കേരനിരകളാടാൻ …
ഗിരീഷ് വർമ്മ ബാലുശ്ശേരി
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ബീയാർ പ്രസാദ് എന്ന കവിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഒരു കുഞ്ഞു കുറിപ്പിലൂടെ കടന്നുപോകുന്നു. കവിയെന്ന നിലയിൽ അറിയപ്പെടുമ്പോഴും 1993 ൽ തന്റെ ആദ്യ സിനിമാപ്രവേശം നടക്കുകയായിരുന്നു . കുട്ടികളെ കുറിച്ചുള്ള ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടു .പ്രസാദ് തിരക്കഥയെഴുതിയ ആ ചലച്ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും നേടി. സിനിമയിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ച അദ്ദേഹം 2001 ൽ എം ടി സിനിമയിൽ ഒരു കഥാപാത്രം കൂടെ അവതരിപ്പിച്ചു . കുടജാദ്രി മലയിലെ പ്രധാന പൂജാരിയുടെ സഹോദരനായ നാരായണനെ അവിസ്മരണീയമാക്കി പ്രസാദ് ..
2003 ൽ മലയാള ചലച്ചിത്രത്തിലെ അദ്ദേഹത്തിന്റെ മറ്റൊരു റോൾ തുടങ്ങുകയായിരുന്നു. ഗാനരചയിതാവ് . ഇതിലൂടെ പ്രസാദിന് കുറച്ചു കാലം മുന്നോട്ടു പോവാൻ കഴിഞ്ഞു. പ്രതിഭയിലെ ചില മിന്നലാട്ടങ്ങൾ … പാട്ടുകൾക്ക് പ്രാധാന്യമുള്ള രണ്ടുമൂന്നു സിനിമകളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുവാനും കഴിയും…
പ്രിയദർശൻ എന്ന സംവിധായകന്റെ ചിത്രത്തിൽ പാട്ടെഴുതിയാൽ ആരും ശോഭിക്കും . കാരണം പാട്ട്സീനുകൾക്ക് അത്രയേറെ ഭംഗി നൽകാൻ കഴിയുന്ന സംവിധായകനാണ് പ്രിയൻ . ദൃശ്യഭംഗിയുടെ ഒരു സാമ്രാജ്യം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ മികച്ച ഗാനങ്ങൾ സൃഷ്ടിക്കേണ്ടത് രചയിതാവിന്റെ പൂർണ ഉത്തരവാദിത്വവും ആവും . 2003 ലെ കിളിച്ചുണ്ടൻ മാമ്പഴം പ്രിയന്റെ മികച്ച ചിത്രമൊന്നുമല്ലെങ്കിലും അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു. വിദ്യാസാഗറിന്റെ സംഗീതം ആവുമ്പോൾ പിന്നെ പറയേണ്ടല്ലോ …
ഒന്നാംകിളി പൊന്നാംകിളി എന്ന ഗാനം തന്നെ ശ്രദ്ധിക്കാം . കഥയുടെ ഫ്ളാഷ്ബാക് ആവും വിധം അതിലെ വരികൾ . പല്ലവി ഒരു നാടൻ പാട്ടിന്റെ രീതിയിൽ എഴുതപ്പെട്ടത്. ഒരു കാലത്തെ പാട്ടുകളുടെ വരികളോടും സാമ്യം തോന്നാത്തത്. പിന്നീട് ഓത്തുപള്ളി കാലവും, പ്രണയവും, പ്രണയ നഷ്ടവും എല്ലാം പറഞ്ഞുപോയത്…വിളക്ക് കൊളുത്തി വരും അറബ് കഥകളുടെ എന്ന ഗാനം മറ്റൊരു വിധത്തിൽ . ഫാസ്റ്റ് ഈണത്തിൽ ഇസ്ളാം ഇശലുകളുടെ പദപ്രയോഗങ്ങളിലൂടെ …
ഒരു മുസ്‌ലിം പശ്ചാത്തലത്തിലുള്ള ഒരു ചിത്രം ആയതുകൊണ്ടുകൂടി അത്തരം പാട്ടുകൾ എഴുതാൻ അദ്ദേഹം നിർബന്ധിക്കപ്പെടുകയുണ്ടായി ..കസവിന്റെ തട്ടമിട്ടു എന്ന ഗാനവും വിഭിന്നമല്ല . വിദ്യാസാഗറിന്റെ മേന്മ അത്രയൊന്നും തെളിഞ്ഞിട്ടില്ലാത്ത പാട്ടുകൾ …അക്കൊല്ലം തന്നെ ദിലീപിന്റെ ചിത്രമായ പട്ടണത്തിൽ സുന്ദരൻ എന്നതിൽ മുല്ലപ്പൂവിൻ മൊട്ടെ എന്ന അഫ്സൽ ഗാനവും പിറന്നു. ഫാസ്റ്റ് സോങ് എന്നതിലപ്പുറം അത്ര ഓളമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല അതിനും…
2004 ലെ പ്രിയദർശൻ ചിത്രമായ വെട്ടം കുറച്ചുംകൂടി സംഗീതസാന്ദ്രമായതായിരുന്നു. മനസ്സിന് കുളിരേകുന്ന ഒന്ന് രണ്ടു പാട്ടുകൾ അതിലുണ്ട്..മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി എന്ന ഗാനം മനസ്സിൽ നനവിന്റെ പൊടിമഴയാവുന്നുണ്ട്…ഒരു കാതിലോല ഞാൻ കണ്ടീല എന്ന ഗാനത്തിലും കവിയുടെ ഉൾത്തുടിപ്പുകൾ തൊട്ടറിയാമൽപ്പം … ബേണി ഇഗ്നേഷ്യസിന്റെ പതിവ് സംഗീത ലഹരി തുളുമ്പുന്ന ഗാനം ..അതെന്തൊക്കെ ആയാലും ബീയാർ പ്രസാദ് എന്ന പാട്ടെഴുത്തുകാരനെ എന്നുമോർക്കാനുള്ളത് മറ്റൊരു പാട്ടിലൂടെ ആണ്.
2004 ൽ അൽഫോൻസ് ജോസഫ് ഈണത്തിൽ ജലോത്സവത്തിലെ പ്രസിദ്ധ ഗാനം . മലയാളത്തനിമ തുളുമ്പുന്ന വരികൾ .ജയചന്ദ്രന്റെ ശബ്ദത്തിൽ ഒന്നുകൂടി ഉഷാറാവുകയും ചെയ്തു. കേരനിരകളാടുന്നൊരു ഹരിത ചാരു തീരം….2018 വരെ കുറച്ചേറെ ചിത്രങ്ങൾക്ക് വേണ്ടി പാട്ടുകളെഴുതിയായി അറിയുന്നു. സിനിമകളുടെ “പെരുമ” കൊണ്ടുകൂടിയാവാം ഒന്നും ഓർമ്മയിൽ പോലും നിൽക്കുന്നില്ല…
പിറന്നാൾ ദിനത്തിൽ അപമാനിക്കാൻ അല്ല ഇങ്ങനെ പറഞ്ഞത്. വലിയ സിനിമാ പാട്ടുചരിത്രത്തിൽ ഒരേടിൽ ഇദ്ദേഹത്തിന്റെ പേരും ഉണ്ടാവും …. അതുറപ്പ് …. കേരനിരകളാടാൻ ഇനിയും ഗാനങ്ങൾ വരട്ടെ .. കാത്തിരിക്കുന്നു…പിറന്നാൾ ആശംസകൾ …ഒന്നുകൂടി …