തിരികെ ഞാൻ വരുമെന്ന….

67

ഗിരീഷ് വർമ്മ ബാലുശ്ശേരി

തിരികെ ഞാൻ വരുമെന്ന ….

കോവിഡിന്റെ നീരാളിപ്പിടുത്തത്തിൽ പ്രിയപ്പെട്ടവരിൽ ഒരാൾ കൂടി നഷ്ടമായി. കവിതയിലും പാട്ടെഴുത്തിലും കഴിവ് തെളിയിച്ച ശ്രീ അനിൽ പനച്ചൂരാൻ . ചൊൽകവിതകളുടെ ശബ്ദസൗകുമാര്യത്തിൽ മലയാളിമനസ്സിനെ ആകർഷിച്ച കലാകാരൻ . അതൊരു സിനിമയിൽ മറക്കാൻ പറ്റാത്ത ഒരു സീനായപ്പോൾ മുതൽ ശ്രദ്ധിച്ചിരുന്നു. കനത്ത ശബ്ദത്തിൽ ” ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം ” . അറബിക്കഥയിലെ ഈ ഗാനം പാടുന്ന ആളെ ആദ്യമായി കാണുകയായിരുന്നു.

ഒന്ന് രണ്ടു കവിതകളിലൂടെ അറിഞ്ഞിരുന്നുവെങ്കിലും ഇങ്ങനെ ഒരു കനത്ത ശബ്ദത്തിന്റെ ഉടമ എന്നറിഞ്ഞിരുന്നില്ല. ആ കവിത വല്ലാതെ അന്ന് മനസ്സിൽ കൊണ്ടു. പിന്നീട് അറിഞ്ഞു എഴുതിയതും അദ്ദേഹം തന്നെ. അനിൽ പനച്ചൂരാൻ എഴുതി പാടി അഭിനയിച്ചതിൽ . അതിനു മുൻപ് തന്നെ മകൾക്ക് എന്ന ഹൃദയസ്പർശിയായ സിനിമയിൽ അതിനു ചേർന്ന ഒരു പാട്ടെഴുതി ഇദ്ദേഹം തുടങ്ങിയിരുന്നു . ” ഇടവമാസ പെരുമഴ പെയ്ത രാവിൽ ” എന്ന ഗാനം ഒരു കവിത തന്നെ ആയിരുന്നു., രമേശ് നാരായണന്റെ സംഗീതം.പിന്നീടായിരുന്നു അറബിക്കഥയിലെ എഴുത്തുകൾ.

അതിലെ ” താരകമലരുകൾ വിടരും കാലം :” എന്ന യുഗ്മഗാനം ഹിറ്റായി. അറബിക്കഥയിലെ മറ്റൊരു ഗാനം ഏതൊരു പ്രവാസിയുടെയും മനസ്സിനെ മഥിക്കുന്നതായിരുന്നു.
“തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ” എന്നത് പ്രവാസി മനസ്സുകളുടെ ഉള്ളിലെ വാക്കുകൾ തന്നെയായിരുന്നു. ശരിക്കും അവരുടെ മനസ്സ് കണ്ടെഴുതിയ പോലെ. ഇന്നും ആ ഗാനമൊരു ഗൃഹാതുരത്വമുണർത്തുന്നു .
പിന്നീട് ശ്രീനിവാസന്റെ തന്നെ ചിത്രത്തിൽ . കഥ പറയുമ്പോൾ അതിലും വ്യത്യസ്ഥമായൊരു ഗാനം.
” വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ ” കേരളം ഏറ്റു പാടിയ ഗാനം. പ്രദീപ് പള്ളുരുത്തിയുടെയും എഴുത്തുകാരൻ്റെയും ശബ്ദത്തിൽ …
മകന്റെ അച്ഛനിലെ ഒത്തൊരുമിച്ചൊരു ഗാനം പാടാൻ എന്ന ഹാസ്യരസപ്രധാനമായ ഒന്നും ചമക്കേണ്ടി വന്നു.
മോഹൻലാലിലെ നടന്റെ പ്രകടനത്തിലെ മോഹിപ്പിക്കുന്ന അഭിനയം കണ്ട സിനിമയായിരുന്നു ഭ്രമരം . അതിലെ ഗാനങ്ങൾ അനിലിന്റേതായിരുന്നു.
” അണ്ണാറക്കണ്ണാ വാ ” എന്ന ഗാനം കുഞ്ഞുമനസ്സുകളെ തട്ടി ഉണർത്തിയത് .
” കുഴലൂതും പൂന്തെന്നലേ “: എന്ന പ്രണയ ഗാനവും മികച്ചതായിരുന്നു.
ദിലീപിന്റെ കരിയറിലെ മികച്ച കഥാപാത്രം ലഭിച്ച ചിത്രം ബോഡിഗാർഡ് . അതിലെ ഗാനങ്ങളിൽ ” അരികത്തായാരോ പാടുന്നുണ്ടോ ” എന്നത് മനസ്സിൽ കയറിക്കൂടിയ ഒന്നാണ്..

കോക്ടൈൽ എന്ന സിനിമ മാറുന്ന സിനിമാസങ്കല്പങ്ങളുടെ ഒരു തുടക്കമായിരുന്നു. മികച്ച അവതരണവും സസ്പെൻസും നിറഞ്ഞത്. അതിലെ ” നീയാം തണലിനു താഴെ ഞാനറിയാം ” അതിൽ ഇഴചേർന്ന് പോയ ഒരു ഗാനം .നാട്ടുമ്പുറത്തെ ഒരു സ്കൂൾ പശ്ചാത്തലമാക്കി എടുത്ത ചിത്രം മാണിക്യക്കല്ല് . അതിൽ ” ചെമ്പരത്തിക്കമ്മലിട്ടു ” പ്രത്യേകത ഉള്ളൊരു ഗാനം തന്നെയായിരുന്നു.പിന്നീട് കൈ നിറയെ ചിത്രങ്ങൾ കിട്ടിയെങ്കിലും ഏറെയൊന്നും പേര് കേട്ട ഗാനങ്ങൾ പിന്നീട് ഉണ്ടോ എന്ന് സംശയം. ചിലപ്പോൾ എന്റെ ശ്രദ്ധക്കുറവ് കൊണ്ടുകൂടിയാവാം. എങ്കിലും വെളിപാടിന്റെ പുസ്തകത്തിലെ ഈ ഗാനം കേരളം മുഴുവൻ ഏറ്റുപാടി . ഏറെ ഒച്ചപ്പാടും സൃഷ്‌ടിച്ച ഗാനം.
” എന്റമ്മേടെ ജിമിക്കിക്കമ്മൽ ”

ഇതിനിടയിലും കവിതകൾ ചൊല്ലി ഇറക്കിയിരുന്നു അനിൽ പനച്ചൂരാൻ. തുടക്കകാലത്തെ പാട്ടുകൾ മാത്രം മതി അനിൽ പനച്ചൂരാൻ എന്ന ഗാനരചയിതാവ് ഇവിടെ ഉണ്ടായിരുന്നു എന്ന് പറയാൻ .പ്രണാമം അർപ്പിച്ചുകൊണ്ട് ….