വിരൽതൊട്ടുണർത്തുന്ന ഗാനങ്ങൾ

0
95

ഗിരീഷ് വർമ്മ ബാലുശ്ശേരി

വിരൽതൊട്ടുണർത്തുന്ന ഗാനങ്ങൾ

എത്ര ദൂരങ്ങളിലായാലും,അതറിയാത്ത വീഥികൾ കടന്നെത്തേണ്ടതായാലും വന്നു ചേരും നിന്റെ സ്നേഹമർമ്മരങ്ങൾ എന്ന് കാമിനി ആശ്വാസപ്പെടുന്നത് എത്ര ആസ്വാദ്യകരം, അനിർവചനീയം !
അലകളുടെ ആശ്ലേഷകൂട്ടങ്ങളിൽ അലിഞ്ഞു ചേർന്നൊരു സന്ധ്യ ഉണ്ടായിരുന്നു.ആ നിർവൃതിയിൽ നിന്ന് ഉറവയെടുക്കുന്ന അമൃതകണം കൈക്കുമ്പിളിൽ നിന്ന് ചോർന്നു തീരും മുൻപ് നീ എത്തില്ലേ !!
നിശയുടെ അനുഭവ നിർവൃതിയുടെ ലജ്‌ജാ വിവശം ഞാൻ അറിയുന്നു … എന്നിലെ എന്നെ പോലെ …
ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് സംഗീതം ഔസേപ്പച്ചൻ . വരികൾക്ക് ചേർന്ന സംഗീതം എന്നല്ല ഇതിനെഴുതേണ്ടത്. വരികൾക്ക് കിട്ടേണ്ടതിനേക്കാൾ മികച്ച സംഗീതം. സംഗീതം പലപ്പോഴും ആധിപത്യം സ്ഥാപിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നതിൽ തെറ്റില്ല.

അറിയാത്ത ദൂരത്തിലെങ്ങുനിന്നോ … സായാഹ്നത്തിന്റെ സ്വപ്നങ്ങളായി വന്ന ആലീസിനെ മറക്കാൻ ആവുമോ ! ഭരതന്റെ ഒരാവറേജ്‌ സിനിമ ആണെങ്കിലും സുഹാസിനിയെ, ആലീസിനെ മറക്കില്ലൊരിക്കലും….. ഈ പാട്ടിന്റെ , ഈണങ്ങളുടെ മഹത്വം തന്നെ !
ഔസേപ്പച്ചൻ ഈണങ്ങളിൽ നിന്ന് നല്ലതു തിരഞ്ഞെടുക്കുമ്പോൾ നമ്മൾ വിഷമിക്കും. കേൾക്കാത്തത് മാത്രമേ ഒഴിവാക്കാൻ ആവുള്ളൂ. അത്തരം വിഷമ ഘട്ടങ്ങൾ അപൂർവം സംഗീത സംവിധായകരിൽ നിന്നേ അനുഭവിക്കാൻ കഴിയുള്ളൂ…ശരത്, അർജുനൻ മാസ്റ്റർ എന്നിവർ ഉദാഹരണം…

എന്നിരുന്നാലും എനിക്കിഷ്ടപ്പെട്ട 15 ഗാനങ്ങൾ ഇവിടെ വിവരിക്കാൻ ഉദ്ദേശിക്കുന്നു.. അതിലേറെ ഉണ്ട് എന്നറികിലും , മറ്റുള്ളവരുടെ ഇഷ്ടങ്ങളെ മറന്നും ഇങ്ങനെ 15 ൽ ഒതുക്കുന്നതിൽ ക്ഷമിക്കുക.
ഭരതൻ ചിത്രത്തിലൂടെ ആദ്യം . പീഡനത്തിന്റെ കഠിനമുറകൾ അനുഭവിച്ചൊടുങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ സകല വികാരങ്ങളും ഒന്നുചേർന്നൊരു സിനിമ. അവളുടെ മനസ്സാണ് കാതോട് കാതോരം… സഹനത്തിന്റെ മുൾമുനകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന മേരിക്കുട്ടി. സരിതയിലെ നടിയെ മലയാളം കണ്ടെടുത്ത സിനിമ. അതിലെ എല്ലാ പാട്ടുകളും ഹൃദ്യം… എന്നാലിത് …
” കാതോട് കാതോരം
തേൻ ചോരുമാ മന്ത്രം ”

പീഡനത്തിലെ വലിയൊരപമാനകൃത്യമായ നീണ്ടിരുണ്ട മുടി ബലമായി കണ്ടിച്ചു കളയുന്നത് മനസിനെ ഉലച്ച ദൃശ്യം … അതിനു ശേഷം കാമുകന്റെ കൈകളിലേക്ക് സകലതും അർപ്പിച്ചു വീണു കരയുന്ന , പിന്നീട് ജീവിതം തിരിച്ചെടുക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞ ഗാനം… ഗായിക ലതിക അസാമാന്യമായ പാടി തെളിഞ്ഞ ഗാനം..

സ്ത്രീ ശരീരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയ സംവിധായകനാണെങ്കിലും സ്ത്രീമനസ്സുകളെ ഉയരങ്ങളിൽ പ്രതിഷ്ഠിച്ചവൻ കൂടിയാണ് ഭരതൻ .നഷ്ടങ്ങൾ മനുഷ്യനെ ചിലപ്പോൾ ഭ്രാന്തനാക്കും, മറ്റു ചിലപ്പോൾ മൗനിയാക്കും, ചിലപ്പോൾ ലഹരിയ്ക്കടിമയാക്കും . പ്രണാമം എന്ന ചിത്രത്തിൽ ലഹരിക്കടിമയായ ചിലരുടെ കഥ പറയുന്നു. അതിൽ ജോർജുകുട്ടിയിലൂടെ പുരോഗമിക്കുന്ന കഥ. താളം തെറ്റിയ കുടുംബബന്ധങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുമീ ചിത്രം. അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട ജോർജിന് അവിചാരിതമായി ഓർമ്മയുടെ സ്നേഹവുമായി ഉഷ എത്തുന്നു. ലഹരികളിൽ നിന്നും മുക്തനാക്കാൻ ശ്രമിക്കുന്ന അവളിൽ അവനൊരമ്മയെ കാണുന്നു…

താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിന്നൊരാന്തോളനം …
ഭരതന്റെ തന്നെ ചിത്രമായ ഇതിൽ ഭരതൻ തന്നെ എഴുതിയ ഗാനമാണിത് .. ഔസേപ്പച്ചന്റെ സംഗീതത്തിൽ അവസാനം ലതികയുടെ ഹമ്മിങ്ങോടെ പാട്ടവസാനിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളോടെ നമ്മൾ…
പൊന്ന് എന്ന ചിത്രത്തിലെ ഒരു ഗാനം ഉണ്ട്. ഉല്ലാസികളായ രണ്ടു പ്രണയമനസ്സുകൾ പാടിത്തിമിർക്കുന്ന ഒന്ന് .
പി ഭാസ്കരന്റെ പതിവ് രീതിയിൽ പൂത്തുലഞ്ഞ ഒരു ഗാനം.
ഔസേപ്പച്ചന്റെ പ്രണയ ഗാനങ്ങളിൽ ഉജ്വലം ..

” കാർമുകിലിൻ തേൻ മാവിൽ ഇന്ന് വാർമഴവില്ലുകൾ തീർത്തു ”
പ്രണയ ഗാനങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനമുണ്ട്.
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു , നറുമഞ്ഞുതിരുന്ന ലയമറിഞ്ഞു .. രമേശൻ നായരുടെ രചന .
പ്രണയസാഫല്യത്താലോ മറ്റെന്തുകൊണ്ടോ ആയാലും രണ്ടു ശരീരങ്ങൾ ഒന്നാവുന്ന നിമിഷങ്ങളിൽ ഔസേപ്പച്ചൻ സംഗീതവും അലിഞ്ഞു ചേരുന്നത് വികാരവത്തായ ഒന്നാണ്. സമാനമായ സംഗീതം രണ്ടു സിനിമകളിൽ അനുഭവിച്ചു.
മീനത്തിൽ താലികെട്ടിൽ ” ഒരു പൂവിനെ നിശാശലഭം തൊട്ടുണർത്തും യാമമായ് ” ഗിരീഷ് പുത്തഞ്ചേരിയുടെ സുന്ദര രചനയിൽ അലിഞ്ഞു ചേരും നമ്മളും.
ഞങ്ങൾ സന്തുഷ്ടരാണ് എന്നതിലെ ” ഇരുമെയ്യും , ഒരുമനസ്സും , ഈറനാമീ രാവുകളും ” രമേശൻ നായരുടെ കുളിർ രചന. രണ്ടിലും ഔസേപ്പച്ചൻ സംഗീതം അവാച്യമായ അനുഭൂതികൾ പ്രദാനം ചെയ്യുന്നു…
വിങ്ങുന്ന മനസ്സുകളെ, ഒറ്റപ്പെട്ട ഹൃദയങ്ങളെ സംഗീതം കൊണ്ട് നമ്മിലേക്കടുപ്പിക്കുന്ന ഔസേപ്പച്ചന്റെ പ്രാവീണ്യം എടുത്തുപറയേണ്ടത്. ഏറെ ഗാനങ്ങളുണ്ട് അത്തരത്തിൽ എങ്കിലും ഏറ്റം പ്രിയമുള്ളതു ചിലത് …
പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ദൂരങ്ങളിലേക്കു പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ചില രാത്രി ഇടത്താളങ്ങളിൽ മൂകമായെങ്കിലും ഇത്തരം ഗാനം ഇടറി വീണിട്ടുണ്ടാവും…
” മഞ്ഞുപെയ്യുന്ന രാത്രിയിൽ എന്റെ മൺചെരാതും കെടുത്തി ഞാൻ ” ചിത്രം പുറപ്പാട് …
പൊടുന്നനെ അഭയാർത്ഥികളായി പോവുന്ന പലരിലെ ഒരുവന്റെ ഗദ്ഗദം അത്രമേൽ അതിൽ നിഴലിച്ചിരുന്നു….പലായനങ്ങളിൽ ആരും കേൾക്കാതെ പോവുന്ന സങ്കടങ്ങൾ …

വിഭ്രാന്തിയിലകപ്പെട്ടുപോയ പാവം മാനവഹൃദയങ്ങൾക്കു വേണ്ടിയൊരു ഗാനം …
ഉള്ളടക്കം എന്നതിലെ ” പാതിരാമഴയെതോ ഹംസഗീതം പാടി ”
കടുത്ത ജീവിതാനുഭവങ്ങൾ താളം തെറ്റിക്കുന്ന മനസ്സുകളുടെ ഒരു രാത്രിഗീതം …. ഈ ഒരു ഔസേപ്പച്ചൻ ടച്ച് നമുക്ക് കിട്ടിയ സൗഭാഗ്യം…
വീണ്ടും നഷ്ടപ്പെടലിന്റെ ദുഃഖം തന്നെ… അകലേക്ക് നിഴലായ് അലിഞ്ഞു പോവുന്ന ഒരുവളെ ഓർത്തൊരു ഗാനം..
ദില്ലിവാലാ രാജകുമാരിയിലെ ഗാനം…
അകലെ നിഴലായ് അലിയും കിളിയേ ….
കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ ഇടയിലേക്ക് ഒരു കിനാവ് പോലെ വന്ന മുത്ത് . അവളുടെ കുസൃതിയും , കൊഞ്ചലും ജീവിതത്തിൽ ഉണ്ടാക്കുന്ന നിറഞ്ഞു കവിയുന്ന ആശ്വാസത്തിന്റെ നിറവിനെ വാഴ്ത്തുന്ന ഗാനം..
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌ നീ വന്നു ….
പൂക്കാലം വരവായി എന്നതിൽ കൈതപ്രം രചനയിൽ…
ശരത് ചന്ദ്ര വർമ്മയുടെ രചനയിൽ

അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുവോ …. എന്നതിലും ഈ തീവ്രത നമുക്ക് കേട്ടു മനസ്സിലാക്കാം …
മാറാരോഗങ്ങൾ ബാധിച്ചസ്തമിച്ച്‌ ബന്ധങ്ങൾ പൊയ്പോയൊറ്റയായി തീർന്ന കുഞ്ഞു മനുഷ്യർക്ക് വേണ്ടി ഈ ഗാനം. അതി വൈകാരികമായി ചിത്രീകരിച്ച ആകാശ ദൂതിലെ മനസ്സുലക്കുന്ന ഗാനചിത്രീകരണം നടന്നത് …
രാപ്പാടീ കേഴുന്നുവോ , രാപ്പൂവും വിട ചൊല്ലുന്നുവോ ?
സന്തോഷപൂർണ്ണമായ നിമിഷങ്ങളെ ഇങ്ങനെയും സംഗീത നിർഭരമാക്കാം . ഹരികൃഷ്ണൻസിലെ ഈ അർദ്ധക്ലാസ്സിക്കൽ ഗാനം അതുളവാക്കും .
സമയമിതപൂർവ സായാഹ്നം ……
പ്രണയ നിർഭരമായ യുവ മനസ്സുകൾക്ക് കിനാവിന്റെ ജാലകവാതിലുകൾ തുറന്നു കൊടുത്ത് കൊണ്ട് ഒരു ഔസേപ്പച്ചൻ ഗീതം…
മഴയുള്ള രാത്രിയിൽ മനസ്സിന്റെ തൂവലിൽ ,…… കഥ എന്ന ചിത്രത്തിലെ …
വിരൽ തൊട്ടുണർത്തുന്ന ഗാനങ്ങളുമായി ഔസേപ്പച്ചൻ ഇവിടെയുണ്ട്. ഇനിയുമേറെ ഗാനങ്ങൾ ചെയ്യാനുണ്ട്… കാത്തിരിപ്പോടെ …