുന്നു. പക്ഷേ മറ്റു യാത്രക്കാർ കൊള്ളസംഘം പോയതിനുശേഷം തങ്ങളുടെ പണം നായകനിൽ നിന്ന് തിരിച്ചെടുത്തതിനു ശേഷം അദ്ദേഹത്തിനെ സുഹൃത്തിന്റെ മൃതശരീരത്തിന് ഒപ്പം ബസ്സിൽ നിന്ന് പുറത്താക്കുന്നു. വ്യക്തികളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എത്രപെട്ടന്നാണ് മാറിമറിയുന്നത് എന്ന് പ്രസ്തുത സംഭവം വെളിവാക്കുന്നു.

full movie

തന്റെ സുഹൃത്തിന്റെ മൃതശരീരവും വഹിച്ചുള്ള നായകന്റെ തുടർന്നുള്ള യാത്ര വളരെയേറെ ക്ലേശങ്ങൾ നിറഞ്ഞതായിരുന്നു. തന്റെ സുഹൃത്തിനെയും വഹിച്ചുകൊണ്ടുള്ള മുന്നോട്ടുള്ള യാത്രയിൽ റോഡിലെ പ്രശ്നം മൂലം വാഹനങ്ങളൊന്നും മുന്നോട്ടുപോകാൻ സാധിക്കാതെ നിർത്തിയിട്ടിരിക്കുന്ന സമയത്ത് തന്നെ കടന്നു പോയ ഓരോ വാഹനങ്ങളെയും പിന്തള്ളി അവസാനം തന്നെ ഇറക്കിവിട്ട ബസും പിന്തള്ളി നായകൻ മുന്നോട്ടുപോകുമ്പോൾ ചിത്രം പ്രേക്ഷകനോട് പലതും പറയാതെ പറയുന്നു. തന്റെ തോളുകളിൽ ചുമന്നും, ഉന്തു വണ്ടിയിലും, വലിയ ടയറിനുള്ളിൽ കെട്ടിവെച്ചും ഒക്കെ തന്റെ സുഹൃത്തിന്റെ മൃതശരീരവും ആയിട്ടുള്ള യാത്ര അദ്ദേഹം തുടരുന്നു. ഒരു ഘട്ടത്തിൽ മാനസികമായി തളർന്ന നായകൻ സ്വന്തം ശവക്കുഴി നിർമ്മിച്ച് മരിക്കുവാൻ ശ്രമം നടത്തിയെങ്കിലും തേനീച്ച വളർത്തലുമായി നടക്കുന്ന കുടുംബം അദ്ദേഹത്തെ രക്ഷിക്കുന്നു. ഈ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന നായകൻ അവരിൽ നിന്ന് കിട്ടിയ പ്രോത്സാഹനത്തിന്റെ അടിസ്ഥാനത്തിൽ തന്റെ യാത്ര തുടരുന്നു. സ്വന്തം മൃത സംസ്കാരത്തിന്റ റിഹേഴ്സൽ നടത്തുന്ന ഒരു വയോധികൻ, ബ്യൂട്ടിപാർലർ നടത്തുന്ന യുവതി, സൈക്കിൾ യാത്ര നടത്തുന്ന സഞ്ചാരി, ട്രക്ക് ഡ്രൈവർ, റസ്റ്റോറൻറ് ഉടമ, തേനീച്ച വളർത്തുന്ന കുടുംബം, പോലീസ് മേധാവി ഇവരൊക്കെയാണ് എടുത്തുപറയത്തക്ക മറ്റു കഥാപാത്രങ്ങൾ.

ക്ലേശകരമായ യാത്രകൾക്ക് ശേഷം പോലീസുകാരുടെ സഹായത്താൽ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന നായകന് തികച്ചും അപ്രതീക്ഷിതമായ ഒരു വരവേൽപ്പാണ് ലഭിക്കുന്നത്…
വളരെയധികം നിരൂപക പ്രശംസ നേടിയ ഈ ചലച്ചിത്രം പ്രേക്ഷകന്റെ മനസ്സിൽ തീർച്ചയായും ചില ആഴമേറിയ ചിന്തകൾ ഉളവാക്കും എന്നതിൽ യാതൊരുവിധ സംശയവുമില്ല…

You May Also Like

കാലങ്ങളായി പർവതത്തിൽ ഉറങ്ങി കിടന്ന ഒരു ട്രോൾ ഉണർന്നു വന്ന് ഓസ്‌ലോ നഗരത്തെ നശിപ്പിക്കുന്നു

ട്രോൾ (Troll) Muhammed Sageer Pandarathil 2022 ഡിസംബർ 1 ആം തിയതി മുതൽ നെറ്റ്ഫ്ലിക്സിൽ…

“അവരെ തെറി വിളിക്കുന്ന പ്രൊഫൈലുകൾ അധികവും ചുണ്ടപ്പറമ്പിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറി പൗരത്വം നേടി നാടിനെ സ്നേഹിക്കുന്ന ആളുകളാണ്” , കുറിപ്പ്

Shyam Prasad 2000-ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്റെ നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിലൂടെ…

നടൻ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു, ‘തമിഴക വെട്രി കഴകം’

തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നടന്മാരിൽ ഒരാളും വൻ ആരാധകരുള്ള പ്രശസ്ത ഇന്ത്യൻ താരവുമായ നടൻ…

ഡി എസ് പിയിലും രക്ഷയില്ലാതെ വിജയസേതുപതി

വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡി.എസ്.പി. സേതുപതി . വിജയ് സേതുപതി…