സുജാത മോഹന്റെ ഗാനസാമ്രാജ്യത്തിലൂടെ – 2

0
102

ഗിരീഷ് വർമ്മ ബാലുശ്ശേരി

( സുജാത മോഹന്റെ ഗാനസാമ്രാജ്യത്തിലൂടെ )

എഴുപത്തഞ്ചിലുദിച്ച ആ പുതുനക്ഷത്രത്തിന് എൺപതുകളുടെ തുടക്കത്തിൽ വെളിച്ചം അൽപ്പം വിളറിയിരുന്നു. അതിനൊരു പ്രധാന കാരണവുമുണ്ട്. മറ്റൊരു പുതുതാരോദയം തന്നെ. മലയാളത്തിന്റെ ചിത്രാങ്കണങ്ങളിൽ സ്വർഗീയ തിരയിളക്കം സൃഷ്ട്ടിച്ച കെ എസ് ചിത്ര എന്ന ഗായികയുടെ പടയോട്ടം . കൈ നിറയെ ഗാനങ്ങളുമായി ചിത്ര അപാരഫോമിലായിരുന്നു അക്കാലങ്ങളിൽ . ആ സൂര്യവെളിച്ചത്തിൽ പ്രഭയുണ്ടായിട്ടും അൽപ്പം മങ്ങിയെന്നു മാത്രം.. മത്സരവേദിയായ സിനിമയിൽ പക്ഷെ സുജാത- ചിത്ര ബന്ധം സ്നേഹോഷ്മളമായ ഒന്നായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പരസ്പരം ബഹുമാനിക്കുകയും അറിയുകയും ചെയ്തിരുന്നവർ .

രവീന്ദ്രൻ സംഗീതത്തിലൂടെ സുജാത അതി സുന്ദരമായ ഹമ്മിങ്ങുകളിലൂടെ പാട്ടിന്റെ സാത്യതകളായി വീണ്ടും….
എന്റെ നന്ദിനിക്കുട്ടി എന്നതിലെ ” ഇനിയും വസന്തം പാടുന്നു ” ..
യേശുദാസിനൊപ്പം മധുരോദാരമായ ഒരോർമ്മ സമ്മാനിച്ചുകൊണ്ട് ഹമ്മിംങ് രാജകുമാരി ..
എന്നാൽ എൺപതുകളുടെ ആ അഞ്ചാറു വർഷം കാര്യമായോർമ്മിക്കാവുന്ന ഒരു ഗാനവും സുജാതയുടെതായി പിറന്നില്ല. ഈ ഗായികയെ അങ്ങിനെ മറവിയിലേക്ക് തള്ളിവിടാൻ സിനിമാ ലോകം തെയ്യാറായിരുന്നില്ല.. ചിത്രയുടെ കുതിപ്പിനൊപ്പം സമാന്തരമായി മറ്റൊരു വിജയക്കുതിപ്പും സുജാതയിലൂടെ പുനർജ്ജന്മം നേടുകയായിരുന്നു. സുജാതയിലെ പ്രതിഭയെ വീണ്ടും കണ്ടെടുത്തത് , മുത്തായി പാട്ടിന്റെ കൈവെള്ളയിലേക്കു എടുത്തുവെച്ചത് ഹിറ്റ്‌മേക്കർ പ്രിയദർശൻ എന്ന സംവിധായകനായിരുന്നു. അതൊരു കാലത്തിന്റെ ആവശ്യമായിരുന്നു.

1987 ലെ ചെപ്പ് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ സുജാതയുടെ പുനരരങ്ങേറ്റം . പിന്നീടുള്ള പ്രിയൻ സിനിമകൾ ചരിത്രം സൃഷ്ടിച്ചവ ആണല്ലോ.. അതുകൊണ്ടും പാട്ടുകളും ഏറെ ഹിറ്റാവുകയും ചെയ്തു.
1988 ലെ സൂപ്പർ ഹിറ്റായ ആര്യൻ എന്നതിലെ
” പൊന്മുരളിയൂതും കാറ്റിൽ ”
“ശാന്തിമന്ത്രം തെളിയും ” ….
എം ജി ശ്രീകുമാറോടൊപ്പം …
രഘുകുമാറിന്റെ സംഗീതം മലയാളം ശ്രദ്ധിച്ച നാളുകൾ പിന്നീടുണ്ടായി.
അക്കൊല്ലം തന്നെ വീണ്ടും പ്രിയൻ സിനിമകൾ ! ശരിക്കും അദ്ദേഹത്തിന്റെ സിനിമകളിൽ മാത്രം പാടിയ വർഷങ്ങളായിരുന്നു 88 ഉം , 89 ഉം..
പൂവിനെ കണ്ടു ഞാൻ ചോദിച്ചു ( മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)
കണ്ടാൽ ചിരിക്കാത്ത കാക്കകറുമ്പിയെ ( ഒരു മുത്തശ്ശിക്കഥ )
നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന
പാടുവാൻ ഓർമ്മകളിൽ ( വെള്ളാനകളുടെ നാട് )
എന്നിവയൊക്കെ പ്രിയമോടെ നമ്മൾ സ്വീകരിച്ചു.
മലയാള സിനിമാ പ്രേക്ഷകർ എന്നെന്നും ഓർക്കുന്ന, അവരേറ്റവുമധികം കണ്ട സിനിമയുടെ പിറവി നടന്ന വർഷം . കളക്ഷൻ റിക്കാർഡുകൾ ഭേദിച്ച് പൊടിപാറ്റിയ സിനിമ .. ചിത്രം …
അതിലെ മിക്ക ഗാനങ്ങളും എം ജി ശ്രീകുമാറുമൊത്ത് പാടി വിലസി സുജാത ..
പാടം പൂത്ത കാലം ..
ദൂരേകിഴക്കുദിക്കും …
കാടുമീ നാടുമെല്ലാം …
പാടം കൊയ്യും മുൻപേ …
എല്ലാ ഗാനങ്ങളും ഹിറ്റാക്കി മാറ്റി സിനിമാചരിത്രത്തിൽ പുതിയൊരിടം നേടി .. ഷിബു ചക്രവർത്തിയുടെ രചനയിൽ കണ്ണൂർ രാജൻ സംഗീതം …
വീണ്ടും മറ്റൊരു തരംഗം . വിജയസിനിമ ആയോ എന്ന് സംശയം . എങ്കിലും പാട്ടുകൾ വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു അക്കാലത്ത് .. വന്ദനം എന്ന പ്രിയൻ സിനിമ .
1989 ൽ പുറത്തിറങ്ങിയ വന്ദനത്തിൽ നിറയെ പാട്ടുകളുണ്ട് .
ഷിബു ചക്രവർത്തി, ഔസേപ്പച്ചൻ ടീം ..
തീരം തേടുമോളം …
അന്തിപൊൻവെട്ടം ….
കവിളിണയിൽ കുങ്കുമമോ …
മേഘങ്ങളേ പാടിയുറക്കാൻ ..

പ്രിയദർശന്റെ സിനിമകളിലൂടെ നഷ്ടപ്പെട്ടുപോയേക്കാവുന്ന പാട്ടുകാലം തിരിച്ചെടുക്കുകയായിരുന്നു സുജാത. അതും ഉജ്വലമായൊരു തിരിച്ചുവരവും, ഉറച്ചൊരു നിലനിൽപ്പും…
മറ്റു ഗായകൻമൊരൊപ്പം ഗായികമാരുടെ ശബ്ദം എങ്ങിനെയെന്ന് നോക്കുന്നത് ഒരു രസമാണ്. യേശുദാസിനൊപ്പം സുജാത എത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മറികടന്ന് സുജാത തിളങ്ങുന്നത് എം ജി ശ്രീകുമാറിനൊപ്പം ആണ്. സുജാതയുടെ ശബ്ദം എംജി ഗാനങ്ങൾക്കൊപ്പം വേറിട്ട ഭാവമായി തിളങ്ങി നിൽക്കുന്നതും ഒരപൂർവ കാഴ്ച തന്നെ.. മലയാള സിനിമ കരുതിക്കൂട്ടി ഒതുക്കിയ ഗായകനും, സുജാതയുടെ ബന്ധുവുമായ ജി വേണുഗോപാലുമൊത്ത് പാടിയപ്പോൾ ഭാവബന്ധുരമായിത്തീരുകയും ചെയ്തു. അത്രയ്ക്കും ചേർന്നൊഴുകി രണ്ടുപേരും പാടിയപ്പോൾ …
മഴവിൽകാവടിയിലെ പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ എന്ന ഗാനത്തിലെ ലയനം ഒന്ന് ശ്രദ്ധിക്കുക..
മാളൂട്ടിയിലെ സ്വർഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ …
അപാരം , അസാദ്ധ്യം എന്നൊക്കെ വിശേഷിപ്പിക്കാവുന്നത് ..
തലയണമന്ത്രത്തിലെ തൂവൽ വിണ്ണിൻ മാറിൽത്തൂവി ..
നയം വ്യക്തമാക്കുന്നുവിലെ പാടൂ താലിപൂത്തുമ്പീ …
എന്നതിലും ആ വിശുദ്ധി അനുഭവിക്കാം…
അക്കാലത്തെ സംഗീതതൃമൂർത്തികൾ എന്ന് വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ, ജോൺസൻ , ഔസേപ്പച്ചൻ എന്നിവരൊക്കെ ഈ 84 -94 കാലഘട്ടത്തിൽ പാട്ടുകൾ ഏറെ കൊടുത്തിട്ടുണ്ട്..
ജോൺസൺ ഈണത്തിൽ …
സിന്ദൂരം തൂകും ഒരു സായംകാലം (ശുഭയാത്ര )
മൗനത്തിൻ ഇടനാഴിയിൽ ( മാളൂട്ടി )
മുത്താരത്തോരണമേകിയ ( കൗതുകവാർത്തകൾ )
തൂവാനം ഒരു പാലാഴി ( സവിധം )
പാതിരാപാൽക്കടവിൽ ( ചെങ്കോൽ )
പാലാഴിത്തിരകളിൽ കുളിരാറാടി പൗർണമി ( ചകോരം )
വീണ്ടും പ്രിയൻ സിനിമകൾ …
നീലക്കുയിലേ ചൊല്ല് … ( അദ്വൈതം )
ആർ റഹ്‌മാന്റെ മലയാളത്തിലെ ഏക സിനിമയായ യോദ്ധായിലെയും ഗാനങ്ങൾ സുജാതയ്ക്കാണ്.
കുനു കുനെ ചെറു കുറുനിരകൾ എന്ന ഗാനം …
രവീന്ദ്രന്റെ ഈണത്തിൽ
ആരോ പോരുന്നെൻ കൂടെ ( ലാൽസലാം )
കസ്തൂരി എന്റെ കസ്തൂരി ( വിഷ്ണുലോകം )
കിഴക്കുണരും പക്ഷി ( കിഴക്കുണരും പക്ഷി )
ആ കാലഘട്ടത്തിൽ തന്നെ ഒട്ടേറെ വേറെ മികച്ച ഗാനങ്ങളും ലഭിക്കുകയുണ്ടായി സുജാതയ്ക്ക്.. എന്തായാലും മുന്നോട്ടേയ്ക്കുള്ള യാത്രയ്ക്ക് പലരുടെയും കൂട്ടായ്മയിലൂടെ ആണെങ്കിലും വലിയൊരു സഹായം ലഭിക്കുക ഉണ്ടായി ഈ ഗായികയ്ക്ക് ….

എന്നുമൊരു സംരക്ഷണവലയമുണ്ടായിരുന്ന ഗായിക ആയിരുന്നു സുജാത മോഹൻ .. അത് ചിലപ്പോൾ തോന്നും ആരാധകരുടെ കൂട്ടായ്മയിൽ നിന്ന് വളർന്നു വന്നതെന്നൊക്കെ … പക്ഷെ അത്രയ്ക്കും വ്യക്തമായി അവരുടെ ശബ്ദത്തെ മനസ്സാ സ്വീകരിച്ച സിനിമാ പ്രവർത്തകർ തന്നെ , സംവിധായകർ, ഈണമിടുന്നവർ , ഇവരൊക്കെ തന്നെ ആരാധനയോടെ ,വ്യക്തമായ അറിവോടെ അവർക്കിവിടെയൊരു സംഗീതാലയം തന്നെ തീർക്കുകയായിരുന്നു.

മലയാളത്തിലേക്ക് തമിഴിൽ നിന്നും , ഹിന്ദിയിൽ നിന്നും വരെ വന്നവർ നമുക്ക് വ്യതിരിക്തമായ ഒരു സംഗീതാനുഭവം നൽകിയിട്ടുണ്ട്. ഉഷാഖന്ന മുതൽ ഇങ്ങു വിദ്യാസാഗർ വരെ അത് നീണ്ടു കിടക്കുന്നു. തീർത്തും അവരിവിടുത്തെ പ്രതിഭകളെ തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തു.
സുജാത എന്ന ഗായികയെകുറിച്ചു പറയുക ആണെങ്കിൽ അത് തീർത്തും അർത്ഥവത്താവുകയും ചെയ്യും . മലയാള സംഗീത സംവിധായകരേക്കാൾ തമിഴ് സംഗീത ചക്രവർത്തി വിദ്യാസാഗർ നൽകിയ മധുര ഈണങ്ങൾ സുജാതയ്ക്ക് നൽകിയത് തിട്ടപ്പെടുത്തുമ്പോൾ അതിശപ്പെടും .

പാട്ടാസ്വാദകരുടെ മനസ്സിലെ ആശിർവാദങ്ങളും , അംഗീകാരങ്ങളും തുടക്കം മുതൽ തന്നെ നേടിയെടുത്ത ഗായികയ്ക്ക് പ്രത്യക്ഷത്തിൽ പുരസ്കാരങ്ങൾ ഒന്നും തന്നെ കാലങ്ങളോളം വന്നു ചേർന്നിരുന്നില്ല . കേരള സർക്കാരിന്റെ ചലച്ചിത്ര അവാർഡ് സുജാതയിലെത്തിച്ചേരാൻ 1996 വരെ കാത്തിരിക്കേണ്ടി വന്നു. വിദ്യാസാഗറിന്റെ ഈണത്തിൽ പാടിയ അഴകിയ രാവണനിലെ ” പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ ” എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. അദ്ദേഹം മലയാളത്തിൽ ആദ്യമായീണം നൽകിയതിന് തന്നെ അംഗീകാരവും കിട്ടി.
വിദ്യാസാഗർ സംഗീതം ഈ ഗായികയുടെ കരിയറിൽ പാട്ടിലൂടെ നേടിയെടുക്കാനാവുന്നതൊക്കെ സാധിക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് ഈണം കൊടുത്ത ചിത്രങ്ങളിലെ അധികം ഗാനങ്ങളും പാടാൻ സുജാതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതും തിരഞ്ഞെടുത്ത ഗാനങ്ങളിലെ ഏറിയ പങ്കും വിദ്യാസാഗരസംഗീതം തന്നെ…
വിണ്ണിലെ പൊയ്കയിൽ ( കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)
എത്രയോ ജന്മമായ് ( സമ്മർ ഇൻ ബത്‌ലഹേം )
ഈ ഗാനങ്ങൾക്ക് ശേഷം വീണ്ടും വിദ്യാസാഗറിലൂടെ 1998 ൽ സർക്കാർ അംഗീകാരം . പ്രിയ കവി സച്ചിദാനന്ദൻ പുഴങ്കരയുടെ കവിത തുളുമ്പുന്ന കാവ്യത്തിലൂടെ … ” വര മഞ്ഞളാടിയ രാവിന്റെ മാറിൽ ” മഞ്ഞുതുള്ളിയുടെ നിറവ് പോലെ ഒരു കുഞ്ഞുസൂര്യനെ
കയ്യടക്കിയ മൗനം ..
മഞ്ഞുപെയ്യണ് മനം തുടിക്കണ് ( ചന്ദ്രനുദിക്കുന്ന ദിക്കിൽ )
അമ്പാടിപ്പയ്യൂകൾ മേയും….
വെണ്ണിലാക്കൊമ്പിലെ രാപ്പാടി ( ഉസ്താദ് )
പ്രായം നമ്മിൽ മോഹം നൽകി ( നിറം )
മിഴിയറിയാതെ വന്നു ഞാൻ
മണിമുറ്റത്താവണി പന്തൽ ( ഡ്രീംസ് )
ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു ( മധുരനൊമ്പരക്കാറ്റ്)
ധും ധും ധും ദൂരെയേതോ ( രാക്കിളിപ്പാട്ട് )
ശാരികേ നിന്നെ കാണാൻ
മറന്നിട്ടുമെന്തിനോ ( രണ്ടാം ഭാവം )
കരിമിഴിക്കുരുവിയെ കണ്ടില്ല ( മീശ മാധവൻ )
എന്റെ എല്ലാമെല്ലാമല്ലേ
ചിലമ്പൊലി കാറ്റേ ( സി ഐ ഡി മൂസ )
ഒന്നാം കിളി രണ്ടാം കിളി ( കിളിച്ചുണ്ടൻ മാമ്പഴം )
വിളക്കു കൊളുത്തി വരും
ആരൊരാൾ പുലർമഴയിൽ ( പട്ടാളം )
ആലിലക്കാവിലെ തെന്നലേ
നിനക്കെന്റെ മനസ്സിന്റെ ( ഗ്രാമഫോൺ )
തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി ( രസികൻ )
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് ( ചാന്തുപൊട്ട് )
മുന്തിരിപ്പാടം ( കൊച്ചിരാജാവ് )
ആരാരും കാണാതെ (ചന്ദ്രോത്സവം )

ഇങ്ങനെയിങ്ങനെ കൊതിപ്പിക്കുന്ന സ്വരരാഗപ്രപഞ്ചമാണ് അദ്ദേഹം സുജാതയ്ക്ക് വേണ്ടി തീർത്ത് കൊണ്ടുത്തത് .
ക്ലാസിക്കൽ സംഗീതത്തിന്റെ അഴകിൽ പാട്ടൊരുക്കുന്നതിൽ നിപുണനാണ് ശ്രീ ശരത് .. പാട്ടിന്റെ ഓരോ അരികും ചെത്തിമിനുക്കി പാട്ടുകാരെ വരെ രാകിമിനുക്കുന്ന സംഗീതജ്ഞൻ . ശരത്തും സുജാതയ്ക്ക് കുറച്ചു ഗാനങ്ങൾ നൽകിയിട്ടുണ്ട്.
വാലിന്മേൽ പൂവും വാലിട്ടെഴുതിയ ( പവിത്രം )
താളമയഞ്ഞു രാഗമാപൂർണം
രാവിൽ വീണാനാദം പോലെ ( സിന്ദൂരരേഖ )
എന്റെ സിന്ദൂരരേഖയിലെങ്ങോ (ശ്രീനിവാസുമൊത്ത് ,സിനിമയിലില്ല )
സൂര്യനാളം പൊൻവിളക്കായ് ( തച്ചോളി വർഗ്ഗീസ് ചേകവർ )
തുടക്കകാലത്തെ ശരത് പാട്ടുകൾ പാടാൻ സുജാതയ്ക്ക് ഭാഗ്യമുണ്ടായി .
എത്രയെത്ര അവാർഡുകൾ കിട്ടിയാലും പ്രേക്ഷകരുടെ മനസ്സിൽ ചില ആരാധനയിൽ പൊതിഞ്ഞ പുരസ്കാരങ്ങൾ എന്നേ നല്കിക്കഴിഞ്ഞിരിക്കും. ഒരു പാട്ടിഷ്ടക്കാരന്റെ മനസ്സൊന്നു നോക്കാം.. എന്റെ മനസ്സ് ആരാധിച്ച, പുരസ്കാരം കിട്ടേണ്ടിയിരുന്നു എന്ന് തോന്നിയ ചില ഗാനങ്ങൾ …..

കണിക്കൊന്നകൾ പൂക്കുമ്പോൾ എന്ന അഭിഭാഷകന്റെ കേസ് ഡയറിയിലെ ഗാനം സുജാത ആലപിച്ചത് കേൾക്കേണ്ടതാണ്. മറ്റെങ്ങുമില്ലാത്ത ഒരു ഭാവസാന്ദ്രത ആ ഗാനത്തിൽ ചേർക്കാൻ ഗായികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഏറെ കേട്ടിട്ടില്ലാത്ത ഒരു ഗാനം ആണിത്…
കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ ( ഈ പുഴയും കടന്ന് )
എങ്ങിനെ ഞാൻ ഉറക്കേണ്ടു ( ദേശാടനം )
എത്രയോ ജന്മമായ് ( സമ്മർ ഇൻ ബത്‌ലഹേം )
കണ്ണാന്തളി മുറ്റത്തെ ( അഗ്നിസാക്ഷി )
പ്രണയിക്കുകയായിരുന്നു ഞാൻ ( മനസ്സിൽ ഒരു മഞ്ഞുതുള്ളി )
ദ്വാദശിയിൽ മണിദീപിക ( മധുരനൊമ്പരക്കാറ്റ് )
മഴയുള്ള രാത്രിയിൽ ( കഥ )
ഓടലെണ്ണ വിളക്കിലാ മുഖം ( സ്ഥിതി )
തട്ടം പിടിച്ചു വലിക്കല്ലേ ( പരദേശി )

പരദേശിയിലെ ഗാനം ദേശീയ അവാർഡിന്റെ വക്കിൽ പൊഴിഞ്ഞു പോയ ഗാനമാണ്.
ശേഷം വരുന്നവരും നിറയെ ഗാനങ്ങൾ നൽകിയിട്ടുണ്ട് ഈ അനുഗ്രഹീത ഗായികയ്ക്ക് . ചിത്രാ തരംഗം നിലനിൽക്കുന്ന കാലങ്ങളിലൂടെ ആണ് സുജാതയുടെ മുന്നേറ്റവും. അന്ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഇവർക്ക് മാത്രമാണ്.
എം ജയചന്ദ്രൻ തുടക്കം മുതൽ തന്നെ നല്ല മെലഡീസ് സുജാതയ്ക്ക് കൈമാറിയിട്ടുണ്ട്..
മണിക്കുയിലേ ( വാൽക്കണ്ണാടി )
ചക്കരമാവിൻ മുന്തിരി ( കണ്മഷി )
ജൂണിലെ നിലാമഴയിൽ ( നമ്മൾ തമ്മിൽ )
കല്ലായിക്കടവത്ത് ( പെരുമഴക്കാലം )
കണ്ടു കണ്ടു കൊതി കൊണ്ട് നിന്ന കുയിലേ ( മാമ്പഴക്കാലം)
പുഴ പാടുമീ പാട്ടിൽ ( മേൽവിലാസം ശരിയാണ് )
പച്ചപ്പനംതത്തെ ( നോട്ടം )
മനസ്സിൽ വിരിയുന്ന മലരാണ് സ്നേഹം ( മധുചന്ദ്രലേഖ)
കരിനീലക്കണ്ണിലെന്തെടി ( ചക്കരമുത്ത് )
പുതു സംഗീത സംവിധായകരും അതെ പോലെ തന്നെ
ഒരു സിംഹമലയും കാട്ടിൽ സുരേഷ് പീറ്റേഴ്‌സിന്റെ ഈണം എല്ലാം മറക്കാം നിലാവേ എന്ന പഞ്ചാബി ഹോസിലേത് …
രവീന്ദ്രനും, ഔസേപ്പച്ചനും ജോൺസനും ഏകിയതൊക്കെ എടുത്തുപറയാവുന്നത് തന്നെ..
ബഹളക്കാരനല്ലാത്ത ഒരു സംഗീതജ്ഞനുണ്ട് നമുക്ക് . ഒന്ന് മുതൽ പൂജ്യം വരെ എന്നതിൽ തുടങ്ങി ശാന്തമായൊഴുകുന്ന പുഴ പോലെ ഒരു സംഗീതജീവിതം.. മോഹൻ സിതാര.
നീയെന്റെ പാട്ടിൽ ശ്രീരാഗമായി ( നക്ഷത്രതാരാട്ട് )
തേങ്ങാപ്പൂളും കൊക്കിലൊതുക്കി ( വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )
എനിക്കും ഒരു നാവുണ്ടെങ്കിൽ ( ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ)
മിണ്ടാതെടി കുയിലേ ( തന്മാത്ര ) തുടങ്ങിയവയൊക്കെ ഉദാഹരണങ്ങൾ ..

ഏറെ ഗാനങ്ങൾ ഇനിയും എഴുതാനുണ്ട് . ബാസുരി എന്ന ഗാനത്തിലൂടെ വീണ്ടും സർക്കാർ പുരസ്കാരം നേടുകയുണ്ടായി..
പുതുകാലത്തെ സംഗീതസദസ്സിൽ അധികം കാണാറില്ലിപ്പോൾ സുജാത എന്ന ഗായികയെ . മകൾ ശ്വേതയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതാണോ എന്ന് സംശയിക്കും.. എന്നിരുന്നാലും കഴിഞ്ഞ കാലത്തിന്റെ സംഭാവനകൾ മാത്രം മതി ഈ ഗായികയ്ക്കു നമ്മുടെയൊക്കെ മനസ്സിൽ എന്നുമെന്നും പുതുമയോടെ നിലനിൽക്കാനും…