ദേവരാജ സംഗീതം കൈവെടിഞ്ഞ ജാനകീ നാദം
ഗിരീഷ് വർമ്മ ബാലുശ്ശേരി
ദുരൂഹമാണ് മനുഷ്യ മനസ്സ് .എന്തുദയം കൊള്ളുന്നു എന്നൂഹിക്കാനാവാത്തത് .സദ് ചിന്തകളും ദുഷ്ചിന്തകളും പാഴ് ചിന്തകളും നിറഞ്ഞ ഒരിരുൾ മാടമാണ് പലപ്പോഴും മനുഷ്യ മനസ്സ് … എന്താണ് ചിലരുടെ ഉള്ളിൽ എന്തൊക്കെ നടക്കുന്നു ,അപരനോട് എങ്ങിനെ പെരുമാറിയേക്കും എന്നൊക്കെ സങ്കൽപ്പങ്ങളിലേ രൂപപ്പെടുത്താൻ കഴിയുള്ളു .യാഥാർത്ഥ്യം ചിലർക്ക് മാത്രം വെളിപ്പെട്ടേക്കാം …ചലച്ചിത്ര ഗാനാസ്വാദന ക്കുറിപ്പിൽ എന്തിനീ തത്വങ്ങൾ എന്ന് തോന്നിയോ ?കാരണമുണ്ട് .സമാന ചിന്താഗതികളോടെ പെരുമാറിയിരുന്ന അല്ലെങ്കിൽ അങ്ങിനെ തോന്നിപ്പിച്ചിരുന്ന രണ്ട് പേരെ ഓർത്തു പോയി .കാലങ്ങളായി ഉത്തരം പരതുന്നത് .കലാ രംഗത്തെ ,പ്രത്യേകിച്ച് സിനിമാരംഗത്തെ പാരവെപ്പും ,ആത്മാർത്ഥതയില്ലായ്മയും നമ്മൾ കേട്ടറിയുന്നത് ,അനുഭവിച്ചറിയുന്നത് .
മലയാളസംഗീതരംഗത്തെ കുലപതികളായി വിശേഷിപ്പിക്കാവുന്ന രണ്ട് പേർക്കിടയിലെ അകൽച്ച എന്നെ ഇരുത്തി ചിന്തിപ്പിച്ചത് .രണ്ട് പേരും അവരുടെ ലോകത്ത് തങ്ങളുടെ കഴിവ് ഉയരത്തിലെത്തിച്ചവർ .
ജി.ദേവരാജൻ മാസ്റ്റർ
എസ് ജാനകി …
1955 മുതൽ മലയാള സിനിമാ സംഗീതത്തിൻ്റെ അമരക്കാരനായ ദേവരാജൻ മാസ്റ്റർ … സംഗീതം ചെയ്തതെല്ലാം ഹിറ്റുകൾ .എല്ലാ ഗായകർക്കും പലവട്ടം അവസരങ്ങൾ കൊടുത്തയാൾ . പുതുമുഖങ്ങളെ നന്നായി പ്രോൽസാഹിപ്പിക്കുന്നയാൾ … എന്നിട്ടും എസ് ജാനകിയെക്കൊണ്ട് ഇദ്ദേഹം എത്ര പാട്ടുകൾ പാടിച്ചു!! വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം .അതു തന്നെ ശ്രദ്ധിക്കപ്പെട്ടവ അപൂർവ്വം ഗാനങ്ങളും .
അവസരങ്ങൾക്ക് വേണ്ടി തെണ്ടേണ്ട കാര്യം എസ് ജാനകിക്കുണ്ടായിട്ടുണ്ടാവില്ല ..ദേവരാജൻ്റെ അവഗണനയിലും മറ്റുള്ളവർ ഒട്ടേറെ സുന്ദര ഗാനങ്ങൾ നൽകുകയുണ്ടായി … എം എസ് ബാബുരാജ് ,എം ബി ശ്രീനിവാസൻ എം എസ് വിശ്വനാഥൻ ,ദക്ഷിണാ മൂർത്തി ,പുകഴേന്തി ,ചിദംബരനാഥ് ,എ ടി ഉമ്മർ ,ശ്യാം ,ഇളയരാജ തുടങ്ങിയവരുടെയൊക്കെ ഈണ മാധുരിയേറ്റുവാങ്ങി മലയാളത്തെ ഉന്മാദം കൊള്ളിച്ച ഗായിക ..
ദേവരാജൻ സംഗീതം സുശീല, മാധുരി ,ലത തുടങ്ങിയവരിലൂടെയൊക്കെ ഗാനാമൃതമായി ഒരു ഭാഗത്ത് വിളമ്പുമ്പോഴും ഒട്ടും മധുരിമ കുറയാത്ത സൌവർണ്ണ ഗാനവീചികൾ ജാനകിയുടെ ശബ്ദത്തിൽ ഇവിടെ ലയവിന്യാസം തീർത്തു.
എന്തെന്നറിയില്ല .ആദ്യകാലത്തെ കുറച്ച് ഗാനങ്ങൾ മാത്രം ജാനകിക്കേകി ദേവരാജൻ .1957 ൽ ഇവിടെയെത്തിയ എസ് ജാനകിയുടെ ശബ്ദമാധുരി തിരിച്ചറിഞ്ഞ ആദ്യഗാനം എന്നാൽ ദേവരാജൻ്റേതായിരുന്നു എന്നത് പറയാതെ വയ്യ …വയലാറിൻ്റെ രചനയിൽ ഭാര്യയിലെ ”കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർക്കും ” എന്ന ഗാനം ജാനകിയുടെ കരിയറിലെ എണ്ണപ്പെട്ട ഒരു ഗാനമാണ് …
എന്നാൽ ശേഷം എത്ര നല്ല ഗാനങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടി !!
മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ (ഓടയിൽ നിന്ന് )
മുങ്ങി മുങ്ങി മുത്തുകൾ വാരും (കടലമ്മ )
മദം പൊട്ടിച്ചിരിക്കുന്ന മാനം (ചിത്രമേള )
ദേവകുമാരാ ദേവകുമാരാ (തിലോത്തമ )
എൻ്റെ നോട്ടത്തിൽ കഴിഞ്ഞു .. പിന്നീട് ശ്രദ്ധിക്കപ്പെടാത്ത ചില ഗാനങ്ങളും .നിശാഗന്ധി ,മിണ്ടാപ്പെണ്ണ് ,ജയിൽ etc .. എന്നീ ചിത്രങ്ങൾ പറയാമെന്നെ ഉള്ളു ..
ഒരൊറ്റ കാര്യത്തിൽ സമാധാനിക്കാം .ദേവരാജൻ മാസ്റ്റർ പാട്ടുകൾ കൊടുക്കാത്തത് കൊണ്ട് എസ് ജാനകിയുടെ സംഗീതയാത്രയ്ക്ക് ഒരു തടസ്സവും നേരിട്ടിട്ടില്ല .. അതനസ്യൂതം തുടർന്നു …എസ് ജാനകിക്ക് പാട്ടുകൾ നൽകാത്തത് കൊണ്ട് ദേവരാജൻ ഗാനങ്ങൾ പോപ്പുലറാവാതിരുന്നുമില്ല …നഷ്ടം രണ്ടു പേർക്കുമില്ല …
നഷ്ടം ഗാനാസ്വാദകർക്ക് മാത്രം ..നികത്താനാവാത്തത് ….