കിനാവിൽ വന്ന മധുരം …
ഗിരീഷ് വർമ്മ ബാലുശ്ശേരി
ശബ്ദമാധുര്യത്തിന്റെ കാര്യത്തിൽ ഒരു തർക്കവുമില്ല . ഉച്ചസ്ഥായിയിൽ പാടാൻ വളരെയേറെ കഴിവുള്ള ഗായകൻ . മറ്റെന്തു കൊണ്ടും പാട്ടിന്റെ അരങ്ങത്ത് എത്തേണ്ടവൻ . എന്നിട്ടും മലയാള സിനിമ ഈ ഗായകന്റെ ശബ്ദം അധികം ഉപയോഗപ്പെടുത്തിയതായി അറിവില്ല. എറണാകുളം സ്വദേശിനി ആയ ശ്രീ മധു ബാലകൃഷ്ണൻ .തുടക്കം തന്നെ ശ്രദ്ധിക്കപ്പെടാത്തതും, റിലീസ് ആവാത്തതും ആയ സിനിമകളിൽ ഗാനങ്ങൾ പാടിയത് ഒരു കുറവായി കാണാനാവില്ല. 1999 ൽ ഇറങ്ങിയ ഉദയപുരം സുൽത്താനിലെ കൈതപ്രം രചനയിൽ പാടിയ കനകസഭാതലം മമ ഹൃദയം കേട്ടാൽ അടിത്തറ ഭദ്രമാക്കി പാടാൻ ഇറങ്ങിയ ഒരുജ്വല ഗായകനെ അറിയാം… എന്നിട്ടും തന്റെ നില ഭദ്രമാക്കാൻ ഏറെ പാടുപെടേണ്ടി വന്നു ഇദ്ദേഹത്തിന് . പൂമാനം പൂത്തുലഞ്ഞു എന്ന ഉത്രം നക്ഷത്രത്തിലെ ഇറങ്ങാത്ത ഗാനം സുന്ദരമായിരുന്നു. സണ്ണി സ്റ്റീഫൻ എന്ന സംഗീത സംവിധായകനെ മലയാള സിനിമ പിന്നീട് ഉപയോഗപ്പെടുത്താത്തതിലുള്ള സങ്കടവും ഇവിടെ രേഖപ്പെടുത്തുന്നു. ഉത്രം നക്ഷത്രത്തിലെ ” അനുഭൂതി പൂക്കും നിൻ മിഴികളിൽ ” എന്ന ചിത്ര പാടിയ ഒരു ഗാനം മതി സണ്ണി സ്റ്റീഫനിലെ സംഗീതസംവിധായകനെ അറിയാൻ.
തുടക്കം ശ്രദ്ധിക്കപ്പെടാതിരുന്നിട്ടും സംസ്ഥാന അവാർഡ് മധു ബാലകൃഷ്ണനെ തേടി വന്നു. പിന്നീടുള്ള മധുവിന്റെ ഭക്തിഗാനങ്ങളിലേക്കുള്ള ഒരു കുതിപ്പിന് നിതാനമായി ഈ അവാർഡ് എന്നത് ശ്രദ്ധേയം. മലയാള സിനിമ പിന്നീടും ഈ ഗായകനെ വേണ്ട വിധം അംഗീകരിച്ചില്ല .. അമ്മേ അമ്മേ കണ്ണീർ തെയ്യം തുള്ളും എന്ന വാൽക്കണ്ണാടിയിലെ രമേശൻ നായരുടെ വരികൾക്ക് ജയചന്ദ്രൻ സംഗീതം ചെയ്ത ഗാനമായിരുന്നു അവാർഡ് നേടിയത്. ശബ്ദത്തിലെ ഭക്തിയും, തീവ്രതയും ,ഉണർവും, ഭാവവും എല്ലാം അവാർഡ് കമ്മിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടാവും .. അവാർഡിന്റെ തുടർച്ചയെന്നോണം 2002 , 03 .04 വർഷങ്ങളിൽ കുറച്ചു നല്ല പാട്ടുകൾ നേടാൻ കഴിയുകയുണ്ടായി. മറ്റു പല ഗായകരും നേടിയ സൗഭാഗ്യം ഇദ്ദേഹത്തിനും കിട്ടുകയുണ്ടായി. അതായത് മലയാള സിനിമാ സംഗീത സംവിധായകരേക്കാൾ നല്ല പാട്ടുകൾ നൽകിയത് അന്യഭാഷാ സംഗീത സംവിധായകർ ആണ്..
മികച്ച ഉദാഹരണങ്ങൾ ഇതാ …
പൊന്നാവണി പാടം തേടി ( രസതന്ത്രം — ഇളയരാജ )
മന്ദാരപ്പൂ മൂളി കാതിൽ ( വിനോദയാത്ര — ഇളയരാജ )
രാവേറെയായ് പൂവേ ( റോക് ആൻഡ് റോൾ — വിദ്യാസാഗർ )
എങ്ങു നിന്നോ വന്ന പഞ്ചവർണക്കിളി ( കൽക്കട്ട ന്യൂസ് — ദേബ് ജ്യോതി മിശ്ര)
മനസ്സിലൊരു പൂമാല ( ഇന്നത്തെ ചിന്താവിഷയം — ഇളയരാജ)
ആര് തരും ഇനിയാര് തരും ( മേക്കപ്പ്മാൻ — വിദ്യാസാഗർ )
എന്നിവ ശ്രദ്ധിച്ചു കേട്ടാൽ മതിയാവും..
എങ്കിലും തുടക്കത്തിൽ ജോൺസൻ സംഗീതത്തിൽ ആലപിക്കാൻ ഭാഗ്യം സിദ്ധിച്ചു. എം ജയചന്ദ്രൻ ബാലകൃഷ്ണന്റെ കരിയറിലെ കുതിപ്പിന് ഊർജം പകർന്ന സംഗീതജ്ഞനാണ് ..
അമ്മേ അമ്മെ കണ്ണീർ തെയ്യം തുള്ളും ( വാൽക്കണ്ണാടി )
എന്ന തുടക്കത്തിലൂടെ പുരസ്കാരവും നേടിക്കൊടുത്തു . തുടർന്ന് വന്ന പെരുമഴക്കാലത്തിലെ യുഗ്മഗാനം അർദ്ധ ക്ലാസിക്കൽ ഭാവത്തിനെ കൂടുതൽ ഉയരങ്ങളിലേക്ക് എടുത്തുവെക്കുകയും ചെയ്തു.
ചെന്താർ മിഴി പൂന്തേൻ മൊഴി എന്ന കൈതപ്രം ഗാനം..
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ ( അമൃതം )
എന്നിവയും എടുത്തുപറയാവുന്നത്..
മലയാളത്തിൽ പാടുമ്പോഴും കന്നഡ ,തമിഴ് , തെലുഗു ഭാഷകളിൽ തിളങ്ങി മധു ബാലകൃഷ്ണൻ . തമിഴ്‌നാട് കലാകാരന്മാരുടെ കഴിവുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. തമിഴിൽ നിന്നും സംസ്ഥാന അവാർഡും , കലൈമണി പുരസ്കാരവും ഇദ്ദേഹം നേടി . മലയാളത്തിലേക്ക് അന്യഭാഷാ ചിത്രങ്ങൾ ഡബ്ബ് ചെയ്യുമ്പോൾ പാട്ടും മലയാളീകരിക്കാറുണ്ടല്ലോ .. എന്നാൽ പാട്ടുകൾ അത്ര ശ്രദ്ധിക്കപ്പെടാറില്ല. വികലമായ വരികൾ തന്നെ പലപ്പോഴും അതിനു കാരണം. എന്നാൽ മധു ബാലകൃഷ്ണൻ പാടിയ ചില ഗാനങ്ങൾ വളരെയേറെ അംഗീകരിക്കപ്പെടുകയുണ്ടായി . മലയാളികൾ പാടി നടക്കുകയും ചെയ്തു.
ഉദാഹരണത്തിന്
എൻ മനസ്സ് നീ കവർന്നു ( പ്രണയമായ് -രാജ് കോട്ടി )
കിനാവിൽ വന്നു നീ ( മഞ്ഞു പെയ്യും മുൻപേ )
എന്നിവ മലയാള ഗാനം അല്ല എന്ന് പറയില്ല…
പാർത്ഥിപൻ കനവ് , മധുരേയ് , ചന്ദ്രമുഖി ,എന്നീ തമിഴ് ചിത്രങ്ങളിലെ ഗാനങ്ങൾ നേടിയെടുത്ത പ്രസിദ്ധി മലയാളം കൊടുക്കുകയുണ്ടായില്ല…
എന്നാലും …
നൊമ്പരക്കൂട്ടിലെ തിങ്കൾ ( യാത്രക്കാരുടെ ശ്രദ്ധക്ക് )
കുട്ടനാടൻ കായലിലെ ( കാഴ്ച )
നിറയൗവനത്തിന്റെ വെയിലസ്തമിക്കുന്നു ( ശീലാബതി)
ചെന്താമരയെ വാ ( തസ്കരവീരൻ)
വാവേ മകനെ (പോത്തൻവാവ )
നേരാണേ എല്ലാം നേരാണേ ( പോത്തൻവാവ )
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ ( യക്ഷിയും ഞാനും )
ഓണവില്ലിൻ തംബുരു മീട്ടും ( കാര്യസ്ഥൻ)
എന്നോമൽ നിധിയല്ലേ ( കാവൽ)
ഗണപതി തുണയരുളുക ( മാളികപ്പുറം)
എന്നിവയിലൂടെ മധു തന്റെ ശബ്ദ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. അതിൽ ലയിക്കാനും കഴിയുന്നുണ്ട്. സിനിമയിൽ അവസരങ്ങൾ കുറവാണെങ്കിലും ഭക്തി ഗാന രംഗത്ത് നല്ല തിരക്കിൽ ആണ് മധു . പുതുകാലത്ത് ഭക്തി ഒരു വില്പനച്ചരക്കാണല്ലോ ! ഗായകർക്കും ചാകര തന്നെ. തന്റെ ശബ്ദമാധുര്യം ഇത്തരം ഗാനങ്ങളിലൂടെ മധു ബാലകൃഷ്ണൻ മലയാളികൾക്കായി നൽകുന്നു. കൂടാതെ റിയാലിറ്റി ഷോകളുടെ ജഡ്ജസ് ആയും പുലരുന്നു. ഇതിൽ കൂടെയൊക്കെ ആ ശബ്ദ ഗാംഭീര്യം നമ്മൾക്ക് വീണ്ടും വീണ്ടും പുതുതായി അറിയാനാവുന്നും ഉണ്ട്…ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ … അഭിവാദ്യങ്ങൾ…