ലിഫ്റ്റിലെ പ്രേതം, 2 ദിവസം കൊണ്ട് 3 ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

299

നിങ്ങള്‍ ഒരു ലിഫ്റ്റില്‍ ഒറ്റക്ക് കയറുന്നു. ലിഫ്റ്റ് മുകളിലേക്ക് സഞ്ചരിക്കവേ പെട്ടെന്ന് കറന്റ് പോകുന്നു. പിന്നീട് കറന്റ് വരുമ്പോള്‍ ലിഫ്റ്റില്‍ ഒരു പെണ്‍കുട്ടി, അതും ഒരു പ്രേതം എന്ന് കരുതാവുന്ന രൂപത്തിലാണ് അവളുടെ നില്‍പ്പ്. നിങ്ങള്‍ക്ക് എപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ പറഞ്ഞത് ബ്രസീലിലെ ഒരു ചാനല്‍ റിയാലിറ്റിഷോ ആണ്. അതിലെ അഭിനേതാക്കള്‍ ആവട്ടെ സാധാരണ ജനങ്ങളും. അഭിനേതാക്കള്‍ എന്ന് പറയാതിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും ആവശ്യത്തിനായി ആ ലിഫ്റ്റില്‍ എത്തിപ്പെടുന്നവര്‍ അവരറിയാതെ ലൈവ് ഷോയില്‍ അകപ്പെടുകയാണ് ചെയ്യുന്നത്.

ആളുകളെ തീ തീറ്റിക്കുന്ന ഈ റിയാലിറ്റിഷോ അവതരിപ്പിച്ചത് എസ് ബി ടി എന്ന ബ്രസീലിയന്‍ ചാനല്‍ ആണ്. സംഗതി ഇങ്ങനെയാണ്. ഒരു റിസപ്ഷനുവേണ്ടി ലിഫ്റ്റില്‍ കയറി മുകളിലേക്കു പോകുന്നവരുടെ വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. മുകളിലേക്കു പോയിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നു ലിഫ്റ്റ് നില്‍ക്കുകയും ലൈറ്റുകള്‍ ഓഫാകുകയും ചെയ്യുന്നു. കുറ്റാക്കൂരിരുട്ടിന്റെ മറവില്‍ പ്രേതത്തേപ്പോലെ വേഷം ധരിച്ച ഒരു ചെറിയ പെണ്‍കുട്ടി ട്രാപ്പ് ഡോറിലൂടെ ഇറങ്ങിവരുന്നു. ലൈറ്റുകള്‍ വരുമ്പോള്‍ ലിഫ്റ്റിലുള്ളയാള്‍ക്കുനേരേ നോക്കി മുടിയഴിച്ച് നില്‍ക്കുന്ന കുട്ടിപ്രേതത്തെയാണ് കാണുന്നത്. വിളറിയ മുഖവും കൈയിലൊരു പാവക്കുട്ടിയുമായി നില്‍ക്കുന്ന കുഞ്ഞ് ആരിലും ഞെട്ടലുണ്ടാക്കും.

ഇത് കണ്ടു പേടിച്ചു നില്‍ക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാക്കാന്‍ പാകത്തില്‍ ഈ പെണ്‍കുട്ടി അലറുന്നു. ഇതോടെ ധൈര്യം നടിച്ചു നില്‍ക്കുന്ന ആരുടേയും ഗ്യാസ് പോകും. എമര്‍ജന്‍ ബട്ടന്‍ അമര്‍ത്തുകയും, ഭയന്ന് ഉയര്‍ന്നു ചാടുകയും, ലിഫ്റ്റിന്റെ മൂലയില്‍ മുഖം മറച്ച് അലറിക്കരയുകയുമൊക്കെ ചെയ്യുന്നതുമൊക്കെ ഇതില്‍ കാണാം. വെളിച്ചം തുടര്‍ച്ചയായി മിന്നിക്കൊണ്ടിരിക്കുന്നത് ഇവരെ കൂടുതല്‍ ഭയപ്പെടുത്തും. രണ്ടു സ്ത്രീകളും ഒരു പുരുഷനും വ്യത്യസ്ത ലിഫ്റ്റുകളില്‍ നടുങ്ങി വിറയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലിഫ്റ്റിന്റെ ഡോര്‍ തുറന്നയുടന്‍ ഇയാള്‍ പുറത്തേക്ക് ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങളൊക്കെ ആളുകള്‍ ലൈവായി കണ്ടുകൊണ്ടിരിക്കുകയാണ് എന്നതാണ് രസകരം.

ലോല മനസ്കരായ ആളുകളുടെ മരണത്തിന് വരെ കാരണമായേക്കാവുന്ന ഇത്തരം പരിപാടികള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചാനല്‍ പ്രളയവും റിയാലിറ്റിഷോ പ്രളയവും ദിവസേന കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലേക്കും ഇത്തരം ഷോകള്‍ വരുന്ന കാലം വിദൂരമല്ല എന്ന് പറയാം.