അലാസ്കയിലെ ഭീമൻ പച്ചക്കറികൾ എങ്ങനെ ഉണ്ടാകുന്നു എന്നറിയാമോ ?

108

ബൈജുരാജ് (ശാസ്ത്രലോകം )-ന്റെ വിജ്ഞാനപ്രദമായ കുറിപ്പ്

അലാസ്കയിലെ ഭീമൻ പച്ചക്കറികൾ !

ഭൂമിയുടെ ഏറ്റവും വടക്കുഭാഗത്തായി ആളുകൾ പാർക്കുന്ന അമേരിക്കൻ സംസഥാനം ആണ് അലാസ്ക.
ധ്രുവത്തിനു അടുത്തായതുകാരണം ഇവിടെ വർഷത്തിൽ എല്ലാ മാസവും സൂര്യപ്രകാശം കിട്ടില്ല. ഡിസംബർ മാസം സൂര്യൻ ഉദിക്കാത്ത ഇടങ്ങൾ വരെ അലാസ്‌കയിൽ ഉണ്ട്.എന്നാൽ ഇനിയുള്ള ആറേഴു മാസക്കാലം അലാസ്‌കയിൽ സൂര്യനെ 12 മണിക്കൂറിൽ കൂടുതൽ കാണാം. മൂന്നു നാല് മാസക്കാലം 20 മണിക്കൂറോളം ഇവിടെ പകൽ ഉണ്ടാവും.ജൂണിൽ ചില സ്ഥലങ്ങളിൽ സൂര്യൻ അസ്തമിക്കുകയെ ഇല്ല.ഇവിടത്തെ കാലാവസ്ഥയിലുള്ള ഈ പ്രത്യേകത കാരണം സൂര്യനെ ആശ്രയിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടേതില്നിന്നും തീർത്തും വ്യത്യസ്തമായിരിക്കും.

ഉദാഹരണത്തിന് ചെടികളുടെ കാര്യം. പ്രത്യേകിച്ച് ഏതാനും മാസങ്ങൾ അല്ലെങ്കിൽ സീസണുകളിൽ വളരുന്ന ചെടികൾ !കൂടുതൽ സമയം സൂര്യപ്രകാശം കിട്ടുന്നതിനാൽ ഇവ നന്നായി വളരും. പ്രകാശസംശ്ലേഷണം വഴി കിട്ടുന്ന ഊർജം മുഴുവൻ ശേഖരിച്ചു ഇവ വലിയ കായ്കളും, പൂക്കളും, ഇലകളും ഒക്കെ ഉണ്ടാക്കുന്നു.60 കിലോ ഉള്ള കാബേജ്, 30 കിലോ ഉള്ള മത്തങ്ങാ, 15 കിലോ ഉള്ള ബ്രൊക്കോളി !ഉരുളക്കിഴങ്ങു,തക്കാളി, കോളിഫ്‌ളവർ, ബ്രസ്സൽ മുളകൾ, മുള്ളങ്കി, ടേണിപ്സ്, ചീര ക്യാരറ്റ് എന്നിവയെല്ലാം ഇവിടെ നന്നായി വളരുന്നു. ഇവിടെ മറ്റൊരു രസകരമായ കാര്യം കൂടെ നടക്കുന്നുണ്ട്. ഫോട്ടോസിന്തറ്റിക് ബൂസ്റ്റ്; ദിവസത്തിൽ മുക്കാൽ ഭാഗവും അതായത് പകൽ മുഴുവൻ ചെടികൾ പഞ്ചസാര ഉണ്ടാക്കുന്നു, ശേഷിക്കുന്ന കാൽ ഭാഗം സമയം മാത്രമേ ആ പഞ്ചസാരയെ അന്നജമാക്കി മാറ്റുന്നുള്ളൂ. അതിനാൽ അവിടെ ഉണ്ടാവുന്ന ക്യാരറ്റ് പോലുള്ള വിളകൾക്ക് മധുരം വളരെ കൂടുതൽ ആയിരിക്കും.