ഗിരീഷ് വർമ്മ ബാലുശ്ശേരി
ആകാശ ഗംഗയുടെ കരയിൽ….
ഏത് മഹത്തരമായ കവിതയ്ക്കൊപ്പവും ചേർന്ന് പോവുന്ന വരികളോടെ മലയാള ചലച്ചിത്ര ഗാനങ്ങൾ ഇവിടെ നിലനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. വെറും സാമ്പത്തികം മാത്രമായി കണ്ടത് കൊണ്ടായിരിക്കില്ല കവികൾ സിനിമകളിലേക്ക് ചേക്കേറിയതും. സാധാരണക്കാരുടെ മനസ്സുകളിലേക്ക് കവിതകളേക്കാൾ പെട്ടെന്ന് ഉൾച്ചേർന്നു പോവാൻ ഗാനങ്ങൾക്കാവും… അതവർക്കറിയാം. കവിതകൾ നൂറുശതമാനവും സ്വന്തമാണ്. ഭാവനകളെ അതിരിട്ടു നിർത്തുന്ന രീതിയാണ് ചലച്ചിത്രഗാനങ്ങൾക്ക് . തന്നിലുണർന്ന ആശയങ്ങൾക്ക് അതിരില്ലാത്ത പദപ്രയോഗങ്ങളിലൂടെ കവിതകളൂർന്നു വീഴുമ്പോൾ ഒരു സംവിധായകന്റെയോ , തിരക്കഥാകൃത്തിന്റെയോ നിർദേശങ്ങളാൽ വരികൾ സൃഷ്ടിക്കേണ്ടി വരുന്ന പാട്ടെഴുത്തുക്കാരന്റെ ഭാവനാ വൈഷമ്യങ്ങൾ ചില്ലറയല്ല. എന്നിട്ടും വയലാറിനെ പോലുള്ളവർ കഥാസന്ദർഭങ്ങൾക്കനുസരിച്ചു മാത്രമല്ല ഗാനങ്ങൾ രചിച്ചത്.
സമൂഹമനസാക്ഷിയെ തൊട്ടുണർത്തുന്ന . ജാഗ്രതയോടെ ഭാവിയെ നോക്കിക്കാണാൻ ഉദ്ബോധിപ്പിക്കുന്ന അനേകം ഗാന വിപ്ലവങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്. അതൊന്നും കാണാതെ പുച്ഛിക്കുന്ന വരികൾക്ക് ചോട്ടിൽ എഴുതി അഹങ്കരിക്കുന്ന മഹാ കവികൾ ഉള്ള നാടാണ് നമ്മുടേത്… സാധാരണക്കാർ എന്നും അത് മനസ്സിലാക്കിയിട്ടുണ്ട്.. തിരിച്ചറിഞ്ഞിട്ടുണ്ട്…
ഭക്തി പ്രസ്ഥാനങ്ങൾ അടക്കം എല്ലാം കടന്നു വന്ന് പോയിട്ടുള്ളതാണ് സിനിമാ ഗാനങ്ങളിലൂടെ …. അവരിൽ നിന്നൊക്കെ ഒരു വിടുതൽ നേടാൻ , തങ്ങളിലൊരാൾ വന്നു പാടുന്ന ഒരു കാലം എന്നൊക്കെ വിചാരിക്കാൻ …. അങ്ങിനെ ഒരാൾ വരാൻ പിന്നെയും കാലം വൈകി…
1952 മുതൽ അദ്ദേഹമിവിടെ വന്നിരുന്നെങ്കിലും പഴയ ആ ഈണങ്ങൾക്കൊപ്പം തന്നെ തുടർച്ചയായി…കണ്ണും പൂട്ടിയുറങ്ങുക നീയെൻ കണ്ണേ പുന്നാര പൊന്നുമകനെ …
സ്നേഹസീമയിലെ ഈ ഗാനം ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു വിളിച്ചുണർത്തലായി… പാട്ടുകൾ കൂവി തകർക്കുന്ന കാലം… പിന്നെയും കൂടെയുണ്ടെന്നറിയിച്ചുകൊണ്ട് കൂടപ്പിറപ്പിലൂടെയും, സീതയിലൂടെയും…
എന്നാലും മണ്ണിന്റെ മണമുള്ള പാട്ടുകൾ ഏറെയൊന്നും വന്നില്ല. അപ്പോഴാണ് ” പാലാണ് തേനാണ് ഖൽബിലെ പൈങ്കിളിക്ക് ” എന്നോതിക്കൊണ്ട് നാട്ടുഭാഷയിൽ ഇദ്ദേഹം വീണ്ടും വന്നു ചേർന്നത്…തമിഴ്നാടിന്റെ തനതു സംഗീതവുമായി നമ്മിലേക്ക് നമ്മളിലൊരാളായി ശ്രീ എ എം രാജ വന്നത്…
ഉമ്മയിലെ ഗാനം മലയാള മനസ്സിന്റെ ഓരോ അരികുകളിലും സ്നേഹ നോവിന്റെ സ്പർശം അറിയിച്ചുകൊണ്ടിരുന്നു.
സ്നേഹ സമസ്യകൾ പൂരിപ്പിച്ചു കൊണ്ടവൻ പാടി തിമർത്തു .. പിന്നെയും…
” എൻ കണ്ണിന്റെ കടവിലടുത്താൽ
കാണുന്ന കൊട്ടാരത്തില്
പ്രാണന്റെ നാട് ഭരിക്കണ സുൽത്താനുണ്ട് ” അവളോടൊപ്പം…
ദൈവത്തിൻ പുത്രൻ ജനിച്ചു എന്ന നീലിസാലിയിലെ ഭാസ്കരൻ ഗാനം …
ഉണ്ണിയാർച്ച എന്ന മഹാ ചിത്രത്തിലൂടെ അന്ന് നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്നറിഞ്ഞ കാമുക ഭാവത്തിലൂടെ എ എം രാജ എന്ന ഗായകൻ തന്റെ മൃദുല ശബ്ദം അറിയിച്ചു കൊണ്ടേയിരുന്നു..
1962 ലെ ഭാര്യ എന്ന ചലച്ചിത്രം തെക്കൻ കേരളത്തിൽ നടന്ന ഒരു ദാരുണ കൊലപാതകത്തിന്റെ കഥ പറഞ്ഞുകൊണ്ടായിരുന്നെങ്കിലും അത് കുടുംബസദസ്സുകളെ ഏറെ ആകർഷിച്ച ഒരു ചിത്രം ആയിരുന്നു. ബന്ധങ്ങളുടെ മഹത്വമറിയുന്ന മലയാളിക്ക് അത് തങ്ങളുടെ വേദനയായിരുന്നു. പാട്ടുകൾ ഏറെ ഹിറ്റുകളായി…
പെരിയാറെ പെരിയാറേ പർവത നിരയുടെ പനിനീരേ എന്ന വരികൾ മലയാളി കാത്തിരുന്ന ഗാനമായിരുന്നു. സാധാരണക്കാരന്റെ മനസ്സിലേക്ക് പാട്ടുകൾ ഊർന്നിറങ്ങി വന്ന ഒരു കാലത്തിന്റെ തുടക്കം….
മനസമ്മതം തന്നാട്ടെ…
ലഹരി ലഹരി ലഹരി എന്ന ഗാനങ്ങളും എ എം രാജയും സുശീലയും , ജിക്കിയും ചേർന്ന് പാടിയവ ആയിരുന്നു..
വടക്കൻ പാട്ടുകളുടെ സിനിമാ മാറ്റങ്ങളുടെ രീതികളിലേക്ക് എ എം രാജ ശബ്ദവും അലിഞ്ഞു ചേർന്നു ഉണ്ണിയാർച്ചയിൽ തുടങ്ങി പാലാട്ട് കോമനിലൂടെ അത് തുടർന്ന്.
ചന്ദനപ്പല്ലക്കിൽ വീട് കാണാൻ വന്ന ഗാനം ഏറെ ശ്രദ്ധേയമായി…
വയലാർ – ദേവരാജൻ കിടുക്കൻ ഗാനങ്ങളിലൂടെ തന്റെ സഞ്ചാരം തുടർന്നു എ എം രാജ …
പാലാഴി കടവിൽ നീരാട്ടിനിറങ്ങിയ ( കടലമ്മ )
ആകാശഗംഗയുടെ കരയിൽ ( ഓമനക്കുട്ടൻ )
ദേവതാരു പൂത്ത നാളൊരു ( മണവാട്ടി )
വീട്ടിലാരുമില്ലാത്ത നേരത്ത് ( കാത്തിരുന്ന നിക്കാഹ് )
മാനത്തും ദൈവമില്ല മനസ്സിലും ദൈവമില്ല ( ഓടയിൽ നിന്ന് )
ഏകാന്ത കാമുകാ നിൻ വഴിത്താരയിൽ ( ദാഹം )
കാറ്ററിയില്ല കടലറിയില്ല ( ജയിൽ )
മയിൽപ്പീലി കണ്ണ് കൊണ്ട് ഖൽബിന്റെ കടലാസിൽ ( കാസവുതട്ടം)
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ ( അടിമകൾ )
മാനസേശ്വരീ മാപ്പു തരൂ …
കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനി പെണ്ണ് എന്ന ഏറ്റവുമവസാന ഗാനം വരെ വയലാർ ദേവരാജൻ കൂട്ടുകെട്ടിൽ പാടാനവസാരം ലഭിച്ചു എന്നത് ഒരു അന്യഭാഷാ ഗായകന്റെ അസുലഭ ഭാഗ്യം…
വടക്കൻ പാട്ടിന്റെ ഈണങ്ങളിലൂടെയും , നാടൻ പാട്ടിന്റെ ചേലിലൂടെയും മലയാളിയെ ഒരു സ്വപ്നാടനത്തിലൂടെ കൊണ്ട് നടന്ന കെ രാഘവന്റെയും കുറച്ചേറെ ഗാനങ്ങൾ പാടാൻ എ എം രാജയ്ക്ക് കഴിഞ്ഞു..
നീലിസാലി , ഉണ്ണിയാർച്ച എന്നീ ചിത്രങ്ങളിലൂടെ തുടർന്ന് റബേക്ക എന്ന ഗ്രാമീണ ചൈതന്യം നിറഞ്ഞ ഒരു സിനിമയിലൂടെ വീണ്ടും ….
കിളിവാതിലിൽ മുട്ടി വിളിച്ചത് കിളിയോ ,കാറ്റോ എന്ന വയലാർ ചൊല്ലിൽ കെ രാഘവൻ ഈണം….
ആർ കെ ശേഖറിന്റെ സംഗീതത്തിൽ പഴശ്ശി രാജയിൽ ചിറകറ്റു വീണൊരു കൊച്ചുതുമ്പിയായി ….
മുത്താണെ എന്റെ മുത്താണെ എന്ന ആയിഷയിലെ ഗാനം…
വളരെ ഏറെയൊന്നും മലയാളത്തിൽ പാടിയിട്ടില്ലെങ്കിലും എല്ലാം ഓർത്തുവെക്കേണ്ടതായിട്ടുള്ളതായിരുന്നു…
അക്കരക്കുണ്ടോ അക്കരക്കുണ്ടോ ( ഇണപ്രാവുകൾ )
കണ്മണി നീയെൻ കരം പിടിച്ചാൽ (കുപ്പിവള )
നന്ദനവനിയിൽ പഞ്ചമി നാളിൽ ( കളിത്തോഴൻ )
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ( ഭാര്യമാർ സൂക്ഷിക്കുക)
കാട്ടുചെമ്പകം പൂത്തുലയുമ്പോൾ ( വെളുത്ത കത്രീന )
ഇവയൊക്കെ അവസാന നാളുകളിലെ അനശ്വര ഗാനങ്ങളാണ്.
അവിചാരിതമായി മരണം വലിച്ചെടുത്തു കൊണ്ടുപോയപ്പോൾ അനാഥമായിപ്പോയി കുറെയേറെ ഗാനങ്ങൾ… എന്നാൽ മലയാളി മനസ്സ് അതെല്ലാം ഏറ്റെടുത്ത് തന്റേതെന്ന് തന്റേതെന്ന് മനസ്സിൽ ചൊല്ലികൊണ്ടേയിരുന്നു… ചൊല്ലിയവർ ഒഴിഞ്ഞുപോയപ്പോൾ പിന്നീട് വന്നവരും അതേറ്റെടുത്തു…… നമ്മുടേത് മാത്രമായ ഈ ഗാനങ്ങളെ ദിവസത്തിൽ ഒരിക്കലെങ്കിലും മൂളാത്തവരുണ്ടോ !!!!