സകലകലാ വല്ലഭൻ
(ഇരുപത്താറാം ചരമവാർഷികം 🙏🙏)
ഗിരീഷ് വർമ്മ ബാലുശ്ശേരി
മലയാള സിനിമാ രംഗത്ത് മഹാപ്രതിഭകൾ പലരും വന്നു പോയിട്ടുണ്ട്. അതിൽ തന്നെ അസാമാന്യ പ്രതിഭകളും ഉണ്ടായിരുന്നു.സകലകലയിലും കഴിവ് തെളിയിച്ചവർ വളരെ ചുരുക്കം പേരും .. കഥയിലും, കവിതയിലും, അഭിനയത്തിലും, എല്ലാം കൈവെച്ചവർ . അഭിനയത്തിലൂടെ കടന്നു വന്ന് ഇവിടം കീഴടക്കിയ ശേഷം നിർമ്മാണം, പാട്ടെഴുത്ത് , കഥ, തിരക്കഥ ,സംഭാഷണം എന്നിവ വരെ കൈകാര്യം ചെയ്ത പ്രതിഭാശാലികൾ . അവരിൽ പ്രമുഖനായിരുന്നു ശ്രീ തിക്കുറിശ്ശി സുകുമാരൻ നായർ .
ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിൽ ജനിച്ചു വളർന്ന സുകുമാരൻ നായർ ചെറുപ്പം മുതൽ കവിതയിൽ കമ്പമുള്ളവനായിരുന്നു. ശേഷം നാടകത്തിന്റെ മേഖലയിൽ കൈവെച്ചു. അന്നത്തെ സംഗീതനാടകങ്ങളിൽ നിന്നും ഒരു മോചനം നേടി കൊടുക്കുന്നതിൽ പരിശ്രമിച്ച തിക്കുറിശ്ശി കുറച്ചു നാടകങ്ങളൂം രചിച്ചിട്ടുണ്ട്. മരീചിക , കലാകാരൻ, സ്ത്രീ, ശരിയോ തെറ്റോ എന്നീ നാടകങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ നിന്നും സ്ത്രീ എന്ന നാടകം അതെ പേരിൽ തന്നെ സിനിമയുമാക്കി. കഥ തിരക്കഥ സംഭാഷണം എന്നിവ ചെയ്ത് നായകനായി അഭിനയിക്കുകയും ചെയ്തു. രണ്ടാം ചിത്രമായ ജീവിത നൗക മലയാളസിനിമയിലെ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഗംഭീര വിജയം നേടിയ ഈ ചിത്രം മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ്. ആദ്യത്തെ സൂപ്പർസ്റ്റാർ പദവിയും തിക്കുറിശ്ശി നേടിയെടുത്തു. ഹരിശ്ചന്ദ്രയിലെ വേഷം മലയാളികളെന്നു ഓർക്കുന്നത്. ആത്മവിദ്യാലയമേ എന്ന ക്ലാസിക്കൽ ഫിലോസഫിക്കൽ ഗാനം അത്രയേറെ മലയാളിമനസ്സിനെ സ്പർശിച്ചു പോയിട്ടുണ്ട്..
സകലകലാവല്ലഭൻ എന്ന പ്രയോഗം തന്നെ അന്വർത്ഥമാക്കുന്ന പ്രവർത്തികൾ ആയിരുന്നു അദ്ദേഹത്തിന്റെത്. പേരിടുന്നതിൽ വരെ കേമൻ. അബ്ദുൽഖാദർ എന്ന പേര് മാറ്റി പ്രേംനസീറായതും ,കുഞ്ഞാലി ബഹദൂറായതും, മാധവൻ നായർ മധുവായതും,ബേബി ജോസഫ് ജോസ്പ്രകാശായതും പദ്മദളാക്ഷൻ കുതിരവട്ടം പപ്പുവായതും ചരിത്രം. സിനിമാ സെറ്റുകളിൽ ഓളം സൃഷ്ടിച്ചു കൊണ്ട് വിലസിയ രസികൻ ആയിരുന്നു തിക്കുറിശ്ശി. ശൃംഗരരസപ്രദമായ പദപ്രയോഗങ്ങൾ നടത്തിയും പാരഡികൾ ചൊല്ലിയും അവിടം കീഴടക്കി ഇദ്ദേഹം. അങ്ങിനെ പാട്ടെഴുത്തിന്റെ ലോകത്തും ഒരു കൈവെക്കുകയുണ്ടായി. തന്റെ ആദ്യ സിനിമ മുതൽ തന്നെ അതിനു മുതിരുകയുമുണ്ടായി സ്ത്രീയിലെ ജഗമൊരു നാടകശാല എന്ന ഗാനം തുടങ്ങി പതിനഞ്ചോളം ഗാനങ്ങൾ . ബി എ ചിദംബരനാഥിന്റെ സംഗീതത്തിൽ അതിൽ ഒരു ഗാനം ആലപിക്കുക വരെ ഉണ്ടായി.അദ്ദേഹത്തിന്റെ തന്നെ നാടകത്തിന്റെ സിനിമാരൂപമായ ശരിയോ തെറ്റോ എന്നതിലും പതിനേഴോളം ഗാനങ്ങൾ .
1957 പുറത്തിറങ്ങിയ ദേവസുന്ദരിയിൽ ഇരുപത്താറോളം ഗാനങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. ശരിക്കും കെ ജെ യേശുദാസ് എന്ന ഗായകൻ ഉദയം ചെയ്തത് മുതലാണ് പാട്ടുകൾക്ക് പൂർണ്ണത വന്നത് എന്ന് തോന്നാറുണ്ട്. 1967 ൽ പൂജാപുഷ്പം എന്ന ചിത്രം മുതൽ തിക്കുറിശ്ശി ഗാനങ്ങൾ യേശുദാസ് ആലപിച്ചു തുടങ്ങി. തിക്കുറിശ്ശിയിലെ കവിയെ കാണാൻ കഴിയുന്ന ഒരു ഗാനം അതിലുണ്ട്. ഇതുവരെ ആരും എഴുതാത്ത തരത്തിൽ ഒന്ന്. കാമിനീ നിൻ കാതരമിഴികളിൽ കാണ്മു ഞാനൊരു സ്വർഗ്ഗകവാടം ….. കടുത്ത സ്ത്രീ ആരാധനയുടെ പദപ്രയോഗങ്ങൾ നിറഞ്ഞ ഒരു ഗാനം ആണിത്. കാത്തുകാത്തിരുന്ന മന്ദാരമലരുകൾ പൂത്തു നിൽക്കുന്ന മലർവാടം കാണുന്നു ആദ്യം. പിന്നീട് ആ കൺകളിൽ കാണുന്നത് ഐരാവതവും , അമൃതകുംഭവും . അരയന്നങ്ങൾ നീന്തും സരസ്സും.ദേവാനർത്തകികൾ നൃത്തം ചവിട്ടും ദേവസദസ്സും,കാമധേനുവും കല്പകവൃക്ഷവും ,പാരിജാതവും ,മന്മഥ കേളീ മണ്ഡപവും എലാം ദർശിച്ചു സായൂജ്യമടയുന്നു കാമുകൻറെ ഭാവം എത്ര ഭംഗിയായാണ് തിക്കുറിശ്ശി ഈ ഗാനത്തിലൂടെ എഴുതിവെച്ചത് .
പൂജാപുഷ്പ്പത്തിലെ തന്നെ കസ്തൂരിപ്പൊട്ടുമാഞ്ഞു നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു എന്ന ഗാനം മധുവിധു രാവിന്റെ മധുരമാമോർമ്മകൾ സഖിയോടൊത്ത് പാടി ആഘോഷിക്കുന്ന നായകനിലൂടെ നമ്മളും അനുഭവിച്ചു…
കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പിന്നീട് ഉർവശി ഭാരതി എന്ന ചലച്ചിത്രത്തിൽ നിന്നും പുറത്തു വന്നു. ശൃംഗാരപദപ്രയോഗങ്ങൾ പാട്ടിലും ഉടനീളം ചെയ്തു വെച്ചിട്ടുണ്ട് ഇദ്ദേഹം. അംഗപ്രത്യംഗ വർണ്ണനകൾ നിറഞ്ഞ ഗാനങ്ങൾ രചനയിൽ മികച്ചു നിന്നു .
കാർകൂന്തൽ കെട്ടിലെന്തിനു വാസനതൈലം ….
തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ …
എന്തുവേണം എനിക്കെന്തു വേണം….
നിശീഥിനീ … നീലക്കടലാസിൽ നീ കുറിച്ചൊരു ….
എന്നീ ഗാനങ്ങൾ പാട്ടെഴുത്തിന്റെ ഒരു നല്ല കാലത്തെ ഓർമ്മിപ്പിക്കുന്നു.
സുശീലയുടെ ശബ്ദത്തിൽ സ്ത്രീ മനസ്സിന്റെ ദാഹങ്ങളും, കാമനകളും, സത്യസന്ധതയും എല്ലാം നിറഞ്ഞൊരു ഗാനം പൂജാപുഷപത്തിലുണ്ട്.. ഉദ്യാനപാലകനായാണ് പുരുഷനെ അതിൽ സങ്കല്പിച്ചിരുക്കുന്നതു തന്നെ.. ഉദ്യാനപാലകാ … നിൻ പുഷ്പവാടിയിൽ ഇക്കാട്ടുമുല്ലയ്ക്കിടമുണ്ടോ ? എന്ന ഗാനവും ശ്രദ്ധേയമാണ്. 1982 ൽ പുറത്തിറങ്ങിയ മുകേഷിന്റെ ആദ്യചിത്രമായ ബലൂണിലും മികച്ച ഗാനങ്ങൾ ഉണ്ട്. കുറുമൊഴിയോ കുരുകുത്തിയോ എന്ന ഗാനം കവിതയോടു ഏറെ അടുത്തു നിൽക്കുന്നു. ചന്ദ്രബിംബം തുളച്ചതിൽ ഇന്ദ്രധനുസ്സു തൊടുക്കുന്നതും.ചക്രവാളചരടിൽ നക്ഷത്രങ്ങൾ കൊരുക്കുന്നതും.,കറുത്തവാവ് കടഞ്ഞെടുത്ത കരിമഷിയിൽ കണ്ണെഴുതുന്നതും വിശ്ചികനിലാവിന്റെ കസവുനൂലിഴയും വെള്ളിമേഘവും ചേർത്തൊരു പുടവ ഞൊറിയുന്നതും എന്നീ കാവ്യവിചാരങ്ങൾ ഉദാഹരണം …
പൂമെത്തപുറത്തു ഞാൻ നിന്നെ കിടത്തും എന്ന ഗാനം അദ്ദേഹത്തിന്റെ പതിവ് രീതിയിൽ എഴുതപ്പെട്ടത് … ശൃംഗാരരസം തന്നെ വിഷയം.ബലൂണിനു ശേഷം പിന്നീടങ്ങിനെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ പിറന്നിട്ടില്ല. ഒന്നോ രണ്ടോ സിനിമകളിൽ കൂടി പാട്ടെഴുതിയെന്നു തോന്നുന്നു. ശ്രദ്ധിക്കപ്പെടാത്ത ചിത്രങ്ങൾ ആയതുകാരണം പാട്ടും ജനമനസ്സുകളിൽ എത്തിയില്ല. എന്നാലും അദ്ദേഹം മുൻപെഴുതിയ കുറച്ചു ഗാനങ്ങൾ മലയാളി എന്നുമോർക്കും. ഹൃദ്യമായ സംഗീതം കൊണ്ട് ദക്ഷിണാമൂർത്തി, എം കെ അർജുനൻ തുടങ്ങിയവർ അത് ഉയരങ്ങളിൽ എടുത്തു വെക്കുകയും ചെയ്തു. ഏകദേശം അമ്പതു വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഈ സകലകലാ വല്ലഭൻ 19997 മാർച്ച് 11 ന് അന്തരിച്ചു. ഒട്ടുമിക്ക നടീനടന്മാരുമൊത്ത് അഭിനയിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതും പ്രാധാന്യമർഹിക്കുന്നതാണ്…