യൂസഫലി-പാട്ടുകളിലെ പ്രണയം

35

ഗിരീഷ് വർമ്മ ബാലുശ്ശേരി

യൂസഫലി പാട്ടുകളിലെ പ്രണയം

കവികളിൽ നിന്നും പാട്ടെഴുതാനായി സിനിമയിൽ ചേക്കേറിയവരിൽ വയലാർ കഴിഞ്ഞാൽ പിന്നെ യൂസഫലി കേച്ചേരിയ്ക്കായിരിക്കും സ്ഥാനം. ആ കവിമനസ്സിന്റെ ലാളനങ്ങളേറെ അനുഭവിച്ചു മലയാളസിനിമ പ്രേക്ഷകർ. സ്ത്രീമനസ്സിന്റെ അഗാധതലങ്ങളിലേക്കു ഊളിയിട്ടിറങ്ങി “തേടുന്നതാരെ ഈ ശൂന്യതയിൽ ഈറൻമിഴികളേ … “എന്ന് ചോദിച്ചു കൊണ്ട് അരങ്ങേറ്റം.. അതിന് പിന്നീട് ഉത്തരമെന്നോണം “അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ .. ആരു നീ ആരുനീ ദേവതേ ” എന്നന്വേഷിച്ചു കൊണ്ട് . കവി എന്നും നിത്യകാമുകനാണല്ലോ !

ശേഷം കരളിലുറച്ച പ്രണയത്തെ സാക്ഷി നിർത്തി ” സുറുമയെഴുതിയ മിഴികളേ ,പ്രണയമധുര തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ ” എന്നെഴുതിയപ്പോൾ ഈറനണിഞ്ഞ ആ മിഴികൾ വീണ്ടും പ്രണയചൂടിനാൽ സജലങ്ങളായി ..പിന്നീട് യാത്രകളായി . ആ ജീവിത യാത്രയിൽ തോണി തുഴഞ്ഞുകൊണ്ടു കമിതാക്കൾ ..”ഇക്കരെയാണെന്റെ താമസം,അക്കരെയാണെന്റെ മാനസം” എന്നും എഴുതി. ജീവിതത്തിൽ ഏതു കോണിലായാലും ഹൃദയങ്ങൾ ഒരിടത്തു തന്നെ എന്ന് കവി..സ്വപ്നങ്ങളുടെ മഞ്ചലിൽ സഞ്ചാരം.. “ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ” സ്വപ്നങ്ങൾക്ക് സീമകളില്ലല്ലോ!ചിലപ്പോൾ പ്രണയവല്ലരി താനേ തളിർക്കും.. ” നട്ടു നനയ്ക്കാതെ തൊട്ടുതലോടാതെ പൊട്ടി വിരിഞ്ഞല്ലോ പൂമുല്ല ,എന്റെ ഖൽബിലെ മോഹത്തിൻ തൈമുല്ല ” . അതങ്ങിനെയെ വരൂ…ചിലയിടങ്ങളിൽ അത് പരാജയത്തിന്റെ കയ്പുനീർ കുടിക്കും. വിരഹത്തിന്റെ നൂലിഴകളിൽ കുടുങ്ങി വേർപെടാനാവാതെ വിങ്ങും മനസ്സുകൾ..”വിടരും മുൻപേ വീണടിയുന്നൊരു വനമലരാണീ അനുരാഗം ” എന്ന തത്വചിന്തകളിൽ വിശ്രമിക്കും…പക്ഷെ കാത്തിരിക്കുന്ന മനസ്സിന്റെ വേദന.അത് പറഞ്ഞറിയിക്കാനാവില്ല. കവികൾ പോലും വാക്കുകൾ കിട്ടാതെ ഉഴലും.. ” കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും കരളേ നിന്നെയും കാത്തിരിക്കും ,ഖബറിന്നടിയിലും കാത്തിരിക്കും”. വേവലാതി പൂണ്ട മനസ്സിന്റെ നിതാന്ത സഞ്ചാരങ്ങൾ…

വിവരണങ്ങളിൽ ഒതുങ്ങില്ല പ്രണയിനിയെ കുറിച്ചുള്ള വർണ്ണനകൾ. കവിയും വാക്കുകൾ തപ്പും. അപ്പോൾ അതാണോ ഇതാണോ നീയെന്താണ് പെണ്ണെ എന്നൊക്കെ അന്വേഷിക്കേണ്ടി വരും… ” വെണ്ണയോ , വെണ്ണിലാവുറഞ്ഞതോ , വെളുത്ത പെണ്ണെ നിന്റെ പൂമേനി ” എന്ന് അൽപ്പം മേദസ്സ് ചേർത്തി പറയേണ്ടിയും വരും… ഒരൊറ്റ നിമിഷത്തിൽ പ്രണയം മനസ്സിൽ കുത്തും . അതൊരു വേദനയാവും. കാണും വരെ, സംസാരിക്കും വരെ. പ്രണയിച്ചവർക്കറിയാം അല്ലെ ? “അയലത്തെ ജനലിലൊരമ്പിളി വിടർന്നു, അലകടലയെൻമനമുലഞ്ഞു “: ഉലയും….തളർന്നു പോവുന്ന കാമുകരുണ്ട് . കടക്കണ്ണെറിന്റെ മുന കൊണ്ട് തളരുന്ന കാമുകൻ.. ” അനുരാഗക്കളരിയിൽ അങ്കത്തിനു വന്നവളേ ,പുരികത്തിൻ ചുരിക തടുക്കാൻ പരിചയില്ല ” എന്നാലോ വിടുമോ ? ഇല്ല “മലർമിഴിയാകും ശരം മടക്കാൻ മനസ്സുമില്ല തെല്ലും മനസ്സുമില്ല ” അങ്ങിനെയാണ് സ്ഥിതികൾ…പ്രണയത്തിൽ ഇങ്ങനെയും വരാം … അപ്പോൾ ” മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതോ ” എന്നൊക്കെ തോന്നും…

അക്കരെയും ഇക്കരെയും ശരീരങ്ങൾ ആണെങ്കിലും മനസ്സുകൾ അക്കരെ ഒന്നാണെന്ന് പറഞ്ഞു.. എന്നാലും ചിലപ്പോൾ ” അക്കരെയിക്കരെ നിന്നാലെങ്ങിനെ ആശ തീരും എങ്ങിനെ ആശ തീരും …” ഏതെങ്കിലും ഒരു സ്ഥലത്തു രണ്ടുപേരും സ്ഥിരവാസം ആവണം.. അതാണ് കമിതാക്കളുടെ ആശയും …വിവാഹിതയാവാൻ പോവുന്ന ഒരുവളുടെ മാനസിക ഉല്ലാസങ്ങൾ വരച്ചുവെക്കാൻ ഉള്ള കവികളുടെ വിരുത് ഒന്ന് വേറെ തന്നെയാണ്. ” വിവാഹനാളിൽ പൂവണിപ്പന്തൽ വിന്നോളമുയർത്തൂ ശില്പികളെ ” എന്ന് അവൾക്കു വേണ്ടി വരാൻ പോകുന്നവന് വേണ്ടി …

പ്രണയത്തിന്റെ ആദ്യനാളുകളിൽ പ്രണയിതാവ് എത്രമാത്രം ലോലഹൃദയനായിരിക്കും .. അവളെ എത്ര താലോലിച്ചാലും മതിവരാത്തവൻ ..പ്രകൃതിയുടെ ഭാവവ്യത്യാസങ്ങൾ അവളിലൂടെ തഴുകിയൊഴുകും…”വൈശാഖസന്ധ്യേ നിൻ ചുണ്ടിലെന്തേ , അരുമസഖിതൻ അധരകാന്തിയോ ?”

എത്ര സൗമ്യൻ അല്ലെ ?പ്രണയകാലത്തെന്തു വേണമെങ്കിലും സാധിച്ചു തരും കാമുകൻ! പക്ഷെ ഭംഗം വന്നാൽ ആകെ തകർന്നു.” ഒരു രാഗമാല കോർത്തു സഖീ ബാഷ്പധാരയാൽ …” എന്ന സ്ഥിതിയാവും.. “മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനി ഉണർത്തിയതൊക്കെ കൈവിട്ടു പോകും… അത്രയും ലോലനാവും.. സംഗീതം കൊണ്ടും പ്രണയം വരും.. “കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി ” എന്നാൽ ” ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി ” കഴിഞ്ഞില്ലേ ! പക്ഷെ മനസ്സിൽ വിങ്ങിത്തുടങ്ങുന്ന പ്രണയത്തിന് നിന്നെ വർണ്ണിക്കാൻ പ്രയാസമാണ്. നീയാരാണ്! അതുല്യ ദേവതയോ ! അപ്പോൾ പിന്നെ…”അഞ്ചു ശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കി.. നിൻ പുഞ്ചിരി സായകമാക്കി ” അതങ്ങിനെ പലവിധത്തിൽ മാറി മാറി വരും…
എന്നാൽ പെണ്മനസ്സിലെ പ്രണയം ” വൈശാഖപൗർണ്ണമിയോ , നിശയുടെ ചേങ്ങിലയോ , ആരോ പാടും ശൃംഗാരപദമോ , കോകിലകൂജനമോ ” എന്ന അസ്വസ്ഥത സൃഷ്ടിക്കും…അതെത്രമാത്രം മധുരിക്കുമെന്നു കവി വീണ്ടും വീണ്ടും..”ഇത്ര ത്രമധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ ?” എന്ന് പാടി ഉഴറും..

പലതും ഉള്ളിലൊതുക്കേണ്ടി വരും ഈ മനുഷ്യ ജന്മത്തിൽ . പ്രണയം പോലും പുറത്താരുമറിയാതെ … “പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു… ” അതിന്റെ പരിണിതഫലം ഇങ്ങനെയും ആവാം..”മണ്ണിൽ വീണുടയുന്ന തേൻകുടത്തെ കണ്ണുനീരെന്നും വിളിച്ചു ” അതൊക്കെ ഒരു വിധി.. പ്രകൃതി തീർക്കുന്ന അന്ത്യവിധി ..