ദേവാങ്കണങ്ങൾ കയ്യെത്തിപ്പിടിച്ച താരകം

614

ഗിരീഷ് വർമ്മ ബാലുശ്ശേരി

ദേവാങ്കണങ്ങൾ കയ്യെത്തിപ്പിടിച്ച താരകം.

നഷ്ടപ്പെടലിന്റെ ഒരവസ്ഥ . അത് വിവരിക്കാൻ ആവില്ല. കഴിഞ്ഞ കാലങ്ങൾ എല്ലാം നിശ്ചല ദൃശ്യങ്ങൾ ആയതുപോലെ. ഇന്നിന്റെ തരുശുനിലങ്ങളിലേക്ക് വിരുന്നു വരുന്ന ഓർമ്മകളുടെ വേനൽമഴ.
ശരീരത്തിന്റെ സ്പന്ദനങ്ങൾ നിശ്ചലമാക്കി , അത് ഭൂമിയിൽ അലിയിച്ച് ദേവാങ്കണങ്ങൾ കടന്നു പോയ പ്രിയപ്പെട്ടവരുടെ സ്പന്ദിക്കുന്ന ഓർമ്മകൾ അയവിറക്കാൻ വിധി. ചുടുനിശ്വാസത്തിന്റെ ആശ്വാസത്തിൽ , നേരിയ മയക്കത്തിൽ, അവർ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു പോയ അവരുടെതായ കയ്യൊപ്പുകൾ തലോടി നിർവൃതി കൊള്ളുമ്പോൾ കാലം നമ്മുടെ മുൻപിൽ നിർന്നിമേഷയായി നിലകൊള്ളുന്നു. ശബ്ദങ്ങൾ , ചിത്രങ്ങൾ , വരകൾ, എല്ലാം ഇനിയും കാലങ്ങളോളം … സഹൃദയർക്കു വേണ്ടി.
സംഗീതം ,അത് നല്കുന്ന ദിവ്യാനുഭൂതി വിവരണാതീതമാണ് . ഏഴു സ്വരങ്ങളിൽ നിന്നും മറ്റൊരു മാസ്മരിക ലോകം. അത് കൈകാര്യം ചെയ്യുന്നവന്റെ വിരുതിൽ നമുക്ക് കിട്ടുന്നത് അസുലഭ സൌഭാഗ്യങ്ങൾ .
മലയാള ചലച്ചിത്ര ഗാന ലോകം ഇത്തരം ആൾക്കാരെ കൊണ്ട് സമ്പുഷ്ടമാണ്. ദേവരാജൻ മാസ്റ്ററിൽ തുടങ്ങി ഇങ്ങ് എം ജയച്ചന്ദ്രനിൽ വരെ എത്തി നില്ക്കുന്നു. ഇതിനിടയിൽ തന്റേതായ ഒരു സ്ഥാനത്ത് വിനീതനായി ഒരാൾ ഉണ്ടായിരുന്നു. ശ്രീ ജോണ്‍സണ്‍ മാസ്റ്റർ .
നല്ല സംഗീതത്തിൽ പാടാൻ എളുപ്പമുള്ള ഇഷ്ടം പോലെ ഗാനങ്ങൾ ഉണ്ട് മലയാളത്തിൽ. എന്നാൽ
“ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം ” പാടാൻ ഇത്തിരി ബുദ്ധിമുട്ടും.

മലയാള സിനിമയിലെ ഗന്ധർവന്റെ അവസാന സിനിമയായ ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും അതി സുന്ദരമാണ്.
സിനിമ ഗാനങ്ങളിൽ നേരിയ മാറ്റം വന്നു തുടങ്ങിയ ഒരു കാലഘട്ടത്തിൽ ” കേൾക്കാത്ത ശബ്ദം ” എന്ന സിനിമയിലെ ഗാനങ്ങൾ എന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു, കുട്ടിക്കാലത്തിൽ .
അന്ന് മനസ്സിൽ കയറിക്കൂടിയ ഒരു ഗന്ധർവൻ ആണ് ശ്രീ ജോണ്‍സണ്‍ .
പിന്നീട്
” ഏതോ ജന്മകൽപ്പനയിൽ ” ( പാളങ്ങൾ )
പകർന്നു തന്ന അനുഭൂതി എന്റെ കൌമാരകാലം എങ്ങിനെയൊക്കെ സ്വീകരിച്ചു !!

ആ ഒരു വർഷം (1982 ) …
” സ്വർണമുകിലെ … സ്വർണ മുകിലെ ”
ജാനകിയുടെ ശബ്ദം പോലും ഇടറിപ്പോയോ ഈ ഗാനം പാടിയപ്പോൾ. ജോണ്‍സണ്‍ പകർന്നു നല്കിയ സംഗീത ധാരയിൽ ആ ഗാന കോകിലം പോലും ഇടറിപ്പോയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ..

‘കിലുകിലുക്ക’ത്തിലെ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ . ആ സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത് ആ ഗാനങ്ങൾ കൊണ്ടാവും എന്നെനിക്കു തോന്നിയിട്ടുണ്ട്.
പിന്നീട് ‘പ്രേമഗീതങ്ങളി’ലെ —
” നീ നിറയൂ ജീവനിൽ ”
പദ്മരാജന്റെ “കൂടെവിടെ ” മുതൽ ജോണ്‍സണ്‍ ഗാനങ്ങൽക്കായ് ഒരിടം സൃഷ്ടിച്ചു. പിന്നീട് ഇങ്ങോട്ട് പദ്മരാജൻ സിനിമകൾ നല്ല ഗാനങ്ങളാൽ സമൃദ്ധം ആയിരുന്നു.
” മോഹം കൊണ്ട് ഞാൻ ” ജയചന്ദ്രൻ ഗാനം അതീവ ഹൃദ്യം.
കാറ്റത്തെ കിളിക്കൂടിലെ
” ഗോപികേ … നിൻ വിരൽ ” എന്ന ഗാനം ആസ്വാദനത്തിന്റെ ഏറ്റവും ഉയരത്തിൽ നമ്മളെ കൊണ്ടുപോവുന്നു.

പിന്നീട് ‘ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ” .
പ്രണയത്തിന്റെ മുന്തിരിപ്പഴങ്ങൾ കൊതിയോടെ രുചിച്ച നാളുകൾ . കണ്ണുകളടഞ്ഞു പോവുന്ന സംഗീതത്തിന്റെ നിതാന്ത ധാര… മനസ്സിൽ ..
” പവിഴം പോൽ … പാവിഴാധരം പോൽ …” ഇഷ്ടഗാനങ്ങളിൽ ഒന്ന്.

“പൊന്മുട്ടയിടുന്ന താറാവ് ”
” കുന്നിമണി ചെപ്പു തുറന്നൊന്നു നോക്കും നേരം ”
ചിത്രയെ ചലച്ചിത്ര ഗാന രംഗത്ത് പ്രശസ്ത ആക്കിയ ഗാനം. ചിത്ര എന്ന ഗായികയുടെ റേഞ്ച് അറിഞ്ഞ ആദ്യ സംഗീത സംവിധായകൻ ശ്രീ ജോണ്‍സണ്‍ മാസ്റ്റർ ആണ്. നിസ്സംശയം പറയാം.
” പാലപ്പൂവേ ”
” രാജഹംസമേ ”

ചിത്ര പാടിയ ഈ ഗാനങ്ങൾ മറ്റാർക്കും പാടാൻ വേണ്ടി ഉടലെടുത്തതല്ല എന്ന് തോന്നും.
ചിത്രയുടെ ഇന്നത്തെ സംഗീത യാത്രയിൽ കിട്ടിയ ഒരു വൈഡൂര്യ മുത്താണ് ” രാജഹംസമേ ” എന്ന ഗാനം . നന്ദി പറയണം ജോണ്‍സണ്‍ മാസ്റ്റർക്ക് .

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം.

പുട്ടിന്റെ കൂടെ തേങ്ങാപ്പീര ചേർക്കുന്നത് പോലെ . ചിരിക്കാൻ പറഞ്ഞതല്ല.
വൃദ്ധ ദമ്പതികളുടെ ആ സായന്തന കാലത്തിൽ അവരിലേക്ക്‌ വന്നു ചേർന്ന ഒരു പെണ്‍കിടാവിന്റെ കഥ പറയുന്ന ചിത്രം.. ആ ചിത്രവും, അതിലെ ഗാനങ്ങളും പ്രേക്ഷകരും, ശ്രോതാക്കളും മരിക്കുവോളം മറക്കില്ല.
‘ഇസബെല്ല ‘ അയ്പ് പാറമേൽ എന്ന ഒരു എഴുത്തുകാരന്റെ ഒരു ചെറുകഥ ആണെന്നാണ്‌ എന്റെ ഒരോർമ്മ… ചെറുകഥ വായിച്ച് ഞങ്ങൾ കൂട്ടുകാർ അന്ന് ചര്ച്ച ചെയ്ത ഒരോർമ്മ ഉണ്ട്..
അതൊരു സിനിമ ആയി പിന്നീട്.
ജോണ്‍സണ്‍ സംഗീതം ചെയ്ത ആറോളം നല്ല ഗാനങ്ങൾ നിറഞ്ഞ ഒരു ചിത്രം.
കിരീടം സേതുമാധവന്റെ നിസ്സഹായത പകർത്തിയ സിനിമ.
” മധുരം ജീവാമൃത ബിന്ദു ”

കഥാപാത്രത്തിന്റെ മനസ്സിന്റെ പിരിമുറുക്കം മുഴുവൻ ഒറ്റ ഗാനത്തിൽ നിഴലിക്കുന്നു..
അർത്ഥം .
” ശ്യാമാംബരം നീളെ ”
പാടാൻ അത്ര മോശമല്ലാത്ത ഞാൻ ഇന്നും പാടാൻ കൊതിക്കുന്ന ഗാനം.
‘പക്ഷേ’യിലെ
” സൂര്യാംശു ഓരോ വയൽപ്പൂവിലും”
കണ്ണിൽ നിറഞ്ഞാടുന്നുണ്ട് ഇന്നും….

സിനിമകളിൽ ഇദ്ദേഹം നല്കിയ പശ്ചാത്തല സംഗീതം .
തൂവാനത്തുമ്പികൾ ഉത്തമോദാഹരണം.
സുകൃതം, താളവട്ടം, താഴ്വാരം, മണിച്ചിത്രത്താഴ്, നൊമ്പരത്തിപ്പൂവ്,ചിത്രം, അമരം, ഭരതം…. പട്ടിക അങ്ങിനെ നീളുന്നു…
സിനിമയുമായി അതെത്രമാത്രം യോജിച്ചു നില്ക്കുന്നു !
ഓർക്കാൻ വളരെയേറെ….
നിങ്ങൾ എന്തൊക്കെയാണ് ഞങ്ങളെ ഏൽപ്പിച്ചു പോയിരിക്കുന്നത്…
ഒന്നും നശിപ്പിക്കാതെ ഞങ്ങൾ അടുത്ത തലമുറക്കും കൈമാറും…
എന്തൊക്കെ തരംഗങ്ങൾ മലയാള സിനിമയിൽ അലയടിച്ചാലും നിന്റെ സൃഷ്ടികൾ തകരാതെ ഇവിടെ യുഗാന്തരങ്ങളോളം നിലനില്ക്കും…….

ഇന്ന് എട്ടാം ചരമവാർഷികം ..
കനമുള്ള ഓർമ്മകൾക്ക് പ്രണാമം