Song
ഏതോ നിദ്രതൻ; ആ ഗാനം ഒരു മാപ്പു പറച്ചിലായിരുന്നു
മനുഷ്യ മനസ്സിന്റെ അകമുറികൾ പലപ്പോഴും വിചിത്രമായിരിക്കാം. അങ്ങിനെയൊന്നുണ്ടെങ്കിൽ . പല വൈകാരിക മുഹൂർത്തങ്ങളിലും അവിടങ്ങളിൽ അന്തരീക്ഷം കലുഷിതമായിരിക്കും .വിഭ്രമാവസ്ഥയുടെ ഭാരം പേറുന്ന
198 total views

ഏതോ നിദ്രതൻ
മനുഷ്യ മനസ്സിന്റെ അകമുറികൾ പലപ്പോഴും വിചിത്രമായിരിക്കാം. അങ്ങിനെയൊന്നുണ്ടെങ്കിൽ . പല വൈകാരിക മുഹൂർത്തങ്ങളിലും അവിടങ്ങളിൽ അന്തരീക്ഷം കലുഷിതമായിരിക്കും .വിഭ്രമാവസ്ഥയുടെ ഭാരം പേറുന്ന മനുഷ്യജന്മങ്ങൾ , അവരുടെ മാനസിക ഭാവവ്യത്യാസങ്ങൾ , കടും നിറങ്ങൾ കലർന്ന മിന്നി മിന്നി തെളിയുന്ന ശരറാന്തലുകൾ തൂങ്ങിയ , ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ അവരുടെ മനസ്സുകളെ സങ്കല്പിച്ചെടുക്കാറുണ്ട് …. അത്തരം കഥാപാത്രങ്ങൾ സിനിമകളിൽ ഏറെ വന്നു പോയിട്ടുണ്ട്, അപകടകാരികളായവരും, സാധുക്കളുമായവരും അക്കൂട്ടത്തിലുണ്ട്.ചിലരുടെ മനസ്സ് ഒരു വീർപ്പിച്ച ബലൂൺ പോലെ ആണ്. ചിലപ്പോൾ ഒരൊറ്റ സൂചിമുനയാൽ പൊട്ടിത്തകർന്നു പോവുന്ന നിറമുള്ള ബലൂൺ ..
തനിക്ക് സംഭവിച്ചിട്ടില്ലാത്തതിനെ സങ്കല്പിച്ചെടുത്ത് വൈകാരികമായി പ്രകോപനം കൊണ്ടതിൽ ഉന്മത്തയായി തീർന്ന് മനോരോഗി ആയിത്തീർന്ന ഒരുവളുടെ നിറം പിടിപ്പിച്ച ചിന്തകളുടെ പ്രതിഫലനങ്ങൾ നിറഞ്ഞ ഒരു സിനിമ ആണ് അയാൾ കഥ എഴുതുകയാണ്. കൂട്ടുകാരനാൽ പീഡിപ്പിക്കപ്പെട്ടു എന്ന തെറ്റിദ്ധാരണയിൽ താളം തെറ്റിപ്പോയെങ്കിലും അവനെ കൊല്ലാൻ ഉള്ള പ്രതികാരവുമായി അവൾ വീട് വിടുകയാണ്. പ്രിയദർശിനി എന്ന നായികയ്ക്ക് സാഗറുമായി കല്ല്യാണം ഉറപ്പിക്കാൻ തുടങ്ങിയ സമയവും. തന്റെ പരിശുദ്ധി നഷ്ടപ്പെട്ടു എന്ന തെറ്റിദ്ധാരണയിൽ മറ്റൊരു പുരുഷനെ വഞ്ചിക്കാൻ ആവാതെ മാനസികമായി വീണ്ടും തകർച്ചയിലാവുകയാണ്.
സ്ത്രീ മനസ്സിൻ്റെ പരിശുദ്ധിയെ ഇത്രമാത്രം അടയാളപ്പെടുത്തിയ ഒരു സിനിമ അപൂർവ്വങ്ങളിൽ അപൂർവ്വം . പ്രിയർദർശിനി ആരെന്നറിയാതെ കൂട്ടുകാരന് വേണ്ടി പൈങ്കിളി നോവലെഴുതി സാഗർ വേട്ടയാടുകയാണ് . മാനസികമായി പൂർണ്ണമായും ഭ്രാന്താവസ്ഥയിലായ പ്രിയദർശിനി ആരെന്ന് സാഗർ മനസ്സിലാക്കുന്നു .മനോരോഗാശുപത്രിയിൽ അവളെ സന്ദർശിക്കുന്ന സാഗർ. അവളുടെ ദീനാവസ്ഥയിൽ മനോവിഷമങ്ങൾ നിറഞ്ഞ സാഗറിൻ്റ
മനസ്സിനെ ഒരു പാട്ടിലൂടെ തുറക്കുന്നു കമൽ .
ഏതോ നിദ്ര തൻ പൊൻ മയിൽപ്പീലിയിൽ …..
തകർന്നടിഞ്ഞു പോയ ഒരു പെൺ മനസ്സിനെ ആലോലം തടവിപ്പോവുന്ന ഒരു ഗാനം . അറിയാതെ എന്നിലേക്ക് വന്നു ചേർന്ന നീ ,മഴയുടെ ഏകാന്ത സൗരഭ്യമായി ,മൃദു കാൽ വെപ്പുകളോടെ എൻ്റെ മുന്നിൽ നിദ്രയുടെ ഏഴഴകിൽ വന്നിട്ടും ഞാനറിയാതെ പോയല്ലോ സഖീ !
പ്രണയവഴിയിൽ ,,ഏതൊരു സന്ധ്യയിൽ ആവണിപ്പൂവുമായ് വന്ന് ചേർന്ന് നിന്നെ തഴുകാൻ ഭാഗ്യം കിട്ടിയ കാറ്റിനോട് നീ നിന്റെ മനസ്സ് തുറന്നോ !! അദമ്യമായ നിന്റെ മോഹത്തിന്റെ സ്വർണ തൂവലുകൾ പ്രണയനിലാപൂവുകളായോ ! ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല സഖീ ! ഒന്നും…
എന്നെയോർത്തെന്റെ വചസുകൾ ഓർത്തെടുത്ത് നീ പ്രണയപ്പാൽക്കടൽ തന്നെ തീർത്തോ !ആ മധുരാമൃതകണികകൾ കോർത്തു കോർത്ത് നീ കാത്തുകാത്തിരുന്നെന്നോ ! അസ്വസ്ഥരായ മനസ്സിലെ വെൺപ്രാക്കൾ എനിക്കായ് ദൂതുമായി ദൂരങ്ങൾ താണ്ടി വന്നെന്നോ സഖീ….!! അറിഞ്ഞില്ല! ഒന്നുമറിഞ്ഞില്ല !! എന്തേ ഞാനറിയാതെ പോയി.. നിന്റെ ചലനങ്ങളൊന്നും ,തുടിക്കുന്ന നിന്റെ മനസ്സ്…..
I am your girl. ❤
ആ ഗാനം ഒരു മാപ്പു പറച്ചിലായിരുന്നു. പ്രണയിനിയുടെ കാൽപാദങ്ങളിൽ സർവവുമർപ്പിച്ചു കേഴുന്ന ഒരുവന്റെ രൂപം മങ്ങാതെ ഇന്നും മനസ്സിലുണ്ട്.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അത്യപൂർവ രചനകളിൽ ഒന്ന്… രവീന്ദ്രൻ മാസ്മര സംഗീതം… പ്രേക്ഷകരെ, ശ്രോതാക്കളെ ഒരു മായികലോകത്തെത്തിക്കുന്ന സംഗീതം..മനസ്സാ നമിക്കുന്നു ആ പാട്ടുകാലങ്ങളെ…. ഓർത്തോർത്ത് …
199 total views, 1 views today
